Popular in Articles

How I become an Ayurveda Doctor


image

പ്രാണനെ പോലെ ഈ ശാസ്ത്രത്തെ സ്നേഹിക്കുന്നുണ്ട്, അതു തന്നെയാണ് പ്രചോദനവും...

കോട്ടക്കലിൽ ആയുർവേദം പഠിക്കാൻ പോകുന്നതിനും മുമ്പ്, മരുന്ന് എന്ന് പറഞ്ഞാൽ ആദ്യം ഓർമ വരിക
അമ്മയുടെ കയ്യിലെ, സമചതുരാകൃതിയിലുള്ള ഒരു ഇരുമ്പു പെട്ടിയാണ്..!

Iboprofen ഉം Paraceta mol ഉം ഒക്കെയടങ്ങുന്ന ഒരു ഔഷധപ്പെട്ടി...

ആയുർവേദ ഡോക്ടർമാരോ പാരമ്പര്യക്കാരോ ഒന്നും മരുന്നിന് പോലും കുടുംബത്തിൽ ഇല്ലാത്തതു കൊണ്ടാകണം,  ആയുർവേദത്തെ കുറിച്ചുള്ള എൻ്റെ അറിവ് ദശമൂലാരിഷ്ടത്തിലും ധാന്വന്തരം ഗുളികയിലും കോട്ടക്കൽ ആര്യവൈദ്യ ശാലയിലും മാത്രം ഒതുങ്ങി നിന്നു..!

ഞാൻ അന്നൊരു so called ശാസ്ത്ര കുതുകി ആയിരുന്നു... ഇന്നത്തെ പോലെ ശാസ്ത്രയുക്ത തീവ്രൻമാരൊന്നും അന്ന് വ്യാപകമായിട്ടില്ലെങ്കിലും, അങ്ങനെ ഇരിക്കെ പ്രീഡിഗ്രി കഴിഞ്ഞ്, രസതന്ത്രത്തിൽ രസം കയറി ശാസ്ത്ര ദാഹം തീർക്കാനായി ഞാൻ BSc ക്ക് പട്ടാമ്പി ഗവ. കോളേജിൽ ചേരുകയാണ്...

അതിനിടെ, BSc zoology കഴിഞ്ഞ് വീട്ടിലിരുന്ന് രാവന്തിയോളം എൻട്രൻസ് പരീക്ഷക്കു പഠിക്കുന്ന ചേട്ടൻ്റെ
പ്രചോദനത്താൽ അവസാന നാലു മാസം കെമിസ്ട്രി പഠനം നിർത്തി ഞാനും ഒപ്പം ചേരാൻ തീരുമാനിക്കുന്നു...!

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിശാലമായ ഒരു സമുദ്രം കുടിച്ച് വറ്റിക്കാൻ ശ്രമിച്ച് ശ്വാസം മുട്ടിപ്പോയ പഠന കാലങ്ങൾ...

ഒടുവിൽ പരീക്ഷ കഴിഞ്ഞു താമസിയാതെ റിസൾട്ട് വന്നു... അവസാനം അലോട്ട്മെൻ്റ് കിട്ടിയത് ആയുർവേദത്തിനാണ്... അരിഷ്ടവും കഷായവുമൊക്കെയായി ഏതോ പ്രാകൃത ചികിത്സയാണ് അന്നെനിക്കായുർവേദം.

Diclofenac Sodium എന്നു പറയുന്നതിൻ്റെ ഒരു ഗാംഭീര്യം ഇല്ലാത്ത ഒരു നാട്ടു വൈദ്യം..!

വീണ്ടും വീട്ടിലിരുന്ന് എൻട്രൻസിന് റിപ്പീറ്റ് ചെയ്യാൻ ശ്രമിച്ചു... അതിനിടെ നിർണായകമായ അമ്മയുടെ ആ ചോദ്യമെത്തി - " നീയ് ആയുർവേദത്തിന് തന്നെ പോണം. എന്തൊക്കെ ആണെങ്കിലും അതും മനുഷ്യനെ നോക്കണ വൈദ്യമല്ലേ. അതില് നീ നന്നാവും...."

അങ്ങനെ എൻട്രൻസ് പുസ്തകങ്ങൾ അടച്ച് വച്ച്, കോട്ടക്കലിൽ ആയുർവേദം പഠിക്കാൻ എത്തുകയാണ്...!
ചേട്ടൻ വെറ്റിനറിക്ക് മണ്ണൂത്തിയിലേക്കും...

വൈരുദ്ധ്യങ്ങളുടെ ഒരു ജാംഗല ഭൂമി ആയിരുന്നു അത്... എന്നും പൂത്തു നിൽക്കുന്ന കണിക്കൊന്നകളുടെ ക്യാമ്പസ്...!

