Popular in Articles

Focus on your food while eating


image

"ആഹാരം തന്നെയാണ് ആരോഗ്യം" എന്ന ലളിതമായ സമവാക്യം നമ്മുടെ പൊതു ബോധങ്ങളിൽ ഉറക്കട്ട

കൊറോണക്കാലം നമ്മുടെയൊക്കെ ആഹാര ശീലങ്ങളേയും മാറ്റി മറിച്ചു തുടങ്ങിയിരിക്കുന്നു..!

ചിക്കനും മട്ടണും ബീഫും മീനും പോർക്കുമൊക്കെയായി തീറ്റയുടെ അത്യാസക്തിയിൽ നിന്നും, പറമ്പിലെ താളിലും തകരയിലേക്കും എന്തിന് പ്ലാവിലയിലേക്കു വരെ മടങ്ങിത്തുടങ്ങുകയാണ് നമ്മൾ..

ആരോഗ്യ ഭക്ഷണത്തെ പറ്റി കൂടുതൽ കൂടുതൽ  പേർ ബോധവാൻമാരാകുന്നു...

പ്രമേഹത്തിന്, അമിത വണ്ണത്തിന്, യൂറിക്ക് ആസിഡിന് ഓരോ രോഗത്തിനും പ്രത്യേകം പ്രത്യേകം ഡയറ്റ് ചോദിച്ചു വരുന്നവരുടെ എണ്ണവും  കൂടുകയാണ്... അസുഖം വരാതിരിക്കാനുള്ള പ്രത്യേക ഡയറ്റ് അന്വേഷിക്കുന്നവരുമുണ്ട്.

"ആഹാരം തന്നെയാണ് ആരോഗ്യം" എന്ന ലളിതമായ സമവാക്യം നമ്മുടെ പൊതു ബോധങ്ങളിലെവിടെയോ
അർത്ഥ പൂർണമായി സ്പർശിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് തോനുന്നു..!

ഈ മാറ്റം നല്ലതിനു തന്നെയാവണം. അപ്പോഴും എന്ത് കഴിക്കണം എന്നതിനൊപ്പം, എങ്ങനെ കഴിക്കണം എന്നു കൂടി നമ്മൾ ഗ്രഹിച്ചെടുക്കേണ്ടതില്ലേ..

കഴിക്കുന്നത്, ഏത്  ഭക്ഷണം ആണെങ്കിലും നമ്മുടെ ശ്രദ്ധയെ "കഴിക്കൽ" എന്ന പ്രത്യക്ഷ അനുഭവത്തിലേക്ക് 
കൊണ്ടു വരാൻ കഴിയുന്നില്ല എങ്കിൽ പഥ്യ ആഹാരം പോലും നിഷ്ഫലമായിപ്പോകും..!

"കഴിക്കലിനെ" അപ്രസക്തമാക്കുന്ന വിധം, മനസിലേക്ക് വരുന്ന ചിന്തകളുടെ വേലിയേറ്റങ്ങളാണ് പ്രശ്നം. 
അടുപ്പത്തെ വെള്ളം തിളച്ചു പോകുമോ എന്ന് ആശങ്കക്കിടയിൽ ഇഡ്ലി ഇറങ്ങിയ വഴി അറിയാത്തവർ, ടി.വി യിലെ കാഴ്ചകൾ കണ്ട് കഴിച്ച ഭക്ഷണം ഏതെന്നു പോലും മറന്നിരിക്കുന്നവർ, ഇതൊന്ന് കഴിച്ചു തീർന്നിട്ടു വേണം പെട്ടെന്ന് ജോലി സ്ഥലത്തിലേക്ക് വച്ചു പിടിക്കാൻ എന്ന് ബദ്ധപ്പെടുന്നവർ...

കൊറോണക്കാലത്ത് തിരക്കേതുമില്ലെങ്കിലും മനസ് പക്ഷേ ആഹാരത്തിൽ ഉറക്കുന്നേയില്ല!

ഏതു കാര്യവും എന്നതു പോലെ, ഭക്ഷണവും രണ്ട് രീതിയിൽ കഴിക്കാം. ബോധത്താലും അബോധത്താലും..!
കഴിക്കുന്ന ഭക്ഷണം ഏതു തന്നെ ആയാലും ഓരോ നിമിഷവും അറിഞ്ഞ് കഴിക്കുമ്പോൾ ശരിക്കും ചവച്ചരക്കാനും തുടങ്ങുകയായി...

ദഹനം സുഖമമാകാൻ സഹായിക്കുന്നതിലപ്പുറം, മുഴുവൻ രസവും അനുഭവിച്ചറിയുന്ന കഴിക്കലിൻ്റെ നിറവാണത്...

അബോധത്തിൽ കഴിക്കുമ്പോൾ ചിന്തയിൽ പെട്ടു പോകുമ്പോൾ ആഹാരം കുത്തി നിറക്കുന്ന ഒരു 'ചന്ത' മാത്രമായി നമ്മുടെ വയറ് തരം താഴുകയാണ്. എത്ര നല്ല ഭക്ഷണം കഴിച്ചിട്ടും പലർക്കും മനസിന്  തൃപ്തി തോന്നാത്തത് ഒരു പക്ഷേ ഇതു കൊണ്ടാവണം..!

ഒരു ബുദ്ധ കഥയുണ്ട്, ബുദ്ധൻ ശിഷ്യൻമാർക്കെല്ലാം കഴിക്കാനായി ഒരു ഓറഞ്ച് നൽകുന്നു. കിട്ടിയ മാത്രയിൽ ഓരോരുത്തരും തൊലി പൊളിച്ച് അതി വേഗം തിന്നു തുടങ്ങുന്നു. അതു കണ്ട്ബു ദ്ധനവിടെ
കഴിക്കലിൻ്റെ കലയെ കുറിച്ച് പറയുകയാണ്.

പതിയെ തൊലി അടർത്തി ഓരോ അല്ലികളായി രുചിച്ച് കഴിക്കുന്ന രീതി കാണിച്ചു കൊടുക്കുന്നു... 
നിങ്ങളില്ലാതെയും നിങ്ങളോടു കൂടിയും ഭക്ഷണം കഴിക്കാം. 

ഈ നിമിഷത്തിൽ ജീവിക്കുന്നതിൻ്റെ പ്രശാന്തത അറിയുന്നവർക്ക് കഴിക്കുന്ന ഭക്ഷണത്തിലും ഷഡ് രസാനുഭൂതി കണ്ടെത്താം. ഉള്ളിലെ  സംവേദനത്വത്തെ (Sensitivity) ഉണർത്തിയെടുത്തു കൊണ്ട്, 
കഴിക്കുന്ന ഭക്ഷണത്തെ ഈ നിമിഷത്തിലേക്ക് ധ്യാനത്മകമാക്കുന്ന ഒരു തരം ഗൂഢമായ രസതന്ത്രമാണത്.

"തത്മനാ ഭുഞ്ജീത"- (കഴിക്കുമ്പോൾ ആഹാരത്തിൽ തന്നെ മനസു വക്കുക) എന്ന ചരക വാക്യത്തിൻ്റെ
അന്തരാർത്ഥവും ഇതു തന്നെയാണ്.

Dr Shabu

Medical officer
District Ayurveda hospital, Palakkad