Popular in Articles

A Real Life Story of Me


image

അയാളുടെ വാക്കുകളുടെ അനുഗ്രഹം ഒരു പക്ഷേ, എന്നെ തുണച്ചുവെന്ന് തോനുന്നു...

വിധി എന്നോ നിയോഗം എന്നോ വിളിക്കാവുന്ന, യാദൃശ്ചികതകളുടെ തുടരൊഴുക്കു മാത്രമാണ് 
ഓരോ ജീവിതവും എന്ന് എപ്പോഴും തോന്നിപ്പോവാറുണ്ട്...

യുക്തി ബോധത്തിൻ്റെ ചതുരവടിവുകളോട് ഒരു തരത്തിലും പൊരുത്തപ്പെട്ടു പോകാത്ത എന്തോ ഒന്ന്..!
കോട്ടക്കലിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ കാലമാണ് ഓർമയിൽ തിങ്ങുന്നത്..

പൂമ്പാറ്റ ആയിത്തീരാത്ത, പ്യൂപ്പാവസ്ഥയുടെ സുഖാലസ്യത്തിലലിഞ്ഞങ്ങനെ, രണ്ട് മാസമായി വീട്ടിലിരിക്കുന്നു...

ഇനിയെന്ത് എന്ന ചോദ്യം, തെല്ലൊന്ന് അലട്ടി തുടങ്ങുമ്പോഴാണ്, മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള  PSC Exam നോട്ടിഫിക്കേഷൻ വരുന്നത്. കോച്ചിംഗിനൊന്നും പോകാൻ തോന്നിയില്ല... കൈയ്യിൽ ഉള്ള പുസ്തകമൊക്കെ വച്ച്, മനോധർമം പോലെ എന്തൊക്കെയോ  വായിച്ചു...

മൂന്ന് മാസത്തെ, അലസമായ ഗൃഹ ധ്യാന കാലമായിരുന്നു അത്... ഒടുവിൽ, പരീക്ഷ ദിവസമായി. 
ഒന്നര മണിക്കൂർ, പരീക്ഷ കഴിഞ്ഞപ്പോഴാണ്, പഠിച്ചതൊന്നുമായിരുന്നില്ല പഠിക്കേണ്ടിയിരുന്നത് എന്ന മഹത്തായ  തിരിച്ചറിവുണ്ടായത്..!

പോയതു പോയി... ഇനി എങ്ങനെ എങ്കിലും MD ക്ക് ചേർന്ന് പഠിക്കണം എന്ന ചിന്ത അനുദിനം കനപ്പെട്ടു
വരികയായിരുന്നു... വെറുതെ ഇനിയും വീട്ടിലിരുന്ന് പഠിക്കാനേ വയ്യ...!

അങ്ങനെ ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോഴാണ്, കോട്ടക്കലിലെ സീനിയറായ അച്ചുവേട്ടൻ
(Dr.achyuthan) വിളിക്കുന്നത്... കൂറ്റനാടിൽ, പുള്ളി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഡോക്ടറുടെ ഒരു ഒഴിവുണ്ട്..!

പിറ്റേ ദിവസം തന്നെ, ഇൻ്റർവ്യൂവിന് പോയി... ജോലിയും കിട്ടി..!

യാദൃശ്ചികതകളുടെ അറിയാപ്രവാഹത്തിലെ  പൊങ്ങു തടി പോലെ, പുതിയ തീരത്തേക്ക് വൈകാതെ  ഞാനും ഒഴുകിയെത്തി..!

വിദേശികൾ അറഞ്ചം പുറഞ്ചം വരുന്ന സ്ഥലമാണ്... കയ്യിലുള്ള ഇംഗ്ലീഷു  കൊണ്ട് പല രാജ്യക്കാരോട് സംവദിക്കണം എന്നതാണ് ഏറ്റവും വലിയ വെല്ലു വിളി.... ജർമൻകാർക്ക് ഇംഗ്ലീഷ് കാര്യമായി അറിയില്ല..
അതു കൊണ്ട് ഞാൻ പറയുന്നത് അവർക്കും അവർ പറയുന്നത് എനിക്കും നന്നായി മനസിലാകും... 

"മഹത്തായ ജർമൻ ഭാഷക്ക് മുന്നിൽ ഈ ഇംഗ്ലീഷൊക്കെ എന്ത്" എന്ന രീതിയിലുള്ള ഭാഷാ വാദം ഉണ്ട് എന്നതൊഴിച്ചാൽ, നമ്മളേക്കാൾ മര്യാദയും സ്നേഹവും ഉള്ളവർ..!

സ്പെയിൻകാരോടും ഫ്രഞ്ച്കാരോടുമൊക്കെയും സംസാരിക്കേണ്ടി വരാറുണ്ട്... ഞാൻ ഇംഗ്ലീഷിലും അവർ അവരുടെ ഭാഷയിലും..!

