Popular in Articles

Dr C R Agnivesh Anusmaranam


image

Dr C R Agnivesh Anusmaranam on Teachers Day 2020

ആയുർവേദ കോളേജിൽ അഡ്മിഷൻ കിട്ടി വരുന്ന ഏതൊരു വിദ്യാർത്ഥിയുടേയും പഠനത്തിൻ്റെ തുടക്ക നാളുകൾ ഏറെ ആശയക്കുഴപ്പങ്ങളിലൂടെയാണ് കടന്നു പോവാറുള്ളത്..!

വസ്തുക്കളെ അറ്റോമിക തലത്തിലും തൻമാത്രാ രൂപത്തിലും കാണാൻ ശീലിപ്പിച്ച ഭൗതിക-രസ തന്ത്ര ക്ലാസുകളിൽ നിന്നും മുഴുവൻ ലോകത്തേയും ദാർശനികമായി അപഗ്രഥിച്ചറിയുന്ന ആയുർവേദ ക്ലാസുകളിലേക്കെത്തുമ്പോൾ, ഏതൊരാൾക്കും സംഭവിക്കാവുന്ന ആശയ കുഴപ്പം തന്നെയായിരുന്നു 
അത്...

രാസ വാക്യങ്ങൾ പൂത്തുലയുന്ന രസ തന്ത്ര ബിരുദ ക്ലാസുകൾ, പാതിയിൽ നിർത്തി കോട്ടക്കലിൽ അഡ്മിഷൻ 
കിട്ടി വന്ന കാലത്ത്, ഏതൊരു വിദ്യാർത്ഥിയെയും പോലെ ഞാനും അന്ധാളിപ്പിൽ തന്നെയായിരുന്നു..!

ആയുർവേദത്തിനൊപ്പം പദാർത്ഥ വിജ്ഞാനവും, തർക്ക സംഗ്രഹവും ഭാരതീയ ദർശനങ്ങളുമൊക്കെ ചിറകു കുടഞ്ഞിട്ട അപരിചിതമായ ഒരു പുതിയ ലോകം..!

അത്തരമൊരു ക്ലാസിലാണ് ഞങ്ങൾ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പേര് ഡോ. സി.ആർ അഗ്നിവേശ്.

അത്രേയ ശിഷ്യനായ സാക്ഷാൽ അഗ്നിവേശ മഹർഷിയെ പോലെ താടി കൊണ്ടും ഗാംഭീര്യം കൊണ്ടും മുനി പ്രഭാവനായ ഒരാൾ..!

എന്നിരുന്നാലും, ഒരു നിഷേധിയുടെ ശരീര ഭാഷയും, കാഠിന്യമുള്ള ശബ്ദവും കൊണ്ട് അദ്ദേഹം വേറിട്ടു നിന്നു. ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായ ഒരു മുനിയെ പോലെ ആയിരുന്നു അത്..!

പദവും പദാർത്ഥവും പ്രമയും അപ്രമയും സാമാന്യവും വിശേഷവും ദാർശനിക സമസ്യകളുമൊക്കെയായി
സാർ പറഞ്ഞതൊന്നും തുടക്കത്തിൽ മനസിലായതേയില്ല..!

ചിലപ്പോഴൊക്കെ വിഷയങ്ങൾ തെന്നി മാറി, ദാർശനികരായ സാർത്രിലേക്കും കാമുവിലേക്കും നീഷേയിലേക്കുമൊക്കെ അദ്ദേഹം പടർന്നു പന്തലിക്കും. അപ്പോഴും വരി തെറ്റാതെ പഠന വിഷയങ്ങളുടെ കണിശതയിലേക്കു തന്നെ സാർ തിരിച്ചു വരുകയും ചെയ്യും.

പോകെ പോകെയാണ് ദാർശനികൻ, ആയുർവേദ പണ്ഡിതൻ, ഗ്രന്ഥകാരൻ, ബുദ്ധി ജീവി എന്ന നിലയിലൊക്കെയുള്ള സാറിൻ്റെ പ്രശസ്തിയെ പറ്റിയൊക്കെ കൂടുതൽ അറിയുന്നത്..!

