Popular in Articles

Unlock the divine personality


image

How to unlock the divine personality within you - First step

ഭൂമിയിൽ തന്നെ കേവലം മാനുഷിക നിലവാരത്തിലുള്ള ജീവിതവും ഉണ്ട് എന്നാൽ അതേസമയം ഭൂമിയിൽ ദൈവീക നിലവാരത്തിലുള്ള ജീവിതവും ഉണ്ട്. സ്വാഭാവികമായും ജനിച്ചുവീഴുന്ന ഏതൊരു വ്യക്തിയും മാനുഷിക നിലവാരത്തിലുള്ള ജീവിത ക്രമത്തിൽ തന്നെയാവും മുന്നോട്ടുപോകുക. അവിടെ അമാനുഷികതകളോ ദൈവീകമൂല്യങ്ങളോ ഒന്നും ദർശിക്കാൻ സാധിക്കത്തുമില്ല.

യേശു ഒരിക്കൽ പറഞ്ഞു - ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. 

അധികമാർക്കും മനസിലാകാത്ത ഒരു ബൈബിൾ സന്ദേശമാണിത്. പലപ്പോഴും വിമർശനങ്ങൾക്കും തർക്കങ്ങൾക്കും ഈ ബൈബിൾ വാക്കുകൾ ഉപയോഗിച്ച് കണ്ടിട്ടുമുണ്ട്. എന്നാൽ ഇതിൻറെ അർധ വ്യാപ്തിയിലേക്കു അധികമാരും പ്രവേശിച്ചു കണ്ടിട്ടില്ല.

ദൈവീക മൂല്യങ്ങളിൽ മുന്നോട്ടു പോകണം എങ്കിൽ നിലവിലുള്ള സകല മാനുഷിക സ്വാധീനങ്ങളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും മുക്തനാകണം. അത് ഒരു സാധരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമായ ഒന്നല്ല കാരണം പലരുടെയും ജീവിതം ചക്കിനു ചുറ്റും കറങ്ങുന്ന കാളയെപ്പോലെ ആണ്. മാനുഷിക ബന്ധങ്ങളാൽ കെട്ടപ്പെട്ട മറ്റുള്ളവരാൽ നിയന്ത്രിതമായ ജീവിതം.

അപ്പനെ അമ്മയെ മക്കളെ ഭാര്യയെ പ്രീതിപ്പെടുത്താനും തൃപ്തിപ്പെടുത്താനും സ്വയം ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങൾ ദൈവീക ക്രമത്തിൽ മുന്നോട്ടുപോകുക ബുദ്ധിമുട്ടാണ്.എന്നാൽ ഈ ബന്ധങ്ങളെ നിലനിറുത്തികൊണ്ടുതന്നെ സ്വാധീനവലയത്തിൽ നിന്നും സ്വാതന്ത്രനാകാനും കഴിയും എന്നതിനും ഒത്തിരിയേറെ തെളിവുകൾ ഉണ്ട്.

മറ്റൊന്ന് നിങ്ങളുടെ പൂർവ്വികരെയും അവരുടെ  ആശയങ്ങളെയും നിങ്ങൾ എന്ന വ്യക്തിയുടെ ജീവിക്കാൻ അനുവദിക്കാതെ, പുത്തൻ ദൈവീകദത്തമായ ആശയങ്ങൾ അപാരസാധ്യതകളുടെ വിളവിനായി നിങ്ങളെ തന്നെ നവീകരിച്ചു രൂപപ്പെടുത്തി നൽകുമ്പോൾ ശരിയായ കപടമില്ലാത്ത ആത്മീയത നിങ്ങളിൽ തുടങ്ങുന്നു.

