Popular in Articles

What is coronavirus


image

ശരീരത്തിലെ സ്വാഭാവിക സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്

കോവിഡ്-19 ന്റെ പ്രത്യേകതകൾ:

വിവിധ മാധ്യമങ്ങളിലൂടെ ലോകാരോഗ്യ സംഘടനയും ഡോക്ടർമാരും നൽകുന്ന വിവരങ്ങളിൽ നിന്നും ശേഖരിച്ചതാണ് ഇവിടെ പ്രതിബാധിക്കുന്നതു.വളരെ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയമായതുകൊണ്ടു മറ്റുള്ള വാർത്ത മാധ്യമങ്ങളിലെ വാർത്തകളും ആധാരമായി എടുത്തിട്ടുണ്ട്.

സാധാരണ ഉണ്ടാകുന്ന ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം), ന്യൂമോണിയ തുടങ്ങിയവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഈ കൊറോണ വൈറസുകൾ എന്ന് പൊതുവേ അറിയപ്പെടുന്നത്. ഇവ ആർ.എൻ.എ. വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ ആകൃതിയിലുള്ള ഇവയെ 1960-കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ഇവയുടെ ആ ആകൃതി മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്.

പക്ഷികളിലും മൃഗങ്ങളിലും കൊറോണ വൈറസ് രോഗമുണ്ടാക്കാറുണ്ട്. ഈ വൈറസ് അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാറുമുണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാൽ ഇവയെ സൂണോട്ടിക് വൈറസ് എന്നാണ് പറയുന്നത്.

എന്താണ് കൊറോണ വൈറസ്:

ചൈനയിലെ വുഹാനിൽ ഇക്കഴിഞ്ഞ ഡിസംബർ അവസാനത്തോടെ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് ഇതിനകം എൺപതിലധികം ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഒരു ലക്ഷത്തോളം പേരിൽ വ്യാപിച്ച രോഗം മുപ്പത്തയ്യായിരത്തോളം പേരുടെ മരണത്തിന് കാരണമായി.  ലോകാരോഗ്യസംഘടന കോവിഡ്-19 എന്ന് പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനു ഇടയായത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലും ദക്ഷിണകൊറിയയിലും ഒട്ടനവധി ആൾക്കാർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കുറച്ചു പേർക്ക് രോഗം വ്യാപിച്ചിട്ടുണ്ട് എന്നാൽ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യയിലെ കേരളത്തിലാണ് ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്തത്. ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിലാണ് ഈ രോഗം കണ്ടെത്തിയത്. ആഗോളതലത്തിൽ രോഗത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ  കേരള ആരോഗ്യവകുപ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. മുൻപ് നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി എന്ന് അവകാശപ്പെടുന്നു. രോഗം ഉണ്ടെന്നു പറഞ്ഞിരുന്ന ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടതായി പറയുന്നു.

അന്താരാഷ്ട്രതലത്തിൽ കോവിഡ്-19 വൈറസ് വ്യാപിക്കുന്നതിനാൽ ലോകാരോഗ്യസംഘടന 2020 ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള അറിയിപ്പാണ് കോവിഡ്-19 ആഗോളതലത്തിൽ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും ഉള്ള സാധ്യത. 

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന രോഗബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്ന് പിടിക്കുകയും അത് ആ രാജ്യത്തെ മാത്രമല്ല അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ സാധാരണയായി പ്രഖ്യാപിക്കുന്നത്. ഇത്തരത്തിലുള്ള രോഗബാധയെ ചെറുക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ രാജ്യങ്ങൾ ഒത്തൊരുമിച്ച് ചർച്ചകളും നടപടിക്രമങ്ങളും ആവശ്യമായി വരുമ്പോഴാണ് ഇങ്ങനെ ചെയ്യാറുള്ളത്.

ചൈനയിൽ 2002-2003 കാലത്ത് 776 പേരുടെ മരണത്തിനു ഇടയായ സാർസ്, സൗദി അറേബ്യയിൽ  2012-ൽ 858 പേരുടെ മരണത്തിനു കാരണമായ മെർസ് എന്നീ പകർച്ചവ്യാധികൾ കൊറോണ വൈറസ് മൂലം ഉണ്ടായതാണ് എന്ന് റിപ്പോർട്ട് ഉണ്ട്. ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 ഇപ്പോൾ ആദ്യമായാണ് മനുഷ്യരിൽ കണ്ടെത്തിയിരിക്കുന്നത്.

