Popular in Articles

SSLC THSLC Examination Results 2020


image

Kerala SSLC Result 2020 ഫലം Released

മകന്‍ 92% മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ആ അമ്മ പാരന്റ്സ് മീറ്റിംഗില്‍ എത്തിയത്. 

ഒന്നാം ക്ലാസുകാരനായ തന്റെ മകന്റെ കാര്യങ്ങള്‍ അന്വേഷിച്ചതിനു ശേഷം അവര്‍ ചോദിച്ചു... “ഇവനല്ലേ ക്ലാസ്സില്‍ ഫസ്റ്റ് ..?

"അല്ല..”  . ടീച്ചര്‍ മറുപടി നല്‍കി. “..... 93% മാര്‍ക്ക് നേടിയ വേറൊരു കുട്ടിയുണ്ട്...”   

ഒരു നിമിഷം സന്തോഷത്താല്‍ തുടുത്തിരുന്ന അവരുടെ മുഖത്തു കോപത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി. അടക്കാനാവാത്ത ദേഷ്യം അടിയായി ആ ഒന്നാം ക്ലാസുകാരന്റെ മുഖത്തു പതിഞ്ഞു.  

തന്റെ തെറ്റു എന്തെന്നറിയാതെ അടിയേറ്റ് പകച്ചു പോയി ആ ആറു വയസ്സുകാരനും പിന്നെ അവന്റെ ടീച്ചറും...  

ഇതെന്റെ ഭാവനയല്ല, മികച്ച മാര്‍ക്ക് നേടിയിട്ടും ഒരു ശതമാനം മാര്‍ക്ക് കുറഞ്ഞു പോയതിന്റെ പേരില്‍ ആ കുരുന്നു പയ്യന്‍ അടിയേറ്റു വാങ്ങേണ്ടി വന്നതിനു സാക്ഷിയായ അദ്ധ്യാപിക എന്റെ അനുജന്റെ ഭാര്യയാണ്.

കഴിഞ്ഞ വര്ഷം റേഡിയോയില്‍ കേട്ടത്, ഫുള്‍ എ+ നേടാഞ്ഞതിന് ആറു വിഷയങ്ങളില്‍ എ+ നേടിയ മകനെ മണ്‍വെട്ടികൊണ്ടടിച്ചു അനുമോദിച്ച പിതാവിനെപ്പറ്റിയാണ്  

തങ്ങളുടെ മക്കള്‍ നേടാതെ പോയ എ+ ന്റെ പേരില്‍ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന മാതാപിതാക്കളോട് പറയട്ടെ;  എ+ തേങ്ങയാണ് ... തേങ്ങാക്കൊലയാണ് ..!!

SSLC പരീക്ഷയിലെ നല്ല മാര്‍ക്ക് ജീവിത വിജയത്തിന്റെ പാസ്പോര്‍ട്ട് ആണെന്നാരാണ് നിങ്ങളോട് പറഞ്ഞത് ..?

അഭിരുചിക്കനുസരിച്ചുള്ള തുടര്‍പഠനത്തിന്റെ തെരഞ്ഞെടുക്കലുകളില്‍ സഹായകമാകുമെന്നല്ലാതെ എന്ത് പ്രാധാന്യമാണ് ആ മാര്‍ക്കിനുള്ളത് ..?  

ഓ ...അഭിരുചിയെന്നാല്‍ എഞ്ചിനീയറിംഗ് /മെഡിസിന്‍ എന്നൊരു സമവാക്യമുണ്ടല്ലോ ...  കാലങ്ങളായി ഉറച്ചു പോയ ഒരു സമവാക്യം  

SSLC മാര്‍ക്ക് ലിസ്റ്റ് മിടുക്കിന്റെ സാക്ഷ്യപത്രമാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നും രണ്ടും മൂന്നും റാങ്ക് നേടി പത്രങ്ങളുടെ മുന്‍ പേജില്‍ തിളങ്ങി നിന്നവരില്‍ എത്രപേര്‍ തങ്ങളുടെ മിടുക്കു കൊണ്ട് പിന്നെയും വാര്‍ത്തകളില്‍ ഇടം നേടി ...?  എത്ര പേര്‍ തങ്ങളുടെ വഴിയില്‍ ചരിത്രം ശ്രുഷ്ടിച്ചു...?  

തങ്ങളുടെ മേഖലയില്‍ പ്രകടിപ്പിച്ച മികവിന്റെ പേരില്‍ പ്രശസ്തി നേടിയ എത്ര ഒന്നാം റാങ്കുകാരെ നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട് ..?  

രണ്ടാം റാങ്കുകാരെ...?   അഞ്ചാം റാങ്കുകാരെ...?   പത്താം റാങ്കുകാരെ...?  .

അതിനേക്കാള്‍ എത്രയോ മടങ്ങ്‌ ആള്‍ക്കാര്‍ നമ്മുടെ ചുറ്റിലുമുണ്ടല്ലോ, ഒരു എ+ ന്റെയും തുണയില്ലാതെ തങ്ങളുടെതായ ഇടങ്ങളില്‍ “മികവില്‍ മികച്ചേരി”ക്കാരായവര്‍ ...  

ഇന്നൊരുപക്ഷെ ഈ എ+ കാരോടൊപ്പം പരീക്ഷകള്‍ എഴുതിയിരുന്നെങ്കില്‍ ഐസക്ക് ന്യൂട്ടനും ഐന്‍സ്റ്റീനും എഡിസണും +2 വിനു സയന്‍സ് ഗ്രൂപ് കിട്ടില്ലായിരുന്നു.

