Popular in Articles

image

covid-19 virus

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാർച്ച് 31 വരെ പഠന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒഴികെ മറ്റെല്ലാ വിദ്യാർഥികളും നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. സർക്കാരിനൊപ്പം ജനങ്ങളും വിവിധ വകുപ്പുകളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. എല്ലാ ബഹുജന സംഘടനകളും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ശക്തമായ ഇടപെടൽ തുടരും. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ മാർച്ച് മാസം പൂർണമായും അടച്ചിടും.

എട്ട്, ഒമ്പത് ക്ലാസുകളിൽ പരീക്ഷ നടക്കും. ഇപ്പോൾ എസ്.എസ്.എൽ.സി. പരീക്ഷക്കയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജാഗ്രതയോടെയാവും ഈ പരീക്ഷകളും നടത്തുക. എന്നാൽ എട്ട്, ഒമ്പത് ക്ലാസുകൾ ഈ മാസം ഇനി സ്കൂളിൽ പ്രവർത്തിക്കില്ല. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാവർക്കും ഇതു ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള കേളേജുകൾക്ക് മാർച്ച് മാസം അടച്ചിടേണ്ടതായിട്ടുണ്ട്.

എസ്.എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും. പരീക്ഷകൾ എഴുതുന്നവരിൽ നിരീക്ഷണത്തിൽ ഉള്ളവരുണ്ടെങ്കിൽ അവർക്ക് പ്രത്യേക മുറിയിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അവർക്ക് സേ പരീക്ഷയെഴുതാനേ സാധിക്കു.

ഇതോടൊപ്പം ഈ മാസം സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണം. മദ്രസകൾ, അംഗൻവാടികൾ, ട്യൂട്ടോറിയലുകൾ തുടങ്ങിയവ മാർച്ച് 31 വരെ അടച്ചിടണം. അഗൻവാടികളിൽ പോകുന്ന കുട്ടികൾക്ക് അവിടെനിന്ന് നൽകുന്ന ഭക്ഷണം വീടുകളിലെത്തിച്ച് നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷ ഒഴികെ മറ്റ് പഠന പ്രവർത്തനങ്ങൾ മാർച്ച് 31 വരെ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ധാരാളം ഉത്സവങ്ങളുടെ കാലമാണ്. ഈയൊരു സാഹചര്യത്തിൽ ജനങ്ങൾ ഒത്തുചേരുന്നത് ദോഷകരമാണ്. രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ഇത്തരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം. സിനിമാ തീയേറ്ററുകൾ അടച്ചിടണം, വിവാഹം മാറ്റിവെക്കാൻ സാധിച്ചില്ലെങ്കിൽ വലിയ ആളുകൾ കൂടാത്ത തരത്തിൽ ചടങ്ങുകളായി മാത്രം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം. ശബരിമലയിൽ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാൽ ദർശനത്തിന് ഈ ഘട്ടത്തിൽ ആളുകൾ പോകാതിരിക്കണം. സ്കൂളുകളിൽ വാർഷികങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. സർക്കാർ ഓഫീസുകളിൽ രോഗ പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി സാനിറ്റൈസർ ഉപയോഗിക്കുന്ന ശീലം ഉണ്ടാകണം.

സർക്കാരിന്റെ പൊതുപരിപാടികൾ ഈ മാസം ഉണ്ടാകില്ല. എല്ലാം റദ്ദാക്കുകയാണ്. ഇറ്റലി, ഇറാൻ, ചൈന, സൗത്ത് കൊറിയ, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ മുൻകരുതൽ എടുക്കണം. അത്തരക്കാർ വീടുകളിലോ ഹോട്ടലുകളിലോ മറ്റാളുകളെ സ്വീകരിക്കുകയോ സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. വിദേശ പൗരന്മാർ സ്റ്റേറ്റ് സെല്ലിനെ വിവരം അറിയിക്കണം. വിവരങ്ങൾ മറച്ചുവെക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.