Editorial Posts

image

Karkidaka Kanji is a Medicinal Food

കേരളത്തിന്‍െറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യത്തിനു പ്രാധാന്യം നല്‍കുന്ന നമ്മുടെ ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യഅടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. 

ഈ കോവിഡ് കാലം - സ്ഥിരമായ കാലാവസ്ഥ വ്യതിയാനമുണ്ടാകുന്ന കാലഘട്ടമായതിനാൽ ഈ കർക്കിടക മാസത്തിൽ ശക്തമായ കാലാവസ്ഥ വ്യതിയാനം ഭൂമിയിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടുന്ന കാലഘട്ടമാണ്. 

ആയുർവേദം ഇതിനെ ആദാനകാലമെന്ന്‌ വിശേഷിപ്പിക്കുന്നു. ഈ ഘട്ടത്തിൽ അവരവരുടെ ആരോഗ്യത്തിനും രോഗത്തിനും അനുസരിച്ചുളള ഔഷധങ്ങൾ ഉപയോഗിച്ചുളള പ്രകൃതി ചികിത്സ നേടുക ഏറെ അനിവാര്യമാണ്.

ഈ സമയം ഔഷധങ്ങൾ കഞ്ഞിരൂപത്തിലോ കഷായരൂപത്തിലോ രോഗിയുടെ അവസ്ഥക്കനുസരിച്ച്‌ തെരഞ്ഞെടുക്കുക. മറ്റ്‌ രോഗങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തിക്ക്‌ കർക്കിടകമാസത്തിലെ ചികിത്സകൊണ്ട്‌ നല്ല ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കാൻ സാധിക്കും. ഇത് ഇപ്പോഴുള്ള കോവിഡ് കാലഘട്ടത്തിൽ രോഗപ്രതിരോധം വർധിപ്പിക്കാനും ഏറെ സഹായകമാകും.

അസുഖങ്ങൾ ഉളളവർക്ക്‌ കർക്കിടക മാസത്തിനുശേഷവും ചിലപ്പോൾ ചികിത്സ തുടരേണ്ടിവരും. അടിസ്ഥാന രോഗവും ആരോഗ്യക്കുറവു മുളളവരിൽ കർക്കിടക മാസത്തിൽ ആരോഗ്യവും പ്രതിരോധവും കൂടുതൽ നഷ്ടപ്പെടുന്നതുകൊണ്ടാണ്‌ കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്‌. അതിനാലാണ്‌ കർക്കിടകം കണക്കെടുപ്പ് മാസമെന്ന്‌ കേരളീയർ വിശേഷിപ്പിക്കുന്നത്‌. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മരണനിരക്ക് കുറക്കാൻ കർക്കിടക ആയുർവേദ ചികിത്സകൾ ഏറെ പ്രയോജനകരമാകും.

രോഗംമൂലവും മറ്റു പലകാരണങ്ങൾകൊണ്ടും ഏത്‌ വ്യക്തിക്കും എപ്പോൾ വേണമെങ്കിലും ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടാം. അത്‌ വീണ്ടെടുക്കാൻ ഏത്‌ മാസത്തിലായാലും ചികിത്സ അനിവാര്യമാണ്‌. സ്ഥായിയായ രോഗമുളളവർ കർക്കിടകമാസത്തിന്‌ മുമ്പുളള മാസങ്ങളിൽ ചികിത്സ തേടിയാൽ കർക്കിടകമാസത്തിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ കർക്കിടകമാസത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ലെന്നും വരാം.

ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾതന്നെ കാലത്തിനും അവസ്ഥയ്ക്കും അനുസരിച്ച്‌ ചികിത്സ തേടിയാൽ എല്ലാ മനുഷ്യർക്കും കർക്കിടക മാസത്തിലെപോലെ മറ്റ്‌ എല്ലാ കാലാവസ്ഥ വ്യതിയാനത്തിലും ഉണ്ടാകുന്ന അനാരോഗ്യ അവസ്ഥ പൂർണമായും ഇല്ലാതാക്കാം.

അതിലൂടെ ആരോഗ്യവും പ്രതിരോധവും വീണ്ടെടുത്ത്‌ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയും.
 

image

Difference Between a Treatment and a Cure

ഓഷോയുടെ ശ്രദ്ധേയമായി തോന്നിയ ഒരു കഥയുണ്ട്.

ഒരാൾക്ക് ഒരു വയറു വേദന വരുന്നു, അയാൾ ഒരു സർജനെ കാണുന്നു. മരുന്നുകൾ ഫലിക്കാത്തതു കൊണ്ട്, അയാൾക്ക് ചെറിയ ഒരു സർജറിക്ക് വിധേയനാവേണ്ടി വരുന്നു. എന്നിട്ടും വേദന മാറാത്തതു കൊണ്ട് അയാൾക്ക് മറ്റൊരു ഡോക്ടറെ കാണേണ്ടി വരുകയാണ്. 

ചുരുങ്ങിയ കാലത്തിനുള്ളിൽ കുറേ മരുന്നുകളും പല തരം സർജറിയും ചെയ്തിട്ടും അയാൾക്ക് അസുഖം മാറിയില്ല. പിന്നീട്, കുറേ നാളുകൾക്ക് ശേഷം ഒരു തെരുവിൽ വച്ച് അയാളെ ആദ്യം സർജറി ചെയ്ത ഡോക്ടർ കാണുകയാണ്. 

"അല്ല താങ്കളുടെ അസുഖമൊക്കെ മാറിയോ..?"

" ഓ.. മാറി.."

"അതെങ്ങനെ മാറി.. പലരും ചികിത്സിച്ച് പരാജയപ്പെട്ടതാണല്ലോ.."

"ഒടുവിൽ ഞാൻ എൻ്റെ ആഹാര രീതിയൊക്കെ മാറ്റി.. ഒരിത്തിരി ക്രമീകരണം വരുത്തി... അതോടെ അസുഖം മാറി.."

യാഥാർത്ഥ്യം ഈ കഥ പോലെയാണ്. നിസാരമായ കാര്യങ്ങളെ പോലും ബുദ്ധിജീവികളും ഡോക്ടർമാരും വളരെ വലുതാക്കാറുണ്ട്..! 

സ്വാനുഭവങ്ങളും ഒരർത്ഥത്തിൽ അങ്ങിനെ തന്നെയായിരുന്നു. വൈദ്യ പുസ്തകത്തിൽ പഠിച്ച അറിവുകളൊക്കെ ചികിത്സിക്കാൻ ധാരാളമാണ് എന്ന് തെറ്റിദ്ധരിച്ച നാളുകൾ എനിക്കും ഉണ്ടായിട്ടുണ്ട്.

ചികിത്സ ചെയ്ത് തുടങ്ങിയ നാളുകളിലാണ് മുന്നിലിരിക്കുന്ന സംഭവ ബഹുലമായ രോഗിയേയും ജീവിതത്തേയും പഠിച്ചു വച്ച അറിവുകൾ കൊണ്ടു മാത്രം തൊട്ടെടുക്കാനാവില്ല എന്ന് മനസിലായി തുടങ്ങിയത്..!

കയ്യിലുള്ള അറിവുകൾ പലപ്പോഴും ഭൂത കണ്ണാടിയെ പോലെയാണ് പ്രവർത്തിച്ചത്. അറിവുകളുടെ സാങ്കേതികത യിലൂടെയും സിദ്ധാന്ത വടിവുകളിലൂടെയും മാത്രം രോഗത്തെ നോക്കുമ്പോൾ, ചെറിയ പ്രശ്നങ്ങൾ പോലും സങ്കീർണ്ണമായിത്തീരും എന്നറിഞ്ഞത് അന്ന് മുതൽക്കാണ്..!

കാലം കഴിയവേ, വൈദ്യ പുസ്തകത്തിൽ നിന്നും പഠിച്ചു വച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ, മുന്നിലിരിക്കുന്ന രോഗിയിൽ നിന്നും മനസിലാക്കാൻ കഴിയും എന്ന ബോധ്യം വന്നതോടെയാണ് സമീപനത്തിൽ മാറ്റം വരുത്തി തുടങ്ങിയത്.

ഏത് വലിയ രോഗത്തെയും, അറിവുകളുടെ വലിയ മുൻ വിധികളിലൂടെ നോക്കിക്കാണുന്നത് പതിയെ നിർത്തിത്തുടങ്ങി. ചെറിയ കാരണങ്ങൾക്കും വലിയ രോഗത്തിലേക്ക് നയിക്കാൻ കഴിയും എന്ന് തിരിച്ചറിവുണ്ടായി.

മരുന്നിനൊപ്പം ആഹാരത്തേയും ജീവിത ശൈലിയേയും തിരുത്തിക്കൊണ്ടേ ആരോഗ്യ ജീവിതത്തെ പറ്റി പറയാനാകൂ എന്ന ബോധ്യം വന്നത് അങ്ങനെയാണ്.

വിദഗ്ദ്ധ ചികിത്സകളെല്ലാം ചെയ്തിട്ടും മരുന്ന് നിർത്തുമ്പോൾ, വീണ്ടും അസുഖം മൂർഛിക്കുന്ന ഒരാളെ ഓർക്കുകയാണ്. പതിവായി കഴിക്കാറുള്ള മുതിരയായിരുന്നു വില്ലൻ..!

ഉഷ്ണ ഗുണവും അമ്ള പിത്ത വർദ്ധനവുമായ (Hyper acidity) മുതിര നിർത്തി ആയുർവേദം കഴിച്ചതോടെ, അയാളുടെ രോഗവും മാറി..!

എണ്ണകളും സമയം തെറ്റിയ ആഹാരവും മനശ്ചാഞ്ചല്യങ്ങളുമൊക്കെ, രോഗകാരണങ്ങളിൽ പ്രധാനമുകുന്നത് ഇങ്ങനെയൊക്കെയാണ്..!

എങ്ങനെ ഒക്കെ ആയാലും, എല്ലാ രോഗവും ചികിത്സിച്ച് മാറ്റാൻ ഒരു വൈദ്യനും ആവില്ല എന്നതാണ് ആത്യന്തികമായ സത്യം..!

സൂക്ഷ്മമായി നോക്കുമ്പോൾ, അജ്ഞാതമായ ഒട്ടേറെ കാര്യ കാരണങ്ങളുടെ സമീകരണത്തിൽ മാത്രം സാദ്ധ്യമാകുന്ന  എന്തോ ഒന്ന് ചികിത്സ എന്ന മുഴുവൻ പ്രക്രിയയിലും ഉണ്ട്..!

