Popular in Articles

Is Indian gooseberry bad for health


image

Though research on gooseberries specifically is limited many of the nutrients in these berries have been linked to significant health benefits.

നെല്ലിക്ക അമിതമായി കഴിക്കുന്നവരിൽ കിഡ്നി തകരാറുകൾ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട്, ഒരു ഡോക്ടർ എഴുതിയ ലേഖനം വായിക്കുക ഉണ്ടായി...

പൊതു സമൂഹം ഏറെ ഗൗരവമായി ചർച്ച ചെയ്ത, ഒരു എഴുത്തായിരുന്നു അത്..!

ഒരു ഭക്ഷ്യ വസ്തു എന്ന നിലയിലും, ഔഷധം എന്ന നിലയിലും നമ്മുടെ നാട്ടിൽ ഏറെപ്പേർ ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക... അതു കൊണ്ടു തന്നെ, 'നെല്ലിക്കയെഴുത്തിൻ്റെ' സത്യാവസ്ഥയെ പറ്റി എഴുതണം എന്ന് പലരും ആവശ്യപ്പെട്ടിരുന്നു...

Emblica officinalis എന്ന നെല്ലിക്ക, ആയുർവേദത്തിൽ ആമലകിയാണ്...

Mind- body സിസ്റ്റത്തിനെ പരിപാലിച്ച്, പ്രതിരോധ ശക്തി ഉയർത്തുന്ന ദ്രവ്യ ഗുണം ഉള്ളതു കൊണ്ട്, അമ്മ എന്ന അർത്ഥത്തിൽ ധാത്രി എന്നൊരു വിളിപ്പേര് കൂടി ഇതിനുണ്ട്...

എല്ലാ രസായനങ്ങളിലും വച്ച്, ഏറ്റവും മികച്ച രസായനം എന്ന് ചരകൻ പറയുന്നതും  ഇതേ നെല്ലിക്കയെ കുറിച്ചാണ്...

ഇത്രയും nourishing ഉം വയസ്ഥാപന ഗുണം (anti aging) ഉള്ളതുമായ നെല്ലിക്ക, ച്യവനപ്രാശത്തിലും ത്രിഫലയിലുമൊക്കെ ഉൾപ്പെട്ടതിൽ അദ്ഭുതമില്ലല്ലോ...

Heat stable ആയ വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. പ്രമേഹത്തിനും രക്ത സമ്മർദ്ധത്തിനും ഉയർന്ന കൊളസ്ട്രോളിനും അമിത വണ്ണത്തിനും നീർക്കെട്ടിനും സന്ധി വേദനക്കും ഒക്കെ ഉള്ള
മരുന്ന് എന്നതിനപ്പുറം നല്ലൊരു immune booster കൂടിയാണിത്..!

എന്തായാലും, ഡോക്ടർ ഉന്നയിച്ച ചില പ്രധാന വിഷയങ്ങളിലേക്ക് തന്നെ വരാം...

1) നെല്ലിക്ക juice കഴിക്കുമ്പോൾ, അതിലെ കൊഴുപ്പിൽ ലയിക്കാത്ത വൈറ്റമിൻ സി, ഓക്സലേറ്റുകളായി പുറന്തളപ്പെട്ട് വൃക്കയിൽ അടിയുകയും, അത് ക്രമേണ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതായും ഡോക്ടർ പറയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നെല്ലിക്കയുടെ ലഭ്യമായ toxicity പഠനങ്ങൾ വിശദമായി പരിശോധിച്ചു. തായ്ലൻഡിലെ, Ching mai യൂണിവേഴ്സിറ്റിയിലെ, dept of pharmacology നടത്തിയ പഠനമാണ് കൂട്ടത്തിൽ നല്ലതായി തോന്നിയത്..

എലികളിലെ പഠനത്തിൽ, 5 gm നെല്ലിക്കയുടെ Water extract/ kg body weight, നൽകിയ ശേഷം ഒരു തരത്തിൽ ഉള്ള toxicity ഉള്ളതായും കണ്ടില്ല. blood para meter ലും chemical, histo pathology പരിശോധനകളിലും കിഡ്നി ഉൾപ്പടെ, ഒരു ആന്തരിക അവയവത്തിനും തകരാറ് ഉണ്ടായതുമില്ല.

