Popular in Articles

A Horror Story in the Lock-down Period


image

വീട്ടിലെ ഗേറ്റിന് മുന്നിൽ, അതാ പണിക്ക് വരുന്ന ചേച്ചി നിന്ന് പരുങ്ങുന്നു...

ലോക് ഡൗൺ കാലത്ത് നക്ഷത്രമെണ്ണി കിടന്നവന് രാത്രി ഒരു വെളിപാടുണ്ടാകുന്നു...

എന്താ... തൊട്ടടുത്ത വീട്ടിലെ ചേട്ടന് ഒരു തുണിസഞ്ചി നിറയെ മാങ്ങ കൊടുക്കണം..
എന്തിനാ... മാങ്ങ എന്ന്  കേട്ടാലേ തൽക്ഷണം ഫ്ലാറ്റ് ആവുന്ന ദർബാർ രാഗത്തിൽ സാമാന്യം നന്നായി പാടുന്ന
അയൽവാസിച്ചേട്ടൻ  ലോക് ഡൗണായി വീട്ടിൽ തന്നെ ഇരിക്കുകയല്ലേ...!

ഒരു ഭൂതദയ, ഇത്തിരി കാരുണ്യം..!
തന്നെയുമല്ല... എല്ലാ കൊല്ലവും മുടങ്ങാതെ കൊണ്ടാടാറുള്ള ഒരു ചടങ്ങുമാണ്. ഇപ്പോഴാണെങ്കിൽ,
പുള്ളിയുടെ റിട്ടയർമെൻ്റും കഴിഞ്ഞ് വീട്ടിൽ തന്നെ ഇരിക്കുമ്പോൾ, സന്തോഷമാവും തീർച്ച..!

അങ്ങനെ ഒരു വൈകുന്നേരം, അൽഫോൺസ- മൂവാണ്ടൻ ഗണത്തിൽ പെടുന്ന നല്ല പഴുത്തു തുടുത്തതും തുടുക്കാൻ പോകുന്നതുമായ മാങ്ങകൾ സഞ്ചിയിലാക്കി, പത്നീ സഹിതം കോളനി റോട്ടിലേക്കിറങ്ങുകയാണ്.

ശുദ്ധ വായു ശ്വസിക്കാൻ വീടിന് പുറത്തിറങ്ങിയ ചിലരൊക്കെ, ഞങ്ങളെ കാണുന്ന മാത്രയിൽ കയ്യിൽ കിട്ടിയ തുണി കൊണ്ട് മുഖം മറക്കുന്നു...

ചിലർ നിന്ന നിൽപ്പിൽ ഉള്ളിലേക്ക് വലിയുന്നു. ഹൈദ്രോസിനേയും സേതുവിനേയും ഒരുമിച്ച് കണ്ട നാട്ടുകാരെ പോലെ ചിലർക്ക് മുണ്ടാട്ടം മുട്ടുന്നു...

അതൊന്നും കാര്യമാക്കാതെ, മാങ്ങകൾ തിങ്ങി വിങ്ങിയ തുണി സഞ്ചിയെ വികൃതി കുട്ടികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ട്‌, നടത്തം തുടരുകയാണ് ഞങ്ങൾ...

ഒടുവിൽ, ചേട്ടൻ്റെ വീട്ടിലെ ഗേറ്റിനു മുന്നിലെത്തി... പുറത്ത് ആരുമില്ല. അടുത്തൊന്നും പുറത്തിറങ്ങിയ ലക്ഷണങ്ങളുമില്ല. മുറ്റത്ത്‌, ഇലകൾ കൊഴിഞ്ഞു കിടക്കുന്നു...

ഒന്ന് കൂടി, സൂക്ഷിച്ച് നോക്കിയപ്പോൾ ഉമ്മറത്തെ ചില്ലിലൂടെ പുള്ളിയെ കണ്ടു... കസേരയിൽ കണ്ണുകൾ അടച്ചങ്ങനെ ഇരിക്കുകയാണ്... ഇനി ധ്യാനത്തിൽ ആയിരിക്കുമോ ആവോ...

ഇനി ഒന്നും നോക്കാനില്ല, ഗേറ്റ് ശക്തിയായി കുലുക്കി, ഉറക്കേ 'ചേട്ടാ' ന്നും വിളിച്ച് സാന്നിദ്ധ്യമറിയിക്കുക തന്നെ...