പിതൃ-മത പാരമ്പര്യത്തിന്റെ സ്വാധീനവലയത്തിൽ നിന്നും സ്വാതന്ത്രരാകുന്നതാണ് യഥാർത്ഥ ആത്മീയതയുടെ തുടക്കം. നിയന്ത്രണ വിധേയമായ ജീവിതക്രമങ്ങളിൽ ചുറ്റിത്തിരിയുകയാണെങ്കിൽ മുന്നോട്ടുള്ള പ്രയാണം സാധ്യമല്ല. സിദ്ധാർഥൻ ശ്രീ ബുദ്ധനായതും, നാരായണൻ ഗുരു ആയതും, മനുഷ്യപുത്രാനായി പിറന്ന യേശു ദൈവപുത്രനായതും, മുഹമ്മദ് പ്രവാചകനായതും ഈ മാനുഷിക നിയന്ത്രണ സ്വാധീന വലയത്തിൽ നിന്നും സ്വാതന്ത്രരാകാൻ സ്വയം തീരുമാനികയും പ്രവർത്തികയും ചെയ്തപ്പോൾ മുതലാണ്. 

ഓരോരുത്തരുടെയും ഉള്ളിൽ ദൈവം വച്ച ദൈവീകമായ അദ്വിതീയമായ ഒരു പദ്ധതിയുണ്ട്. അതിലേക്കു തിരിയണമെങ്കിൽ നിങ്ങളെ നിയന്ത്രിക്കുന്നത് ആ അദ്വിതീയമായ പദ്ധതിതന്നെയാകണം. ഒന്നുകിൽ അതിനു തടസമായി നില്കുന്നതിനെ എല്ലാം ദാക്ഷണ്യമില്ലാതെ ഭേദിക്കാനാകണം അതല്ലങ്കിൽ ബന്ധങ്ങളെ നിലനിറുത്തുകയും എന്നാൽ സ്വാധീനങ്ങളിൽ നിന്നും സ്വാതന്ത്രരാകുകയും വേണം. 

ഒരുകാര്യം ഉറപ്പാണ് സ്വാധീനങ്ങളെ ഭേദിക്കുമ്പോൾ ഒറ്റപെടലുകളും കുറ്റപ്പെടുത്തലുകളും എതിർപ്പുകളും ശക്തമായിരിക്കും, അതിജീവിക്കാനും മുന്നോട്ടു കുതിക്കാനും ഉള്ള ഊർജം ഉള്ളിൽ തന്നെ ഉണ്ടെന്നതുമാത്രം മനസിലാക്കുക.

യേശു പറഞ്ഞു ദൈവം എപ്പോഴും കൂട്ടം വിട്ട ആടിന്റെ പുറകെ തന്നെയാണ് എന്ന്. അവിടെ പറഞ്ഞിരിക്കുന്ന ആശയം ഒന്നുകൂടെ വിവരിക്കാം - മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു ആളുകളേക്കാൾ കൂട്ടം വിട്ട ഒന്നിനെ അധികം പ്രയോജനമായി കാണുന്നു എന്ന്.

നിങ്ങളുടെ പ്രവർത്തിയുടെ അനന്തരഫലം എന്തായാലും അതിനെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിഞ്ഞാൽ നന്മ തിന്മ (തെറ്റും ശരിയും) എന്നൊന്നില്ല. നല്ലതും ചീത്തയും മനുഷ്യനെ പഠിപ്പിച്ച അടിച്ചേൽപ്പിച്ച അറിവിൽ നിന്നും രൂപപ്പെട്ടുവരുന്ന ചിന്തകൾ മാത്രമാണ്. അതുകൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടു നന്മയുടെയും തിന്മയുടെയും അറിവ് നിനക്ക് വേണ്ടാന്ന് ദൈവം പറഞ്ഞത്.