സ്വന്തം കാര്യത്തിലേക്ക് വന്നാൽ, രോഗ ശമനമുണ്ടായ ചികിത്സ അനുഭവങ്ങൾ ഏറെ പങ്ക് വച്ചിട്ടുണ്ടെങ്കിലും, ചികിത്സിച്ച് മാറാത്ത അനുഭവങ്ങളും ഉണ്ടായിട്ടുള്ളതും ഒരു പക്ഷേ,  ഇതേ അജ്ഞ്ഞേയത കൊണ്ടു തന്നെയാവാം...!

എന്തായാലും, ചികിത്സയെ ഒരു നിയോഗമായി കാണാനാണ് ഇഷ്ടം..!

മാറേണ്ട രോഗങ്ങൾ മാത്രമേ, ആത്യന്തികമായി ഒരു വൈദ്യൻ നിമിത്തം മാറുകയുള്ളൂ... അങ്ങനെ നോക്കുമ്പോൾ, ഏതോ കർമ്മ ബന്ധത്തിൻ്റെ നൊടി നേരത്തെ പരിചയമാവാം ഓരോ ഡോക്ടറും രോഗിയും എന്നാണ് തോന്നാറുള്ളത്..!

ഒരു വൈദ്യ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാനാവാത്ത വിധം, അതിൻ്റെ ഇഴയടുപ്പങ്ങൾ അത്രയേറെ ഗൂഢമാകാതെയും വയ്യല്ലോ..!

image

Happy New Year 2021

ജീവിച്ചിരിക്കുക, എന്നതിനോളം പ്രധാനമായി മറ്റൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞ വർഷമാണ് പടിയിറങ്ങുന്നത്..!

ജീവൻ്റെ കൊഴിച്ചിലും പിടച്ചിലും, മനുഷ്യനെ നിസ്സാരമാക്കിയ വർഷം..!

എങ്ങനെയൊക്കെ ആയാലും, 2020 ലെ അവസാന ദിനത്തിലിരുന്ന് കൊറോണക്കെടുതികളെ 
പോസ്റ്റ് മോർട്ടം ചെയ്യുന്നതിനേക്കാൾ നല്ലത് അതുണ്ടാക്കിയ ചില തിരിച്ചറിവുകളെ കൂടെ കൂട്ടുന്നതാണ് എന്നു തോനുന്നു...

നല്ല വർഷം, ചീത്ത വർഷം എന്നൊന്നും പറയാനാവാത്ത വിധം ജീവിതം ആപേക്ഷികം മാത്രമാണ് എന്നു തിരിച്ചറിഞ്ഞു തുടങ്ങുകയാണ്..!

അങ്ങനെ നോക്കുമ്പോൾ, കൊറോണക്കാലത്തെ കെടുതികൾക്കിടയിലും സന്തോഷിക്കാനും ആശ്വസിക്കാനുമായി കുറേ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്... വ്യക്തി പരമായും അല്ലാതെയും...

എല്ലാ പ്രതികൂല ഘടകങ്ങളേയും മറി കടന്ന്, വലിയ പദ്ധതികളും പ്രവർത്തന രേഖകളും Resolution നും ഒന്നുമില്ലാതെ ഒഴുകന്നതാണിപ്പോൾ ജീവിതം..

അല്ലെങ്കിൽ തന്നെ, നമ്മുടെ കയ്യിലില്ലാത്ത ഭാവിയെ കുറിച്ച്, ആർക്ക് എന്ത് Resolution എടുക്കാനാണ്..?
ഓഷോയുടെ രസകരമായ ചില വരികൾ ഓർമ്മ വരുന്നു...

I resolve, never to make resolutions because all resolutions are the restrictions for the future.. you decide today for
tomorrow..?

ഭൂതകാലത്തിൽ, അനാവശ്യമായി അള്ളിപ്പിടിക്കാതെ, ഭാവിയെ കുറിച്ചുള്ള അമിത പ്രതീക്ഷകളില്ലാതെ, 
ഈ നിമിഷത്തെ മനോഹരമായി അനുഭവിക്കുക മാത്രമായിരിക്കണം സാദ്ധ്യമായ ഏക വഴി...

എന്തായാലും സമയമാപിനികളിൽ പുതിയ കാലം മെല്ലെ സ്പന്ദിച്ചു തുടങ്ങുകയാണ്... ഔപചാരികതകൾ
ഇല്ലാതെ എല്ലാവർക്കും നല്ല ഒരു പുതു വർഷം നേരുന്നു...

എല്ലാം ശുഭമായി വരട്ടെ

image

Knowledge is Good

അറിവ് നല്ലതാണു, അറിവിനേക്കാളേറെയെ അറിവിനൊത്തൊരു പ്രായോഗിക ജീവിതമാണ് കൂടുതൽ പ്രാധാന്യം.

നാം അറിവ് സമ്പാദിക്കുന്നത് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്. കണ്ടും കേട്ടും വായിച്ചും തൊട്ടും രുചിച്ചും മണത്തും ഒക്കെ!

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ എല്ലാം ഇത്തരത്തിൽ ഇന്ദ്രീയങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്.
അതുകൊണ്ടുതന്നെ ഒരു പുരുഷായുസുകൊണ്ടു നേടിയെടുക്കാവുന്ന അറിവിന് പരിധിയുണ്ട്. മാത്രവുമല്ല രണ്ടോമൂന്നോ മേഖലയിൽ മാത്രമേ അത്തരത്തിൽ ആർജിച്ചെടുത്ത അറിവുകൊണ്ടു കഴിവുള്ളവനാകാൻ സാധിക്കുകയുള്ളൂ 

പഞ്ചേന്ദ്രിയങ്ങളിലൂടെ നേടിയെടുത്ത അറിവുകൾ പലപ്പോഴും പരിമിതമാണെന്ന സത്യം മറന്നുപോകരുത്. നേടിയെടുത്ത അറിവുകൾ അപൂർണ്ണമാണെന്നും ഓർക്കാതെ പോകരുത്.

എന്നാൽ പഞ്ചേന്ദ്രിയങ്ങളിലൂടെയല്ലാതെ മനുഷ്യൻറെ ആത്മേദ്രിയങ്ങളിലൂടെ ആർജ്ജിച്ചെടുക്കാൻ കഴിയുന്ന അറിവിന് പരിധിയില്ല. ഒരേ സമയം വിവിധ മേഖലകളെ കുറിച്ചുള്ള സമ്പൂർണ്ണമായ അറിവ് കാലദൈർഖ്യം ഇല്ലാതെ ആർജിക്കാനാകും.

വേദങ്ങളെല്ലാം ഇതിനെക്കുറിച്ചു ആധികാരികമായി പരാമർശിക്കുന്നു എങ്കിലും ആധുനിക ചര്യകളിലൂടെ മുന്നോട്ടുപോകുന്നവർ അതിനെക്കുറിച്ച് അജ്ഞരാണ്. 

ഒരു ഉദാഹരണം, വാച്ചും കലണ്ടറും ആധുനിക സയൻസും ഇല്ലാതെ പഴമക്കാർ സമയം കാലം കാലാവസ്ഥ എന്നിവയെകുറിച്ചു ഇന്നത്തേക്കാളേറെ കൃത്യതയോടെ അറിവുള്ളവരായിരുന്നു.

നാം ഇന്ത്യക്കാരാണേലും, ധ്യാനത്തിലൂടെയും ആത്മേന്ദ്രിയങ്ങളിലൂടെയും നേടിയെടുത്ത ഇന്ത്യയുടെ ഇതുപോലെയുള്ള തനതായ ഒട്ടനവധി പൈതൃകം നഷ്ടപെടുത്തിയാണ് ഇന്ന് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു എന്ന സത്യം മറന്നുകൂടാ!

image

Different Faces of Charity

"ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ". Charity യുടെ പേരിൽ ഈ അടുത്തയിടെ ഉണ്ടായ കോലാഹലങ്ങൾ കാണുമ്പോൾ ഈ ബൈബിൾ വാചകം ഓർമ്മ വന്നു പോയതാണ്. 

പ്രിയ നന്മമരങ്ങളേ, നിങ്ങൾ ഒരു കാര്യം ഓർക്കണം. കുറെയധികം പേരെ നിങ്ങൾപ്പോലുമറിയാതെ തന്നെ
നിങ്ങൾ ദ്രോഹിക്കുന്നുണ്ട്. 

ശരിക്കും സഹായം ആവശ്യമുള്ള ഒത്തിരിപ്പേർ ഈ സമൂഹത്തിലുണ്ട്. പ്രത്യേകിച്ചും ഈ ദുരിതകാലത്ത്.

ആളുകൾക്ക് പക്ഷേ ഇന്നു സംശയമാണ്. യഥാർത്ഥ ആവശ്യക്കാർക്കുപോലും സഹായം കിട്ടാത്ത അവസ്ഥയാണ് നിങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 

തട്ടിപ്പിന് മറ്റു രൂപങ്ങളും ധാരാളമുണ്ട്.കാലാവസ്ഥ അനുസരിച്ച് ഭക്തിയുടെ ഭാവം മാറ്റുന്ന ഒരു ചേട്ടനെ അറിയാം. ക്രിസ്ത്യൻ വീടുകളിൽച്ചെന്നാൽ വേളാങ്കണ്ണിക്ക് പോകാനാണ് പിരിക്കുന്നതെന്നു പറയും. ഹിന്ദു വീടുകളിൽച്ചെന്നാൽ പളനിക്കു പോകാനാണെന്നു പറയും.

വിശ്വാസത്തിൻറെ പ്രശ്നമല്ലേ, കൈവിടാൻ പറ്റില്ലല്ലോ എന്നു കരുതി സഹായിക്കുന്നവരാണ് അധികവും. 


എല്ലാവരും തട്ടിപ്പുകാരൊന്നുമല്ലല്ലോ അർഹതയുള്ളവർക്കു സഹായം നിഷേധിക്കേണ്ട കാര്യവുമില്ലല്ലോ എന്നു കരുതി സഹായിക്കുന്നവരുമുണ്ട്. 

ചികിത്സാ സഹായം ആവശ്യപ്പെട്ട് വീട്ടിൽ എത്തുന്നവരെ സഹായിക്കാൻ പറ്റുന്ന മറ്റു പല രീതികളുമുണ്ട്.

ചികിത്സിക്കുന്ന ഡോക്ടറുടെ ഒരു സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെടുക. ആ അസുഖത്തിന് ഇതിലും ചെലവു കുറഞ്ഞ ചികിത്സ മറ്റെവിടെയെങ്കിലും കിട്ടുമോയെന്ന് അന്വേഷിച്ച് കണ്ടെത്തുക.

പറ്റുമെങ്കിൽ ബില്ലിൽ ഇളവു ചെയ്യാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുക. സഹായിക്കാൻ ആഗ്രഹിക്കുന്ന തുക നേരിട്ട് ആശുപത്രിയിൽത്തന്നെ കൊടുക്കുക. അങ്ങനെ എന്തെല്ലാം മാർഗങ്ങൾ... 

