Popular in Articles

Ayurveda is Science of Life


image

Ayurveda is an alternative medicine system with historical roots in the Indian subcontinent.

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വേണ്ടപ്പെട്ട ഒരാളിനെ വളരെ emergency ആയ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു..!

30 വർഷമായി പ്രമേഹവും രക്തസമ്മർദ്ധവും തൈയ്റോയ്ഡുമൊക്കെ ഉള്ള ഒരാൾക്ക് സംഭവിക്കാവുന്ന ഒരു ഗുരുതരാവസ്ഥ തന്നെയായിരുന്നു അത്..!

പക്ഷേ, കാർഡിയോളജിസ്റ്റിൻ്റെ ഭാഷ്യം വ്യത്യസ്തമായിരുന്നു. ഒപ്പം വന്ന ഞാൻ ആയുർവേദ ഡോക്ടറായതു കൊണ്ട് അവരിത്ര കാലം കഴിച്ച മരുന്നും ആയുർവേദം തന്നെയായിരിക്കും എന്ന് കാർഡിയോളജിസ്റ്റ് ഊഹിച്ച് വശപ്പെടുകയായിരുന്നു.

ബോധം തെളിഞ്ഞ ഉടനെ, നിങ്ങൾ ആയുർവേദം കഴിച്ചതു കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന രീതിയിലുള്ള കുറ്റപ്പെടുത്തലിനാണ് ആ ഡോക്ടർ താൽപ്പര്യം കാണിച്ചത്..!

അവരുടെ നീണ്ട നാളത്തെ പ്രമേഹമോ, അനുബന്ധ രോഗങ്ങളോ, വർഷങ്ങളായി കഴിച്ച ആധുനിക ഔഷധങ്ങളോ ഒന്നും ആ ഡോക്ടർക്ക് പരിഗണനാ വിഷയമേ അല്ലായിരുന്നു..!

എന്നെ കണ്ട മാത്രകളിലൊക്കെ യാതൊരു കാര്യവുമില്ലാതെ ആയുർവേദക്കാർ അങ്ങനെയാണ് ഇങ്ങനെയാണ്, അതൊരു പഴയ വൈദ്യമാണ് എന്നൊക്കെ പറഞ്ഞു അദ്ദേഹം പുഛിച്ചു കൊണ്ടേയിരുന്നു..!

ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും, "ഏയ്..നിങ്ങൾ ഇനി ഒന്നും പണയണ്ട" എന്ന സിനിമയിലെ സുരാജിൻ്റെ ലൈനെടുത്ത് പുള്ളി സ്ഥലം വിടും..!

Evidence based വൈദ്യം കൈകാര്യം ചെയ്യുന്ന അതേ സമയം, യാതൊരു evidence ഉം ഇല്ലാത്ത,  മുൻ വിധി മാത്രം കലർന്ന ഇവരുടെ ഒക്കെ സമീപനം, എത്ര മാത്രം അപര വിദ്വേഷപരമാണ് എന്ന് ശരിക്കും മനസ്സിലാക്കിയത് അന്നാണ്..!

അന്യ വൈദ്യ ശാസ്ത്രങ്ങളോട് ബഹുമാനം ഒന്നും കാണിച്ചില്ലെങ്കിലും, വെറുതെ വെറുക്കാതെയെങ്കിലും ഇരുന്നു കൂടെ ഈ മാമൻ മാർക്ക് എന്നി തോന്നിപ്പോയ സമയം. അല്ലെങ്കിലും പുഛിസ്റ്റുകളുടെ Psychology എന്നും അങ്ങനെ തന്നെ ആയിരുന്നുമല്ലോ..!

ആധുനിക വൈദ്യത്തെ അതിൻ്റെ വൈവിധ്യമാർന്ന രോഗ നിർണയ-ആത്യയിക ചികിത്സാ സങ്കേതങ്ങളെ
(Emergency  treatment) ബഹുമാനത്തോടെ കാണാത്ത ഒരു ആയുർവേദ ഡോക്ടറും ഉണ്ടാകും എന്ന് തോന്നുന്നില്ല.