കൊറോണയെ സ്വപ്നത്തിൽ കണ്ട്, ഞെട്ടിച്ചാടിയ പോലെ പുള്ളി ചാടി എഴുന്നേറ്റ് വാതിൽ തുറന്നു... 

പക്ഷേ, വീട്ടിലെ  "കട്ടിലപ്പടി" എന്ന പ്രഖ്യാപിത ലക്ഷ്മണ രേഖ യാതൊരു കാരണവശാലും കാല് കൊണ്ട് മറി കടക്കാതിരിക്കാൻ പുള്ളി ഏറെ ശ്രദ്ധിച്ചു...

"നിങ്ങൾ എന്താ ദാസപ്പാ ഈ സമയം മാടമ്പള്ളീല്" എന്ന ചോദ്യഭാവത്തിൽ ചേട്ടൻ ഞങ്ങളെ സൂക്ഷിച്ച് നോക്കി... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലുമില്ലാതെ! 

" ഇത് ഞങ്ങളാ അപ്പുറത്തെ വീട്ടിലെ...." 
" അല്ലാ... നിങ്ങളിപ്പളും ആശുപത്രീലൊക്കെ പോകുന്നുണ്ടല്ലേ..."

( ഇത്തിരി പരിഭ്രാന്തിയോടെ)

" പിന്നെന്താ... എല്ലാ ദിവസവും പോകുന്നുണ്ട്.."

" ഓ സന്തോഷം... സന്തോഷം... കുറച്ചീസം കൂടിയിട്ട് കണ്ടതിൽ വല്യ സന്തോഷം...'"

"അപ്പോ മാങ്ങ ഇവിടെ വക്കട്ടെ.."

"എൻ്റെ പൊന്ന് മക്കളേ എന്ത് മാങ്ങ... ആളുണ്ടെങ്കിലല്ലേ മാങ്ങയിൽ കാര്യമുള്ളൂ...  എനിക്കാണെങ്കിൽ ഷുഗറും പ്രഷറും ഒക്കെ ഉണ്ടേ... മാങ്ങ ഒക്കെ പിന്നെ ആവാം, നിങ്ങള് വിട്ടോ... കണ്ടതിൽ വല്യ സന്തോഷം ഉണ്ട്.." ഇത്രയും പറഞ്ഞ് ചേട്ടൻ വാതിലടച്ച്, ഉള്ളിൽ കയറി ധ്യാന സ്ഥിതനായി. കൊറോണക്കെതിരെ
കണ്ണടച്ച് പ്രാർത്ഥിച്ചു...

സഞ്ചിയും തൂക്കി ഞങ്ങളിരുവരും തിരിച്ചു വീട്ടിലോട്ട്... 

വീട്ടിലെ ഗേറ്റിന് മുന്നിൽ, അതാ പണിക്ക് വരുന്ന ചേച്ചി നിന്ന് പരുങ്ങുന്നു...

" എന്താ ചേച്ചി..." 

" സാറ് ഇപ്പോ ഇവിടെ രോഗികളെ നോക്കുന്നുണ്ടോ..?"

"ഏയ് ഇല്ല... അതൊക്കെ ലോക് ഡൗൺ തുടങ്ങിയപ്പോഴേ നിർത്തി... എന്താണ് ചോദിച്ചത്.."

"അല്ലാ... ഇവിടെ രോഗികളെ നോക്കുന്നുണ്ടെങ്കിൽ, അവിടെ പണിക്ക് പോകണ്ടാന്ന് ഞാൻ പണിക്ക് പോണ വീട്ടിലെ ചേച്ചി പറഞ്ഞിരുന്നേയ്.."

"കൊറോണയെ പോലെ, ഞങ്ങളും ഒരു ഭീകര ജീവി ആയിത്തുടത്തുകയാണോ ഷാജിയേട്ടാ,"
എന്ന് ഞങ്ങളിരുവരും ഒരേ പോലെ ആത്മഗതം ചെയ്തു..!

കൊറോണാസുരനെ മനസാ വെറുത്ത് വൈകാതെ പടിയടച്ച് വീട്ടിൽ കയറി..

Dr Shabu

Medical officer
District Ayurveda hospital, Palakkad