മറ്റു സാമ്പത്തിക സഹായങ്ങൾ യഥാർത്ഥത്തിൽ ആവശ്യമുള്ളവരെയും നമുക്ക് ഇതുപോലുള്ള രീതികളിൽക്കൂടി കണ്ടെത്താനാകും. 

ചിലപ്പോൾ അർഹതയുള്ളവർക്ക് സഹായം കിട്ടാൻ നമ്മുടെ ഒരു വാക്കുതന്നെ ധാരാളമായിരിക്കും. പറഞ്ഞു വന്നത് ദാരിദ്ര്യത്തേക്കാൾ ഭീകരമാണ് ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും combination. ഒപ്പം ദുരഭിമാനം
കൂടിച്ചേർന്നാൽ അതിഭീകരമാകും അവസ്ഥ. അജ്ഞതകൊണ്ടും ദുരഭിമാനം കൊണ്ടുമുണ്ടാകുന്ന പാഴ്ച്ചിലവുകൾ കുറക്കാൻ സഹായിക്കലും ഒരു സഹായം തന്നെയാണ്. 

ഇത് വറുതിയുടെ കാലമാണ്. ഈ നന്മ മരങ്ങൾ നമ്മിലുണ്ടാക്കിയ അവിശ്വാസം അർഹതയുള്ളവർക്കു  സഹായമെത്തുന്നതിന് തടസ്സമാകാതെയിരിക്കട്ടെ.

image

See now you are left only with happiness

പൊതുവേ, എല്ലാ മനുഷ്യ ബന്ധങ്ങളും സ്വഭാവേന ഹിംസാത്മകമാണ്.

ഉടമസ്ഥതാ ബോധം ഇല്ലാത്ത ബന്ധങ്ങളില്ല. വീട്ടിലോ ജോലി സ്ഥലത്തോ തരം കിട്ടുമ്പോൾ, മറ്റിടങ്ങളിലോ ഈ ഉടമ ബോധം പുലർത്തുന്നവരാണ് കൂടുതലും...

ഈ ഉടമസ്ഥതയും ആധിപത്യമനസും ഒരേ ഹിംസയുടെ ഇരുഭാവങ്ങൾ മാത്രമാണ്.

"ചേട്ടന് ദേഷ്യം നിയന്ത്രിക്കാൻ വയ്യ. ചെലപ്പോ കൈയ്യിൽ എന്തെങ്കിലും കിട്ടിയാൽ അത് കൊണ്ട് എറിയും.
എന്ത് ചെയ്തിട്ടാണ് ഇതൊന്ന് മാറ്റാൻ പറ്റുക"

പലയിടത്തു നിന്നും സ്ഥിരം കേൾക്കുന്ന പരാതികളാണിവയൊക്കെ. തന്നോടു തന്നെ ശാന്തതയിലും സ്നേഹത്തിലും  ഉൾച്ചേർന്നിരിക്കാത്തത് കൊണ്ടാണ് മറ്റുള്ളവരോടും കോപിക്കേണ്ടി വരുന്നത്..

ധ്യാനമാണ് വഴി...

കഷ്ടപ്പെട്ട് മസിലു പിടിച്ച് ഗൗരവത്തോടെ ചെയ്യേണ്ട ഒന്നല്ല അത്. തന്നോടു തന്നെ രമ്യതയിലെത്തിക്കുന്ന മനോഹരമായ ഒരു കലയാണത്...

ധ്യാനം ശീലമാവുകയും മനോനിറവോടെ വർത്തമാനത്തിൽ ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെ,
നമ്മുടെ ആന്തരിക പ്രകൃതിയിലും മാറ്റങ്ങൾ കാണാൻ തുടങ്ങും.

നമ്മൾ ആരുടേയും അധിപനോ ഉടമയോ ചമയുന്നത് കുറഞ്ഞു വരും...

നമ്മൾ നമ്മുടെ മാത്രം അധിപനായ് തീരുന്ന കലയാണത്...

വ്യക്തി ബന്ധങ്ങളിലെ ഹിംസാത്മകതയും കോപവും, ഉപാധികൾ ഇല്ലാത്ത ഒരു സ്നേഹ ഭാവത്തിനു വഴിമാറുന്ന മന്ത്രികത...

അടിച്ചേൽപ്പിക്കപ്പെട്ട ഒരു സദാചാര ബോധവും അഹിംസയും ഉണ്ടാക്കുന്ന നന്മ വഴിയിൽ നിന്നും വ്യത്യസ്തമായി, ധ്യാനം നമ്മളെ ആന്തരിക സ്വസ്ഥതയിലേക്കാണ്  നയിക്കുക...

ഉപാധികൾ ഇല്ലാത്ത സ്നേഹവും അനുകമ്പയും വിടരാൻ വഴികൾ മറ്റേതും തന്നെ ഇല്ല...

A man asked budha -
I want happiness

Budha Said..
First remove I, that is ego.
Then remove want, that is desire.
See now you are left only with happiness...

ധ്യാനത്തിൻ്റെ ആത്യന്തികമായ ഒരേ ഒരു ലക്ഷ്യം ഇത് മാത്രമാണ്.

image

Selfless Concern for the Well-being of others

സ്വാർത്ഥതയുടെ ഗന്ധമുള്ള Altruism ?

"എല്ലാ ചാരിറ്റിയ്ക്കും സ്വാർത്ഥതയുടെ ഗന്ധമുണ്ട്. നിസ്വാർത്ഥത altruism ആണ്. അങ്ങിനെ ഒന്നില്ലായെന്ന് തത്വചിന്തയിലും ശാസ്ത്രത്തിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്"

എന്റെ ഒരു പോസ്റ്റിനോടനുബന്ധിച്ച് വന്ന കമന്റ് ആണിത്. ആ comment ഞാൻ delete ചെയ്യുന്നു. കാരണം, അതെഴുതിയ ആളോടല്ല, ആ ആശയത്തോടാണ് എനിക്ക്  പ്രതികരിക്കാനുള്ളത്.

Altruism എന്ന വാക്കിന്റെ അർത്ഥം, Oxford dictionary പ്രകാരം ഇങ്ങനെയാണ്. 
'​The fact of caring about the needs and happiness of other people and being willing to do things to help them, even if it brings no advantage to yourself.

Altruism എന്ന പദം  Psychological aspect-ൽ പറയാൻ തുടങ്ങിയാൽ Defensive Altruism,  മുതൽ Pathological Altruism വരെ നീളുന്ന ഒരു spectrum തന്നെ പറയേണ്ടി വരും. തത്കാലം അതിന് മുതിരുന്നില്ല. പശ്ചാത്തലമായി പറഞ്ഞുവെന്ന് മാത്രം.

ഇനി ഈ comment ലേക്ക് മടങ്ങിവരട്ടെ...

selfless act എന്നൊന്നില്ലെന്ന് ഏതു തത്വശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്യാൻ സാധിക്കുന്നവരുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.

പക്ഷേ സാധാരണയുള്ള നമ്മുടെ സത്പ്രവർത്തികൾക്ക് ഇദ്ദേഹം പറഞ്ഞതുപോലെ ഒരു സ്വാർത്ഥതയുടെ ഗന്ധമുണ്ട്. 

ഒന്നു സ്വസ്ഥമായി ഉറങ്ങാൻ... 
കഴിക്കുന്ന ഭക്ഷണം ആസ്വദിച്ചു തന്നെ കഴിക്കാൻ...
ജീവിതത്തിന്റെ നിറങ്ങൾ ആസ്വദിക്കാൻ...

മറ്റൊരാളുടെ ദുരിതത്തിന്റെ നേർക്കാഴ്ച നമുക്കു തടസമാകുന്നെങ്കിൽ, അവരുടെ ദുരിതം പരിഹരിക്കാൻ നമ്മൾ ശ്രമിക്കുക തന്നെ ചെയ്യും. 

ഇദ്ദേഹം പറഞ്ഞ സ്വാർത്ഥതയുടെ പരിധിയിൽ ഒരുപക്ഷേ  ഇതുമുണ്ടാകുമായിരിക്കാം.

പക്ഷേ ഒരു സത്യം പറയട്ടെ. ഈയൊരു സ്വാർത്ഥത എനിക്ക് പെരുത്തിഷ്ടമാണ്. 

ഒന്നുമല്ലെങ്കിലും മനുഷ്യർക്ക് ഉപകാരമുള്ള കാര്യമല്ലേ?

image

The Art of Breaking Bad News

എത്ര അടച്ചു വെക്കാൻ ശ്രമിച്ചാലും നമ്മൾ ചെയ്ത ചില കുറ്റകൃത്യങ്ങൾ ഇടക്കിടെ കുടം തുറന്നു പുറത്തേക്കു വരാൻ ശ്രമിക്കും.

അങ്ങനെ ഇടക്കിടെ പൊങ്ങി വരാറുള്ള,  കുറ്റകൃത്യങ്ങളിലൊന്ന് ഇവിടെ പറയാം.

ഇതു വലിയ തെറ്റായിപ്പോയെന്ന് നിങ്ങൾക്ക്  ഒരു പക്ഷേ തോന്നണമെന്നില്ല. പക്ഷേ, ഒരു കുറ്റകൃത്യത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് കുറ്റം ചെയ്ത സാഹചര്യം, അത് ആരോട് ചെയ്തു, എന്തിന് ചെയ്തു, ആരു ചെയ്തു തുടങ്ങിയ കാര്യങ്ങളാണെന്നാണ് എന്റെ പക്ഷം. അതാണിവിടെ പ്രശ്നമായതും.

MBBS കഴിഞ്ഞ് അധികം നാളായിട്ടില്ല. അന്നൊക്കെ ഏറ്റവും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത് കാഷ്വാൽറ്റി ഡ്യൂട്ടി ഉള്ള ദിവസങ്ങളിലാണ്. രാത്രിയിൽ രോഗികളൊന്നും വരരുതേ എന്നുള്ള ആ പ്രാർത്ഥന ഏതു ദൈവങ്ങളും കേട്ടു പോകും. (അത്  തുടക്കകാലഘട്ടത്തിലെ ഒരു പ്രത്യേകതയാണ്. പിന്നീട് ഏതു പാതിരാത്രിയിലും രോഗിയെ നോക്കാൻ പാകത്തിന് നമ്മളുടെ മനസും പാകപ്പെടുമെന്നാണ് അനുഭവം)

ഏതായാലും ആ പ്രാർത്ഥന മിക്കവാറും ദിവസങ്ങളിൽ ഏക്കാറില്ല. അങ്ങനെ ഒരു രാത്രി. ഒരു രോഗിയെ ചുമന്നുകൊണ്ട് കുറെപ്പേർ പാതിരാത്രി തന്നെ കാഷ്വാൽറ്റിയിലെത്തി. കൂടെ രോഗിയുടെ ഭാര്യയുമുണ്ട്. 

