Popular in Articles

Some of the best nurses are from Kerala


image

ആ നന്മ ആണ് നമ്മുടെ നാടിനെ ഈ കാലഘട്ടത്തിൽ പിടിച്ചു നിറുത്തുന്നത്

കുട്ടനാട്ടിലെയും, ഹൈ റേഞ്ചിലേയും, കുടിയേറ്റ മലയോര ഗ്രാമങ്ങളിലെയും സിമന്റ് തേക്കാത്ത, മഴയത്തു ചോർന്നിരുന്ന, തകര പാട്ടയുടെ കതകുകൾ ഉണ്ടായിരുന്ന കർഷക കുടുംബങ്ങൾക്ക് എല്ലാം തന്നെ ഒരു കഥ പറയാൻ ഉണ്ടാവും. 

തൊണ്ണൂറുകളിലേക്ക്, അതിനും മുമ്പിലേക്ക്  തിരിച്ചു പോകേണ്ടി വരും. കണ്ടത്തിലും, പറമ്പിലും, റബ്ബർ തോട്ടത്തിലും തേയിലക്കാട്ടിലൊമൊക്കെ നടുവൊടിഞ്ഞു പണി എടുത്തു മൂന്ന് നേരം കുഞ്ഞുങ്ങൾക്ക് വയർ നിറക്കാൻ ഉള്ളത് കൊണ്ട് വരാൻ പെടാ പാട് പെട്ടിരുന്ന ഒരു ചാച്ചന്റെയും അമ്മച്ചിയുടേം കഥ. 

നേരം പുലരുന്ന മുൻപ് മുട്ടേൽ നിന്ന് വ്യാകുലതകളെ ഒരു കൊന്തയിൽ ഉരുട്ടി, ഒരു കട്ടൻ ചായയിൽ വയറിന്റെ കാളലിനെ പിടിച്ചു കെട്ടി, പണിക്കിറങ്ങിയുരുന്ന മാതാ പിതാക്കളുടെ കഥ. 

അമ്മയുടെ കൂടെ പശൂനെ കറന്നു, അടുപ്പൂതി കത്തിച്ചു,  ഇളയത്തുങ്ങളെ കുളിച്ചൊരുക്കി തീറ്റിച്ചു, കൈയേൽ പിടിച്ചു, കയ്യാല ഇറങ്ങി, വരമ്പുകൾ താണ്ടി പള്ളി കുടത്തിലേക്ക് പോകുന്ന ഓരോ പെൺകുട്ടിയും ഒരു സ്വപ്നം കണ്ടിരുന്നു... കീറിയ ഷർട്ടിട്ട് നടക്കുന്ന ചാച്ചന് നല്ല ഷർട്ടും മുണ്ടും, കറുത്ത ചരടിൽ മിന്നുമാല നെഞ്ചോട് ഇട്ടു നടന്ന അമ്മച്ചിക്ക് ഒരു സ്വർണ മാല, ഇളയത്തുങ്ങൾക്ക് നല്ല പഠിത്തം. 
ഇഷ്ടികയുടെ ഇടയിലൂടെ സിമന്റ് പൊടിഞ്ഞു വീഴാത്ത, കാറ്റത്ത് ആസ്ബറ്റോസ് ഷീറ്റ് ഇളകി പോകാത്ത കെട്ടുറപ്പുള്ള പെയിന്റ് അടിച്ച ഒരു വീട്. 

സ്കൂൾ വിട്ട് തിരിച്ചു വന്നു, കണ്ടത്തിൽ കൊയ്ത്തിന് കറ്റ ചുമക്കാൻ പോയ അമ്മച്ചിക്ക് തേയില വെള്ളവും മടക്കപ്പവും ആയി യൂണിഫോം പോലും മാറാതെ ഓടിയിരുന്ന പെണ്മക്കൾ, ഷീറ്റ് അടിച്ചു വിയർത്തു വന്ന അപ്പന് കഞ്ഞിയും കപ്പയും എടുത്തു വെച്ചിരുന്ന പെണ്മക്കൾ. മണ്ണെണ്ണ വിളക്കിന്റെയും സീറോ ബള്ബിന്റെയും വെട്ടത്തിൽ ഈ ലോകത്തോട് മുഴുവൻ പട വെട്ടാൻ ഉള്ള പാഠങ്ങൾ പഠിച്ചിരുന്ന പെണ്മക്കൾ. 

