Popular in Articles

Ayurveda is not made by anyone


image

ആയുർവേദം ആരും ഉണ്ടാക്കിയതല്ല... അത് അനാദിയാണ്

"ബ്രഹ്മാ സ്മൃത്വാ ആയുഷോ വേദം"  (ബ്രഹ്മാവ് ആയുർവേദം സ്മരിച്ചു) എന്നു തുടങ്ങുന്ന വരികളാലാണ്, 
 വാഗ്ഭടൻ, അഷ്ടാംഗ ഹൃദയം "സൂത്ര സ്ഥാനം" തുടങ്ങുന്നത് തന്നെ..!

ശരിക്കും ആയുർവേദം ബ്രഹ്മാവ് ഉണ്ടാക്കിയതാണോ...?

തുടക്കത്തിൽ തന്നെ പറയുന്ന ഈ  ആയുർവേദ ഉത്പത്തി കഥയെ പറ്റി, ചരക സംഹിത സൂത്ര സ്ഥാനത്തിലെ അവസാന അദ്ധ്യായത്തിൽ അഗ്നി വേശൻ തന്നെ വീണ്ടും  സംശയം ഉന്നയിക്കുന്നുമുണ്ട്. ആത്രേയൻ്റെ മറുപടി ശ്രദ്ധേയമാണ്. 

ആയുർവേദം ആരും ഉണ്ടാക്കിയതല്ല... അത് അനാദിയാണ്.

ഉഷ്ണം ഏത് കാലത്തും ഉഷ്ണമാണ്... ശീതം അഥവാ തണുപ്പ് തണുപ്പുമാണ്... ഗുരുവും/ലഘുവും ഏത് കാലത്തും അങ്ങനെ തന്നെയാണ്..!

പ്രപഞ്ച നിയമങ്ങൾ ഏത് നൂറ്റാണ്ടിലും ഒരു പോലെ ആയത് കൊണ്ട്, അതിനെ base ചെയ്തു കൊണ്ടുള്ള ആയുർവേദ ദർശനങ്ങളും, ഔഷധ ദ്രവ്യങ്ങളുടെ സ്വഭാവവും എക്കാലത്തും ഒരേ പോലെ തന്നെ..!

അന്നും ഇന്നും കടുക്ക (ഹരീതകി- Terminalia) കഴിച്ചാൽ വിരേചനം ഉണ്ടാകും... കുടകപ്പാല വയറിളക്കം നിർത്തുകയും ചെയ്യും..!

ഇങ്ങനെ, ദ്രവ്യങ്ങളുടെ ഭൗതിക സ്വഭാവങ്ങളെ കുറിച്ചും, രോഗത്തെ കുറിച്ചും, ആരോഗ്യത്തെ കുറിച്ചും, പ്രത്യക്ഷ, അനുമാന, യുക്തി തുടങ്ങിയ സങ്കേതങ്ങളാൽ, ഋഷി വൈദ്യൻമാർ കണ്ടെത്തിയതൊക്കെയും
സമാഹരിച്ചു വച്ചാണ് ആയുർവേദം രൂപപ്പെട്ടത്.

അതൊന്നും ഒരു ഒറ്റയാൾ ശ്രമം ആയിരുന്നില്ല... ഒരു പാട് നിരീക്ഷണങ്ങളുടേയും കണ്ടെത്തലുകളുടേയും തുടർച്ചകളായിരുന്നു..!

അനീമിയ എന്ന വിളർച്ചാ രോഗത്തെ പറ്റി, യൂറോപ്പിൽ ഒരു തിരിച്ചറിവുണ്ടായി തുടങ്ങുന്നത്, പതിനഞ്ചാം നൂറ്റാണ്ടു മുതലായിരുന്നു. അതിന് ഇംഗ്ലണ്ടിലെ ഫിസിഷ്യനായ തോമസ് സിഡെൻ ഹാം ആണ് ആദ്യമായി ഇരുമ്പ് തരികൾ ചേർത്ത് സിറപ്പുണ്ടാക്കി ചികിത്സിച്ച് തുടങ്ങിയതത്രെ. എഴുതി വക്കപ്പെട്ട ചരിത്രം
അങ്ങനെയാണ്...

അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ്, 3000 വർഷങ്ങൾക്ക് മുമ്പ്, സമാനമായ പാണ്ഡു രോഗത്തിൽ സുശ്രുതൻ 
ലോഹത്തകിടുകൾ ഉരുക്കി ചേർത്ത് ലോഹാസവം ഉണ്ടാക്കിയിരുന്നു... ആരും രേഖപ്പെടുത്താത്ത
ചരിത്രം..!