രോഗി വിളിച്ചിട്ട് വിളി കേൾക്കുന്നില്ലത്രെ!

രോഗി ആശുപത്രിയിലെത്തുന്നതിനു മുൻപു തന്നെ  മരിച്ചിരുന്നുവെന്നതാണ് സത്യം.

അത് പറയുന്നതിനെന്താ ബുദ്ധിമുട്ട്? നുണയൊന്നുമല്ലല്ലോ. ധൈര്യപൂർവ്വം കാര്യമങ്ങ് പറഞ്ഞു. 

ഞാൻ ചെയ്ത തെറ്റെന്തെന്ന് ഇനിയും മനസിലാകാത്തവർക്കായി കുറച്ചു കൂടി വ്യക്തമായി പറയാം.

"ഇങ്ങനെ മുഖത്തു നോക്കി പറയല്ലേ ഡോക്ടറേ". ആ രോഗിയുടെ ഭാര്യ അത്ര മാത്രമേ പറഞ്ഞുള്ളു.  

അവരുടെ ആ വാക്കുകളിലുണ്ട് ഞാൻ ചെയ്ത കുറ്റകൃത്യത്തിന്റെ വലിപ്പം. കുടുംബത്തിന്റെ അത്താണിയായിരുന്ന ആ മനുഷ്യന്റെ മരണം ഉൾക്കൊള്ളാൻ അവരുടെ മനസ്സിനെ പാകപ്പെടുത്താൻ എനിക്കായില്ലായെന്നത് ഒരു വലിയ തെറ്റ് തന്നെയാണ്.

പിന്നീട് Psychiatry ഒക്കെ പഠിച്ചപ്പോഴാണ് മനസ്സിലായത്  'Breaking bad news' എന്നത് ഒരു വിഷയം തന്നെയാണെന്നും ഒരു ഡോക്ടർ അത്യാവശ്യം പഠിച്ചിരിക്കേണ്ട സംഗതിയാണെന്നതും.

അപ്രിയ സത്യങ്ങളും, വിമർശനങ്ങളും മുഖത്തടിച്ചതുപോലെ പറയുന്നവരോടും പറയാനുള്ളത് ഇതു തന്നെയാണ്. 

നമ്മൾ കൊല്ലുന്നുണ്ട്, ജീവിച്ചിരിക്കുന്നവരെക്കൂടി.  

പലപ്പോഴും അത് അറിയുന്നില്ലെന്ന് മാത്രം. അതു മനസിലാകണമെങ്കിൽ അല്പം സഹാനുഭൂതിയും (Empathy) വേണം...

അനുഭവം ഗുരു.

image

What to do after SSLC

SSLC കഴിഞ്ഞുള്ള തുടർപഠനം ?

SSLC റിസൽട്ട് ഒക്കെ അറിഞ്ഞു. ഇനിയാണ് അടുത്ത പ്രശ്നം. ഏതു stream എടുക്കും?

പഴയ കാലമല്ലിത്. ഞാനൊക്കെ പഠിച്ച കാലത്തേക്കാൾ നിരവധി അനവധി പഠന വിഷയങ്ങളും സാധ്യതകളും ഇന്നുണ്ട്.

അന്തകാലത്ത് ഡിസ്റ്റിങ്ഷൻ കിട്ടിയ പെൺകുട്ടികളെല്ലാം സെക്കൻഡ് ഗ്രൂപ്പും ആൺകുട്ടികൾ ഫസ്റ്റ് ഗ്രൂപ്പും എടുക്കുന്നതായിരുന്നു trend. ആ trend - നോടൊപ്പം നീങ്ങി MBBS - ൽ ഞാനും എത്തിപ്പെട്ടുവെന്ന് മാത്രം. 

അല്ലാതെ, വരുംവരായ്കകൾ ചിന്തിച്ച് പക്വതയോടെ എടുത്ത തീരുമാനമൊന്നുമല്ലത്. ആദ്യം കിട്ടിയത് BDS. പിന്നെ കറങ്ങിത്തിരിഞ്ഞ് MBBS. അത്ര തന്നെ.

ഭാഗ്യവശാൽ എനിക്കിഷ്ടപ്പെട്ട തൊഴിലായി കാലാന്തരത്തിൽ ഇതു പരിണമിച്ചുവെന്ന് മാത്രം. ഇപ്പോഴും ഇഷ്ടത്തോടെ തന്നെയാണ് ഈ ജോലി ചെയ്യുന്നതും.

പക്ഷേ ഒരു കാര്യമുണ്ട്. അന്തകാലമല്ല ഇന്തകാലം. പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ എണ്ണം കൂടി. ഡോക്ടറിന്റെ തൊഴിൽ സാധ്യതകൾ, വരുമാനം ഒക്കെയും മുൻപുള്ളതിലും നമ്മുടെ നാട്ടിൽ കുറവാണ്. (കോവിഡ് കാലത്ത് പുതിയ തൊഴിൽ സാധ്യതകളുണ്ടാകാമെന്നത് തള്ളിക്കളയുന്നില്ല).

ഉദ്ദേശിച്ചത് ഇത്രയേയുള്ളു. ഡോക്ടറാകുക എന്നത് ഒരു passion ആണെങ്കിൽ, നിങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന ജോലിയെന്ന് കരുതുന്നെങ്കിൽമാത്രം അതുമായി മുന്നോട്ട് പോകുക.

പത്രാസും പദവിയും സാമ്പത്തികവും ആഗ്രഹിച്ചു മാത്രമാണെങ്കിൽ രണ്ടാമതൊന്നുകൂടി ആലോചിക്കുക. വേറെ options ഉണ്ടെന്നത് മറക്കാതിരിക്കുക.

അവനവന്റെ അഭിരുചികൾക്കിണങ്ങുന്ന ജോലി, അതിനുപകരിക്കുന്ന Stream.അതല്ലേ നല്ലത്? 

ഇക്കാര്യത്തിൽ കുട്ടികളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുന്നതല്ലേ ശരി? അടിച്ചേല്പിക്കേണ്ടതുണ്ടോ?

image

World Environment Day

വേനലിന് വിട പറഞ്ഞു കൊണ്ട് മഴ, പാലക്കാടിനേയും നനക്കുകയാണ്... കോരിച്ചൊരിയുന്ന മഴ..!

പരസ്ഥിതി ദിനത്തിൽ ആശുപത്രി വളപ്പിൽ നട്ട, മാതളച്ചെടിയും മഴ നനഞ്ഞ്, വളരുന്നുണ്ടാവണം... വീട്ടിലെത്തുമ്പോഴും മഴ ശമിച്ചിട്ടില്ല...

ആദാന കാലത്ത് നിന്നും വിസർഗ കാലത്തിലേക്ക്, ഇടവപ്പാതി കൊട്ടിച്ചൊരിയുകയാണ്... മരങ്ങളിലേക്ക് പെയ്ത് നിറയുന്ന മഴ... അതിനിടയിലാണ് ആ കാഴ്ച കണ്ടത്..!

തൊടിയിലെ, സപ്പോട്ട മരത്തിൽ വലിയ ഇലകളാൽ തുന്നിയ, പുളിയുറുമ്പുകളുടെ കൂട്... മഴത്തണുപ്പിൽ ഉലയാതെ, ഉൾക്കൂടിൻ്റെ ചൂടേറ്റ് ഉറുമ്പുകൾ അവിടെ ശയിക്കുന്നുണ്ടാവണം..!

വീശിയടിച്ച കാറ്റിലും, മഴത്തിമിർപ്പിലും, കൂടും ഇലയും ഉലയുകയാണ്... 

കൂടിനു വെളിയിൽ, ഇലച്ചാർത്തിൽ, ഒരൊറ്റ പുളിയുറുമ്പു മാത്രം മഴ നനയുന്നു... തണുത്തു വിറച്ചു കൊണ്ട്,
ഉലഞ്ഞ കാറ്റിൽ താഴെ വീഴാതെ നോക്കി ഇലയിൽ അഭയം പൂണ്ടങ്ങനെ...!

കുറച്ച് നേരം കൂടി, മഴ പെയ്തിട്ടുണ്ടാകണം... ഇല്ല, അതവിടെ നിന്നും താഴേക്ക് ഊർന്നു പോയിട്ടില്ല. വഴുക്കിയ ഇലകളിൽ സമാധി കൊള്ളുന്ന ധ്യാനിയെ പോലെ ചെടിയുടെ കനിവിൽ ആ പുളിയനുറുമ്പ് ഇപ്പോഴുമുണ്ട്..!

ഒരർത്ഥത്തിൽ, പ്രകൃതി പരസ്പരം പുണരുന്നത് ഇങ്ങനെ ഒക്കെയാവാം. ഭൂമിയിലെ ഓരോ ഇലകളും, ഒരു വലിയ കൂടാരമാകുന്നതെങ്ങിനെയെന്ന് നമ്മൾ ഓർത്തു പോകുന്ന നിമിഷം.

ഒരു ജീവ വ്യവസ്ഥയുടെ നിരന്തരമായ കരുതലാണത്. പൂവിനും പുളിയനുറുമ്പുകൾക്കും പുൽച്ചാടികൾക്കും മനുഷ്യർക്കും, പ്രകൃതിയല്ലാതെ മറ്റേതുണ്ട്, അഭയമായി..?

ജീവൻ്റെ കണ്ണി മുറിയാത്ത അനാദിയായൊരു സന്തുലനം!

image

A small illustration for Toxic Love 

Toxic Love ലളിതമായി പറഞ്ഞാൽ, ശ്വാസം മുട്ടിക്കുന്ന സ്നേഹം. 

ഈ രീതിയിൽ സ്നേഹിക്കപ്പെടുന്നവന്റെ കാര്യം കൂട്ടിലടക്കപ്പെട്ട കിളിയേക്കാൾ കഷ്ടം. 

ഭാര്യാഭർതൃബന്ധത്തിൽ മാത്രമേയുള്ളു ഇത്തരം toxic love എന്ന് തെറ്റിദ്ധരിക്കേണ്ട. ഇതിന്റെ ഭീകരമായ അവസ്ഥാന്തരങ്ങൾ വേറെയുമുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ പ്രത്യേകിച്ചും.

