Popular in Articles

The Indian Cardiac Surgeon Dr MS Valiathan


image

ലോകപ്രസിദ്ധനായ കാർഡിയാക് സർജനും ആയുർവേദം പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഡോ: എം.എസ് വല

പതിനെട്ടു വർഷങ്ങൾക്ക് മുമ്പാണ്, കോട്ടക്കലിൽ ആയുർവേദം പഠിക്കുന്ന കാലം... 2002 ലെ കോളേജ് യൂണിയൻ്റെ മാഗസിൻ എഡിറ്ററായി എന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്.

അതിൽ ഉൾപ്പെടുത്തേണ്ട ആർട്ടിക്കിളുകളെ കുറിച്ചുള്ള ആലോചനകൾ നടക്കുന്ന സമയം. അതിനിടയിലാണ് മാഗസിനു വേണ്ടി അടിയന്തരമായി നടത്തേണ്ട ഒരു "അഭിമുഖ"ത്തെ പറ്റി ആരൊക്കെയോ എന്നോട് സൂചിപ്പിക്കുന്നത്..!

കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഏതോ ഒരു പരിപാടിക്ക് വന്ന ഒരു പ്രമുഖനാണ് കക്ഷി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലോകപ്രസിദ്ധനായ കാർഡിയാക് സർജനും ആയുർവേദം പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഡോ: എം.എസ് വല്യത്താനെയാണ് അഭിമുഖം ചെയ്യേണ്ടത് എന്ന് മനസിലായത്..!

നേരത്തെ തന്നെ appointment വാങ്ങി, കോട്ടക്കലിലെ വല്യത്താൻ സാർ താമസിക്കുന്ന ടൂറിസ്റ്റ് ഹോമിലേക്ക് ഞാൻ ഉൾപ്പെടുന്ന മൂവർ സംഘമെത്തി. നേരത്തെ തയ്യാറാക്കിയ കുറച്ച് ചോദ്യങ്ങളും അത് റെക്കോർഡ് ചെയ്യാൻ എവിടുന്നോ തപ്പിയെടുത്ത പഴയ മട്ടുള്ള ഒരു ടേപ്പ് റിക്കോർഡറുമായാണ് ഞങ്ങളുടെ വരവ്.

ഞങ്ങളെ കണ്ടപ്പോൾ തന്നെ, സിംഹഗാംഭീര്യമാർന്ന ശബ്ദത്തിൽ ഇരിക്കാൻ പറഞ്ഞു. തിരുവിതാം കൂറിലെ വൈദ്യ കുടുംബത്തിൽ ജനിച്ച്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും MBBS ഉം UK യിൽ നിന്ന് Post graduate ട്രെയിനിംഗും കഴിഞ്ഞ്, റോയൽ കോളേജ് ഓഫ് സർജൻസിലെ ഫെലോഷിപ്പും ലിവർപൂളിൽ നിന്നും സർജറിയിൽ MS ഉം പൂർത്തിയാക്കി. 30 വർഷക്കാലം കാർഡിയാക് സർജറിയിലും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ നിർമ്മാണത്തിലും ഒക്കെ സജീവമായി ഇടപെട്ട മഹാനായ സർജൻ...!

1975 ൽ തിരുവനന്ത പുരത്തെ ശ്രീചിത്തിരത്തിരുനാൾ ഇൻസ്റ്റിട്യൂട്ടിൽ TTK ഹൃദയ വാൾവുകൾ വികസിപ്പിച്ചെടുത്തതിൽ പ്രധാനി. എത്രയോ അവാർഡുകൾ, ഫെലോഷിപ്പുകൾ...

എന്തോ, സാറിനെ കണ്ട മാത്രയിൽ തന്നെ ചോദിക്കാൻ കരുതിയതൊക്കെയും എൻ്റെ തൊണ്ടയിൽ തടഞ്ഞു നിൽക്കുകയായിരുന്നു..!

ചോദിച്ചു തുടങ്ങിയത് ഒപ്പമുള്ള ശ്രീകുമാറേട്ടനാണ് (ഡോ: ശ്രീകുമാർ) ...

മലയാളത്തിലെ ചോദ്യങ്ങൾക്ക് ഘനഗംഭീരമായ ശബ്ദത്തിൽ ശുദ്ധമായ ഇംഗ്ലീഷിൽ തട്ടും തടവുമില്ലാതെ മറുപടി..!