തീർന്നില്ല... അതേ ലോഹാസവം ഇന്നും  അതേ രീതിയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്നു..!

So called യൂറോപ്യൻ ശാസ്ത്ര രീതിയില്ലാത്ത കാലത്തും, കണ്ടും അനുഭവിച്ചും അറിഞ്ഞ സത്യങ്ങളെ, 
ആയുർവേദത്തിൻ്റേതായ ഒരു സവിശേഷ Methodology യിൽ രേഖപ്പെടുത്തി വക്കുകയായിരുന്നു...

അങ്ങനെ നോക്കിയാൽ, ഓരോ ചികിത്സാ ഗ്രന്ഥവും time tested ആയ ഓരോ റിസർച്ച് product കൾ തന്നെയാണ്... ആയുർവേദം നൂറ്റാണ്ടുകൾ അതി ജീവിച്ചത് ഇങ്ങനെയാണ്..!

ഇന്നലെ News ചാനലിൽ ബഹു. ആരോഗ്യ മന്ത്രി, ഷൈലജ ടീച്ചറിൻ്റെ വിശദീകരണം കേട്ടപ്പോൾ, ഇതെല്ലാം യാദൃശ്ചികമായി ഓർമയിൽ വരികയായിരുന്നു..!

ജീവനുള്ള വാക്കുകൾ... "ആയുർവേദ മരുന്നുകളുടെ ഗുണങ്ങൾ ജീവിതം കൊണ്ട് തന്നെ തെളിയിക്കപ്പെട്ടതാണ്...

അഷ്ടാംഗ ഹൃദയം പോലുള്ള ഗ്രന്ഥങ്ങൾ ചരിത്രത്തിൻ്റെ ഭാഗം. മഞ്ഞൾ, ആര്യ വേപ്പ് തുടങ്ങി അനേകം ഗുണ പ്രദമായ ഔഷധികൾ വളരുന്ന മണ്ണാണ് നമ്മുടേത്.

ഗവേഷണം നടത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല എന്ന് കരുതി, ആയുർവേദ മരുന്നുകൾ ഫലപ്രദമാവില്ല എന്ന് ധരിക്കേണ്ടതില്ല. അറിവില്ലാത്ത വ്യാജൻമാർ മരുന്ന് കണ്ടു പിടിച്ചു എന്ന അവകാശ വാദങ്ങളെ മാത്രമേ എതിർക്കേണ്ടതുള്ളൂ.."

സത്യമാണ്... ആയുർവേദം തെളിയിക്കപ്പെട്ടത് ഒട്ടേറെ ജീവിതങ്ങൾ കൊണ്ടാണ്. നമ്മുടെ മുൻ തലമുറകളെ 
കാത്ത് നിർത്തിയ വൈദ്യം. 

ആയുർവേദത്തിൽ മാത്രമല്ല, ആധുനിക വൈദ്യത്തിലും കാര്യമായ റിസർച്ചുകളൊന്നും കേരളത്തിൽ നടക്കുന്നില്ല. സായിപ്പൻമാരുടെ കണ്ടെത്തലുകളെ, ഇവിടെയുള്ള ഡോക്ടർമാർ അതേ പടി ഉപയോഗിക്കുക മാത്രമേ ചെയ്യുന്നുള്ളൂ...

എന്നിട്ടും ആയുർവേദത്തിൽ റിസർച്ചില്ല എന്ന് മുറവിളി കൂട്ടുമെന്ന് മാത്രം. ആധുനിക രീതിയിലും റിസർച്ച്,  ഉണ്ടാവണം. ബോധ്യമാകാത്തവർക്ക് ബോധ്യപ്പെടാനായെങ്കിലും...

പകർച്ച വ്യാധികളിൽ ഉൾപ്പടെ എങ്ങനെ റിസർച്ച് ചെയ്യണം, എന്ന ഗവേഷണ ബോധമുള്ളവർ ആയുർവേദത്തിൽ തന്നെ നിരവധി ഉണ്ട്.സർക്കാർ കണ്ണൂരിൽ തുടങ്ങാനിരിക്കുന്ന ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അതിനുള്ള തുടക്കമാവട്ടെ...

അപ്പോഴും, സാകല്യാത്മക ദർശന രീതിയുള്ള ഈ ശാസ്ത്രം പ്രായോഗിക ക്ഷമതയോടെ നമുക്ക് കൂട്ടിനുണ്ടാവും... ആയുർവേദത്തിൻ്റെ അതിജീവന ക്ഷമതയാണത്...

Dr Shabu

Medical officer
District Ayurveda hospital, Palakkad