മക്കളൊന്നു തുമ്മിയാൽ പ്രശ്നം. അവർ കരഞ്ഞാൽ ടെൻഷൻ. വരച്ചിട്ടിരിക്കുന്ന വരയിൽ നിന്നു കുട്ടികൾ പുറത്തു പോകാൻ പാടില്ല. അഞ്ചു മിനിട്ടു വൈകിയാൽ പേടി.പിന്നെ ശിക്ഷയുടെ പൂരമായിരിക്കും.
കൂട്ടുകൂടാൻ പാടില്ല. അനങ്ങാനും തിരിയാനും അനുവാദം കൂടിയേ തീരൂ.

മകൻറെ വിവാഹം കഴിഞ്ഞാലും അവരുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നിവൃത്തിയുള്ളിടത്തോളം കൈയിൽത്തന്നെ പിടിക്കും. ഭാര്യയുമൊത്തു ഒന്ന് പുറത്തേക്കിറങ്ങണമെങ്കിൽ എവിടെ പോകുന്നു, എപ്പോൾ വരും complete പറഞ്ഞു ബോധ്യപെടുത്തിയിട്ടേ പോകാവൂ...

മകളുടേതാണെങ്കിൽ സർവ്വകുടുംബവിശേഷങ്ങളും ഓരോന്നായി ചോദിച്ചു അറിയും. പറ്റിയാൽ ഓരോന്നിനും പകരത്തിനു പകരം ചെയ്യേണ്ടതെങ്ങനെ എന്ന് വിശദീകരണവും നൽകും. അപ്പോഴും പറ്റുമെങ്കിൽ ഭക്ഷണം വാരിത്തന്നെ കൊടുത്തു കൊഞ്ചിക്കും. അവർക്കു വേണ്ടി ചിന്തിക്കും. തങ്ങളില്ലാത്ത ഒരു ലോകം മകൾക്കു വേറെ വേണ്ടേ വേണ്ട.

ആരെങ്കിലും ചോദ്യം ചെയ്താലോ? 'മക്കൾക്കിതൊന്നും ശീലമില്ല, ഞാൻ ചെയ്തു കൊടുത്താലേ ഇഷ്ടമാവുകയുള്ളു" തുടങ്ങിയ ന്യായീകരണ കോലാഹലങ്ങൾ പുറകെ വരും. 

എല്ലാം സ്നേഹത്തിന്റെ പേരിലല്ലേയെന്ന് ഓർക്കുമ്പോൾ അല്പം ആശ്വാസമൊക്കെ കിട്ടുമായിരിക്കും. 

പക്ഷേ എന്നെങ്കിലും മക്കൾക്കു ബുദ്ധി ഉദിച്ചാൽ... തിരികെ എതിർത്തൊന്നു സംസാരിച്ചാൽ... ആകെ കഷ്ടമാകും കാര്യങ്ങൾ. എന്താ, ശരിയല്ലേ?

വാൽ:  തത്കാലം ഇത്രയുമിരിക്കട്ടെ, Toxic  Love ഇതിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല.

image

What is Resilience Means ...

ചില മരങ്ങൾ കണ്ടിട്ടില്ലേ? കാറ്റുപിടിച്ചാലും മഴ കനത്താലും കടപുഴകാത്ത മരങ്ങൾ. 

കാറ്റിന്റെ ഗതിയനുസരിച്ച് ചെറുതായി അനങ്ങിയിട്ടുണ്ടാവാം... പക്ഷേ അതെല്ലാം അല്പനേരത്തേക്കു മാത്രമായിരിക്കും.

ദുരിതങ്ങളും ദുരന്തങ്ങളും ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെ പെട്ടെന്നു തന്നെ അതിജീവിച്ചുകൊണ്ടു പൂർവ്വസ്ഥിതി പ്രാപിക്കാൻ നമ്മെ സഹായിക്കുന്ന ഒരു മാന്ത്രികത. അതാണ് Resilience.

ഒരു വിശേഷഗുണം തന്നെയാണിത്. ചിലരിൽ നൈസർഗികമായി തന്നെ ഉളളത്. ഇങ്ങനെയുള്ള അനുകൂല ജീനുകളുടെ പിന്തുണയില്ലാത്തവർ, കഷ്ടപ്പെട്ടാണെങ്കിലും ആർജ്ജിച്ചെടുക്കേണ്ട ഒരു സിദ്ധി.

അതിനായി ചിലതൊക്കെ നമ്മൾ നമ്മുടെ മക്കളെയെങ്കിലും പരിശീലിച്ചേ മതിയാകൂ.
ചവിട്ടി നിൽക്കാൻ നേരിന്റെയും നീതിയുടെയും ഉറച്ച അടിത്തറയുണ്ടാക്കാൻ നമുക്കവരെ സഹായിച്ചുകൂടേ? എങ്കിലേ അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും അവക്കൊപ്പം Resilience ഉം വളരൂ.

കണ്ടും കേട്ടും മാത്രമല്ല, ജീവിതാനുഭവങ്ങളെ തൊട്ടും തലോടിയും തന്നെ അവർ മനസിലാക്കട്ടെ.

അവർ വീഴട്ടെ. വീണിടത്തു നിന്ന് സ്വയം എഴുന്നേൽക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. വീഴ്ചയെ ജയിക്കാൻ അവർ ശീലിക്കട്ടെ.

ചെറുവിരൽ സഹായം ആവശ്യമുള്ളിടത്ത് കൈത്താങ്ങുതന്നെ കൊടുത്ത് അവരുടെ ഇച്ഛാശക്തിയെ കെടുത്തിക്കളയാതിരിക്കട്ടെ.

അടിയുറച്ച ബന്ധങ്ങളുടെ ഊഷ്മളതയിൽ അവർ പിച്ചവെച്ച്  തുടങ്ങട്ടെ.

കൂടെയുണ്ടെന്നുള്ള ബോധ്യം അവർക്കു കൊടുക്കാനായാൽ, അതു മാത്രം മതി, അവർ തളരില്ല. അഥവാ തളർന്നാലും തകരില്ല. 

അവർ വളരട്ടെ... അറിവിലും അനുഭവത്തിലും....

image

Ayurveda focuses more on prevention or treatment

ആയുർവേദം ശരിക്കും രോഗ പ്രതിരോധത്തിനാണോ ചികിത്സക്കാണോ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് എന്നു പലരും ചോദിക്കാറുണ്ട്. സത്യത്തിൽ, ഈ ചോദ്യം നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ ചോദിക്കപ്പെട്ടതാണ്..!

ആരോഗ്യത്തേയും ആയുസ്സിനേയും രോഗത്തെയും ചികിത്സയേയും പറ്റി, അഗ്നിവേശൻ എന്ന ശിഷ്യൻ, ആത്രേയനോട് "ചോദിച്ച് ചോദിച്ച്" പോയ തൊക്കെയും ചേർത്ത് വച്ചാണ്, ചരക സംഹിത എന്ന ബൃഹത് ഗ്രന്ഥം ഉണ്ടായതു തന്നെ...!

ആരോഗ്യമെന്നത്, ശാരീരികവും മാനസികവും ആത്മീയവുമായ ഒരു സ്വരൈക്യമാണെന്നും, ജീവിതം അതിൻ്റെ പൂർണതയിൽ ജീവിക്കലാണ് അതിൻ്റെ സ്വാഭാവികതയെന്നും ആത്രേയൻ പറയുമ്പോൾ ഒരു പക്ഷേ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം..!

"രോഗമില്ലായ്മയാണ് ആരോഗ്യം" എന്ന ഒരു ബൈനറിയിൽ തളച്ചിട്ടിരിക്കുന്ന ഈ നടപ്പ് ലോകത്തിന് ഈ ദർശനം ശരിക്കും  ഒരു പുതുമയല്ലേ?

ആത്രേയൻ അഗ്നിവേശനോട് പറയുന്നു, "സ്വസ്ഥസ്യ ഊർജ്ജസ്ക്കരം ആതുരസ്യ വികാരനുത്"
അസുഖം ഇല്ലാത്തവർക്ക് അവരുടെ ഊർജത്തേയും vitality യേയും കൂട്ടലാണ് ആയുർവേദത്തിൻ്റെ ഒരു ഭാഗം.

രോഗം വന്നവർക്ക് യഥാവിധി ചികിത്സിക്കുന്നത് മറുഭാഗവും. രണ്ടും പ്രധാനപ്പെട്ടതെങ്കിലും നമ്മുടെ ആരോഗ്യ ജീവിതത്തെ നിർണ്ണയിക്കുന്നത് ആദ്യത്തേത് തന്നെയാണ്.

ഹിതാഹാരവും വിഹാരവും ജീവിത ശൈലിയും ഊർജസ്കരമായ ഔഷധങ്ങളും അടങ്ങുന്ന സമഗ്രമായ ഒരു ആരോഗ്യ വ്യവസ്ഥ. പ്രകൃതിയുമായുള്ള ഒരു തരം സമീകരണം കൂടിയാണത്.

മുഴുവൻ പ്രപഞ്ചത്തിൻ്റേയും ഭാഗമായി ഭൂമിയേയും, അതിലെ ഓരോ ജീവസത്തയേയും ദർശിച്ചു കൊണ്ടുള്ള ഒരു പാരസ്പര്യമാണത്. ഈ സമീകരണത്തിൽ വരുന്ന കാതലായ വ്യതിയാനങ്ങളാണ്, അനാരോഗ്യം ഉണ്ടാക്കുന്നതും..!

ആത്രേയൻ അഗ്നിവേശനോട് വീണ്ടും മൊഴിയുന്നു, "അഗ്നിവേശാ തൃഷ്ണയാണ് എല്ലാ ശരീര മനോ രോഗങ്ങളുടേയും കാരണം"

തൃഷ്ണ എന്നാൽ ആസക്തി. ആഹാരത്തിലും മറ്റ് സുഖാനുഭവങ്ങളിലും ഉള്ള തീക്ഷ്ണമായ അഭിനിവേശം...!

ഈ തൃഷ്ണയാണ്, പ്രകൃതിയും വ്യക്തിയും തമ്മിലുള്ള സ്വാഭാവികമായ സംതുലനത്തിന് വിള്ളൽ ഉണ്ടാക്കുന്നത്..!

ധീ ധൃതി സ്മൃതി വിഭ്രംശത്തെ ഉണ്ടാക്കുന്ന പ്രജ്ഞാപരാധമായി അത് മാറുന്നു. പകർച്ചവ്യാധികളുടെ അടിസ്ഥാനം പോലും ആ അർത്ഥത്തിൽ സ്വയം കൃതമാണ്..!

ശരിയായ ദിനചര്യയും ഋതുചര്യയും ആഹാര ശീലങ്ങളും രസായന ഔഷധങ്ങളും ഒക്കെയായി, ശരീര മനസുകളെ, പ്രാപഞ്ചികമായ ഒരു ശ്രുതിബദ്ധതയിൽ നില നിർത്തലാണ് ശരിക്കും പറഞ്ഞാൽ 
ഭാവാത്മകമായ ആരോഗ്യം..!