പക്ഷേ തിരിച്ചും അങ്ങനെ ഒക്കെ പ്രതീക്ഷിക്കുന്നിടത്താണ് പ്രശ്നം ഉണ്ടാവുന്നത് എന്ന് തോനുന്നു..!

അത്ര മാത്രം ഉറഞ്ഞു തുള്ളിയ പുഛങ്ങളുടെ കോമരക്കാഴ്ച്ചകൾക്ക് നടുവിലൂടെയാണ്,  ഓരോ ആയുർവേദ വിദ്യാർത്ഥിയും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്..!

പഠന സമയത്തെ ഫൈനൽ ഇയർ സർജറി പോസ്റ്റിംഗ് ആണ് ഓർമ്മ വരുന്നത്... അഞ്ചു വർഷത്തെ സിലബസിൽ പറഞ്ഞ പ്രകാരം, ഓരോ ആയുർവേദ വിദ്യാർത്ഥിയും പ്രധാനപ്പെട്ട സർജറികൾ കാണുകയും മനസിലക്കുകയും ചെയ്യേണ്ടതുണ്ട്..!

അത് പ്രകാരമാണ്, അന്ന് മഞ്ചേരി ജില്ലാ ആശുപത്രിയിൽ സർജറി ഒ.പി യിൽ പോസ്റ്റിംഗിനായി ചെല്ലുന്നത്..!

സർജറിയിൽ മാത്രമല്ല, സ്വഭാവത്തിലും പുലി സമാനൻ ആയ ഗംഭീരനായ സർജൻ്റെ പുറകിൽ, ആട്ടിൻ കുട്ടികളെ പോലെ ഞങ്ങൾ..!

വിനയം കൊണ്ട് തിങ്ങി ഒതുങ്ങിയ, ഞങ്ങളുടെ കൂട്ടത്തെ ഒരു കണ്ണു കൊണ്ടു പോലും നോക്കാതെ, അങ്ങനെ ആരും ഇവിടെ വന്നിട്ടേയില്ല എന്ന് അവഗണിക്കുന്നതിനിടയിലാണ്, അദ്ദേഹത്തിൻ്റെ ഒരു ചോദ്യം എത്തുന്നത്..!

"നിങ്ങൾക്കിവിടെ എന്താ കാര്യം. അല്ലെങ്കിലും, നിങ്ങൾ പഠിച്ച് ഈ രോഗമൊക്കെ കഷായം കൊണ്ട് മാറ്റുമോ. വെറും കഷായ വൈദ്യൻമാർ..." 

അവിടെ തന്നെ ഗൈനക്കോളജി/obstetrics വിഭാഗത്തിലും, എന്തിന് ഇതേ സർജറി വിഭാഗത്തിൽ തന്നെയും, ഒരു പാടു സൗഹാർദ്ദപരമായി ഇടപെട്ടിരുന്ന മറ്റ് ചില  ഡോക്ടർമാരെ മറന്നിട്ടല്ല ഇതെഴുതുന്നത്..!

എങ്കിലും ബൗദ്ധികമായ അറിവുകളെല്ലാം, സ്വന്തം കൈപ്പിടിയിലൊതുക്കി മറ്റുള്ളവരെ അടിയാൻമാരായി കരുതിയിരുന്ന പഴയ കാലത്തെ ഫ്യൂഡൽ ബോധം തന്നെയാണ് ഇത്തരക്കാർ പുലർത്തിയിരുന്നതെന്ന്
പറയാതിരിക്കുന്നതെങ്ങനെ..?

അതിനു ശേഷവും, സർക്കാർ ഉത്തരവും കോടതി വിധിയും ഉണ്ടായിട്ടും, എത്രയോ അധികം ബാച്ചിലെ ആയുർവേദ വിദ്യാർത്ഥികളെ "അയിത്താചരണം" എന്നോണം, അകത്ത് കയറ്റാതെ ഇവർ തന്നെ പുറത്തിരുത്തി..!

മധ്യ കാലഘട്ടത്തിൽ ഫിസിഷ്യൻമാർ പോലും ചെയ്യാത്ത സർജറി ചെയ്തിരുന്നവർ,  ബാർബർമാരായിരുന്നു..!