ആശയ വിനിമയത്തിന് ഭാഷയൊന്നും അത്യാവശ്യമല്ല  എന്നു മനസിലാക്കിയത് അക്കാലത്താണ്..
അത്യാവശ്യം ആംഗ്യവും സ്നേഹവും കലർത്തിയ മറ്റൊരു തരം ആന്തരിക ഭാഷയാണത്...

കൂടിക്കാഴ്ച്ചക്ക് അവസാനം പറയുന്ന ഫ്രഞ്ചിലെ Bonjour Messi എന്ന യാത്രാ മൊഴി  മാത്രം ഞാൻ പഠിച്ചെടുത്തു... നമ്മുടെ മെസിയോടുള്ള സ്നേഹം കൊണ്ട് മാത്രം... 

അത് മറ്റൊന്നുമായിരുന്നില്ല, "നിങ്ങൾക്ക് നന്ദി..!" എന്ന ഉപചാര വാചകമായിരുന്നു...

MD entrance ന് വേണ്ടിയുള്ള പഠിത്തവും ജോലിയും തമ്മിൽ ഇതിനോടകം പതിയെ പിണങ്ങിത്തുടങ്ങിയിരുന്നു... പഠിക്കാൻ വേണ്ടത്ര സമയം തികയുന്നില്ല. എന്നാൽ, ജോലി ഒട്ട്  ഒഴിവാക്കാനും വയ്യ.

ഒരു തരം ആന്തരിക സംഘർഷം ഉള്ളിൽ രൂപപ്പെട്ടു തുടങ്ങിയ നാളുകൾ...

അതേ സമയം, എങ്ങനേയും MD ക്ക് ചേർന്നേ പറ്റൂ എന്ന ചിന്ത ഉള്ളിൽ കനപ്പെട്ടു വരുകയും ചെയ്തു.
അതിനിടെയാണ്, അമേരിക്കയിൽ നിന്നും ഒരു രോഗി അവിടെ  ചികിത്സക്കായി വരുന്നത്. 

ക്രിസ്റ്റഫർ... അയാൾ തൊലി വെളുപ്പുള്ള ഒരു സായിപ്പായിരുന്നില്ല. ഒരു കറുത്ത വർഗ്ഗക്കാരൻ. റാപ്പ് ശൈലിയിൽ ഉള്ള പാട്ടു പോലെ താളാത്മകമായ ഭാഷയും, സംസാരത്തിലെ നിഷ്കളങ്കതയും ക്രിസ്റ്റഫറിനെ അടിമുടി വ്യത്യസ്തനാക്കി.

അയാളുടെ തലയോട്ടിയിലെ തൊലിപ്പുറത്ത്, വല്ലാത്തൊരു രീതിയിൽ അണുബാധ വരും. അതിൻ്റെ  ചികിത്സക്കായാണ് അയാളവിടെ വന്നിട്ടുള്ളത്. എങ്ങനെയോ ഞങ്ങൾ വേഗം സൗഹൃദത്തിലായി...

സമയം കിട്ടുമ്പോൾ, അയാൾ ഒരു പാട് കാര്യങ്ങൾ എന്നോട് ചോദിച്ചു. തിരിച്ച് ഞാനും...

"അമേരിക്ക മഹത്തായ ജനാധിപത്യ രാജ്യമൊക്കെയാണ്.. പക്ഷേ ഞങ്ങളെ പോലത്തെ കറുത്തവർ 
അവിടെ എന്നും കറുത്തവർ തന്നെയാണ്.." ബോബ് മാർലിയുടെ, മുഖഛായയുള്ള ക്രിസ്റ്റഫറിൻ്റെ മുഖത്ത് എപ്പോഴും ഒരു മായാത്ത  പുഞ്ചിരി വിടർന്നിരുന്നു. ധ്യാനാത്മകമായ ഒരു ശാന്തതയും...!

ചികിത്സ, ഒരു വശത്ത്  പുരോഗമിച്ചു കൊണ്ടേയിരുന്നു... മുറിവുകൾ ഒക്കെയും പതിയെ  കരിഞ്ഞു  തുടങ്ങി..
"ഇത്  അദ്ഭുതമാണ്... ഈ Staphylo cocal bacteria ക്കെതിരെ എത്ര മാത്രം ആൻ്റിബയോട്ടിക്കുകൾ അമേരിക്കയിൽ കഴിച്ചതാണ്... ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ആയുർവേദത്തിൽ ഈ bacteria ഒക്കെ പറയുന്നുണ്ടോ.."

ഇന്ന് ചില ശാസ്ത്ര കുതുകികൾ, ആയുർവേദത്തിൽ വൈറസ് ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ
പരിഹാസത്തോടെ  ആയിരുന്നില്ല ക്രിസ്റ്റഫറിൻ്റെ ചോദ്യം...