ഹിതാഹാരങ്ങൾ കൊണ്ടും ലളിത ജീവിതം കൊണ്ടുപോലും നമുക്ക് മുന്നോട്ടു പോകാൻ കഴിയും എന്ന് തിരിച്ചറിവുണ്ടായ കാലമാണിത്. ആയുർവേദവും ഇതേ ബോധ്യത്തിലേക്ക് ശ്രദ്ധ ഊന്നുകയാണ്.

ആരോഗ്യം എന്ന സ്വാസ്ഥ്യാവസ്ഥയെ  പുൽകാൻ ആയുർവേദം കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവ്
ഉള്ളതു കൊണ്ടു തന്നെ ഈ ബോധവൽക്കരണവും പ്രതിരോധചികിത്സയും പൂർവ്വാധികം ശക്തിയോടെ മുന്നോട്ടുപോയെ മതിയാകു.
 

image

Some realities are beyond our thoughts

ചില നേർക്കാഴ്ചകൾ...

പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി പോലും അർപ്പിക്കാനാകാതെ, ആരോ പകർത്തിയ വീഡിയോദൃശ്യങ്ങൾ ദൂരെയെവിടേയോ ഇരുന്ന് കാണേണ്ടിവരുന്ന ബന്ധുക്കൾ...

അമ്മയുടെ രക്തപരിശോധനാഫലം പ്രതീക്ഷിച്ചു പ്രാർത്ഥനയോടെ ലാബിന് മുന്നിൽ കാത്തിരിക്കുന്ന മക്കൾ...

ഉറ്റവരെ ഒരു നോക്കു കാണാൻ പോലുമാകാതെ, അവരോട് യാത്ര ചോദിക്കാനാകാതെ, ഈ ലോകം വിട്ടുപോയവരെക്കുറിച്ചുള്ള വാർത്തകൾ നിറയുന്ന പത്രങ്ങൾ...

പറയാൻ ആഗ്രഹിച്ചത് ഒന്നും പറയാനാവാതെ, ഒരു ചില്ലുകൂട്ടിന്റെ അപ്പുറവും ഇപ്പുറവും നിന്ന് കണ്ണുകൾ കൊണ്ട് മാത്രം പരസ്പരം സംസാരിച്ചവർ...

സ്വന്തം മക്കളെയും പ്രിയപ്പെട്ടവരെയും ഇനി ഒരിക്കൽക്കൂടി കാണാൻ പറ്റുമോയെന്നു പോലും അറിയാതെ, എല്ലാ വികാരങ്ങളും ഉള്ളിലടക്കി രോഗികളെ ചികിത്സിക്കാൻ ഇറങ്ങിത്തിരിച്ചവർ...

ഇവരൊക്കെയും അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷം ഒരു കടലാസ്സിൽ എഴുതി ഫലിപ്പിക്കാൻ ഒരു മനുഷ്യനുമാവില്ല. അനുഭവിച്ചാൽ മാത്രമേ അത് മനസിലാകുകയുള്ളു.
അവരൊക്കെയും ഇപ്പോൾ ആഗ്രഹിക്കുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ സാമീപ്യവും കരസ്പർശവും, സ്നേഹം സ്ഫുരിക്കുന്ന ഒരു നോട്ടവും തന്നെയായിരിക്കും.

പക്ഷേ ഇതൊന്നും നമുക്കിപ്പോൾ കൊടുക്കാനാവില്ലല്ലോ. നമുക്കു പറയാൻ പറ്റുന്ന യുക്തിസഹജമായ ന്യായമാണിത്. മനുഷ്യജീവിതത്തിന്റെ നിസ്സാരതയെപ്പറ്റിയുള്ള തത്വചിന്തകൾകൂടി സംസാരിച്ചുകൊണ്ട് നമുക്കു വേണമെങ്കിൽ നമ്മുടെ ന്യായവാദം കുറച്ചുകൂടി മനോഹരമാക്കാം. ഒന്നും ചെയ്യാതെ നിർവികാരരായിരിക്കാം.

പക്ഷേ ഒന്നുണ്ട്. സ്വാമി വിവേകാനാന്ദൻ പറഞ്ഞതുപോലെ, വിശക്കുന്നവന്റെ ദൈവം ആഹാരമാണ്.
തനിച്ചായവന്റെ... പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ... വിശപ്പ് എന്തിനു വേണ്ടിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർക്കിപ്പോൾ ആവശ്യം കടിച്ചാൽപ്പൊട്ടാത്ത തത്വചിന്തകളൊന്നുമല്ല. 

ഈ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ നമുക്കു ചെയ്യാൻ സാധിക്കുന്ന പലതുമുണ്ട്. അത് അർഹിക്കുന്നവരും ആഗ്രഹിക്കുന്നവരും നമ്മുടെ ചുറ്റിലുമുണ്ട്. ഒന്നു മനസിരുത്തിച്ചിന്തിച്ചാൽ ഒക്കെയും കൺമുന്നിൽ തെളിഞ്ഞുവരും.ആരും പഠിപ്പിച്ചു തരേണ്ട കാര്യമൊന്നുമില്ല.

ക്ഷമിച്ചു കളയാവുന്നതും ഏറെയുണ്ട്. ക്ഷമ ചോദിക്കേണ്ടവരും ഏറെയുണ്ടാകാം.
പിന്നെയൊരിക്കൽ  അവസരം കിട്ടിയില്ലെങ്കിലോ?

image

Freedom to think... Freedom to write...

സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി എഴുതുക, സ്വതന്ത്രമായി ജീവിക്കുക

കേൾക്കുമ്പോൾ നല്ല സുഖമൊക്കെയുണ്ട്. പക്ഷേ, നമ്മുടെ ചിന്തകൾക്ക് പോലും അതിരുകളുണ്ടെന്നത് സത്യമല്ലേ?

മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട അതിരുകൾക്കുള്ളിൽ നിറം കൊടുക്കുന്ന കൊച്ചു കുട്ടിയെപ്പോലെ തന്നെയാണ് നമ്മളും. അദൃശ്യമായ കുത്തുകളാൽ നമ്മുടെ ചിന്തകളുടെ അതിരുകൾ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. 

ഇവ നമ്മൾത്തന്നെ സൃഷ്ടിച്ചതോ മറ്റുള്ളവരാൽ സൃഷ്ടിക്കപ്പെട്ടതോ ആകാമെന്ന വ്യത്യാസം മാത്രം.  
നമുക്ക് സ്വന്തമായിട്ടുണ്ടെന്ന് നാം കരുതുന്ന ചിന്തകൾ  എഴുതി വരുമ്പോഴോ? വീണ്ടും ശുഷ്കിക്കും. 

മനസ്സിലുള്ളത് അതേ പോലെ എഴുതാൻ ധൈര്യമുള്ളവർ എത്രയോ വിരളം. ഏതെങ്കിലും മത-രാഷ്ട്രീയ വിഭാഗങ്ങളുടെ ഭാഗമാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. പതിവ് വായനക്കാരെ തൃപ്തിപ്പെടുത്താനോ സ്വന്തം നിലനില്പിനു വേണ്ടിയോ പാകിയതായിരിക്കണം  ഈ അതിർത്തിക്കല്ലുകൾ.

സ്വന്തം പാർട്ടിയിലുള്ളവർ എന്തു കൊള്ളരുതായ്മ ചെയ്താലും അതിനെ പിന്തുണച്ച് കുറിപ്പുകളിറക്കേണ്ടി വരുന്നത്... പ്രവാസികളുടെ ദുരിതങ്ങൾ നമ്മുടെ വിഷയമല്ലാതാകുന്നത്... പല വിഷയങ്ങളിലും മൗനം പാലിക്കേണ്ടി വരുന്നത്...

നമുക്കെഴുതാൻ വിഷയങ്ങൾ വേറെയും ധാരാളമുണ്ടല്ലോ, അല്ലേ? 
ദീപസ്തംഭം മഹാശ്ചര്യം തന്നെ.

ടാഗോർ വിഭാവനം ചെയ്ത സ്വാതന്ത്ര്യത്തിലേക്ക് ഇനിയുമെത്രയോ ദൂരം? 

ടാഗോറിന്റെ കവിതയുടെ വിവര്‍ത്തനം-

"എവിടെ മനസ്സ് നിർഭയവും ശിരസ്സ് ഉയര്‍ന്നുമിരിക്കുന്നുവോ, എവിടെ അറിവ് സ്വതന്ത്രമായിരിക്കുന്നുവോ,
എവിടെ ലോകം ഇടുങ്ങിയ ചുമരുകളാൽ മുറിഞ്ഞു കിടക്കാതിരിക്കുന്നുവോ, എവിടെ സത്യത്തിന്റെ ആഴങ്ങളിൽ നിന്ന് വാക്കുത്ഭവിക്കുന്നുവോ, എവിടെ അക്ഷീണയത്നത്തിന്റെ കരങ്ങൾ പൂർണതയ്ക്കായി കൈനീട്ടുന്നുവോ, എവിടെ അരണ്ട ആചാരങ്ങളുടെ  അരസമാം മണൽപ്പരപ്പിലേക്കുള്ള വിവേകത്തിന്റെ തെളിനീരുറവയുടെ പാത തടസ്സപ്പെടാതിരിക്കുന്നുവോ, എവിടെ അനവരതം അഭിവൃദ്ധിപ്പെടുന്ന ചിന്താ- കർമ്മങ്ങളിലേക്ക് അവിടുത്താൽ ആനയിക്കപ്പെടുന്നുവോ, പിതാവെ, അവിടേക്ക് എന്റെ രാജ്യത്തെ ഉണർത്തേണമേ."

image

Modi asks people to light lamps on Sunday

"ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം. "സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകരായ നമോ നമഃ ചിന്താമണേ! ചിദാനന്തായതേ നമഃ" വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാൻ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?!!"
image

A Typical Corona Story

പണ്ട് കേട്ട ഒരു കഥ ഈ സാഹചര്യത്തിൽ ഓർമ്മവരുന്നു... കൂടുതലൊന്നും ഓർമയില്ല. കൈ വെള്ളയിൽ ഒരു കിളിക്കുഞ്ഞിനെയും പിടിച്ചു നിന്നു കൊണ്ട് ഒരാൾ മറ്റൊരാളിനോട് ചോദിക്കുന്നു - "ഈ കിളിക്ക് ജീവനുണ്ടോ ഇല്ലയോ?"

പലപ്പോഴും എന്നപോലെ ഇപ്പോഴും പരീക്ഷിക്കലാണ് ലക്ഷ്യം. 