അമ്പതോളം ഇനം കൊറോണ വൈറസുകൾ മൃഗങ്ങളിലും വവ്വാലുകളിലും ആണ് കൂടുതൽ കാണാറുള്ളത്. ഇതിൽ ആറുതരം കൊറോണ വൈറസുകൾ മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ വ്യാപിക്കുന്ന കോവിഡ്-19 ജനിതകമാറ്റം വന്ന വൈറസ് ആയതിനാൽ ഇതിൻറെ ഉറവിടം ഇപ്പോഴും സംശയാസ്പതമാണ്. പല വൈറസുകളും മനുഷ്യൻറെ ക്രൂര വിനോദങ്ങളുടെ ഫലമായി ഉണ്ടാക്കപ്പെടുന്നതാണ് എന്ന് പരാമർശമുണ്ട്. താൻ കുഴിക്കുന്ന കുഴിയിൽ തന്നെ ആദ്യം വീഴും എന്ന പഴമൊഴി ഇവിടെ ശ്രദ്ധേയമാണ്.

കോവിഡ്-19 ന്റെ യഥാർഥ ഉദ്ഭവ സ്ഥാനം ഗവേഷകർക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല. എങ്കിലും ജനിതക വസ്തു വിശകലനം ചെയ്തതിൽ നിന്ന് മനസ്സിലാക്കാനായത് വവ്വാലിൽ കണ്ടെത്തിയ കൊറോണ വൈറസിനോട് സാമ്യമുള്ള തരം ആണ് ഇത് എന്നാണ്. വൈറസ് ഡാറ്റ പങ്കുവയ്ക്കുന്ന അന്തരാഷ്ട്ര പ്ലാറ്റ്ഫോമായ ഗ്ലോബൽ ഇനിഷിയേറ്റീവ് ഓൺ ഷെയറിങ് ഓൾ ഇൻഫ്ളുവൻസ ഡാറ്റ (GISAID) അഭിപ്രായപ്പെടുന്നത് ഈ കൊറോണ വൈറസിന്റെ ജനിതകഘടനയ്ക്ക് എൺപത് ശതമാനം സാർസ് വൈറസിനോട് സാമ്യതയുണ്ടെന്നാണ്. അതായതു ആരെങ്കിലും മനഃപൂർവ്വം ഇതിൻറെ ഉത്ഭവത്തിനു പിന്നിൽ ഉണ്ടാവും എന്ന ചിന്ത നിസ്സാരമായി തള്ളിക്കളയാനാവില്ലെങ്കിലും അത് വെളിപ്പെടുത്താനും ആകില്ല എന്നതാണ് സത്യം.

രോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് ഈ വൈറസിന് അതിവേഗം പടരാൻ സാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവ് കണ്ടെത്തിയിട്ടുണ്ട്. ഈ  വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ചാൽ ആ ശരീരത്തിലെ ജീവനുള്ള കോശങ്ങളെ ആക്രമിച്ചു, വൈറസിന്റെ പ്രവർത്തനത്തിന് ആവശ്യമായതൊക്കെ ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിവരുകയാണ് ചെയ്യുന്നത്. ഈ ഇരട്ടിക്കൽ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസിന്റെ ജനിതകമാറ്റത്തിന് ഇടയാക്കുന്നതും അങ്ങനെ പുതിയ സ്ട്രെയിനിലുള്ള വൈറസുകൾ രൂപമെടുക്കുന്നതും. ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതകഘടനയുള്ള വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോഴാണ് അത് 'നോവൽ' വൈറസ് എന്ന് അറിയപ്പെടുന്നതും അതിനു ചികിത്സ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതും.

കോവിഡ്-19 പകരുന്നത്:

ശരീരത്തിലെ സ്വാഭാവിക സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ വായിലൂടെ മൂക്കിലൂടെ പുറത്തേക്ക് വരുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അങ്ങനെ വൈറസ് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. അതുപോലെ വൈറസ് ഉള്ള ആളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാവുന്നതിനാൽ ആ വസ്തുക്കൾ വീണ്ടും സ്പർശിക്കുന്ന മറ്റൊരാൾ ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. രണ്ടുദിവസം വരെ ഈ വൈറസ് നശിക്കാതെ നിൽക്കും.

കോവിഡ്-19 ലക്ഷണങ്ങൾ:

ജലദോഷ പനിയെ പോലെ സാധാരണ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. രോഗ പ്രതിരോധവ്യവസ്ഥ ദുർബലമായ പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് കൂടുതൽ ശക്തിയാർജ്ജിക്കും. ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പെട്ടെന്ന് പിടിപെടാം. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിച്ചെക്കാം.

