Popular in Articles

Completely Silent in an Unknown Tranquility


image

It is my mission to make a life of abandonment in the life that I have never been able to recover

അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ നാട്ടുവഴികൾ നനഞ്ഞു കിടന്നു. പൂക്കൈത ചെടികൾ അതിരിട്ട തോട്ടു വഴിയോരങ്ങളിലൂടെ വണ്ടി മുന്നോട്ടു പോകുകയായിരുന്നു...

പുറത്ത്, ചുകന്നുലഞ്ഞ വാകമരങ്ങൾ... മഞ്ഞരളി പൂക്കളുടെ പ്രലോഭനങ്ങൾ... കാഴ്ചകളെയെല്ലാം പിന്നിലാക്കി, ചെമ്മൺ പാതയുടെ ഇടതു വശത്തുള്ള ഓടിട്ട വീടിനു മുമ്പിൽ ആംബുലൻസ് 
ചേർന്ന് നിന്നു..!

മെല്ലെ,വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴേക്കും, വീട്ടിനുള്ളിൽ നിന്നും ഉച്ചത്തിലുള്ള നിലവിളി... കുട്ടികളുടേതു പോലെയുള്ള ഏങ്ങൽ... പതർച്ചകൾ...!

പതഞ്ഞു പൊന്തിയ അമ്പരപ്പ് ഒളിപ്പിച്ചു കൊണ്ട് ഞങ്ങൾ ഓരോരുത്തരായി വീട്ടിനകത്തേക്ക് കയറി. വെളിച്ചം മങ്ങിയ അക മുറിയിലെ തുരുമ്പിച്ച കട്ടിലിൽ അവനെ ഞങ്ങൾ കണ്ടു... 

പേര് ശിവരാമൻ വയസ്സ് 28. ഭക്ഷണം കൊടുക്കാനായി അവനെ എഴുന്നേൽപ്പിച്ചിരുത്താനുള്ള അമ്മയുടെ ശ്രമം കരച്ചിലിൽ എത്തുകയാണ്...

ദേഹത്ത് തൊടുമ്പോൾ തന്നെ അവന് അസഹ്യമായ വേദനയാണത്രേ...! അച്ഛൻ്റയും അമ്മയുടെയും കണ്ണുകൾ ചുവന്ന്  വീർത്തിരുന്നു... അവന്റെ നിർത്താതെയുള്ള കരച്ചിൽ കൊണ്ട് ഉറങ്ങാൻ കഴിയാത്ത രാത്രികളുടെ ദയാരഹിതമായ സമ്മാനമായിരുന്നു അത്...

ഞങ്ങൾ ശിവരാമന്റെ അടുത്തേക്ക് ചെന്നു... സ്നേഹപൂർവ്വം അവന്റെ നേരെ കൈനീട്ടിയപ്പോഴേക്കും, അമ്മയുടെ അരികിലേക്ക് ഒരു കൊച്ചുകുഞ്ഞിനെ പോലെ ചേർന്നിരുന്ന്, മുഖം താഴ്ത്തി, അവ്യക്തമായ ശബ്ദത്തിൽ കരഞ്ഞു..!

"അവൻ ഇങ്ങനെന്യാ...  അഞ്ചാംവയസ്സിൽ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തപ്പോ എടുത്ത കുത്തിവെപ്പിൻ്റ പേടി അവന് ഇപ്പോഴും പോയിട്ടില്ല... അന്നത്തെ ബുദ്ധിയും ഓർമ്മയും ഒക്കേന്നെള്ളൂൻ്റ മോന്..."

കവിളിൽ കിനിഞ്ഞിറങ്ങിയ കണ്ണീർ തുടച്ച് അവിടെയുമിവിടെയുമായി പരതി അവർ ഒരു കെട്ട് കടലാസുകൾ എടുത്ത് എൻ്റ മുന്നിലേക്ക് വച്ചു. പലതിലും അക്ഷരങ്ങൾ മങ്ങിയിരുന്നു... കടലാസുകളുടെ വക്കു പൊട്ടിയിരുന്നു.... അതിൽനിന്ന് ഒരു ദുരിത ജീവിതത്തിന്റെ വൈദ്യവാക്യങ്ങൾ ഞാൻ പതിയെ വായിച്ചെടുക്കാൻ ശ്രമിച്ചു...

മൂന്നാം വയസ്സുമുതൽ ശിവരാമന് പനി വരുമ്പോൾ മാത്രം ചെറിയരീതിയിൽ അപസ്മാര ലക്ഷണങ്ങൾ ഉണ്ടായിരുന്നുവത്രെ. വല്ലപ്പോഴും മാത്രം വന്നിരുന്നവ ക്രമേണ പനി ഇല്ലാത്തപ്പോഴും പ്രത്യക്ഷപ്പെട്ടുതുടങ്ങി.. "കുട്ടികളുടെ ദണ്ണളക്കം" ആയി അതിനെ ഓരോ തവണയും അവഗണിച്ചുകൊണ്ടേയിരുന്നു...

അരമണിക്കൂറിലധികം നീണ്ടുനിൽക്കുന്ന status epilepticus എന്ന രീതിയിലേക്ക് അപസ്മാരം രൗദ്ര രൂപിയായപ്പോൾ പോലും അവർ ഗണ്യമാക്കിയില്ല.

കാലം കഴിയവെ അവനിൽ പ്രശ്നങ്ങൾ പ്രകടമായിത്തുടങ്ങി. നടക്കുമ്പോൾ കുഴഞ്ഞു വീഴുന്നു.
ദേഷ്യം, ശാഠ്യം പെരുമാറ്റത്തിലുള്ള അസ്വാഭാവികതകൾ.... ബുദ്ധിപരമായ വൈകല്യങ്ങൾ...

അവസാനം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തപ്പോഴേക്കും epileptic encephalopathy എന്ന  അവസ്ഥയിലേക്ക് അവനെത്തിയിരുന്നു... (നിരന്തരമായ അപസ്മാരം മൂലം മസ്തിഷ്ക പ്രവർത്തനങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ)

ജനിതക തകരാറുകളാണോ മസ്തിഷ്ക ഘടനയിലെ ജൻമനായുള്ള വൈകല്യങ്ങളാണോ അതോ മറ്റേതെങ്കിലും കാരണങ്ങളാണോ ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചതെന്ന് നിർയയിക്കാനായില്ല. അവർ ഇത്തരം കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ നടത്തിയതുമില്ല.....!

തുടർച്ചയായി വന്നുപോകുന്ന അപസ്മാര വേഗങ്ങളും Anti epileptic drugs ഉം തമ്മിലുള്ള ബലാബലങ്ങളുടെ  കാലമായിരുന്നു അത്. നിരന്തര ദുരിതത്തിൻ്റ 23 വർഷങ്ങളാണ് അങ്ങനെ കടന്നുപോയത്.

ഉള്ളുലയുന്ന കാഴ്ചകൾ പോലും ഇപ്പോളെന്നെ വേദനിപ്പിക്കാതെ ആയിരിക്കുന്നു എന്ന് വീടിന്റെ പടികളിറങ്ങുമ്പോൾ ഞാനോർത്തു. പററിയ ഹൃദയ നഷ്ടത്തെക്കുറിച്ച് വൃഥാ വ്യാകുലപ്പെട്ടു......

Dr Shabu

Medical officer
District Ayurveda hospital, Palakkad