ഒരു മതിലിൽ നിന്നും താഴോട്ട് ചാടി കാൽ ഒടിഞ്ഞ ഒരാൾ - മതിലിൽ നിന്നും താഴോട്ട് ചാടുന്നത് തെറ്റാണു എന്ന് പഠിപ്പിച്ചാൽ ആ മനുഷ്യൻറെ അശ്രദ്ധമായ പ്രവർത്തിയുടെ അനന്തര ഫലത്തിൽ നിന്നുണ്ടായ ചിന്തയാണ് അത്. എന്നാൽ മതിലിൽ നിന്നും താഴോട്ട് ചാടുമ്പോൾ കാലുകൾക്കു അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം എന്ന് പറയുന്ന അറിവാണ് അഭികാമ്യം. മതിലിൽ നിന്നും ചാടുന്നത് തെറ്റല്ല ശരിയുമല്ല, ചാടുന്നെങ്കിൽ പരുക്കുകളില്ലാതെ ശ്രദ്ധയോടെ വേണം എന്നതാണ് കാര്യം. ചാടുമ്പോൾ പരുക്കുപറ്റിയാൽ അത് നിങ്ങളുടെ പ്രവർത്തിയുടെ കാര്യക്ഷമത ഇല്ലാത്തതും, മറ്റൊരാൾ  പരുക്കില്ലാതെ ചാടുമ്പോൾ അത് അയാളുടെ കാര്യക്ഷമതയും മാത്രമായി കണക്കാക്കണം. അവിടെ തലവിധിക്കോ ഭാഗ്യത്തിനോ തെറ്റിനോ ശരിക്കോ സ്ഥാനമില്ല.

തലവിധി എന്നത് നിങ്ങളുടെ തന്നെ പ്രവർത്തന ഫലമാണ്, അതിനു ആരെയും പഴിക്കേണ്ടതില്ല. ഇപ്പോഴുള്ള മോശമെന്ന് ചിന്തിക്കുന്ന അവസ്ഥ മുന്നത്തെ പ്രവർത്തിയുടെ മാത്രം ഫലമെന്നും അതിൽനിന്നും പുറത്തുവരാനും ഇനി എന്റെ മാത്രം പ്രവർത്തിയാണ് ആവശ്യമെന്നതും തിരിച്ചറിയുമ്പോൾ, ആത്മഗതം മാറി പ്രവർത്തന നിരതരാകും.

പൂർണ്ണമായ അർപ്പണ ബോധത്തോടെയുള്ള ആത്മാർഥമായ പ്രവർത്തിയാണ് അഭികാമ്യമായ ഫലം നൽകുന്ന ദൈവാനുഗ്രഹം. ആത്മാർഥമായ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തിയില്ലാതെ ദൈവത്തെ പഴിച്ചിട്ടു കാര്യമില്ല. ഞാൻ പാതി ദൈവം പാതി എന്നല്ല, പരിപൂർണ്ണമായും ദൈവാനുഗ്രഹം എന്റെ ഭാഗത്തു ഒരു പ്രവർത്തിയുമില്ല എന്നുമല്ല, ശുഭതയോടെ ചെയ്യുന്ന ഏതു പ്രവർത്തിയിലും ദൈവാനുഗ്രഹം ഉണ്ടു എന്നതാണ്.

മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു എന്ന് യേശു പറഞ്ഞതിന്റെ ഉദ്ദേശം, അപ്പനെയും അമ്മയെയും കുടുംബക്കാരെയും ചർച്ചക്കാരെയും ശരീരത്തിൽ ചുമന്നുകൊണ്ട് നിങ്ങൾക്കു നടക്കാൻ സാധിക്കാത്തപോലെ, അവരുടെ ആശയങ്ങളും സ്വാധീനങ്ങളും ആ  തരത്തിൽ നിങ്ങളുടെ മനസിനെ ചുമടായി ചുമക്കാൻ അനുവദിക്കരുത് എന്നാണ്. അങ്ങനെ മനസിനെ സ്വാധീനിക്കുന്ന നിയന്ത്രിക്കുന്ന ബന്ധമാണ് നിങ്ങൾക്കു മാനുഷിക ബന്ധങ്ങളിൽ ഉള്ളത് എങ്കിൽ അതിനെ ഭേദിക്കതന്നെ വേണം.

മറ്റുള്ളവരല്ല, നിങ്ങൾ മാത്രം നിങ്ങളെ നിയത്രിച്ചാൽ ജീവിതം വിജയകരമായി സന്തോഷകരമായി സമാധാനമായി വട്ടം കറങ്ങാതെ  മുന്നോട്ടു പോകും ...

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.