തന്നെയുമല്ല, control ഗ്രൂപ്പിനെ അപേക്ഷിച്ച്, അവരിലെ ക്രിയാറ്റിൻ ലെവൽ താരതമ്യേന കുറവും ആയിരുന്നു.
ഇത്തരം പഠനങ്ങളിൽ നിന്നും, സ്വാനുഭവത്തിൽ നിന്നും എനിക്ക് ബോധ്യമാവുന്നത്, ഒരു മരുന്ന് എന്ന നിലയിൽ കൃത്യമായ മാത്രയിൽ ഉപയോഗപ്പെടുത്തുമ്പോൾ നെല്ലിക്കക്ക് kidney Protective ഗുണം ഉണ്ട് എന്നതു തന്നെയാണ്.. !

2) നെല്ലിക്ക ജ്യൂസ് കഴിച്ചാൽ, നിർജലീകരണം കൊണ്ട്, സോഡിയത്തിൻ്റെ തോത് ഉയർന്ന് വൃക്കയുടെ പ്രവൃത്തി ഭാരം വർദ്ധിക്കുന്നു എന്നൊരു കാര്യം കൂടി ഡോക്ടർ എഴുതുന്നുണ്ട്.

അത്തരം പഠനങ്ങൾ ഉണ്ടോ എന്ന്  കുറേ നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. Creatinine ഉയർന്ന ചില ആളുകൾ, നെല്ലിക്ക ജ്യൂസ് കഴിച്ചിരുന്നു എന്നത് സത്യത്തിൽ ഒരു observation മാത്രമാണ്. അത് ശാസ്ത്രീയമായ ഒരു പഠനം അല്ല.

Statistical data കൾ ഇല്ലാത്ത ഇത്തരം വ്യക്തി പരമായ നിരീക്ഷണങ്ങൾ, conclusive ആയി അവതരിപ്പിക്കുന്നതിൽ എന്ത് തരം ശാസ്ത്രീയതയാണുള്ളത്..? (ആയുർവേദക്കാർ ചികിത്സ അനുഭവം എഴുതിയാൽ, പഠന റിപ്പോർട്ട് എവിടെ എന്ന് ചോദിക്കുന്ന അതേ യുക്തി കടമെടുക്കുന്നു..)

3) നെല്ലിക്ക ജ്യൂസുൾപ്പടെ ഉള്ള ഹെർബൽ ജ്യൂസുകളെ പറ്റിയുള്ള ആയുർവേദ സമീപനം കൂടി പങ്ക് വക്കാം.
ഏതൊരു ഇലയുടേയും ഫലത്തിൻ്റെയും ചെടിയുടേയും പിഴിഞ്ഞെടുക്കുന്ന തനി രസത്തിന്, സ്വരസം എന്നാണ് ആയുർവേദ ഭാഷ.

അഞ്ച് വിധ ഔഷധ കൽപ്പനകളിൽ, ഏറ്റവും വീര്യം കൂടിയ പ്രയോഗ രീതി ആയതു കൊണ്ടു തന്നെ, രോഗ- രോഗീ പരീക്ഷകൾ വിശദമായി ചെയ്ത്, പരമാവധി 5oml മാത്രം, നിശ്ചിത കാലത്തിലേക്ക് നൽകാനാണ് വിധി..

നെല്ലിക്ക സ്വരസം, എന്നല്ല, ഒരു സ്വരസവും വെറുതെ എല്ലാ ദിവസവും ഉപയോഗിക്കാൻ ആയുർവേദം നിർദ്ദേശിക്കുന്നില്ല എന്നതാണ് കാര്യം..!

അതുണ്ടാക്കാവുന്ന പാർശ്വഫലങ്ങളെ കുറിച്ചുള്ള ബോധ്യമാണ്, ഇത്തരമൊരു പരിമിതപ്പെടുത്തലിന് പുറകിൽ ഉള്ളത്.

കറ്റാർ വാഴ ഉൾപ്പടെ എന്തിനേയും ജ്യൂസാക്കി, യാതൊരു നിയന്ത്രണവും ഇല്ലാതെ പതിവായി ഉപയോഗിക്കുന്ന ഒരു പ്രവണത ഇപ്പോൾ നാട്ടു നടപ്പാണ്. ഇത്തരം യൂ ട്യൂബ് ജ്യൂസുകൾക്ക്, ആയുർവേദ സമീപനവുമായി യാതൊരു ബന്ധവുമില്ല.

പ്രമേഹത്തിനും മറ്റും ധാരാളം, ഔഷധ യോഗങ്ങൾ കൃത്യമായ അവസ്ഥയിൽ ഉപയോഗപ്പെടുത്താൻ ഉണ്ടെന്നിരിക്കെ, നെല്ലിക്ക ജ്യൂസുകളെ ആശ്രയിക്കേണ്ട ഒരു ആവശ്യവും ചികിത്സയിൽ ഇല്ല..!

