Popular in Articles

image

Kerala piravi

വള്ളത്തോൾ നാരായണമേനോൻ പറഞ്ഞവരികൾ ഓർമ്മയിൽ ഇപ്പോഴും ഉണ്ട് - കേരളമെന്നു കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ. അതെ മലയാളിയുടെ ചോര ഇന്നും തിളച്ചുകൊണ്ടേയിരിക്കുന്നു നല്ലതിനും തീയതിനും.

 

നമ്മുടെ കേരളത്തെക്കുറിച്ചു അഭിമാനത്തോടെ പറയുവാൻ സാധിക്കുമായിരുന്നു - ദൈവത്തിന്റെ സ്വന്തം നാട് എന്ന്! എന്നാൽ ഇന്നോ ? കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നതിൽ ഒത്തിരിയേറെ കാരണങ്ങൾ ഉണ്ടായിരുന്നു. ഹരിതമനോഹരമായിരുന്നു കേരളം എങ്ങും നിറഞ്ഞു നിന്നിരുന്ന കേരവൃക്ഷങ്ങളും നെൽപ്പാടങ്ങളും കൃഷിതോപ്പുകളും ഇടതൂർന്ന കാനന ഭംഗിയും. കേരളം എന്നവാക്കുതന്നെ കേരവൃക്ഷം കൊണ്ട് നിറഞ്ഞ നാടായതുകൊണ്ടാണ്.

കേരളത്തിലെ സുഖമാർന്ന കാലാവസ്ഥ - തണുപ്പും ചൂടും സമ്മിശ്രമായ ഏറ്റവും നല്ല കാലാവസ്ഥയാണ് കേരളത്തിന്റേത്. വിവിധങ്ങളായ ഋതു ഭേദങ്ങൾ ഒരുപോലെ മാറിമറിയുന്ന മറ്റൊരു ഭൂപ്രദേശം വിരളമായിരിക്കും. വേനലും വർഷവും വസന്തവും ശരത്കാലവും ശിശിരവും ഒരുപോലെ മനോഹരമാണ്.

കേരള പർവത സാനുക്കൾ - കേരളത്തിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന കിഴക്കൻ മേഖലയിലെ പശ്ചിമഘട്ട മലനിരകൾ പലരീതിയിലും പ്രശസ്തിയാർജിച്ചവയാണ്. അത്യപൂർവ്വമായ പക്ഷികളും ഔഷധ സസ്യങ്ങൾകൊണ്ടും അനുഗ്രഹീതമാണ് ഈ പർവ്വതനിരകൾ. മഴക്കാടുകളും നിബിഢവനങ്ങളും മൊട്ടക്കുന്നുകളും പുൽമേടുകളും ഇങ്ങനെ സമ്മിശ്രവനങ്ങളുടെ കൂടിച്ചേരലാണ് കേരള പർവ്വതനിരകൾ.

കേരളത്തിന്റെ വനങ്ങളും വന്യജീവികളും - നിത്യഹരിത വനങ്ങളാണ് കേരളത്തെ കൂടുതൽ മനോഹരമാക്കുന്നത്. കണ്ടല്കാടുകളും പുൽമേടുകളും മഴക്കാടുകളും വന്യമൃഗസമ്പത്തിനെ നിലനിറുത്താൻ സാധിക്കുന്നു. വരയാടുകളും കടുവയും ആനയും മലയണ്ണാനും ഒക്കെ കേരളവനങ്ങളിൽ സ്വരവികാസം നടത്തുന്നു.

കേരളത്തിന്റെ നയനമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ - മഴക്കാടുകളും നിത്യതഹരിത വനമടക്കുകളുമടങ്ങിയ പർവ്വതശൃംഗങ്ങളിൽ നിന്നുമാണ് എല്ലാ നദികളുടെയും തുടക്കം. ഉറവകളായി രൂപംകൊള്ളുന്ന വെള്ളത്തിന്റെ ചാലുകൾ ശക്തിയാർജ്ജിച്ചു കുത്തൊഴുക്കായി പാറക്കെട്ടുകളിലൂടെ താഴേക്കുപതിക്കുമ്പോൾ നയനമനോഹരമായ വെള്ളച്ചാട്ടമായി മാറുന്നു. ചെറുതും വലുതുമായ ഇത്തരം വെള്ളച്ചാട്ടം പലപ്പോഴും അപകടകാരികളാണെങ്കിലും വിനോദസഞ്ചാരികളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ഇതുതന്നെയാണ്.

കേരളത്തിലെ പുഴകളും കായലുകളും - പുഴകളാലും കായലുകളാലും സമ്പുഷ്ടമാണ് കേരളം. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിച്ചു നീർചാലുകളായി എത്തുന്ന തോടുകൾ സംയോജിച്ചു വൻ പുഴകളായിമാറി കേരളത്തിലെ മുഴു സമതല ഭൂമിയെയും ജലാശയങ്ങൾകൊണ്ട് പൂരിതമാക്കുന്നു. സമതലങ്ങളും നീരുറവകൾ ഉള്ളതുകൊണ്ട് കുളങ്ങളാലും കായലുകളാലും സമ്പന്നമാണ് കേരളം.