SSLC മാര്‍ക്കിന്റെ ബലത്തില്‍ സയന്‍സ് ഗ്രൂപ്പ് നേടി, എന്ട്രന്‍സ് കോച്ചിംഗ് ആവിയില്‍ വേവിച്ചെടുത്ത് കടുത്ത മത്സര പരീക്ഷ കടമ്പ കടന്നു പഠനം പൂര്‍ത്തിയാക്കി വര്‍ഷാ വര്ഷം പുറത്തിറങ്ങുന്ന ‘മിടുക്കരില്‍ മിടുക്കരായ’ ഡോക്ടര്‍/എഞ്ചിനീയര്‍മാരില്‍ എത്രപേര്‍ സ്വന്തം നിലക്ക് സമൂഹത്തിനു വഴികാട്ടി ആകുന്നു...? അതുമല്ലങ്കിൽ വിപ്ലവകരമായ എത്ര കണ്ടു പിടിത്തങ്ങള്‍ നടത്തി ..?  

പ്രിയപ്പെട്ടവരെ... ഫുള്‍ എ+ കാരെ... വിജയങ്ങള്‍ ആഘോഷിക്കാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അവകാശമുണ്ട്‌.
നിങ്ങളുടെ നേട്ടത്തെ കുറച്ചു കാണുന്നുമില്ല.

പക്ഷെ ആ ആഘോഷങ്ങളില്‍ അത്രയൊന്നും മികവു കാണിക്കാനാവഞ്ഞവര്‍ അപമാനിക്കപ്പെടുന്നുണ്ട്.
മാര്‍ക്ക് നേടാനാവാഞ്ഞവര്‍ ഒരു മറ തേടുന്നുണ്ട്...  പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ആഴ്ന്നിറങ്ങുന്ന കൂരമ്പുകളുടെ ഇടയില്‍ നിന്ന്, “കണ്ടു പഠിക്ക്...” എന്ന ആക്രോശങ്ങള്‍ക്ക് മുന്നില്‍ താഴ്ന്നു പോയ തലകളുമായി നില്‍ക്കേണ്ടി വന്നവര്‍...

"ഒന്നിനും കൊള്ളാത്തവര്‍..." എന്ന ശാപവചനങ്ങളുടെ പ്രഹരത്താല്‍ കാത് തഴമ്പിച്ചു പോയവര്‍. അവരും മിടുക്കരാണ്...

ഉത്തരക്കടലാസുകളില്‍ പതിഞ്ഞു പോയ ചുവന്നവരകള്‍ക്കിടയില്‍ നമ്മള്‍ തിരിച്ചറിയാതെ പോയവര്‍...
മാര്‍ക്കുകളുടെ കൂട്ടിക്കിഴിക്കലുകളില്‍ പിന്നിലായിപ്പോയവര്‍... അവരും മിടുക്കരാണ്...   

പ്രിയപ്പെട്ട കുട്ടികളെ, ഫുള്‍ എ+ കാര്‍ പലരും പോയി പുതുമ നശിച്ച ഡോക്ടര്‍/എഞ്ചിനീയര്‍ വഴികളിലൂടെ തന്നെ പോവട്ടെ ... 

എന്നാൽ നിങ്ങളുടെ മുന്നില്‍ ഒരായിരം വഴികളുണ്ട് ... നിങ്ങളുടെ ഹൃദയത്തിനു കാതോര്‍ക്കുക... സ്വയം വഴി തെളിച്ച് സ്വപ്നങ്ങളെ എത്തിപ്പിടിക്കുക. നിങ്ങളുടെ ആകാശം വിശാലമാണ് ..!!

ഇന്നത്തെ എ+കാര്‍ നാളെ നിങ്ങള്‍ക്കായി കയ്യടിക്കും ...  എന്തെന്നാല്‍,  എ+ തേങ്ങയാണ് ...

പിന്‍കുറിപ്പ്: 

പണ്ടെങ്ങാനും എ+ നേടാന്‍ കഴിയാതെ പോയതിന്റെ ചൊറുക്കാണ് ഈ കുറിപ്പിന് പിന്നിലെന്ന് ചിന്തിക്കുന്നവര്‍ക്കായി മാത്രം പറയട്ടെ, പഠനത്തില്‍ സഹപാഠികളെ പിന്നിലാക്കിയതിന്റെ സാക്ഷ്യങ്ങളായി ഈയുള്ളവന്‍ നേടിയെടുത്ത സമ്മാനങ്ങളോക്കയും ഇന്ന് വീട്ടിലെ ഷെല്‍ഫില്‍ ക്ലാവ് പിടിച്ചു, നിറം മങ്ങിയിരിപ്പുണ്ട്.

അന്ന്, എന്റെ പിന്നിലായിപ്പോയവര്‍ പിന്നീടു അവരുടെ കരിയരിലും ജീവതത്തിലും നേടിയ മികച്ച വിജയങ്ങള്‍ കണ്ടു കണ്ണ് മഞ്ഞളിച്ച്, അസൂയപൂണ്ട് ഞാൻ ഇരുന്നിട്ടുണ്ട്. അതുകൊണ്ട് ഒരിക്കല്‍ കൂടെ പറയട്ടെ, എ+ തേങ്ങയാണ് ...!!  

Jithesh Krishna