ഒന്നു ചോദിക്കുകയേ വേണ്ടിയിരുന്നുള്ളൂ, ഒരു അരുവി പോലെ വല്യത്താൻ സാർ ഒഴുകി കൊണ്ടേയിരുന്നു...

"30 വർഷം ഞാൻ കാർഡിയോളജിയിൽ പ്രവർത്തിച്ചു, അതിനു ശേഷമാണ് വൈദ്യത്തിലെ ഇന്ത്യൻ പാരമ്പര്യത്തിൽ ഞാനെത്തുന്നത്. ഒരർത്ഥത്തിൽ വേരുകളിലേക്കുള്ള മടക്കം. ആയുർവേദത്തെ പറ്റി ചരകൻ പറഞ്ഞത് ശരിക്കും മനസ്സിലാക്കാൻ പ്രൊഫസർമാരോ ബുക്കുകളോ ശരിയാവില്ല എന്നെനിക്ക് തോന്നി.

അതിന് ചരകനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ആൾ വേണം, അത് എൻ്റെ ഗുരുനാഥനാണ്. ശ്രീ വൈദ്യ ഭൂഷണം രാഘവൻ തിരുമുൽപ്പാട്. അദ്ദേഹം എന്നെ സഹായിച്ചു...

ഒരേ സമയം physical ഉം meta physical ഉം ആയ ചരകനെ കുറിച്ച് വല്യത്താൻ സാർ പറഞ്ഞു കൊണ്ടിരുന്നു. അന്ന് പറഞ്ഞതിൽ പകുതിയും പക്ഷേ  എനിക്ക് മനസിലായിരുന്നില്ല..!

"charaka represented the synthesis of all that is great in Ayurveda.." എന്ന വാചകം മാത്രം ഓർമയിൽ നിൽക്കുന്നുണ്ട്.
അദ്ദേഹം കൺമുന്നിൽ, തെളിഞ്ഞൊഴുകുകയായിരുന്നു... സുശ്രുതനെയും വാഗ്ഭടനെയും ഗവേഷണങ്ങളെയും കുറിച്ച്...

"ഒരു പക്ഷേ സുശ്രുതൻ ചെയ്ത സർജറികളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രധാന ടെക്സ്റ്റ് നഷ്ടപ്പെട്ടു പോയതാകാം. അദ്ദേഹം അതുല്യനായ സർജനായിരുന്നു..."

വാഗ്ഭടനെ, Master Poet and physician എന്നാണദ്ദേഹം വിളിച്ചത്... 

"Molecule base  ചെയ്ത് കൊണ്ട് വേണമെങ്കിൽ herbal Plants ൽ Research ചെയ്യാം... അതു തന്നെ വേണം എന്നില്ല.
WHO Complimentary സിസ്റ്റം ആയി ആയുർവേദത്തെ അംഗീകരിച്ചതു കൊണ്ട്, അതിന് Clinical trial നടത്താം.

മൂന്നാമത്തേത് മൗലിക സിദ്ധാന്തത്തിലാണ്. ദോഷങ്ങളെയും പ്രകൃതിയേയും അടിസ്ഥാന സിദ്ധാന്തങ്ങളേയും കുറിച്ചും പഠനങ്ങൾ ആവാം..."

രണ്ടു മണിക്കൂർ അഭിമുഖം അവസാനിപ്പിച്ച് നിറഞ്ഞ സംതൃപ്തിയോടെ യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി, 
ഹോസ്റ്റലിൽ എത്തി, റെക്കോർഡ് ചെയ്ത കാസറ്റ് Play ചെയ്ത് നോക്കുമ്പോൾ അശരീരി പോലെ മാത്രം എന്തോ കേൾക്കുന്നു. Complaint ആണ്. ടേപ്പ് റിക്കോർഡർ വർക്ക് ചെയ്യുന്നില്ല എന്നതായിരുന്നു ആ complaint..!

അത്ര നേരം അദ്ദേഹം പറഞ്ഞു വച്ചതൊക്കെയും നഷ്ടമായതിൻ്റെ ദു:ഖവും പേറി കുറച്ച് ദിവസം നടന്നു. പിന്നെ ഞാൻ അതും മറന്നു. കാലം അതി വേഗം കടന്നു പോയി...