തുടർന്ന് കാണുമ്പോഴൊക്കെയും ഇത്തിരി ആയുർവേദ തത്വങ്ങൾ കൂടി ക്രിസ്റ്റഫറിനോട് പങ്ക് വക്കാൻ ഞാൻ നിർബന്ധിതനായി. സൂക്ഷ്മ ഭൂതങ്ങളേയും ആഗന്തുക രോഗങ്ങളെയും കുറിച്ച്..!

അതിലപ്പുറം, "വികാര നാമ കുശലോ" എന്ന് തുടങ്ങിയ ചരക വചനങ്ങൾ ആവുന്നത്ര  രീതിയിൽ, ഞാൻ ക്രിസ്റ്റഫറിന് പരിഭാഷപ്പെടുത്തി. "അസുഖത്തിൻ്റെ പേരിലല്ല കാര്യം" എന്ന് തുടങ്ങുന്ന വരികൾ...

"ഒരു രോഗം ശരീര മനസുകളിൽ ഉണ്ടാക്കുന്ന അനേകം വ്യതിയാനങ്ങളെ, ദോഷ- ദൂഷ്യ വിവേചനം വഴി മനസിലാക്കുകയും, imbalance ആയതിനെ balance ലേക്ക് കൊണ്ടു വരികയും ചെയ്യലാണ് പ്രാഥമിക ചികിത്സ..
ഒരു തരം System balancing ആണത്... അനേക രീതിയിൽ രോഗങ്ങൾക്ക് പേരുകൾ ഉണ്ടാവാം... അതിൽ തന്നെ അനേകം വിഭാഗങ്ങളുമുണ്ട്. സ്വഭാവങ്ങളുണ്ട്... അപ്പോഴും, കേവലം പേരിനപ്പുറം അണുബാധ അടക്കമുള്ള കാരണങ്ങൾ, അതുളവാക്കുന്ന ശാരീരിക പ്രതികരണങ്ങളെ, ദോഷ- ദൂഷ്യ രീതിയിൽ മനസ്സിലാക്കി എടുക്കുന്ന രീതിയാണ് ആയുർവേദം... Modern രീതിയിൽ ഡയഗ്നോസ് ചെയ്ത ഏത് അസുഖത്തേയും ആയുർവേദ രീതിയിൽ തന്നെ സുഖമായി  ചികിത്സിക്കാം.."

ക്രിസ്റ്റഫർ മനസു നിറഞ്ഞ് ചിരിച്ചു... " എന്താണ് ഡോക്ടറുടെ ഭാവി പ്ലാൻ... നിങ്ങൾ ഇവിടെ തന്നെ കാണില്ലേ..."

"ഇല്ല.. MD കിട്ടണം എന്ന ഒറ്റ ആഗ്രഹമേ ഇപ്പോൾ മുന്നിലുള്ളൂ... ഇനിയും പഠിക്കണം.."

അയാളുടെ രോഗം മുഴുവനായും മാറി, US ലേക്ക് പോകുന്ന അതേ ദിവസം, ക്രിസ്റ്റഫറെ വീണ്ടും കണ്ടു... അയാൾ നിറഞ്ഞ് ചിരിച്ചു. ഞാനും...

ഗാഢമായ ആലിംഗനത്തിനൊടുവിൽ അയാൾ പറഞ്ഞു... " ഡോക്ടർ ഷാബു, അടുത്ത തവണ ഞാൻ ഇവിടെ വരുമ്പോൾ നിങ്ങളിവിടെ കാണില്ല. അതെനിക്കുറപ്പാണ്... നിങ്ങൾക്ക് MD കിട്ടും. നിങ്ങൾ എവിടെ ആയാലും നന്നായി വരും.."

അയാളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നത് ഞാൻ കണ്ടു... അയാൾ അന്ന് തന്നെ US ലേക്ക് പോയി. പിന്നെ ക്രിസ്റ്റഫറിനെ കണ്ടിട്ടില്ല...

അയാളുടെ വാക്കുകളുടെ അനുഗ്രഹം ഒരു പക്ഷേ, എന്നെ തുണച്ചുവെന്ന് തോനുന്നു... ആ തവണ തന്നെ എനിക്ക് MD കിട്ടി..!

പക്ഷേ, വർഷങ്ങൾക്കിപ്പുറവും ക്രിസ്റ്റഫർ എൻ്റെ ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്... ചില കണ്ടുമുട്ടലുകൾ... ചില അനുഗ്രഹങ്ങൾ... അങ്ങനെയാണ്. 

എത്ര ചെറിയ കാലത്തിലാണെങ്കിൽ പോലും, ഒരു വിശദീകരണം കൊണ്ടു പോലും സമീകരിക്കാനാവാതെ,
അതെന്നും നമ്മളെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും..!

Dr Shabu

 

Medical officer
District Ayurveda hospital, Palakkad