ഏതു വിഷയത്തെ കുറിച്ചും ആഴത്തിൽ അറിവുള്ള ഒരു പ്രതിഭയായിരുന്നു അഗ്നിവേശ് സർ .!

അതേ സമയം, ആയുർവേദ കോളേജ് ഹോസ്റ്റലിൻ്റെ അകത്തളങ്ങളിലേക്ക് യെസ്ഡി മോട്ടോർ ബൈക്ക് ഓടിച്ചു കയറ്റിയിരുന്ന ഒരു കാലത്തെ  ക്ഷുഭിത യൗവ്വനത്തിളപ്പ് അദ്ദേഹത്തിൽ അങ്ങനെയൊന്നും അവസാനിച്ചിരുന്നുമില്ല..!

മനസിനെ കുറിച്ചുള്ള ആയുർവേദ/ ഭാരതീയ/ആധുനിക ബോധ ധാരകൾ ആഴത്തിൽ ചർച്ച ചെയ്ത, കോട്ടക്കൽ കോളേജിൽ വച്ചു തന്നെ നടന്ന "സങ്കൽപ്പ" എന്ന സെമിനാറിലാണ്, സാറിൻ്റെ പ്രഭാഷണത്തിൻ്റെ വൈജ്ഞാനികമായ ആഴം ഞാൻ ആദ്യമായി അറിയുന്നത്.

എന്തൊക്കെ ആയാലും, അന്നും ഇന്നും ഞാൻ അദ്ധ്യാപകരോട് കൂടുതൽ അടുക്കാറൊന്നുമില്ല. അതിനുള്ള കാരണം ഒരു പക്ഷേ വിചിത്രമായിത്തോന്നാം...

ബഹുമാനക്കൂടുതൽ ഉള്ളവരോട്, അതേ ബഹുമാനം പുലർത്തി കൊണ്ട്, ഞാൻ എന്നും അകലം സൂക്ഷിക്കും. 
ബഹുമാനക്കുറവുള്ളവരോട്, അതേ കാരണത്താലും അകലം പാലിക്കും..!

ആദ്യ കാരണം കൊണ്ടു തന്നെ, വല്ലപ്പോഴും കിട്ടിയിരുന്ന ചില അവസരങ്ങൾ ഒഴിച്ച്, അഗ്നിവേശ് സാറിനോട് 
നേരിട്ട് ഏറെ സംസാരിക്കാനോ ഇടപഴകാനോ ഇതിലെ ആദ്യ കാരണത്താൽ തന്നെ ഞാൻ ശ്രമിച്ചിരുന്നുമില്ല..!

അങ്ങനെയിരിക്കെയാണ്, ഒരു ദിവസം ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ കോട്ടക്കലിലെ വീട്ടിൽ പോകാൻ ഒരു അവസരം ഉണ്ടായത്.

വലിയ ഒരു ലൈബ്രറി പോലെ തോന്നിക്കുന്ന ഒരു റൂമിൽ, കൂട്ടിയിട്ട പുസ്തകങ്ങളുടെയും അടക്ക രാഹിത്യങ്ങളുടേയും ഇടയിൽ, ഞങ്ങൾക്ക് തരാനുള്ള പദാർത്ഥ വിജ്ഞാനം Note ടൈപ്പ് ചെയ്തെടുക്കുന്ന സാറിനേയാണ് അന്ന് ഞങ്ങൾ കണ്ടത്.

വിശ്രമമില്ലാതെ അന്ന് ടൈപ്പ് ചെയ്തതെല്ലാം ചേർത്താണ് അധികം വൈകാതെ ദർശന പ്രവേശിക എന്ന പുസ്തകം രൂപപ്പെട്ടത്..!