മറ്റേയാൾ ബുദ്ധി ഉപയോഗിച്ചു തന്നെ മറുപടിയും കൊടുത്തു - "ആ കിളിയുടെ ജീവൻ നിന്റെ മാത്രം കൈയിലാണ്"

ജീവനില്ലെന്ന് മറുപടി പറഞ്ഞാൽ ആദ്യത്തെയാൾ അതിനെ പറത്തി വിടുമെന്നും, ജീവനുണ്ടെന്നാണ് മറുപടി പറയുന്നതെങ്കിൽ ഒരു നിമിഷം കൊണ്ട് ആദ്യത്തേയാൾ അതിന്റെ കഥ കഴിക്കുമെന്നും രണ്ടാമത്തേയാൾ എപ്പോഴേ മനസിലാക്കിയിരുന്നു. എന്തു വിധേനയും എതിർക്കക്ഷിയെ തോല്പിക്കാനാഗ്രഹിക്കുന്നവന് എന്തു ധാർമികത.

ചില പ്രസ്ഥാനങ്ങൾ മനുഷ്യ നന്മയാഗ്രഹിച്ചു തുടങ്ങുമെങ്കിലും പലപ്പോഴും അവസാനം മനുഷ്യജീവന്റെ ആയുസ്സിന്റെ നിയന്ത്രണവും അവരുടെ കൈവെള്ളയിൽ ആയിപോകാറുണ്ട്. ധാർമികതയല്ല ചില ബിസിനസ് കരാറുകൾ!

ചില വാദപ്രതിവാദങ്ങൾ ന്യായം സ്ഥാപിക്കാൻ വേണ്ടിയോ സത്യം അറിയാനുള്ള ആഗ്രഹം കൊണ്ടോ ഒന്നുമല്ല. എതിരാളിയെ തോല്പിക്കാൻ വേണ്ടി മാത്രമാണ്. എതിരാളി എന്തു പറയുന്നുവോ, അതിന്റെ നേർവിപരീതം പറയുക. എതിരാളി എന്നതിന് പല അർഥതലങ്ങളും ഉണ്ട് കേട്ടോ!

ഇന്നത്തെ ചില കാര്യങ്ങൾ കണ്ടപ്പോൾ ഓർത്തപ്പോൾ ഈ കഥയും ഓർത്തുപോയതാണ് കേട്ടോ... ഈ പടം ഒരു സിംബോളിക് ആയിക്കോട്ടെ!

image

Corona and psychiatric problems

കൊറോണയും മാനസിക പ്രശ്നങ്ങളും ...

കൊറോണ കാരണം മാനസിക പ്രശ്നങ്ങൾ ഉണ്ടോ ... ഉണ്ട്. ശക്തമായ മാനസിക ബന്ധമുണ്ട്.

1. ഒന്നു ചുമച്ചപ്പോൾത്തന്നെ തനിക്ക് കൊറോണ പിടിച്ചോയെന്നു ഭയന്ന് കൺമുന്നിൽ കണ്ടവരോടെല്ലാം കൊറോണപ്പനിയുടെ ലക്ഷണം ചോദിച്ചുനടന്ന് തളർന്നവശയായ മദ്ധ്യവയസ്കയായ വീട്ടമ്മ.

2. ഉണ്ടായിരുന്ന ജോലിയും, അതിനുള്ള കൂലിയും ഇല്ലാതായി ജീവിതം വഴിമുട്ടി നിരാശയിലായ
ഗൃഹനാഥൻ.

3. വിദേശങ്ങളിലും അകലങ്ങളിലുമുള്ള പ്രിയപ്പെട്ടവരെ ഓർത്ത് വേവലാതി പിടിച്ച് ഉറക്കമില്ലാതെ കഴിയുന്ന അനേകർ.

4. 'കൊറോണ ' എന്ന് ചാപ്പ കുത്തപ്പെട്ട്, നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട് മാനസികസംഘർഷം അനുഭവിക്കുന്നവർ.

5. കൈ കഴുകിക്കഴുകി കൈ തേഞ്ഞു പോയ Obsession - കാർ

6. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദു:ഖം അനുഭവിക്കുന്നവർ.

7. ചികിത്സ മുടങ്ങിയവർ, ചികിത്സക്കു പോകാൻ ഭയക്കുന്നവർ, ഉറക്കമില്ലാത്തവർ, ഉറക്കത്തിൽനിന്ന് ഞെട്ടിയുണരുന്നവർ.......

8. ശരീരം മുഴുവൻ പൊതിഞ്ഞുപിടിച്ച്, N95 മാസ്കിന്റെയുള്ളിൽ തങ്ങളുടെ നിശ്വാസങ്ങളും ഗദ്ഗദങ്ങളും ഒളിപ്പിച്ചുവെച്ച്, വരുന്ന രോഗികളെയെല്ലാം ചികിത്സിക്കുന്ന കുറെ ആരോഗ്യ പ്രവർത്തകർ.

9. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ രോഗം സംശയിക്കുന്നവരെയും വഹിച്ച് ഉറക്കമില്ലാതെ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർമാർ.

10. നിയമപാലകർ , ഭരണകർത്താക്കൾ, സാമ്പത്തികവിദഗ്ധർ, ശാസ്ത്രജ്ഞർ, ജേർണലിസ്റ്റുകൾ, തുടങ്ങിയവർ...... (ആരെയും മറക്കുന്നില്ല.)

ആർക്കാണ് ഇപ്പോൾ മാനസിക സംഘർഷമില്ലാത്തത്?

നമ്മുടെ വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളും പബ്ളിസിറ്റി സ്റ്റണ്ടുമൊക്കെ തത്കാലം മാറ്റിവെക്കാം.

നമുക്ക് അന്വേഷിക്കാം ...

അടുത്ത വീട്ടിൽ അടുപ്പ് കത്തുന്നുണ്ടോയെന്ന്... ആരുടെയെങ്കിലും മരുന്ന് മുടങ്ങിയിട്ടുണ്ടോയെന്ന്...

ഒരു നല്ല വാക്ക് , ഒരു സ്നേഹാന്വേഷണം, അംഗീകാരം എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്.

ഒരു ഫോണില്ലാത്തവർ ആരാ ഇവിടെയുള്ളത്?

image

Janta Curfew ന് പൂർണ്ണ സഹകരണം, എന്നാൽ ...

12 മണിക്കൂർ വീടിനു വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നുമുള്ള പ്രചരണം നടത്തരുത്. അത് വാസ്തവ വിരുദ്ധമാണ്, 6 മുതൽ 12 മണിക്കൂർ മാത്രമേ വൈറസ് ശരീരത്തിന് പുറത്ത് അതിജീവിക്കൂ എന്ന വാദം ശരിയല്ലാ.

14 മണിക്കൂർ കർഫ്യൂ/നിയന്ത്രണം വിജയിപ്പിക്കാൻ ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. ഇതൊക്കെ വിശ്വസിക്കുന്ന ചിലരെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ, വ്യക്തിശുചിത്വം പാലിക്കുന്നതിൽ ഉപേക്ഷ വിചാരിച്ചാൽ, വളരെ വലിയൊരു ദുരന്തമാകും നമ്മെ കാത്തിരിക്കുക.

കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകൾ, ചിലപ്പോൾ ഏതാനും ദിവസങ്ങൾ ഒക്കെ അതിജീവിക്കാൻ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും അതിജീവിക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ എപ്പോഴും അത്രയും സമയം അതിജീവിക്കും എന്നല്ല. ചില സാഹചര്യങ്ങളിൽ പരമാവധി അത്രയും സമയം അതിജീവിക്കാം എന്നാണ്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

എന്തായാലും താരതമ്യേന പുതിയ വൈറസ് ആണ്. പഠനങ്ങൾ നടക്കുന്നതേയുള്ളൂ. പഠന വിധേയമാക്കാത്ത അനുമാനങ്ങൾ തള്ളിക്കളയുക. അതുകൊണ്ട് ദയവുചെയ്ത് ഇത്തരം നുണകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ ജീവൻ അപഹരിക്കരുത്.

പല രാജ്യങ്ങളിലും ലോക്ക് ഡൗൺ നടക്കുന്നുണ്ട്. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ രണ്ടര ദിവസം കർഫ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. നൂറു കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത ഒരു രാജ്യമാണ് ശ്രീലങ്ക. ആയിരക്കണക്കിന് കേസുകൾ വന്ന പല രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്തു കഴിഞ്ഞു. പല രാജ്യങ്ങളിലും പ്രത്യേക പ്രദേശങ്ങളിൽ കർഫ്യൂ നടക്കുന്നുണ്ട്.

അതൊന്നും കൊറോണ വൈറസിൻ്റെ ഏതെങ്കിലും പ്രത്യേക സ്വഭാവം നോക്കിയിട്ടല്ലാ. അതിനെ പ്രതിരോധിക്കാൻ ഏറ്റവും ശക്തമായ മാർഗം സോഷ്യൽ ഡിസ്റ്റൻസിംഗ് ആയതുകൊണ്ടാണ്. അതുകൊണ്ട് ദയവുചെയ്ത് നുണ പ്രചരണം നടത്തി, അശാസ്ത്രീയത പ്രചരിപ്പിച്ചുകൊണ്ട് ഇതൊന്നും ചെയ്യരുത്.

മാത്രമല്ലാ, ഇന്ത്യയിൽ കൊവിഡ് 19 അതിൻ്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതേയുള്ളൂ. പ്രതിരോധിക്കാൻ വളരെ ശക്തമായ നടപടികൾ തന്നെ ചിലപ്പോൾ വേണ്ടിവന്നേക്കാം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം വ്യാജസന്ദേശങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത് ജനങ്ങളിൽ അകാരണമായ സംശയം സൃഷ്ടിക്കുകയും ചെയ്യും. അത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാം.

ഗോമൂത്രവും ചാണകവും ഈ വൈറസിനെതിരെ ഔഷധമാണ് എന്നു വിശ്വസിച്ച ജനങ്ങൾ പോലുമുള്ള രാജ്യമാണ്. മതവിശ്വാസങ്ങളിൽ /അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന ധാരാളം പേർ ഉള്ള രാജ്യമാണ്. അവരെ കൂടുതൽ തെറ്റിദ്ധരിപ്പിക്കരുത്. അവർ കൂടി ഉൾപ്പെട്ട 'നമ്മളുടെ' പരാജയം ആകുമത്.