ഫസ്റ്റ് ഇയറിൽ, അനാട്ടമി ഡിസക്ഷനു വേണ്ടി ബോഡി കിട്ടാതിരുന്ന സമയം... നിലമ്പൂർ ഗവ: ആശുപത്രിയിൽ ഒരു ശവശരീരം ഉണ്ടെന്നറിഞ്ഞ്, ഔദ്യോഗിക രേഖകളുമായി ഞാനും
ആനന്ദും ബോഡി തപ്പി പോകുന്നു. ബന്ധുക്കളുടെ സമ്മതപ്രകാരം  വിട്ടു നൽകിയ ഒരു പാവം ശാരദാമ്മയുടെ ശരീരം ഞങ്ങളെ കാത്തു കാത്തിരുന്നു.

മടക്ക യാത്രയിൽ ശാരദാമ്മയുടെ ഇരു വശത്തും ഇരുന്ന് കോളേജിലെത്തും വരെ ചിരിക്കാൻ പോലും മറന്ന് ഞങ്ങളിരുവരും..!!!

എന്തെല്ലാം അനുഭവങ്ങൾ, ഒരു വശത്ത് കണ്ണിങ്ങ് ഹാമും ഡിസക്ഷനും സുശ്രുതൻ്റെ ശവ ശാരീരവുമൊക്കെ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ, ചരകൻ പ്രത്യക്ഷ ശരീരത്തിനും അപ്പുറമുള്ള ജീവസത്തയെ പറ്റി വാചാലനാകുന്നു...

സൃഷ്ടിയുടെ ക്രമ പരിണാമങ്ങളെ കുറിച്ച് ആത്മാവിനെയും മനസിനേയും ഇന്ദ്രിയങ്ങളെ കുറിച്ച്
ദാർശനികമായി സംസാരിക്കുന്നു...

ഇതേ ചരകൻ തന്നെ ജീവ ശരീരത്തേയും രോഗങ്ങളേയും യുക്തി പൂർവമായി ചികിത്സിക്കുന്നു..!

സൂക്ഷ്മത്തേയും സ്ഥൂലത്തേയും ഒരേ പോലെ കോർത്തിണക്കുന്നു... ഉള്ളിലെ രസതന്ത്രജ്ഞന്
സംഹിതകളിലെ ദർശന പരതയും ദോഷ ദൂഷ്യ പ്രപഞ്ചവുമൊക്കെ ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു..!

അതു കൊണ്ടു തന്നെ, എൻ്റെ ശ്രദ്ധ യൂണിയൻ പ്രവർത്തനങ്ങളിലേക്കും എഴുത്തിലേക്കും കളികളിലേക്കും എണ്ണമറ്റ മറ്റ് നേരമ്പോക്കുകളിലേക്കും തിരിഞ്ഞു..!

വന്നത് തെറ്റായ സ്ഥലത്താണെന്ന് പല തവണ വെളിപാടുണ്ടായി. എന്നിരുന്നാലും പരീക്ഷ കാലമാകുമ്പോൾ കൂട്ടു കൂടിയിരുന്ന് ആധുനികവും ആയുർവേദവും ഒരുമിച്ച് പഠിച്ചു..!

അങ്ങനെയിരിക്കെയാണ്, ഹോസ്റ്റലിലെ സുഖവാസ കാലത്തിനിടെ എനിക്കൊരു പനി വന്നത്....!
നല്ല വൈറൽ പനി തന്നെ... സ്ഥല കാലങ്ങളും സമയ ബോധവും അപ്രത്യക്ഷമായി, ഞാൻ ജ്വര മൂർഛയിൽ
സന്താപത്താൽ കട്ടിലിൽ കിടന്ന് ഞരങ്ങി... സീനിയേഴ്സും ഒപ്പമുള്ളവരും പരിചരിച്ചു, സ്വന്തം അനിയനെ പോലെ..!

അമൃതോത്തരവും അമൃതാരിഷ്ടവും ഇഞ്ചി നീരിൽ ചേർത്ത വെട്ടുമാറനും അബോധത്തിൽ വിഴുങ്ങി..
പാരസെറ്റമോളും ആൻ്റി ബയോട്ടിക്കും ഇല്ലാതെ പതിയെ പനിയടങ്ങി... വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം കുട്ടിശങ്കരനോട് ഇഷ്ടം വന്ന് തുടങ്ങിയതു പോലെ, ആയുർവേദത്തെയും  മെല്ലെ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു..!

കാലം പിന്നെയും കഴിഞ്ഞു... പഠനവും പരാജയവുമായി ദിവസങ്ങൾ കൊഴിഞ്ഞു... ഒടുവിൽ ഹൗസ് 
സർജൻസിയും കഴിഞ്ഞ് സത്ര മുറി വിട്ടിറങ്ങിയത് യാഥാർത്ഥ്യങ്ങളുടെ മറ്റൊരു ലോകത്തിലേക്കാണ്.

