Popular in Articles

The hidden Secret behind Sabarimala


image

ശബരിമല പോകുന്നതിനു പിന്നിൽ അധികം ആർക്കുമറിയാത്ത രഹസ്യം!

ദക്ഷിണ ഇന്ത്യയിലെ വളരെ പ്രശസതമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയില്‍ സ്ഥിതിചെയ്യുന്ന ധര്‍മ്മശാസ്താക്ഷേത്രം ലക്ഷ്യമാക്കിയാണ് തീർഥാടകർ എത്തുന്നത്. ദക്ഷിണേന്ത്യയില്‍ തീര്‍ത്ഥാടക സന്ദര്‍ശനത്തില്‍ രണ്ടാം സ്ഥാനം ഈ ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിനാണ്.

ശബരിമലയിലെ അയ്യപ്പനെ കുറിച്ച് പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രസിദ്ധം.

പന്തളത്തെ രാജാവ് ഒരു ദിവസം നായാട്ടിനായി വനത്തിലെത്തി. നായാട്ടിനിടെ വനത്തിൽ പമ്പാതീരത്ത് വച്ച് കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. അയ്യപ്പന് കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് അവനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.

മകനെപ്പോലെ അയ്യപ്പനെ വളർത്തിയ രാജാവ്, ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ അടുത്ത യുവരാജാവായി വാഴിക്കാനായിരുന്നു പദ്ധതി. അത് ഇഷ്ടമില്ലാതിരുന്ന രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള പല തന്ത്രങ്ങളും ആസൂത്രണം ചെയ്തു. അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാര വൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്.

അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ പുലിപ്പാലുമായി അയ്യപ്പന്‍ വിജയ ശ്രീലാളിതനായി മടങ്ങിയെത്തിയപ്പോൾ അയ്യപ്പന്‍ ദൈവമാണെന്ന് പന്തളം രാജാവ് ധരിച്ചു. അങ്ങനെ ശബരിമലയില്‍ രാജാവ് അയ്യപ്പന് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് ഇരുമുടിക്കെട്ട് എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷം തോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഒരു ഐതിഹ്യം.

 

മറ്റൊരു ഐതിഹ്യം, വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്നതാണ്. കാട്ടില്‍ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാ നായകൻ ആക്കി. പലവട്ടം വീരയോദ്ധാവായ അയ്യപ്പന്‍ പന്തളം രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു. പടയോട്ടത്തിന്റെ ഒടുവില്‍ അയ്യപ്പന്‍ ശബരിമല ശാസ്താവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഈ ഐതിഹ്യം. അയ്യപ്പന്‍ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂര്‍ണ, പുഷ്‌കല എന്നീ ഭാര്യമാരും സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഈ ഐതിഹ്യം പറയപ്പെടുന്നത്.

 

പിൽക്കാലത്തു ഭക്തർക്ക് ശബരിമല പോകുന്നതിനു 41 നാളുകളുടെ വ്രതത്തിൽ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പാണ് ആദ്യം നടത്തേണ്ടത്. ഒപ്പം മനസ്സിൽ ഈശ്വര ഭക്തിയോടുകൂടി ആഹാരനീഹാരങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക, മിതമായ (സാത്ഥിക) ചിന്താരീതികൾ അവലംബിക്കുക എന്നിവയും പ്രാധാന്യം അർഹിക്കുന്നു.

41 ദിവസത്തെ മണ്ഡലവ്രത കാലത്ത് ആചരിക്കേണ്ട വ്രതത്തിൽ വളരെ പ്രധാനമായി ഉള്ള ചിലതു -

- പ്രകൃതിയെ സ്നേഹ ബഹുമാനത്തോടെ പരിചരിക്കുകയും ഫലവൃക്ഷങ്ങൾ നട്ടുവളർത്തുകയും ചെയ്യുക.

- യാതൊരു ജീവിയേയും ഹിംസിക്കരുത്, അതായതു സർവ്വചരാചരങ്ങളേയും അയ്യപ്പസ്വാമിയായി കാണുക.

- അഹങ്കാരവും പരദൂഷണ സ്വഭാവവും പൂർണമായി ഒഴിവാക്കി, ത്യാഗവും തിതിക്ഷയും ശീലിക്കുക.

- ലൗകീകമായ ഭോഗാസക്തികൾ തീർത്തും ഉപേക്ഷിക്കുയും വിശക്കുന്നവന് ആഹാരം കൊടുക്കുകയും  ധനത്തിനും സ്ഥാനമാനാദികൾക്കും വേണ്ടിയുള്ള മത്സരബുദ്ധി ഒഴിവാക്കുകയും ചെയ്യുക.

- അജ്ഞതകൊണ്ട് ദുഷ്കർമ്മം ചെയ്യാൻപോകുന്ന ആളെ അതിൽനിന്നും പിന്തിരിപ്പിക്കുവാൻ സദുപദേശം നൽകുക, ദുഷ്ചിന്തകൾ ഒഴിവാക്കുക.

