Popular in Articles

Spinal Nerve Compression Disc Pain


image

Pressure on one or several nerves that contribute to the sciatic nerve can cause pain, burning, tingling and numbness that radiates from the buttock

എല്ലാ രോഗങ്ങളും സാമാന്യമായി പറഞ്ഞാൽ വേദനകളാണ്.

ഒന്നുകിൽ ശാരീരിക വേദനകളായോ തീവ്രമായ മാനസിക വ്യഥകളായോ അത്  മുറിപ്പെടുത്തിക്കൊണ്ടേയിരിക്കും.

കഴിഞ്ഞ ഡിസംബറിൻ്റെ തുടക്കത്തിലാണ്, ഇതു പോലെ തീവ്ര വേദനയുമായി ഒരു മുപ്പത്തഞ്ചുകാരൻ ഒ.പി യിൽ വന്നത്.

ഇരുവശത്തുമുള്ള രണ്ടാളുടെ തോളിൽ കയ്യിട്ട്, ഒരു കാൽ ഞൊണ്ടിക്കൊണ്ട്, അയാൾ വളരെ പ്രയാസപ്പെട്ടാണ് മുന്നിലിരുന്നത്..!

കൊത്തിപ്പറിക്കുന്ന വേദന കൊണ്ട് അയാൾ മുന്നിലിരുന്ന് കരഞ്ഞു. നടുവേദനയാണ്. ഒപ്പം, കാലിലേക്ക് അരിച്ചിറങ്ങുന്ന വേദനയും തരിപ്പും..!

വേദന കൊണ്ടുള്ള അയാളുടെ ഞരക്കങ്ങൾക്കിടയിൽ,  അമ്മയാണ് കൂടുതൽ വിവരങ്ങൾ പറഞ്ഞത്..!

"എന്നും കള്ളു കുടിച്ച് വന്ന് വീട്ടിൽ വഴക്കാണ്. അതിനിടയിൽ ഒരു ദിവസം അവൻ പെടഞ്ഞ് കെട്ടി വീണു. അതിനു ശേഷം ഒട്ടും നടക്കാൻ വയ്യാതായി. ഇപ്പോൾ ഒരു പണിക്കും പോണില്ല. വീട്ടിലന്നെ ഇരിക്ക്യാണ്."

റിപ്പോർട്ടുകൾ കഥ പറഞ്ഞു..!

നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനത്തിന് പുറമേ, L3 L4  L5 disc prolapse ഉം neural foramina narrowing ഉം ഒക്കെയായി സ്ഥിതി ഗുരുതരം തന്നെ ആയിരുന്നു.

സയാറ്റിക്ക് നെർവിൻ്റെ കമ്പ്രഷൻ കാരണം ഉണ്ടാകുന്ന വേദന പോലും ശരിക്കു പറഞ്ഞാൽ ഓരോരുത്തർക്കും ഒരോ രീതിയിലാണ്.

കഴുകൻ കൊത്തി വലിക്കുന്ന പോലുള്ള ഈ വേദന കൊണ്ടാകണം ഈ രോഗത്തിന് ആയുർവേദം, ഗൃധ്രസി
(ഗൃധ്രo- കഴുകൻ) എന്ന പേരു പോലുമിട്ടത്..!

"ഓർത്തോ ഡോക്ടറ് നോക്കീട്ട് ഓപ്പറേഷൻ വേണം ന്നാണ് പറഞ്ഞത്. എങ്ങനെ നോക്യാലും അതിനുള്ള കാശൊന്നും ഞങ്ങളെടെത്ത് ഇല്യേനും.."

കുടിച്ചു നടന്ന ഭൂതകാലത്തിൻ്റെ വ്യർത്ഥതയോർത്താവണം അയാളുടെ മുഖത്ത് കുറ്റബോധം നിഴലിച്ചിരുന്നു. വീണു കടന്ന അയാളെ ഇരു തോളിലുമേറ്റി നടക്കാൻ ഇപ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളുവല്ലോ..!