അവിടം മുതലാണ് ശരിക്കും ഞാൻ ആയുർവേദത്തിൽ  പിച്ചവച്ചു തുടങ്ങുന്നത്. കയ്യിൽ കിട്ടുന്ന രോഗികളെയെല്ലാം ഗാഢമായി പഠിച്ചു തുടങ്ങുന്നത്...!

അക്കാലത്ത് അമ്മക്ക് എല്ലാ ദിവസവും Migrain തലവേദന വരാറുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും തീവ്ര വേദനയാൽ ആശുപത്രിയിലെത്തിച്ച് ഇൻജക്ഷൻ എടുക്കേണ്ടിയും വന്നു. ഞാൻ സത്യത്തിൽ ആദ്യം മരുന്നു കൊടുത്ത് തുടങ്ങിയത് അമ്മക്കാണ്. ചികിത്സ ഫലം കണ്ടു.

പതിയെ, എന്നും വരുന്ന വേദനകൾ വല്ലപ്പോഴും മാത്രം വരുന്ന അവസ്ഥയിലേക്ക് കുറഞ്ഞു. അലോപ്പതി മരുന്നുകളടങ്ങിയ അമ്മയുടെ ഇരുമ്പു പെട്ടിക്കടുത്ത് ആയുർവേദ മരുന്നുകളും നിരന്നു തുടങ്ങി...

വീട്ടുകാരും ബന്ധുക്കളുമൊക്കെ പതിയെ ആയുർവേദത്തിലേക്ക് വന്ന് തുടങ്ങുകയായിരുന്നു. എനിക്കും വർഷങ്ങളായി സൈനസൈറ്റിസ് ഉണ്ടായിരുന്നത് നിരന്തരം chest infection ലേക്ക് പുരോഗമിച്ചു കൊണ്ടിരുന്നതും അക്കാലത്താണ്.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിച്ച antibiotic കളടെ കോഴ്സ് കഴിയുന്നതോടെ വീണ്ടും infection  വരും. അങ്ങനെയാണ് രുഗ്മയുടെ സജഷൻ കൂടി പ്രകാരം ആയുർവേദം കഴിച്ച് തുടങ്ങുന്നത്. ഇടക്കിടെ വരാറുള്ള അണുബാധകൾ ക്രമേണ തീർത്തും ഇല്ലാതായി..!

പിന്നെ അങ്ങോട്ട് ഏത് അസുഖം വരുമ്പോഴും ആയുർവേദത്തിനെ തന്നെ കൂട്ടു പിടിച്ചു... നിർണായകമായ ജീവിത ഘട്ടങ്ങളിലെല്ലാം എനിക്ക് താങ്ങായതും ഇതു തന്നെ.

സ്വയമറിഞ്ഞ് അനുഭവിച്ച വൈദ്യം, പുസ്തകത്തിലേതിനക്കാൾ ശ്രേഷ്ഠമായിരുന്നു. ഞാൻ ഒരു തീവ്ര ആയുർവേദക്കാരനല്ല, എല്ലാ വൈദ്യ ശാസ്ത്രത്തിനും അതിൻ്റേതായ ഒരു Space ഉണ്ടെന്ന ബോധ്യവും ഉണ്ട്..
എങ്കിലും, ഒരിത്തിരി ധ്യാനവും ലളിത യുക്തിയും പഠനവും എല്ലാറ്റിനും മേലെ സ്നേഹവും കൈ മുതലായുണ്ടെങ്കിൽ, ആയുർവേദത്തിന് മറ്റേതിനാക്കാളും  അത്ഭുതം ചെയ്യാനാകും..!

ഇതു വരെ ഉള്ള അനുഭവവും അതാണ്... എന്നേക്കാളും എത്രയോ മികച്ചവർ ഈ വൈദ്യത്തിലുണ്ട്... തെറ്റും ശരിയും വരുത്തി, ഞാൻ ആയുർവേദം ഇപ്പോഴും പഠിക്കുന്നതേ ഉള്ളൂ...

പക്ഷേ പ്രാണനെ പോലെ ഈ ശാസ്ത്രത്തെ സ്നേഹിക്കുന്നുണ്ട്... അതു തന്നെയാണ് പ്രചോദനവും...

ഇനിയുമേറെ, അതിൽ ആഴ്ന്ന് മുങ്ങാനുമുണ്ട്..!

ആയുർവേദം, ഒരർത്ഥത്തിൽ ഇനിയും പൂർണമായും വീണ്ടെടുത്തിട്ടില്ലാത്ത കടലിനടിയിലെ  ഒരു പവിഴ ദ്വീപാണ്...

Dr Shabu

Medical officer
District Ayurveda hospital, Palakkad