- അരുണോദയത്തിനു മുമ്പ് സ്നാനം ചെയ്യുക, ശരീരത്തെ വൃത്തിയായി സൂക്ഷിക്കയും അമിതാഹാരം ഒഴിവാക്കുകയും ചെയ്യുക.

- എവിടെയും ഈശ്വര ജ്യോതിസ് ഉണ്ടെന്നറിയുക, വർഗീയതകൊണ്ട് അന്യമതദർശനങ്ങളെ അവമതിക്കരുത്.

- ലഹരി പദാർത്ഥങ്ങൾ പുകയില, മദ്യം ,പുകവലി തീർത്തും വർജിക്കുക.

ഇത്തരത്തിൽ വ്രതചര്യ അനുഷ്ടിക്കുന്ന ഏതൊരാൾക്കും കേവലം ഭക്തനിൽ നിന്നും ഭാഗവാനിലേക്കുള്ള യാത്ര തുടങ്ങാവുന്നതാണ്. വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് മാലയിട്ട് വ്രതം ആരംഭിക്കണം. മാലയിട്ടു കഴിഞ്ഞാല്‍ മാല ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍.

മാലയിട്ടു കഴിഞ്ഞാൽ മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.

അൽപ്പ മാത്ര ഭക്ഷണവും ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.

ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികള്‍ എന്നൊരു വിശ്വാസമുണ്ട്.

1. പൊന്നമ്പലമേട് മല                              2. ഗരുഡന്‍ മല

3. നാഗമല                                                    4. സുന്ദരമല

5. ചിറ്റമ്പലമല                                             6. ഖല്‍ഗിമല

7. മാതഗം മല                                              8. മൈലാട്ടും മല

9. ശ്രീപാദമല                                              10. ദേവര്‍മല

11. നിലയ്ക്കല്‍ മല                                   12. തലപ്പാറ മല

13. നീലിമല                                                 14. കരിമല

15. പുതുശ്ശേരി മല                                      16. കാളകെട്ടിമല

17. ഇഞ്ചിപ്പാറമല                                       18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ കാൽകീഴെയാക്കാൻ അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.

അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.

- 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്).

- 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.

- 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.

- 2 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.

അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളിയിൽ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും നിലകൊള്ളുന്നു.

അയ്യപ്പന്റെ വളര്‍ത്തച്ഛനായ പന്തളത്തു തമ്പുരാന്‍ തന്റെ മകൻ രാജാവാകുമ്പോൾ ശരീരത്തില്‍ അണിയിക്കാനായി പണികഴിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് തിരുവാഭരണം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഈ തിരുവാഭരണങ്ങള്‍ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തില്‍ നിന്നും വലിയതമ്പുരാന്‍ നിര്‍ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു.

ശബരിമലതീര്‍ത്ഥാടകര്‍, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളില്‍ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടുപോകും. സാധാരണയായി ഇരുമുടികെട്ടിനുള്ളില്‍ നെയ്‌ത്തേങ്ങ, പച്ചരി, അവല്‍, മലര്‍, മറ്റ് പൂജാസാധനങ്ങള്‍ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നാണ് വിശ്വാസം.

 

ശബരിമല പോകുന്നതിനു പിന്നിലെ യഥാർത്ഥ രഹസ്യം-

 

യഥാർത്ഥ ഈശ്വരൻ ആരാണ്, ഈശ്വരൻ എവിടെ വസിക്കുന്നു, എന്താണ് ഈശ്വരൻ എന്നതു കൊണ്ട് അർഥമാക്കുന്നത് എന്ന് സാധാരണ ജനങ്ങൾക്കു ബോധ്യമായിരുന്നില്ല.

അതിനാൽ ശരിക്കും ഈശ്വരനെ കാണാനും പ്രീതിപ്പെടുത്താനും ഈശ്വരൻ പ്രസാദം ലഭിക്കാനും വെമ്പൽ കൊള്ളുന്ന ജനങ്ങൾക്ക് വേദഗ്രന്ഥങ്ങളുടെ പൊരുൾ മനസിലാക്കി കൊടുക്കാനാണ് ശബരിമല തീർഥാടനം പ്രചീനകാലങ്ങളിലെ ഗുരുക്കന്മാർ ഉണ്ടാക്കിയെടുത്തുരുന്നത്.