അതേ സമയം, എല്ലാ ദിവസവും നെല്ലിക്ക ഒന്നോ രണ്ടോ ഒക്കെ കഴിക്കാൻ ആയുർവേദം പറയുന്നതും ശ്രദ്ധേയമാണ്. 

സത്യത്തിൽ നെല്ലിക്കയല്ല പ്രശ്നം, അതിൻ്റെ അശാസ്ത്രീയമായ പ്രയോഗമാണ് എന്ന ബോധ്യമാണ് ഇനി ഉണ്ടാവേണ്ടത്..!

4) നെല്ലിക്ക ജ്യൂസ് വിചാരണക്കിടെ, ഇത്തിരി ആയുർവേദ വിമർശനം കൂടി, ഡോക്ടർ ഒളിച്ച് കടത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..!

കേരളത്തിൽ, കിഡ്നി രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുന്നതിൻ്റെ പ്രധാന കാരണം, പച്ച മരുന്നുകളാണത്രേ..!

യാതൊരു പഠന റിപ്പോർട്ടുകളോ data യോ ഇല്ലാതെ, സ്വന്തം നിരീക്ഷണം എന്ന പേരിൽ 
കണ്ടതെല്ലാം ആയുർവേദത്തിൻ്റെ നെറുകയിൽ ഇടുന്ന തള്ളൽ നിരീക്ഷണമില്ലാതെ, മറ്റൊന്നും അതിൽ കാണാൻ കഴിഞ്ഞില്ല..!

മറ്റ് ഘടകങ്ങൾ ഒന്നും പരിഗണിക്കാതെ, ആയുർവേദ മരുന്ന് ഉപയോഗിച്ചു എന്ന ചരിത്രം മാത്രം മുൻ നിർത്തി, ഇത്തരം conclusion നിലേക്ക് എത്തുന്ന രീതി, ശരിക്കു പറഞ്ഞാൽ അപക്വമാണ്.

തന്നെയുമല്ല, diclofenac പോലുള്ള വേദന സംഹാരികൾ ദുരുപയോഗം ചെയ്ത്,  കിഡ്നി ഡാമേജ് ഉണ്ടാക്കുന്ന എത്രയോ പേരുണ്ട്..!

അതിൻ്റെ എല്ലാം ഉത്തരവാദിത്തം, ഒരു അലോപ്പതി ഡോക്ടറിൽ ഏൽപ്പിക്കുന്നതിൽ എത്ര മാത്രം ശരി കേടുണ്ടോ, അത്ര തന്നെ നെറികേട് ഇതിലുമുണ്ട്..!

5) ച്യവന പ്രാശവും ത്രിഫലയും ഡോക്ടർ പറയുന്ന പോലെ ദിവ്യ ഔഷധങ്ങളല്ല... മറിച്ച് ഫല പ്രദമായ ഔഷധങ്ങളാണ്.

അതിൻ്റെ efficacy യേയും toxicity യേയും അനുബന്ധിച്ചുള്ള പഠനങ്ങൾ google ചെയ്താൽ ഇഷ്ടം പോലെ കിട്ടും..

6) യൂ ട്യൂബ് നോക്കി, എണ്ണക്കാച്ചിത്തേച്ചും തോന്നിയ പോലെ മരുന്ന് വാങ്ങിക്കഴിച്ചും, വ്യാജൻമാരുടെ പുറകേ പോയി ഗുരുതര രോഗങ്ങൾ വാങ്ങുന്നവർക്കും വേണ്ടി ഒരു കാര്യം കൂടി പറയട്ടെ.

ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി, ഒരു മരുന്നും ഒരു യുക്തിയും ഇല്ലാതെ തോന്നിയ കാലം ഉപയോഗിക്കുന്നതല്ല ആയുർവേദം..!

രോഗം വന്നാൽ, ഡോക്ടറുടെ നിർദ്ദേശ പ്രകാരം, ഉചിത മാത്രയിൽ വിഹിത കാലത്തിലേക്ക് മാത്രം മരുന്ന് കഴിക്കുക... ഏതൊരു ദ്രവ്യവും യുക്തി പൂർവ്വവും മാത്ര നോക്കിയും നൽകുമ്പോഴാണ് ഔഷധമാകുന്നത്..
അല്ലാത്ത പക്ഷം, അമൃതിനും വിഷമാകാതെ വയ്യ.

Dr Shabu

Medical officer
District Ayurveda hospital, Palakkad