മറ്റ് വഴികൾ ഒന്നും ഇല്ലാത്തതിനാൽ, അയാളെ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടങ്ങി. ശേഷമുള്ള മൂന്നു ദിവസങ്ങൾ അയാൾക്കും ഒപ്പമുള്ളവർക്കും ഉറക്കം നഷ്ടപ്പെട്ട ദിനങ്ങൾ കൂടി ആയിരുന്നു. തീവ്ര വേദനയാൽ അയാൾ കരഞ്ഞു കൊണ്ടിരുന്നു..!

ചികിത്സ തുടങ്ങി രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ടു തന്നെ വേദനകൾ കുറഞ്ഞു വന്നു. സ്നേഹ പാനവും വസ്തിയും മറ്റ് ചികിത്സകളും ഒക്കെയായി ദിവസങ്ങൾ കടന്നു..!

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ വേദനകൾ എല്ലാം മാറി. അയാളുടെ മുഖത്തെ വിഷാദവും വേദനയുമെല്ലാം ചെറു ചിരിയിലേക്ക് വഴി മാറി.

ഒ.പി യിൽ വന്ന് ഡിസ്ചാർജ്‌ വാങ്ങി ഇറങ്ങാൻ നേരം അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നു. ഇത്തവണ അത് വേദന കൊണ്ടായിരുന്നില്ല എന്ന് മാത്രം. 

ദിവസങ്ങൾക്ക് ശേഷം മൂവരും കൂടി ഇന്ന് ഒ.പി യിൽ വന്നിരുന്നു. വേദനയില്ലാതെ അയാൾ ഇപ്പോൾ പണിക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

"ഒരു സന്തോഷം കൂടി ഉണ്ട് സാർ, അവനിപ്പോ  കുടി നിർത്തി. ഇപ്പോ ഒരു സമാധാനം ഉണ്ട്.."

ഇരട്ടി സന്തോഷം തന്നു കൊണ്ടാണ് അവരിന്നു യാത്ര പറഞ്ഞിറങ്ങിയത്..!


ഡിസ്ക് തേയ്മാന രോഗങ്ങളിലും പ്രൊലാപ്സ് (IVDP) ഉള്ള രോഗാവസ്ഥകളിലുമൊക്കെ സർജറി അവസാന വാക്കാണ് എന്ന ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു..!

വേദനസംഹാരികൾക്കും Nerve ബ്ലോക്കറുകൾക്കും അപ്പുറത്ത്, ആവരണ കലകളിലേയും പേശികളിലേയും നീർവീക്കവും സമ്മർദ്ധവും കുറച്ച്, പരമാവധി nerve കമ്പ്രഷൻ കുറച്ച് രോഗ ശമനം തരുന്ന ആയുർവേദത്തിൻ്റെ ഹോളിസ്റ്റിക് സമീപനത്തിന് ഏറെ ചെയ്യാനാവുന്ന ഒരു രോഗാവസ്ഥ തന്നെയാണ് ഇത്..!

ജീവിത ശൈലിയിലെ തിരുത്തലുകളും ആഹാര രീതികളിലെ മാറ്റങ്ങളും വരുത്തിക്കൊണ്ട്, ആരോഗ്യ ജീവിതത്തെ ക്രമീകരിക്കുക എന്നതും അനിവാര്യമാണ്.

വ്യാജൻമാരുടെ ഉഴിച്ചിലിനും വലിച്ചിലിനും നിന്നു കൊടുക്കാതെ ശാസ്ത്രീയ ആയുർവേദ ചികിത്സയെ ആശ്രയിക്കുക എന്നു മാത്രമാണ് ശ്രദ്ധിക്കേണ്ട ഏക കാര്യം.

Dr Shabu

Medical officer
District Ayurveda hospital, Palakkad