നാല്പത്തൊന്നു ദിവസം സകലതും ഈശ്വരനുവേണ്ടി ത്വജിച്ചും ഭജിച്ചും വ്രതമെടുത്തു ഈശ്വരനെ ദർശിക്കാനായുള്ള മനോ-അവസ്ഥ ഉണ്ടാക്കിയെടുക്കുന്നു. ഈ ദിവസങ്ങളിലെ വൃതാനുഷ്ടാനങ്ങളിലൂടെ ഈശ്വര ചിന്ത ഒഴിച്ച് മറ്റൊന്നും മനസിനെയോ ശരീരത്തെയോ പ്രവർത്തനങ്ങളെയോ സംഭാഷണങ്ങളെയോ ബാധിക്കാത്തവണ്ണം ആണ് എല്ലാ വൃതാനുഷ്ടാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ സമ്പർഗം പോലും പാടില്ലാത്ത തരത്തിലാണ് വൃതം. ഉദ്ദേശം മറ്റൊന്നുമല്ല ഈശ്വര ദർശനവും ഈശ്വര കടാക്ഷവും.

വൃതശുദ്ധിയോടെ ആചാരാനുഷ്ടാനങ്ങളോടെ ഈശ്വരനെമാത്രം ഭജിച്ചും ശരണം വിളിച്ചും ഒടുവിൽ ശബരിമലയിൽ ഈശ്വര ദർശനത്തിനായി യാത്രയാകുന്നു. ഏതു രീതിയിൽ നോക്കിയാലും ലക്‌ഷ്യം ഒന്നുമാത്രം - ഈശ്വര ദർശനം. ചെയ്യുന്നതെന്തും ഈശ്വരനുവേണ്ടി!

അതിനായി യാത്രപോലും അതികഠിനമായാണ് അന്നത്തെ ഗുരുക്കന്മാർ ചിട്ടപ്പെടുത്തിയിരുന്നത്. കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ കാട്ടുപാതകളിലൂടെ നഗ്നപാദനായി കാടും മലകളും താണ്ടി ഒത്തിരി ദിവസങ്ങൾ യാത്രചെയ്തു ഈശ്വര സന്നിധാനത്തിൽ ക്ഷമയോടെ ഭക്തിസാന്ദ്രതയോടെ എത്തിച്ചേരണം. പോകുന്നവഴിക്കും മനസും ശരീരവും ശുദ്ധിയോടെ കാക്കുന്നതിനു ശ്ലോകങ്ങൾ ചൊല്ലണം നദികളിൽ സ്നാനം ചെയ്യണം, മാത്രമല്ല പ്രകൃതിയെയും മറ്റു ജീവജാലങ്ങളെപോലും ഉപദ്രവിക്കാനോ ദ്രോഹിക്കാനോ പാടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

അങ്ങനെ അവസാനം സന്നിധാനത്തു എത്തി ഈശ്വര ദർശനത്തിനായി മനസും കയ്യും കുമ്പിട്ടു നിവർന്നു നോക്കുമ്പോൾ കാണുന്നത് പ്രതിഷ്ഠയോ പൂജാബിബമോ അല്ല, മറിച്ചു വലുതായി കൊത്തിവച്ചിരിക്കുന്ന 'തത്വമസി' എന്ന എഴുത്താണ്. അങ്ങനെ സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു എന്ന ബോധത്തെ ഭക്തമനസുകളിലേക്കു പതിപ്പിക്കുന്നു.

ശബരിമലയില്‍ വ്രതമനുഷ്ഠിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീര്‍ഥാടകനുള്ള സന്ദേശം തത്ത്വമസി എന്നാണ്.

സാമവേദത്തിന്റെ സാരമായ ഈ സംസ്‌കൃതപദത്തിന്റെ അര്‍ഥം നീ ആരെ അന്വേഷിച്ചാണോ വൃത്തമെടുത്തു മനശരീര ശുദ്ധിവരുത്തി ഏകഹൃദയത്തോടെ ദുര്ഘടങ്ങൾ താണ്ടി തീർഥാടനം ചെയ്തു എത്തിയത് അത്, തത് ത്വം അസി അഥവാ അത് നീ ആകുന്നു എന്നാണ്.

 

നിങ്ങള്‍ ആരെയാണോ കാണാന്‍ വന്നിരിക്കുന്നത് അത് നിങ്ങള്‍ തന്നെയാണ്. അവനവന്റെ ഉള്ളിലെ പരമാത്മാവിനെയും ജീവാത്മാപരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.

അതാണ് തത്വമസി.

 

ഒരിക്കൽ ഈ സത്യം തിരിച്ചറിഞ്ഞ ഒരു വ്യക്തി പിന്നെ ഒരിക്കലും ശബരിമലയിൽ പോകേണ്ടതില്ല. എന്നാൽ ഇതറിഞ്ഞില്ലങ്കിൽ ഇതറിയുന്നവരെ ചിലപ്പോൾ പോകേണ്ടിവന്നേക്കാം.

ശബരിമല മാത്രമല്ല, എല്ലാ തീർത്ഥാടന കേന്ദ്രങ്ങളുടെയും മത ഗ്രന്ഥങ്ങളുടെയും ശരിയായ ലക്ഷ്യം ഇതുതന്നെ - നിന്നിലെ ദൈവാംശത്തെ തിരിച്ചറിയുക!

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.