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ 14 ദിവസത്തിനുള്ളിൽ കാണും. ഈ 14 ദിവസത്തെയാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

കോവിഡ്-19 ചികിത്സ:

അപ്രതീകത്തിതമായി വ്യാപാരിച്ചതിനാൽ കൊറോണ വൈറസിന് കൃത്യമായ ചികിത്സ രൂപപെടുത്തിയിട്ടില്ല അതുപോലെ പ്രതിരോധ വാക്സിനും ലഭ്യമല്ല. വാക്സിൻ കണ്ടെത്തി മനുഷ്യരിലേക്ക് എത്തിക്കാനാണ് ശാസ്ത്ര ലോകം ശ്രമിക്കുന്നത്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ചികിത്സാ പ്രോട്ടോക്കോൾ പ്രകാരം പകർച്ചപ്പനിക്ക് നൽകുന്നതു പോലെ രോഗലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നുകളാണ്ന ഇപ്പോൾ നൽകിവരുന്നത്. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കണം. രോഗിക്ക് വിശ്രമവും ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളവും ആവശ്യമാണ്.

മലയാളികൾ ജാഗ്രത പാലിക്കുക:

കേരളത്തിൽ ഇപ്പോൾ രോഗബാധ ഇല്ലെങ്കിലും സാധ്യത ഇപ്പോഴും നിലനിൽക്കുന്നതിനു ഉള്ള പ്രധാനമായ രണ്ടു കാരണങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫിലും ചൈനയിലുമൊക്കെയുള്ള മലയാളികളുടെ വലിയ സാന്നിധ്യവും ബിസിനസ്സ് ആവശ്യത്തിനും വിനോദസഞ്ചാരത്തിനും വലിയ തോതിൽ മലയാളികൾ ചൈനയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും യാത്ര നടത്തുന്നതുമാണ്. ഗൾഫ് രാജ്യങ്ങളിലെ വലിയൊരു ശതമാനവും മലയാളികളായതിനാൽ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ പഠനാവശ്യത്തിനും ആത്മീയ യാത്രകളുടെ ഭാഗമായും ഇറ്റലിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കേരളത്തിൽ നിന്ന് ധാരാളം ആളുകൾ യാത്ര ചെയ്യുന്നുണ്ട്. 

മലയാളികൾക്കാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവിത ശൈലി രോഗങ്ങൾ ഉള്ളത്. ഈ ജീവിതശൈലി രോഗങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കാനിടയാക്കുന്നതിനാൽ വളരെ പെട്ടെന്ന് പകർച്ചവ്യാധികൾക്ക് അടിമപ്പെടുന്നു. ജീവിതശൈലീ രോഗങ്ങളും മറ്റ് ഗുരുതര രോഗങ്ങളും ഉള്ളവർക്ക് കൊറോണ വൈറസ് ബാധയെ കൃത്യമായി പ്രതിരോധിക്കാൻ സാധിക്കില്ല എന്നതുകൊണ്ട് പെട്ടെന്ന് മരണത്തിന് ഇടയാക്കും. ആരോഗ്യപരമായി ദുർബലരെയാണ് വൈറസ് പെട്ടെന്ന് കീഴടക്കുക. കൊറോണ് വൈറസ് മൂലം ഇതുവരെ മരണപ്പെട്ടവരിൽ കൂടുതലും 45 വയസ്സിന് മുകളിൽ പ്രായമുള്ളവരായതിനാൽ ഇത്തരം സാഹചര്യങ്ങളിൽ രോഗം ബാധിക്കാതിരിക്കാനും വ്യാപിക്കാതിരിക്കാനും നാം പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കണം.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ:

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും അത്യന്താപേക്ഷിതം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.

പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്.

അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.

മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്. വേവിക്കാത്ത മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. 

പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാൽ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ ആ രീതി ഒഴിവാക്കണം.

വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.

രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം.

പനി. ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.

രോഗിയെ ശുശ്രൂഷിക്കുന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർ മാസ്ക്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം.

രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്. ഇതിനായി കൈയുറകൾ, കാലുറകൾ, ശരീരം മുഴുവൻ മൂടുന്ന ഏപ്രണുകൾ എന്നിവ ധരിക്കണം.

രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.

Note : ഹോമിയോയിൽ preventive medicine ഉണ്ട് എന്ന് ഹോമിയോ ഡോക്ടർസ് അഭിപ്രായപ്പെടുന്നു. എന്നാൽ ലോകാരോഗ്യ സംഘടന ഇത് നിഷേധിക്കുന്നു.

Team

Life Giving News