ബ്രിട്ടനിലും ഫ്രാൻസിലും ഇറ്റലിയിലുമൊക്കെ ഇത്തരം പ്രവൃത്തി ചെയ്തിരുന്ന ബാർബർ സർജൻമാരിൽ നിന്നും, ഇതേ തൊഴിൽ ഡോക്ടർമാർ ഏറ്റെടുത്തു തുടങ്ങിയപ്പോഴാണ്, അതിന് ഒരു വരേണ്യത/ശ്രേഷ്ഠത കൽപ്പിച്ചു കിട്ടിയതു പോലും...

കാലമിത്ര ആയിട്ടും, ചിലരുടെയെങ്കിലും (എല്ലാവരുടേയും അല്ല) ആ വരേണ്യ ബോധത്തിന് മാത്രം യാതൊരു ഇടിവും സംഭവിച്ചില്ലെന്നു മാത്രം..!

എന്തായാലും, കാലം കഴിയവേ സർജറി ചെയ്യണം എന്ന് ഡോക്ടർമാർ പറഞ്ഞു വിട്ട കുറച്ച് കേസുകൾ എങ്കിലും, ആയുർവേദം കൊണ്ട് ചികിത്സിച്ച് മാറിയപ്പോളൊക്കെ  ഞാൻ ആ പഴയ സർജൻ്റെ വാക്കുകൾ ഓർക്കും... " നിങ്ങളീ കഷായം കൊണ്ട് ഇതൊക്കെ ചികിത്സിച്ചു മാറ്റുമോ. വെറും കഷായ വൈദ്യൻമാർ..."

ആധുനിക വൈദ്യത്തിന് ഈ ലോകത്ത് മുഴുവൻ നടക്കുന്ന ഗവേഷണങ്ങൾ കൂട്ടായുണ്ട്... പുതിയ സാങ്കേതിക വിദ്യകളും ചികിത്സാ രീതികളും കണ്ടു പിടിക്കാൻ എത്രയോ  ആളുകൾ ഉണ്ട്. സർക്കാർ/ സർക്കാർ ഇതര ഫണ്ടുകളുടെ കലവറയില്ലാത്ത  ബാഹുല്യം ഉണ്ട്..!

ഇതൊന്നും ഇല്ലാത്ത, അധികാരികളുടെ യാതൊരു പ്രിവിലേജും ലഭിക്കാത്ത, ഇവിടത്തെ സാധാരണ ജനങ്ങളുടെ മാത്രം  പരിഗണന ഉള്ള ആയുർവേദത്തിന് ഇമ്മാതിരി അവഗണനയെ ഒക്കെ അതി ജീവിച്ച് മുന്നോട്ട് പോയേ കഴിയൂ..!

ഓരോ ആയുർവേദ ഡോക്ടർക്കും, ഒരേ സമയം നന്നായി ചികിത്സിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഇരട്ട ഉത്തരവാദിത്വമുണ്ട്..!

എങ്ങനെ നോക്കിയാലും ഇനിയും, അവഗണനകളുടേയും മാറ്റി നിർത്തലിൻ്റേയും ചരിത്രം തുടരാൻ തന്നെയാണ് സാദ്ധ്യതകൾ ഏറെയും..!

അപ്പോഴും, എല്ലാ അനാവശ്യ അപകർഷതകളേയും തുടച്ചു നീക്കി കൊണ്ട്, സ്വന്തം വൈദ്യത്തിൽ അടിയുറച്ചു നിൽക്കുന്ന ആത്മ വിശ്വാസം ഉള്ള ആയുർവേദ ഡോക്ടർമാർ സാർവ്വത്രികമാകുന്ന പക്ഷം ആരില്ലെങ്കിലും ഈ നാട്ടിലെ ജനങ്ങൾ കൂടെ ഉണ്ടാകും..!

ഓരോ ഡോക്ടർമാരും ആയുർവേദത്തിൻ്റെ അംബാസഡർ ആകേണ്ട കാലമാണ്... 

എല്ലാ വൈദ്യവും മനുഷ്യ  നന്മക്കായിരിക്കട്ടെ!

Dr Shabu

Medical officer
District Ayurveda hospital, Palakkad