കേരളത്തിന്‍െറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യത്തിനു പ്രാധാന്യം നല്കുന്ന നമ്മുടെ ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യഅടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും.
ഈ കോവിഡ് കാലം - സ്ഥിരമായ കാലാവസ്ഥ വ്യതിയാനമുണ്ടാകുന്ന കാലഘട്ടമായതിനാൽ ഈ കർക്കിടക മാസത്തിൽ ശക്തമായ കാലാവസ്ഥ വ്യതിയാനം ഭൂമിയിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടുന്ന കാലഘട്ടമാണ്.
ആയുർവേദം ഇതിനെ ആദാനകാലമെന്ന് വിശേഷിപ്പിക്കുന്നു. ഈ ഘട്ടത്തിൽ അവരവരുടെ ആരോഗ്യത്തിനും രോഗത്തിനും അനുസരിച്ചുളള ഔഷധങ്ങൾ ഉപയോഗിച്ചുളള പ്രകൃതി ചികിത്സ നേടുക ഏറെ അനിവാര്യമാണ്.
ഈ സമയം ഔഷധങ്ങൾ കഞ്ഞിരൂപത്തിലോ കഷായരൂപത്തിലോ രോഗിയുടെ അവസ്ഥക്കനുസരിച്ച് തെരഞ്ഞെടുക്കുക. മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തിക്ക് കർക്കിടകമാസത്തിലെ ചികിത്സകൊണ്ട് നല്ല ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കാൻ സാധിക്കും. ഇത് ഇപ്പോഴുള്ള കോവിഡ് കാലഘട്ടത്തിൽ രോഗപ്രതിരോധം വർധിപ്പിക്കാനും ഏറെ സഹായകമാകും.
അസുഖങ്ങൾ ഉളളവർക്ക് കർക്കിടക മാസത്തിനുശേഷവും ചിലപ്പോൾ ചികിത്സ തുടരേണ്ടിവരും. അടിസ്ഥാന രോഗവും ആരോഗ്യക്കുറവു മുളളവരിൽ കർക്കിടക മാസത്തിൽ ആരോഗ്യവും പ്രതിരോധവും കൂടുതൽ നഷ്ടപ്പെടുന്നതുകൊണ്ടാണ് കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്. അതിനാലാണ് കർക്കിടകം കണക്കെടുപ്പ് മാസമെന്ന് കേരളീയർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മരണനിരക്ക് കുറക്കാൻ കർക്കിടക ആയുർവേദ ചികിത്സകൾ ഏറെ പ്രയോജനകരമാകും.
രോഗംമൂലവും മറ്റു പലകാരണങ്ങൾകൊണ്ടും ഏത് വ്യക്തിക്കും എപ്പോൾ വേണമെങ്കിലും ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടാം. അത് വീണ്ടെടുക്കാൻ ഏത് മാസത്തിലായാലും ചികിത്സ അനിവാര്യമാണ്. സ്ഥായിയായ രോഗമുളളവർ കർക്കിടകമാസത്തിന് മുമ്പുളള മാസങ്ങളിൽ ചികിത്സ തേടിയാൽ കർക്കിടകമാസത്തിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ കർക്കിടകമാസത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ലെന്നും വരാം.
ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾതന്നെ കാലത്തിനും അവസ്ഥയ്ക്കും അനുസരിച്ച് ചികിത്സ തേടിയാൽ എല്ലാ മനുഷ്യർക്കും കർക്കിടക മാസത്തിലെപോലെ മറ്റ് എല്ലാ കാലാവസ്ഥ വ്യതിയാനത്തിലും ഉണ്ടാകുന്ന അനാരോഗ്യ അവസ്ഥ പൂർണമായും ഇല്ലാതാക്കാം.
അതിലൂടെ ആരോഗ്യവും പ്രതിരോധവും വീണ്ടെടുത്ത് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയും.