Popular in Articles

Deal with the fear of Examination


image

പരീക്ഷ നല്ലവണ്ണം എഴുതാൻ എല്ലാ വിഷയങ്ങളും പഠിച്ച് കഴിയുമോ? പഠിച്ച കാര്യങ്ങളെല്ലാം ശരിയായി പരീക്ഷക

ഇനി വരാനിരിക്കുന്നത് കുട്ടികൾക്ക് പരീക്ഷക്കാലമാണ്. അതിനാൽ കുട്ടികൾക്കു മാത്രമല്ല മാതാപിതാക്കൾക്കും ഒരൽപം ടെൻഷന്റെ കാലമാണിത്. 

പരീക്ഷ നല്ലവണ്ണം എഴുതാൻ എല്ലാ വിഷയങ്ങളും പഠിച്ച് കഴിയുമോ? പഠിച്ച കാര്യങ്ങളെല്ലാം ശരിയായി പരീക്ഷക്ക് എഴുതാൻ പറ്റുമോ? എന്നിങ്ങനെ നൂറുകൂട്ടം ചിന്തകളാകും കുട്ടികളെ അലട്ടുക. 

ഇത്തരം ചിന്തകളുടെ കാര്യത്തിൽ അച്ഛനമ്മമാരും പിന്നിലല്ല, ഒരുപക്ഷെ കുട്ടികളെക്കാൾ ഏറെ അവർക്കാണ് ആധികൂടുതൽ എന്നുപറയാം. അപ്പോൾപ്പിന്നെ ഈ ടെൻഷൻ എങ്ങനെ മറികടക്കും? അതിന് ചില കുറുക്കുവഴികളുണ്ട്.

1. ടേക്ക് ഇറ്റ് ഈസി (take it easy) 

ആദ്യം മാതാപിതാക്കൾ കൂളാകണം. മാതാപിതാക്കളുടെ ടെൻഷൻ ആണ് കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നത്. 

പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് കുട്ടികളുടെ കഴിവിന്റെ അവസാനവാക്കാണെന്ന ചിന്ത മാതാപിതാക്കൾ ആദ്യം മനസ്സിൽ നിന്ന് മാറ്റണം. പഠിപ്പിച്ച കാര്യങ്ങൾ എത്രത്തോളം അവരിലേക്കെത്തി എന്നത് കണക്കാൻ നടത്തുന്ന ചെറിയ അവലോകനമായി മാത്രം അതിനെ കണ്ടാൽ മതി. 

മറ്റുള്ള കുട്ടികളുമായി അവരെ താരതമ്യപ്പെടുത്താതിരിക്കുക. മാർക്കല്ല ഭാവിയെ നിർണയിക്കുന്നതെന്ന സത്യം ആദ്യം സ്വന്തം അനുഭവത്തിൽ നിന്നും ഓർക്കുക, അത് മക്കളെ മനസിലാക്കിക്കുക, അവരെ ബോധ്യപ്പെടുത്തുക.

2. പാഠങ്ങൾ പഠിക്കുക (study your lessons) 

സിലബസ്സിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളെല്ലാം കൃത്യമായി പഠിക്കാൻ ശ്രമിക്കുക. എല്ലാ വിഷയങ്ങളും ഒറ്റയടിക്ക് പഠിച്ച് കളയാം എന്ന് വിചാരിക്കാതെ വ്യത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് പോകുക. 

സമയമെടുത്ത് പ്ലാനിങ്ങോടെ എല്ലാ ഭാഗങ്ങളും കൃത്യമായി പഠിക്കാൻ പരിശ്രമിക്കുക. പാഠഭാഗങ്ങൾ മുഴുവനായി പഠിക്കാൻ സാധിച്ചില്ലെങ്കിലും ടെൻഷനാകണ്ട, കാരണം അത് ആർക്കും പൂർണ്ണമായും പഠിക്കുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം.

