Popular in Articles
Video Game Addiction in Kids

കുട്ടികളുടെ Video Game Addiction ചിലപ്പോഴൊക്കെ കൈവിട്ടു പോകുന്ന മാനസിക പ്രശ്നമാകാറുണ്ട്
സ്മാർട്ട് ഫോൺ താഴെയെവിടെയും വെക്കാൻ വയ്യാത്ത അവസ്ഥ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ?
ഫോൺ താഴെവെച്ചാലുടൻ തന്നെ കഴുകൻ കോഴിക്കുഞ്ഞിനെ റാഞ്ചുന്നതു പോലെ അതുമെടുത്തു കൊണ്ടോടുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ?
കുട്ടികളെ പറഞ്ഞിട്ട് യാതൊരു കാര്യമില്ല. അത്ര തന്ത്രപരമായാണ് വീഡിയോ ഗെയിമുകൾ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്.
ജയിച്ചു, ജയിച്ചില്ലായെന്ന മാനസികാവസ്ഥയിൽ കളിക്കാരനെ എത്തിക്കാനുതകുന്ന ഒരു കബളിപ്പിക്കൽ ശാസ്ത്രം സമർത്ഥമായിത്തന്നെ ഇത്തരം ഗെയിമുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇടക്കിടെ കിട്ടുന്ന വിജയങ്ങൾ ഗെയിമുകളോടുള്ള ആകർഷണം കൂട്ടാനും കളിക്കാരനെ കളിയിൽ പിടിച്ചു നിർത്താനും പ്രേരിപ്പിക്കുന്നു.
തനിച്ചിരുന്ന് കളിക്കുന്ന ഗെയിമുകളേക്കാൾ കൂടുതൽ അഡിക്ഷനുണ്ടാക്കുന്നത്, പലർ ചേർന്നു കളിക്കുന്ന multiplayer ഗെയിമുകളാണ്.
ഫോൺ ഗെയിം കളിക്കുന്ന എല്ലാ കുട്ടികൾക്കും ഗെയിം അഡിക്ഷൻ ഉണ്ടാവണമെന്നില്ല. അഡിക്ഷൻ വന്നു കഴിഞ്ഞാൽ കുട്ടികളുടെ സ്വഭാവത്തിലും പതിയെ മാറ്റം വന്നു തുടങ്ങുന്നു. ഇവിടെ പറയുന്നതൊക്കെ ചില സൂചനകൾ മാത്രമാണ്.
ഫോണിനു വേണ്ടി പുറകെ നടന്ന് ശല്യം ചെയ്യലായിരിക്കും ആദ്യത്തെ പ്രശ്നം. ഫോൺ തിരിച്ചു വാങ്ങിയാൽ ആകെ അസ്വസ്ഥതയും ദേഷ്യവും പിന്നീട് കാണിച്ചു തുടങ്ങും.
പഠനത്തിലും മറ്റു ദൈനംദിന കാര്യങ്ങളിലും പുറത്തെ കളികളിലും താത്പര്യവും കുറഞ്ഞു വരുന്നു. ഗെയിം കളിക്കാൻ സൗകര്യം കിട്ടിയാൽ ഭക്ഷണവും ഉറക്കവും തന്നെ വേണ്ടെന്നു വെക്കാനും മടിക്കില്ല.
ഫോണിന്റെ ഉപയോഗസമയത്തെക്കുറിച്ചു നുണ പറഞ്ഞു തുടങ്ങുമെന്ന് മാത്രമല്ല, ഒരു ഫോൺ സ്വന്തമാക്കാനായി മോഷ്ടിക്കാനും ഇവർ മടിക്കില്ല.
എന്നിട്ടോ ഇങ്ങനെ വാങ്ങിയ ഫോൺ കൂട്ടുകാരന്റെ കൈയിലോ, മറ്റു രഹസ്യ സങ്കേതങ്ങളിലോ കൃത്യമായി ഒളിപ്പിച്ചു വെച്ചു തുടങ്ങും. പൈസ മുടക്കിയുള്ള കളികളിലായിരിക്കും പിന്നെ താത്പര്യം.
അഡിക്ഷൻ പ്രവണത തുടക്കത്തിലെ ശ്രദ്ധയിൽപ്പെട്ടാൽ വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാൻ സാധിച്ചേക്കും. നയപരമായ ഇടപെടലാണ് കൂടുതൽ ഗുണം ചെയ്യുന്നത്.കടുത്ത ശിക്ഷാനടപടികൾ വിപരീത ഫലം ഉണ്ടാക്കിയേക്കാം.
അതു സാധിക്കാത്ത പക്ഷം വിദഗ്ധരെ സമീപിക്കുന്നതാണ് ബുദ്ധി. Addiction- ന് വഴിവെക്കുന്നതും അതിൽ നിന്നുള്ള വിടുതൽ അസാധ്യമാക്കുന്നതും പലപ്പോഴും ഒന്നിൽക്കൂടുതൽ കാരണങ്ങളായിരിക്കും.
അതുകൊണ്ടുതന്നെ, Addiction - ന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുവാനും പരിഹാരം കണ്ടെത്തുവാനുവാനുമാണ് നമ്മൾ ശ്രമിക്കേണ്ടത്.
അതല്ലെങ്കിൽ നമുക്കു കിട്ടുന്നത് താത്കാലികാശ്വാസങ്ങൾ മാത്രമായിരിക്കും.

Dr. Anu Sobha Jose
Psychiatrist
MAGJ Hospital, Angamaly