Popular in Articles

Your dream can make new laws


image

ജിലുമോൾ മരിയറ്റ് തോമസ് - ചരിത്രം വഴിമാറിയ തൊടുപുഴക്കാരിയുടെ കഥ

കൈകൾ രണ്ടും ഇല്ലാത്ത എന്നാൽ പരിമിതികളെ തോല്പിച്ചുകൊണ്ടു സ്വന്തം കാർ ഡ്രൈവ് ചെയ്യുന്ന ഈ മിടുക്കി ഏഷ്യയിലെ തന്നെ ആദ്യത്തെ വനിത ആയിരിക്കും.

പരിമിതികളെ പരിമിതികളായി കാണാതെ ദൈവം നൽകിയ കഴിവുകളെ സ്വയം പ്രയോജനപ്പെടുത്തി ഉന്നതിയിലേക്കെത്തിയ ഗ്രാഫിക്ക് ഡിസൈനർ ആണ് ജിലുമോൾ.

ജനനത്തിൽ തന്നെ രണ്ടു കൈകളും ഇല്ലാതിരുന്ന ജിലുമോൾ തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് വീട്ടിൽ തോമസ് വർക്കിയുടെയും അന്നകുട്ടിയുടെയും മകൾ ആണ്. പരിമിതികളിൽ ജീവിക്കാൻ മാതാപിതാക്കളും അവളെ അനുവദിച്ചില്ല അതുപോലെ സ്വയം തോറ്റുകൊടുക്കാനും അവൾ തയ്യാറായില്ല. ആത്മവിശ്വാസവും കഠിനമായ അധ്വാനവും മെല്ലെ അവളുടെ ജീവിതത്തെ വിജയത്തിലേക്ക് നടത്തുകയായിരുന്നു.

സാഹചര്യങ്ങൾ പലപ്പോഴും ക്രൂരമായും പ്രതികൂലമായും വേട്ടയാടിയപ്പോഴും മനസും ശരീരവും തളർന്നില്ല. അവളുടെ അമ്മ അവളുടെ നാലാമത്തെ വയസ്സിൽത്തന്നെ ക്യാൻസർ മൂലം മരിച്ചുപോയി. അമ്മയുടെ മരണശേഷം ചങ്ങനാശ്ശേരിയ്ക്കടുത്തുള്ള ചെത്തിപ്പുഴ മേഴ്‌സി നഴ്സിംഗ് ഹോമിലാണ് അവൾ വളർന്നത്.

അതിനുശേഷം അവളുടെ ഭാവിയുടെ ചിറകുകൾക്ക് വർണ്ണം പകർന്നത് ഹോമിലെ കന്യാസ്ത്രീകൾ ആയിരുന്നു. അവളിൽ ഉറങ്ങിക്കിടന്ന കഴിവുകളെ പ്രത്യേകിച്ച് ചിത്രകലയെ അടുത്തറിഞ്ഞു വളർത്തുന്നതിൽ അവർ വിജയിച്ചു.

SSLC യിലും Plus 2 വിലും ഉന്നതവിജയം നേടിയ ജിലുമോൾ അനിമേഷനിലും കമ്പ്യൂട്ടർ ഗ്രാഫിക്സ് ഡിസൈനിങ്ങിലും ഡിഗ്രി കരസ്ഥമാക്കി. അവളുടെ പരിമിതികളിൽ ഈ പ്രത്യക കോഴ്സ് ചെയ്യുക അത്ര നിസ്സാരമായ വില്ലുവിളിയൊന്നും അല്ലാന്നു അവളുടെ ടീച്ചേഴ്‌സിന് അറിയാമായിരുന്നു. എന്നാൽ കൈകളുമുള്ളവർ വരക്കുന്നതിലും ഭംഗിയായി എല്ലാവരും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ കാലുകൾകൊണ്ട് വരച്ചു.

2012 ൽ ഡിസ്റ്റിംഗ്ഷനോടെ പാസ്സായശേഷം ഇപ്പോൾ കൊച്ചിയിലെ വിയാനി പ്രിന്റിംഗ്സിൽ ജോലി ചെയ്യുന്നു. സ്മാർട്ട്‌ ഫോണും ജോലിക്കാവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും കാലുകൾ കൊണ്ടു തന്നെ വളരെ കൈകാര്യം ചെയ്യുന്നതിൽ സാമർഥ്യം ഉള്ളവളായി മാറി.

ഇതിനെല്ലാം പുറമെ സാധാരണ ആരും ധൈര്യം കാട്ടാത്ത മറ്റൊരു കാര്യം അവൾ ചെയ്യാനായി തീരുമാനിച്ചുറച്ചു. ഡ്രൈവിംഗ് അവളുടെ ഒരു സ്വപ്നമായിരുന്നു. അവളുടെ ഈ ആഗ്രഹം RTO ഓഫീസിലെ ജീവനക്കാരെ അത്ഭുതപ്പെടുത്തി. ഉദ്യോഗസ്ഥരുടെ സാധാരണഗതിയിലുള്ള പ്രതികരണം തന്നെ അവൾക്കും കിട്ടി - നിങ്ങളെപ്പോലെയുള്ള ആർക്കെങ്കിലും ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടെന്ന തെളിവ് ഹാജരാക്കിയാൽ ഞങ്ങൾ നിങ്ങൾക്കു വണ്ടി ഓടിക്കാനുള്ള ലൈസൻസും നൽകാം എന്നായിരുന്നു.