ഇനിയും പഠിക്കാനുണ്ടല്ലോ, ആ ഭാഗത്ത് നിന്ന് ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിലോ എന്ന ചിന്ത പരീക്ഷാ ഹാളിലെത്തുമ്പോൾ ടെൻഷൻ കൂട്ടുകയേ ഉള്ളു. പരീക്ഷക്ക് അറിയാവുന്ന കാര്യങ്ങൾ ഭംഗിയായി എഴുതിയാൽ മതി.അറിയാത്ത കാര്യങ്ങളെ ഓർത്തു ടെൻഷൻ ആയാൽ അറിയാവുന്നതുകൂടെ ഓർത്തു എഴുതാൻ കഴിയാതെവരും. അതിനാൽ വളരെ കൂളായി പരീക്ഷാഹാളിലേക്കു പോകുക. 

3. സമയക്രമം പാലിക്കുക (schedule your time) 

പരീക്ഷകളെ നേരിടുമ്പോൾ സമയക്രമം പാലിക്കാനാണ് കുട്ടികൾ ഏറ്റവുമധികം ശ്രദ്ധകൊടുക്കേണ്ടത്. അറിയാത്ത കാര്യങ്ങൾക്ക് കൂടുതൽ സമയം കളയണ്ട. അറിയുന്നതെഴുതി മുന്നോട്ട് പോകുക. പഠിക്കുമ്പോഴും ഇത് മനസ്സിൽ വെക്കുക. 

മുൻകാല ചോദ്യപേപ്പറുകൾ എടുത്തു കൂടുതൽ തവണ ചോദിച്ച ഭാഗങ്ങൾ നോക്കുക. മുൻകാല ചോദ്യപേപ്പറുകൾ എടുത്തു അവ പരീക്ഷ എഴുതുന്നപോലെ എഴുതി നോക്കുക   ചോദ്യങ്ങളുടെ രീതി മനസ്സിലാക്കാൻ അത് സഹായിക്കും, സമയം ശരിയായി മനസിലാക്കാനും സാധിക്കും.

4. ആരോഗ്യത്തിൽ ശ്രദ്ധ വേണം (focus on health)

വിശപ്പുമാറാനായി എന്തെകിലും കഴിക്കാതെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കിട്ടാനുള്ള ഭക്ഷണം കഴിക്കുക. പഠിക്കുന്നത് മനസിലാക്കാനും ഓർമ്മനില്കാനും പോഷകങ്ങൾ അത്യാവശ്യമാണ്.

ഉറക്കമൊഴിച്ചുള്ള പഠനം മാനസിക സമ്മർദ്ദം കൂട്ടാനേ ഉപകരിക്കൂ. നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേൽക്കുക. 

ഇന്ന് പരീക്ഷയായതുകൊണ്ട് കുറച്ച് വേഗം പോയേക്കാം എന്നുകരുതി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് പല കുട്ടികളും. ഒരിക്കലും അത് ചെയ്യരുത്. പഠിച്ച കാര്യങ്ങൾ മറക്കാനെ അത് ഉപകരിക്കൂ. 

മനസ് ആരോഗ്യമാണെങ്കിലേ പഠനം എളുപ്പമാകുകയുള്ളു. പൂർണമായി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇടയ്ക്കൊക്കെ പുറത്തിറങ്ങി കൂട്ടുകാരുമായി കളിക്കുക, പ്രകൃതയോടു സല്ലപിക്കുക. മനസ്സിന് വലിയ ഉന്മേഷം കിട്ടും.

പരീക്ഷയെക്കുറിച്ച് ആലോചിച്ച് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. 

പരീക്ഷയല്ല ജീവിതത്തെ നിയന്ത്രിക്കുന്നത്, ആരോഗ്യമുള്ള കാഴ്ചപ്പാടുള്ള ചിന്തകൾ ജീവിതത്തെ നയിക്കട്ടെ!

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.