ഉള്ള പൊന്നും, ബൈബിളിൽ നീക്കി വെച്ചിരുന്നു കാശും, ബന്ധുക്കാരുടെ കൈയിൽ നിന്ന് കടം വാങ്ങിയ പൈസയും ഒക്കെ ആയി, അങ്ങാടിക്ക് അപ്പുറം പോകാത്ത അപ്പന്മാർ, ട്രെയിനിൽ കയറി പെണ്മക്കളെ നെല്ലൂരും, ബംഗളൂരും, ഡൽഹിയിലും ഒക്കെ ഉള്ള നഴ്സിംഗ് കോളേജിൽ ചേർത്തു. 

വീട് മാറി നിക്കുന്ന കുഞ്ഞിനെ ഓർത്തു പാതിരാത്രികളിൽ അമ്മമാർ തഴപ്പായിൽ, തലയിണയിൽ മുഖം അമർത്തി കരഞ്ഞു. ഓരോ ഞായറഴ്ചയും ഒരു മീൻ വറുക്കുമ്പോൾ, ഒരു കഷ്ണം ഇറച്ചി കഴിക്കുമ്പോൾ, ഹോസ്റ്റലിലെ പച്ച ചോറ് തിന്നുന്ന മകളെ ഓർത്തു അമ്മമാരുടെയും, അപ്പന്മാരുടെയും നെഞ്ച് വീങ്ങി. 

ഒരു ചായ പോലും പുറത്ത് നിന്ന് വാങ്ങാതെ, നിറം മങ്ങിയ ചുരിദാറുകൾ മാറി മാറി ഇട്ട്, നാട്ടിലെ പള്ളി പെരുന്നാളും, മഴയുമൊക്കെ ഓർത്തു ഒരു പാട് കണ്ണീർ വീണ എഴുത്തുകൾ നാട്ടിലേക്ക് അയച്ചു പെണ്മക്കൾ നഴ്സിങ് പഠിച്ചു. 

പിന്നെ അവർ കടല് കടന്നു... ലോണുകൾ അടച്ചു തീർത്തു...
 
പള്ളിയിൽ കുർബാന കഴിഞ്ഞു പുറത്തിറങ്ങി കുഞ്ഞു മേടിച്ചു കൊടുത്ത തിളങ്ങുന്ന സാരി അമ്മ കൂട്ടുകാരികളെ കാട്ടി കൊടുത്തു.
 
ആദ്യമായി കൈയിൽ കെട്ടിയ സ്വർണ ചെയിനുള്ള വാച്ചിന്റെ ഭാരത്തെക്കാൾ അഭിമാന ഭാരത്താൽ അപ്പന്മരുടെ നെഞ്ച് വിരിഞ്ഞു. 

ഇളയത്തുങ്ങൾ നല്ല ഉടുപ്പുകൾ ഇട്ടു. ഇഷ്ടമുള്ള കോഴ്‌സുകൾ പഠിച്ചു... പഴയ പണി തീരാത്ത വീടിന്റെ സ്ഥാനത്തു രണ്ടു നില ഉയർന്നു. 

അപ്പന്റെയും അമ്മയുടെയും ജന്മം മുഴുവൻ നീണ്ട യാതനകൾ പടിഞ്ഞാറൻ കാറ്റിൽ പറത്തി പെണ്മക്കൾ. 
നഴ്സിംഗ് കൊണ്ട് കേരളത്തിലെ കുടുംബങ്ങളിൽ മാത്രമല്ല  സ്ത്രീകൾ ഉയർച്ച കൊണ്ട് വന്നത്. 
ഒരു സാമ്പത്തിക മേഖല തന്നെ ആണ് അവർ താങ്ങി നിർത്തിയത്. 

ഞാൻ കണ്ട ഏറ്റവും ശക്തമേറിയ സ്ത്രീ മുന്നേറ്റം ആയിരുന്നു അത്! 
ഞാൻ കണ്ട ഏറ്റവും ശക്തമായ ഫെമിനിസം ആയിരുന്നു അത്!

ഇന്ന് കാനഡയിലെയും, യൂറോപ്പിലെയും, അമേരിക്കയിലെയും മികച്ച ആശുപത്രികളിലെ സൗകര്യങ്ങൾക്ക് ഇടയിൽ ഇരിക്കുമ്പോഴും നാട്ടിലെ ഓർമ്മകൾ അവരുടെ കണ്ണുകൾ നിറക്കാറുണ്ട്. 

അവരുടെ ഹൃദയത്തിലെ ആ നന്മ ആണ് അവരെ ഈ തൊഴിലിൽ സമാനതകൾ ഇല്ലാത്ത രീതിയിൽ മികച്ചവർ ആക്കി മാറ്റിയത്. 

അവരുടെ ആ നന്മ ആണ് നമ്മുടെ നാടിനെ ഒരു കാലഘട്ടത്തിൽ പിടിച്ചു നിർത്തിയത്.

Joe Thomas

Writer