Popular in Articles

Ayurveda Advancing Through Genetic Studies


image

Current medical research emphasizes personalized medicine and systems biology, and will benefit by going beyond reductionism in the scientific method to model and study whole biological systems.

ആയുർവേദം അതിൻ്റെ സമീപനത്തിൽ എങ്ങനെയാണ് ആധുനിക വൈദ്യവുമായി വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്.

ഒറ്റ വാക്യത്തിൽ ഒതുക്കി പറയാനാവാത്ത വിധം ഒട്ടേറെ വ്യത്യസ്തതകൾ പറയാൻ ഉണ്ടെങ്കിലും, 
പെട്ടെന്ന് ഓർമ്മ വരിക അതിൻ്റെ വ്യക്തി കേന്ദ്രീകൃതമായ (Personalized) ചികിത്സാ സമീപനമാണ്..!

ഒരേ രോഗമുള്ള ഒന്നിലധികം ആളുകൾക്ക്, അവരുടെ വ്യക്തി സവിശേഷതകൾ കൂടി പരിഗണിച്ച്, 
വ്യത്യസ്ത ഔഷധങ്ങൾ കുറിക്കുന്ന വേറിട്ട രീതിയാണിത്..!

ഇത്തരത്തിൽ, ആയുർവേദത്തെ വ്യക്ത്യധിഷ്ഠിത വൈദ്യമാക്കി മാറ്റുന്നതിൽ പരമ പ്രധാനമായ കാര്യം
ആളുകളുടെ ജനിതക പ്രകൃതിയുമായി ബന്ധപ്പെട്ട മൗലികമായ കാഴ്ച്ചപ്പാടുകളാണ്.

ഒരാളുടെ പ്രക്യതി ശരിയാം വിധം നിർണ്ണയിക്കാൻ കഴിഞ്ഞാൽ തന്നെ ആ വ്യക്തിയുടെ ഒരുപാട് വിവരങ്ങൾ (data) ചികിത്സകന് മുമ്പിൽ വെളിപ്പെടാൻ തുടങ്ങുകയായി.

കാണുന്ന മാത്രയിൽ തന്നെ, അവരുടെ ശാരീരികവും മാനസികവുമായ സ്വഭാവം പോലും അറിയാൻ കഴിയുന്ന വിധമുള്ള ഒരു ഗൂഢ വിദ്യയാണത്..!

ജ്യോത്സ്യവും പ്രവചനവും പഠിക്കാതെ തന്നെ എങ്ങനെ  ഒരാളുടെ സ്വഭാവം പറയാൻ കഴിയുമെന്ന് പലരും അദ്ഭുതപ്പെടാറുമുണ്ട്.

ഒരാളിലെ സഞ്ചിതമായ ജനിതക വാസനകളേയും (Genetic tendency) സ്വഭാവ വിശേഷങ്ങളേയും ഒപ്പിയെടുക്കാൻ കഴിയും വിധം സമഗ്രമായാണ് ആയുർവേദം പ്രകൃതിയെ കുറിച്ച് പറഞ്ഞു വച്ചിരിക്കുന്നത് എന്നാണ് സത്യത്തിൽ അതിനുള്ള ഉത്തരം.

ത്രിദോഷവും (വാത പിത്ത കഫം) പ്രകൃതിയും Genetics ഉം ബന്ധപ്പെടുത്തിയ ധാരാളം പഠനങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്.

പ്രകൃതിയെ പറ്റി പറയും മുമ്പ് ത്രിദോഷങ്ങളിലേക്ക് വരാം. ദോഷം എന്നത് പ്രാപഞ്ചികമായ ഒരു ജൈവിക പ്രക്രിയ ആണ്. 

മുഴുവൻ ജീവ ശരീരങ്ങളിലും എന്തിന് ഓരോ കോശങ്ങളിലെ പോലും ശരിയായ ജീവൽ പ്രവർത്തനങ്ങളും ത്രിദോഷങ്ങളുടെ പരിധിയിൽ വരുന്നതാണ്. അതിലെ ഏറ്റ കുറച്ചിലുകൾ ആണല്ലോ പിന്നീട് രോഗമായി തീരുന്നതും. 

ആയുർവേദ Genomics തുടങ്ങുന്നതും ഇവിടെ നിന്നാണ്. എല്ലാവരിലും ത്രിദോഷ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ, അത് സ്വാഭാവികമായും അടുത്ത തലമുറയിലേക്ക് inherited ആവുമല്ലോ.

ഗർഭാശയത്തിൽ ബീജ സംയോഗ സമയത്ത് തന്നെ, ഒരാളുടെ പ്രകൃതി രൂപപ്പെടുന്നുവെന്ന് ആചാര്യൻമാർ പറയുന്നത് ഈ അർത്ഥത്തിലാണ്.

ഒരു Genotype ൽ നിന്നും ഉരുവം കൊള്ളുന്ന Phenotypical പ്രതിഭാസമാണ് സത്യത്തിൽ പ്രകൃതി. വംശം, വർഗം, സ്ഥല സാമ്പത്തിക ഭേദമില്ലാതെ മുഴുവൻ വ്യക്തികളും ഏഴു തരം പ്രകൃതിയിൽ വരും (വാതം, പിത്തം, കഫം, വാത പിത്തം, വാത കഫം, പിത്ത കഫം, സന്നിപാതം- എല്ലാം ചേർന്നത്).