അദ്ദേഹത്തിൻ്റെ ക്ലാസുകളേക്കാൾ, ആ പുസ്തകമായിരുന്നു ഞങ്ങൾക്ക് സഹായകമായതും. രസ ശാസ്ത്രത്തിലും (Indian alchemy) സാർ എഴുതിയ പുസ്തകങ്ങൾ, ഒരു പാട് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായിരുന്നു..!

ചെറിയ ചില ഉദാഹരണങ്ങളിലൂടെ എത്ര ലളിതമായാണ്, ചില നിഗൂഢ ദർശനങ്ങളെ പോലും അദ്ദേഹം വിവരിച്ചത്. 

പ്രപഞ്ചോൽപ്പത്തിയെ കുറിച്ചുള്ള സാംഖ്യ ദർശനക്കാരുടെ പരിണാമ വാദ പ്രകാരം, ലോകത്ത് പുതിയതായി ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഉണ്ടായിരുന്ന വസ്തുക്കളുടെ രൂപപ്പെടൽ മാത്രമാണ് നടക്കുന്നത് എന്നാണ് അവരുടെ വാദം..!

ഇതിനെ കുറിച്ച് പറയാൻ അദ്ദേഹം മൈക്കലാഞ്ചലോ എന്ന വിഖ്യാത ശിൽപ്പിയുടെ വാക്കുകളേ ഉദാഹരിച്ചത് ഇന്നും ഓർമ്മയുണ്ട്. " ഞാൻ ഒരു ശിൽപ്പവും തീർക്കുന്നില്ല. ശിൽപ്പങ്ങൾ വെള്ളക്കല്ലുകൾക്കുള്ളിൽ നേരത്തെ ഉണ്ടായിരുന്നു. അതിന് പുറമേ പറ്റിയിരുന്ന ആവശ്യമില്ലാത്ത കല്ലിൻ്റെ ഭാഗങ്ങൾ ഞാൻ എടുത്തു കളഞ്ഞു എന്ന് മാത്രം.."

റിട്ടയർമെൻ്റ് ദിവസം, സാറിൻ്റെ വിട വാങ്ങൽ പ്രസംഗത്തിലെ വരികളാണ് അവസാനത്തെ ദീപ്തമായ ഓർമ്മകൾ..!

അഗ്നിവേശ് സർ, അധ്യാപകരിലെ ഉദാത്ത മാതൃകയാണ് എന്നൊന്നും പറഞ്ഞു വക്കുകയല്ല. സാറിനേക്കാളും express ചെയ്യാൻ കഴിയുന്ന ചില അദ്ധ്യാപകർ എങ്കിലും വേറെയും ഉണ്ടായിട്ടുമുണ്ട്. എന്നിരുന്നാലും മറ്റുള്ളവരെ inspire ചെയ്യാൻ വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നിട്ടും, ഏതൊരാളെയും അറിയാതെ inspire ചെയ്യിക്കുന്ന എന്തോ ഒന്ന് സാറിൽ ഉണ്ടായിരുന്നു..!

സർ, പലർക്കും പലതാകാം... എന്നെ സംബന്ധിച്ചിടത്തോളം, ശ്ലോകങ്ങൾ കാണാതെ പഠിക്കലല്ല ആയുർവേദം എന്നും Critical thinking ചെയ്ത്, യുക്തി ബോധത്തോടെ രോഗ നിർണ്ണയവും ചികിത്സയും നടത്തേണ്ടവരാണ് ആയുർവേദക്കാർ എന്നും പഠിപ്പിച്ച ഒരു യഥാർത്ഥ ഗുരു തന്നെയായിരുന്നു അഗ്നിവേശ് സർ..!

അദ്ധ്യാപക ദിനത്തിൽ അഗ്നിവേശ് സാറിനെ ഓർക്കുന്നത്, ആ അർത്ഥത്തിൽ അദ്ധ്യാപകർക്കെങ്കിലും ആത്മ വിമർശനത്തിന് ഉപകരിക്കാതെ ഇരിക്കുകയില്ല എന്നത് തീർച്ചയാണ്..

Happy teachers day...!

Dr Shabu

Medical officer
District Ayurveda hospital, Palakkad