അങ്ങനെ തുറന്നുള്ള അന്വേഷണം പരിഷ്കാരമൊന്നും വരുത്താത്ത കാറിൽ തന്നെ കാലുകൊണ്ട് സ്വയം ഡ്രൈവ് ചെയ്യുന്ന ഇൻഡോറിലുള്ള ഒരു വിക്രം അഗ്നിഹോത്രി ഉണ്ടെന്നു കണ്ടെത്തി. എങ്കിലും ഡ്രൈവ് ചെയ്യാനുള്ള ആഗ്രഹം മനസ്സിൽ അല്പംപോലും കെടാതെ ആളിക്കത്തിക്കൊണ്ടിരുന്നു. 

നാളുകൾക്കു ശേഷം കുമളിയിലെ ഒരു സ്കൂൾ പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുത്തുകൊണ്ടിരുന്ന സമയം സ്കൂളിന്റെ ഡയറക്ടർ ആയിരുന്ന ഫാദർ തോമസ് അവളോട് ഇനി ജീവിതത്തിൽ എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ തൻറെ ഹൃദയത്തിലെ കത്തികൊണ്ടിരുന്ന ഡ്രൈവ് ചെയ്യാനുള്ള ആഗ്രഹം അദ്ദേഹത്തോട് അറിയിച്ചു.. 

ലയൺസ്‌ ക്ലബ്ബിലെ തന്റെ സുഹൃത്തായ വക്കീലിനോട് ഫാദർ ഈ കാര്യം സംസാരിച്ചപ്പോൾ, കൈകൾ ഇല്ലാത്തർവക്ക് ലൈസൻസ് ലഭിക്കാൻ അനുകൂലമായ നിയമമൊന്നും നിലവിൽ ഇല്ല എന്ന് മനസിലായി. എന്നാൽ അതിൽ തളരാത്ത വക്കീൽ ജിലുമോൾ അസാമാന്യ കഴിവുകളുള്ള ഒരാളാണെന്നുള്ളതിന്റെ രേഖകൾ എല്ലാം കോടതിയിൽ ഹാജരാക്കി. 

കൈകളില്ലാത്തവർക്ക് ഓടിക്കാൻ പാകത്തിൽ ഭേദഗതി വരുത്തിയ ഒരു വണ്ടിയുണ്ടെങ്കിൽ പരിഗണിക്കാം കോടതി സമ്മതിച്ചു, കാരണം മറ്റ് ജനങ്ങളുടെ സുരക്ഷ കൂടെ പരമപ്രധാനമായി കോടതി വിലയിരുത്തി. അതിനെത്തുടർന്ന് ലയൺസ്‌ ക്ലബ്ബ് അത്തരത്തിൽ ഭേദഗതി വരുത്തിയ ഒരു കാറും തയ്യാറാക്കി, ഒപ്പം രണ്ടു കാലും തളർന്ന ബിച്ചു എരുമേലി എന്ന ആൾ ഇത്തരത്തിൽ ഭേദഗതി വരുത്തി നേടിയ ലൈസൻസിന്റെ കോപ്പിയും കോടതിയിൽ ഹാജരാക്കി. അങ്ങനെ ജിലുമോൾ സ്വപ്നം പൂവണിഞ്ഞു, കോടതി ലൈസൻസ് അവൾക്കു അനുവദിച്ചു. 

സ്വപ്നം കാണുന്നവർക്കു ആ സ്വപ്നം എത്ര വാനോളം ഉയർന്നതാണെങ്കിലും, അങ്ങനെയൊരു സ്വപ്നം നടക്കില്ലെന്നു നിയമവും കൂടെയുള്ള മനുഷ്യരും പറഞ്ഞാലും, സ്വപ്നം ശക്തമാണോ അതിനായുള്ള എല്ലാ സാഹചര്യങ്ങളെയും നിങ്ങൾക്കായി പ്രകൃതി ഒരുക്കിനല്കും. നിങ്ങൾ സ്വപ്നം കാണുക, കണ്ട സ്വപ്നത്തെ ലജ്ജയില്ലാതെ വിളിച്ചു പറയുക. നിങ്ങളുടെ സ്വപ്ന സാക്ഷ്കാരത്തിനായി പുതിയ നിയമംപോലും ഉണ്ടാക്കാനായി നിങ്ങൾ പോലും അറിയാതെ സാഹചര്യങ്ങൾ ഒരുങ്ങും.

കൈകളില്ലാത്തതാണ് എൻറെ അഭിമാനം എന്ന് ജിലുവിന് ധൈര്യമായി പറയാം. ശരീരത്തിന്റെ ഒരു പരിമിതിയും യഥാർത്ഥത്തിൽ ഒരു പരിമിതി ആകുന്നില്ല. ശരിക്കുമുള്ള പരിമിതി മനസ്സിൻറെ ഇടുങ്ങിയ ചിന്താഗതി മാത്രമാണ്. വിശാലമായ മനസിന്‌ ഉടമയായ സ്വപ്നങ്ങളുടെ കൂട്ടുകാരിയായ ജിലുമോൾക്കു ഇനിയും ഒരുപാട് വിജയത്തിൻറെ പടവുകൾ നേർന്നുകൊള്ളുന്നു.

ദൈവത്തിൻറെ സൃഷ്ടിയിൽ ദൈവം പ്രത്യേകം നെയ്തെടുത്ത ദൈവത്തിൻറെ സ്വന്തം ജിലുമോൾക്കു ഒരായിരം അഭിനങ്ങനങ്ങൾ! 

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.