ഒരാളുടെ പ്രകൃതിയിലൂടെ കേവലം ശരീര- മാനസിക സ്വഭാവങ്ങൾ മാത്രമല്ല ആ വ്യക്തിയുടെ രോഗ സ്വഭാവവും ചികിത്സയും ചികിത്സാ സാദ്ധ്യതയും വരെ മനസിലാക്കാൻ കഴിയും.

ഉദാഹരണത്തിന്, പിത്ത കഫ പ്രകൃതിക്കാരുടെ വളരെ സാധാരണയായ ഒരു സ്വഭാവം പറയാം. പെട്ടെന്ന് ദേഷ്യം വരികയും അധികം താമസിയാതെ കുറ്റബോധം തോന്നി വിഷാദപ്പെടുന്ന depressive മനസാണ് ഇവരുടെ പ്രത്യേകത. ഒരിക്കലും മറക്കാനാവാത്ത വൈകാരിക ഓർമ്മകളിൽ ജീവിക്കുന്നവരായിരിക്കും 
ഇവരിലധികവും..!

പ്രകൃതിയും അതുണ്ടാക്കാൻ സാദ്ധ്യതയുള്ള രോഗാവസ്ഥയും തമ്മിലുള്ള ധാരാളം പഠനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്.

ഒരു പഠനത്തിൽ, പ്രകൃതി ലക്ഷണത്തിൽ പറയുന്ന പ്രകാരം തന്നെ, വാത പിത്ത പ്രകൃതികാർക്ക് 
Body mass index കുറഞ്ഞിരിക്കുന്നതായും കഫ പിത്ത പ്രകൃതി കാർക്ക് BMl കൂടിയിരിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

പിത്താധിക്യം ഉള്ളവർക്ക് ശരീര ഉപാപചയ പ്രവർത്തനങ്ങളും (Basal metabolic rate) ഊർജ വിനിയോഗവും കാരണം കോശ നാശവും അതു വഴി പെട്ടെന്ന് വാർദ്ധക്യ അവസ്ഥയിൽ എത്തുന്നതും നിരീക്ഷിക്കപ്പെട്ടതാണ്.

കഫാധിക്യമുള്ളവർക്ക് പ്രകൃതി ലക്ഷണങ്ങളിൽ പറയും പോലെ, വയസാവൽ പ്രക്രിയ മെല്ലെ നടന്ന്, ആയുസ് ഏറിയിരിക്കാനുള്ള സാധ്യതയും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്..!

പ്രകൃതിയും Genomics ഉം തമ്മിലുള്ള പഠനങ്ങളിലെ സങ്കീർണ ജനിതക പരികൽപ്പനകൾ ഇവിടെ വിശദീകരിക്കുന്നില്ല. അതിനപ്പുറം ഓരോ പ്രകൃതികാർക്കും വരാൻ സാദ്ധ്യതയുള്ള രോഗങ്ങളെ തിരിച്ചറിയുന്നിടത്തേക്ക് അതു വളർന്നു കൊണ്ടിരിക്കുന്നുണ്ട് എന്ന് പറയാതെയും വയ്യ.

കഫാധിക്യം ഉള്ളവർക്ക് അമിത വണ്ണവും ഹൃദ്രോഗങ്ങളും പ്രമേഹവും ഒക്കെ സാദ്ധ്യത ആകുമ്പോൾ 
പിത്താധിക്യം ഉള്ളവർക്ക്, വ്രണങ്ങളും bleeding രോഗങ്ങളും വ്യത്യസ്ത ത്വഗ് രോഗങ്ങൾക്കും Metabolic രോഗങ്ങൾക്കും ആണ് കൂടുതൽ സാദ്ധ്യത.

വാതാധിക പ്രകൃതിക്കാർക്ക്, നാഡീ സംബന്ധമായ degenerative രോഗങ്ങളും dementia യും നടത്ത- സംസാര പ്രശ്നങ്ങളും കൂടുതൽ ആയിരിക്കും..!

എന്തായാലും പ്രകൃതിയും Genomics ഉം തമ്മിലുള്ള പഠനങ്ങൾ കൂടുതൽ നടന്നു കൊണ്ടിരിക്കുകയാണ്. കുട്ടിക്കാലം മുതലേ കൃത്യമായ പ്രകൃതി screening നടത്തി, അതിന് അനുസരിച്ച് ആഹാര- ജീവിത രീതിയിലും മനോനിലയിലും മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകുന്ന കാലമാണ് ഇനി വരേണ്ടത്.

വ്യക്തി അധിഷ്ഠിത ചികിത്സക്കൊപ്പം, വ്യക്തി അധിഷ്ഠിതമായ രോഗ പ്രതിരോധത്തിനും മെച്ചപ്പെട്ട ജീവിതത്തിനും അതേറെ ഗുണകരമാവും എന്നത് ഉറപ്പാണ്.

ജനിതക പ്രകൃതിയെ അറിയുന്നതോടെ, നമ്മൾ കൂടുതൽ വെളിപ്പെട്ടു തുടങ്ങുകയാണ്...

Dr Shabu

Medical officer
District Ayurveda hospital, Palakkad