കേരളം കടൽത്തീരങ്ങൾ - കേരളത്തിന്റെ പടിഞ്ഞാറേ ഭാഗം മുഴുവൻ അറബിക്കടൽ നിറഞ്ഞു കിടക്കുന്നതിനാൽ കടൽത്തീരങ്ങളാൽ  സമ്പന്നമാണ് കേരളം. കടൽത്തീരത്തിന്റെ ഒരുഭാഗം കേരവൃക്ഷത്താലും മറുഭാഗം കടലിനാലും നിറഞ്ഞുനില്കുന്നതിനാൽ നയനമനോഹരമാണ് കേരളകടൽത്തീരങ്ങൾ. കേരളത്തിന്റെ ആദ്യകാല വാണിജ്യം കടൽമാർഗം മാത്രമായിരുന്നു.

കേരളത്തിലെ മതങ്ങൾ - മതങ്ങൾ നാനാവിധമുണ്ടെങ്കിലും ഒരു  കാലഘട്ടം മുതൽ മതങ്ങൾക്കപ്പുറമുള്ള സഹോദര്യബന്ധം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പലസ്ഥലങ്ങളിലും പള്ളിയും ക്ഷേത്രവും മോസ്‌ക്കുമെല്ലാം അടുത്തടുത്ത് തമ്മിൽ പൊരുത്തപ്പെട്ടു സ്ഥിതിചെയ്യുന്നു. മതമേതായാലും കേരളജനത ദൈവീകവിശ്വാസമുള്ളവരും ഭക്തിയുള്ളവരുമാണ്.

കേരള ആഹാരം - പണ്ടുമുതലേ ഗൃഹാതുരത്വം നിറഞ്ഞതാണ് കേരളത്തിലെ സ്വാദിഷ്ടമായ ആഹാരരീതികളും വിഭവങ്ങളും. പഴങ്കഞ്ഞിയും, കപ്പയും മീനും, അപ്പവും മുട്ടക്കറിയും, പുട്ടും പയറും, പെറോട്ടയും ബീഫും, പാരമ്പര്യ സദ്യയും ഇങ്ങനെ നീളുന്നു കൊതിയൂറുന്ന വിഭവങ്ങൾ വേറെയും.

കേരള ആയുർവ്വേദം - മനുഷ്യന്റെ ശരീരം നിമ്മിച്ചിരിക്കുന്നതു മണ്ണിൽനിന്നുള്ള മൂലകങ്ങൾ കൊണ്ടായതുകൊണ്ടു ആരോഗ്യം നിലനിര്ത്താനും ശരീരത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും മണ്ണിൽവളരുന്ന സസ്യങ്ങൾതന്നെ വേണം. കേരളത്തിലെ ആചാര്യന്മാർ പണ്ടുമുതലേ ഇതുമനസിലാക്കി ചികിത്സക്കായി പ്രകൃതിയിലേക്കുതന്നെ ആശ്രയം വയ്ക്കുകയും ആയുവേദ ചികിത്സാരീതികൾ വികസിപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കും ഉത്തരം പ്രകൃതിയിൽത്തന്നെ ഉണ്ട് എന്നത് കേരള  ആയുർവ്വേദം തെളിയിച്ചു.

കേരളീയ കുടുംബം - ഒരു സമയംവരെ കേരളകൂട്ടുകുടുംബം ലോകത്തിന്റെമുന്നിൽ മാതൃകയായിരുന്നു. ഉല്ലാസവും ആഘോഷങ്ങളുമായി തറവാട്ടിൽ എല്ലാരും ഒത്തൊരുമയോടെ വസിച്ചിരുന്നു. കുടുംബത്തിനാവശ്യമായതെല്ലാം തറവാടിനുചുറ്റും കൃഷിചെയ്തിരുന്നു ഒപ്പം മൃഗസമ്പത്തും പക്ഷിസമ്പത്തും നിറഞ്ഞതായിരുന്നു. പരസ്പരസ്‌നേഹവും ബഹുമാനവും നിറഞ്ഞ കുടുംബങ്ങൾ മറ്റുള്ളവരുടെമുന്നിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹപ്പകർച്ച നൽകിയിരുന്നു.

ഈ പറഞ്ഞ കേരളത്തിന്റെ മാത്രം ദൈവീകാനുഗ്രഹങ്ങൾക്കു പലയിടത്തും ഇന്ന് വിള്ളലുകൾ വീണുതുടങ്ങി. കേരളീയ പ്രകൃതിസമ്പന്നതയെ ചൂഷണം ചെയ്തു വികൃതമാക്കുന്ന പാശ്ചാത്യ സംസ്‌ക്കാരവും ആഡംബരങ്ങളും കെട്ടിടസമുച്ചയങ്ങളുടെ നിർമ്മാണവും കടന്നുകയറാൻ തുടങ്ങിയതോടെ പ്രകൃതിയും തിരികെ പ്രതികരിച്ചു തുടങ്ങി. അശാസ്ത്രീയമായ നിർമ്മാണവും കണ്ടല്കാടുകളും പാടശേഖരങ്ങളും നികത്തി എങ്ങനെയും കാശുണ്ടാക്കണം എന്ന സങ്കുചിതമനോഭാവവും കേരളത്തിന്റെ തനതായ പ്രകൃതിസംരക്ഷണത്തിനു ഭീക്ഷണിയായി മാറിക്കഴിഞ്ഞു. അടുത്തതലമുറക്ക് കേരളത്തിന്റെ മനോഹാരിത അല്പമെങ്കിലും നിലനിറുത്തികൊടുക്കാവാൻ ഇനിയെങ്കിലും നമ്മുടെ ചിന്തയും പ്രവർത്തിയും മാറേണ്ടിയിരിക്കുന്നു.


മനോജ് കെ ജി
Founder & CEO