കോട്ടക്കൽ കാലത്തിന് വിരാമമിട്ട് പിന്നേയും ഒരു കൊല്ലം കഴിഞ്ഞാണ് വല്യത്താൻ സാറിനെ പിന്നേയും വായിക്കുന്നത്. അദ്ദേഹത്തിൻ്റെ ആയുർവേദത്തിലെ ആദ്യ പുസ്തകം - 'Legacy of Charaka'.

ചരക സംഹിതയെ കുറിച്ച് അദ്ദേഹം അറിഞ്ഞതൊക്കെയും അടുക്കും ചിട്ടയോടും കൂടി അദ്ദേഹം പകർത്തി വച്ചിരിക്കുന്നു. അത്ര ഉദാത്തമായ പുസ്തകമൊന്നും ആയിരുന്നില്ല അത്. പക്ഷേ, ' textual epidemiology' യുടെ ക്ലാസിക്കലായ ഉദാഹരണമായിരുന്നു ആ പുസ്തകം..!

ആയുർവേദം രണ്ടു രീതിയിൽ പഠിക്കാം. ആദ്യ വഴിയിൽ ഉപരിപ്ലവമായി വായിച്ച് അർദ്ധ സത്യങ്ങളുടെ വൈദ്യമായി അതിനെ ധരിക്കാം. രണ്ടാമത്തെതിൽ അതിനെ ആഴത്തിൽ അറിഞ്ഞ്, അതിൻ്റെ അടിവേരു ചികയാം..!

അന്ന്, ആ പുസ്തകം വായിച്ചപ്പോൾ അങ്ങേ അറ്റം ആത്മാർത്ഥതയോടെ ആയുർവേദത്തെ പ്രണയിച്ച ആ  മഹാ വൈദ്യനെ മനസാ സ്മരിച്ചു..!

ആയുർവേദം ഔപചാരികമായി പഠിക്കാത്ത ഒരാൾ എഴുതിയ വരികൾ ആദ്യന്തം എന്നെ പ്രചോദിപ്പിച്ചു കൊണ്ടേ ഇരുന്നു. പിന്നെയും പുസ്തകങ്ങൾ വന്നു. Legacy of Susrutha, Legacy of vagbhata...

അതിൻ്റെ തുടർച്ചയിൽ എന്നോണം ഇന്നും അദ്ദേഹം ആയുർവേദ രംഗത്തു തന്നെ ഉണ്ട്. ഗവേഷണ തൽപരരായ ആയുർവേദ ഡോക്ടർമാരോടൊപ്പം ചേർന്ന് ഒരു വലിയ പ്രൊജക്റ്റിന് അദ്ദേഹം ഇതിനിടയിൽ രൂപം നൽകി.

"Genome variation analysis and gene expression profiling of human dosha Prakrithi" ആയുർവേദത്തിലെ പ്രകൃതിയും  human genomics ഉം ബന്ധപ്പെടുത്തിയ പഠനങ്ങളും, പഞ്ചകർമ-രസായന ഔഷധങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകളും ഒക്കെ ചേർന്ന ഒരു പാട് ഗവേഷണ പ്രബന്ധങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു..!

"ആയുർവേദിക് ബയോളജി" എന്ന ഒരു നൂതന ശാഖയിലാണ് ഇപ്പോൾ  അദ്ദേഹത്തിൻ്റെ വർത്തനങ്ങളൊക്കെ.
അപ്പോഴും പഠിക്കപ്പെടാൻ കഴിയാത്ത ഒന്ന്, holistic വീക്ഷണം ഉള്ള ആയുർവേദത്തിൽ ഉണ്ട് എന്ന് 18 വർഷങ്ങൾക്ക് മുമ്പ് സാർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു..!

"Holistic can't be fully analysed by reductionism" ഇതു തന്നെയല്ലേ, ആയുർവേദത്തിൻ്റെ ദാർശനിക ഗരിമയും...

വർഷങ്ങൾക്കിപ്പുറവും അദ്ദേഹം പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്. ഏതൊരു ആയുർവേദക്കാരനേ പോലെ എന്നേയും.

ആയുർവേദത്തിൻ്റെ ഭാവിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ഉള്ളിൽ മുഴങ്ങുന്നുണ്ട്... "Every morning brings a noble chance and some thing of interest to do... future will then take care of itself"

Dr Shabu

Medical officer
District Ayurveda hospital, Palakkad