ഇത് എല്ലാവരും, ഇന്ത്യക്കാർ മാത്രമല്ലാ, ലോകജനത മുഴുവൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ, ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ട, പൊരുതുന്ന യുദ്ധമാണ്. അവിടെ കൺഫ്യൂഷൻസൊന്നുമില്ലാതെ നമുക്കൊന്നിച്ച് നിൽക്കാം ...

https://www.facebook.com/infoclinicindia/photos/a.1071896289594881/2781415701976256/?type=3&theater

image

കൊറോണ അവധിക്കാലത്ത് ആധി കയറുകയാണ്

വേനലവധിയെന്ന് കേൾക്കുമ്പോൾത്തന്നെ ആധി കയറുകയാണ് മാതാപിതാക്കൾക്ക്. അപ്പോഴാണ് പെട്ടെന്നുണ്ടായ ഈ അവധി.

എന്താ ഇപ്പം ചെയ്യുക.....? വീട്ടിൽത്തന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളുണ്ടെന്നേ.

1. ദിവസങ്ങൾ എണ്ണിയെണ്ണി സമയം കളയുന്നതിന് പകരം ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ ഗുണമേറെ കിട്ടുന്ന രണ്ടര മാസക്കാലം നമ്മുടെ കൈയിലുണ്ടെന്ന് ചിന്തിക്കുക.

2. കുട്ടികളുടെ ദൈനംദിനക്രമത്തിൽ ഉദാസീനത വേണ്ടേവേണ്ട. സ്കൂൾ പൂട്ടിയാൽ ഉച്ചവരെ ഉറക്കം എന്ന പുതിയ ട്രെൻഡ് കാണുന്നതുകൊണ്ടാണ് ഇത് പറയേണ്ടി വന്നത്.

3. വ്യക്തിശുചിത്വത്തിലും സ്വയംപരിരക്ഷയിലും പര്യാപ്തത നേടാൻ കുട്ടികളെ പരിശീലിപ്പിക്കുക.

4. കുട്ടികളിൽ വായനാശീലം വളർത്താൻ പരിശ്രമങ്ങൾ നടത്താവുന്നതാണ്. വായനയെന്നല്ല, ഏതു കാര്യവും ഒരു ശീലമായി മാറിയാൽ അത് അവർ തുടരുക തന്നെ ചെയ്യും. വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു ചർച്ചയൊക്കെ ആവാം. ലൈബ്രറി അംഗത്വം ഉണ്ടെങ്കിൽ അത് വായനക്ക് കൂടുതൽ ഗുണം ചെയ്യും. (പണം കൊടുത്തു വാങ്ങുന്നവ ഷെൽഫിലിരുന്ന് ചിതലരിക്കുന്ന ഒരു തനിനാടൻ രീതി എന്റെ വീടിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ നിലവിലുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്). വായിച്ച പുസ്തകങ്ങളുടെ പേരുകൾ, വായിച്ച തീയതി സഹിതം ഡയറിയിൽ എഴുതി സൂക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുക.

6. പ്രായത്തിനനുസരിച്ചുള്ള പ്രായോഗിക ജ്ഞാനം അവരിൽ വളർന്നുവരാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലെ ജോലികളിൽ അവരെയും കൂട്ടണം. അതൊന്നും ഒരു ഭാരമാക്കാതെ സന്തോഷത്തോടെ ചെയ്യാനും ഉത്തരവാദിത്തം പങ്കുവെക്കാനും അവർ തയ്യാറായാൽ അത് നിങ്ങളുടെ മിടുക്ക് തന്നെ. അതാണ് വേണ്ടതും.

7. ഒരു ആക്ടിവിറ്റി ഡയറി ഉണ്ടാക്കാൻ സഹായിക്കുന്നതും നല്ലതാണ്.

8. ടി.വി, കളികൾ, മറ്റു വിനോദങ്ങൾ തുടങ്ങിയവയൊക്കെയും അനുവദിക്കുക. പക്ഷേ സമയപരിധി വെക്കുക.

9. ഭാഷാ പഠനത്തിന് (പ്രത്യേകിച്ചും English) പ്രോത്സാസാഹനം കൊടുക്കുക.

10.എഴുത്തും വായനയും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം കൊടുക്കാൻ ഈ സമയം ഉപയോഗപ്പെടുത്താം.Special Educators - ന്റെ സേവനം പ്രയോജനപ്പെടുത്താൻ പറ്റിയ സമയമാണിത്.

ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു ജീവിതവീക്ഷണവും പ്രായോഗിക ജ്ഞാനവും വളർത്തിയെടുക്കാൻ അവരെ സഹായിക്കുക. അവിടെയാണ് ശരിയായ നിക്ഷേപം നാം നടത്തേണ്ടത്. ആ ഭാഗം ശരിയെങ്കിൽ പഠനത്തിനോടുള്ള താത്പര്യവും അഭിവൃത്തിയുമൊക്കെ താനെ വന്നുകൊള്ളും.

ഒരു കാര്യം കൂടി ഓർമിക്കുക. കുട്ടികളുടെ സ്വഭാവ പ്രത്യേകതകൾ, ഭൗതിക സാഹചര്യങ്ങൾ, ബുദ്ധിവളർച്ച ഒക്കെയും കണക്കിലെടുത്തുവേണം തീരുമാനങ്ങളെടുക്കുവാൻ. എല്ലാ കുട്ടികളും ഒരുപോലെയല്ലല്ലോ.

ബൈബിളിലെ ഒരു ഉപമയോട് ചേർത്തു പറഞ്ഞാൽ.....
ഒരു താലന്ത് ലഭിച്ചവൻ അത് രണ്ട് താലന്ത് ആക്കട്ടെ. രണ്ട് കിട്ടിയവൻ അത് നാലാക്കിയും അഞ്ച് കിട്ടിയവൻ അതു പത്താക്കിയും തിരിച്ചു നല്കട്ടെ.

കൊറോണാക്കാലം കഴിയട്ടെ. നമുക്ക് പുതിയ പദ്ധതികൾകൂടി കണ്ടെത്താമെന്നേ...

image

പ്രാർത്ഥനയും ധ്യാനവും ഒന്നല്ല, രണ്ട്‌ ആണ്‌.

പ്രാർത്ഥനയും ധ്യാനവും ഒന്നല്ല, രണ്ട്‌ ആണ്‌. 

ഏതൊരു മതത്തിൽ പെട്ട വ്യക്തിയും, അവർ പണക്കാരായാലും പാവപ്പെട്ടവനായാലും, വിദ്യാഭ്യാസമുള്ളവനാണേലും അല്ലങ്കിലും അവരുടെ മത  ഉപദേശങ്ങൾ അനുസരിച്ച്‌ പ്രാർത്ഥിക്കാറുണ്ട്‌...

പ്രാർത്ഥന എന്നത് പലപ്പോഴും ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയായിരിക്കും. അതായതു ശാരീരികവും മാനസികവും ഭൗതീകവുമായ ആവശ്യങ്ങൾ ആണ് സാധാരണ പ്രാർത്ഥനയായി പറയപ്പെടുന്നത്.

എന്നാൽ ധ്യാനം പ്രാർത്ഥന പോലെ അല്ല. അത്‌ അന്തരാത്മാവിനുള്ളിൽ നിന്നും പുറപ്പെട്ട്‌ വരുന്നതാണ്‌. ഇവിടെ ഒരാളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവസാനിക്കുന്നിടത്ത്‌ നിന്ന് മാത്രമെ ധ്യാനം ആരംഭിക്കാൻ സാധിക്കൂ.

വലിയ നിധികളുടെ പുറത്ത്‌ കയറി ഇരുന്ന് സ്വയം തേടലൊ ഈശ്വര ധ്യാനമൊ സാധ്യമല്ല.  പുറത്തുള്ളവയിൽ നിന്ന് കണ്ണും കാതും തിരിക്കാതെ ആന്തരിക ദർശനം സാധ്യമല്ല. ... ഇവിടെ 'എന്റെ പണം എന്റെ പണം' ... 'എൻറെ ബുദ്ധി എൻറെ അറിവ്, എൻറെ കഴിവുകൾ' എന്ന്  കരുതിയിരിക്കുമ്പോൾ മനസ്‌ ശൂന്യമാവാത്തതിനാൽ  ധ്യാനം നടക്കാതെ പോകുന്നു... ധ്യാനിക്കുന്നവൻ ധ്യാനിക്കുന്നതായി എത്ര ഭാവിച്ചാലും  അത്‌ ധ്യാനം ആവുന്നില്ല.

സ്ഥാനങ്ങളും സ്ഥാപിത താൽപര്യങ്ങളും മാറ്റി വച്ച് മനസ്സിനെ സ്വസ്ഥതയിൽ ഉറപ്പിക്കുന്നവർക്ക്‌ മാത്രമെ വിശകലനവും വിശുദ്ധിയും സാധ്യമാകു.ഇച്ഛകളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ദൈവികാന്വേഷണം നടത്തുന്നവർക്ക്‌ മുന്നിൽ പ്രത്യക്ഷനാകാൻ ദൈവത്തിന്‌ പോലും താൽപര്യം ഉണ്ടാവില്ല.

എല്ലാ ഉദ്ദേശ്യങ്ങളും ഉപേക്ഷിച്ച്‌ സ്വയം ശൂന്യരായി നടത്തുന്ന ആത്മാന്വേഷണത്തിൽ സ്വാർത്ഥതയുടെ നിഴലുകൾ ഉണ്ടാവില്ല.

എല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും അതേ സമയം എല്ലാറ്റിൽ നിന്നും അകന്ന് നിൽക്കാൻ ശീലിക്കുകയും ചെയ്യുന്നവരുടെ ജീവിതം തന്നെ ധ്യാനം ആണ്‌ . അവരുടെ വാക്കും പ്രവർത്തികളും നാം ഇത്‌ വരെ കണ്ടറിഞ്ഞവയുടെ വിപരീതം ആയിരിക്കും... 

ഈ പറയുന്ന കാര്യങ്ങൾ അനുഭവിച്ച്‌ അറിഞ്ഞവയുടെ വിത്ത്‌ വിതക്കൽ ആണ്‌.  അവ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നതിനാൽ നമുക്ക്‌ അത് വിശ്വസിക്കാം  കേൾക്കാം  പിന്തുടരാം

image

പരീക്ഷനടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോള്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര്‍ എന്ന രീതിയില്‍ ഇരുത്തണം. 

2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയില്‍, റബര്‍, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ പങ്കുവയ്ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. 

3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബഞ്ചില്‍ ഒരാള്‍ വീതം ഇരുത്തുക. 

4. കുട്ടികള്‍ കഴിവതും കൂട്ടം കൂടി നില്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ വീടുകളിലേക്ക് പോകണം. അതിനായി രക്ഷാകർത്താക്കൾക്കു പ്രത്യേക നിർദേശങ്ങൾ നൽകുക.

5. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ല. എന്നാൽ ജലദോഷം, ചുമ പോലെയുള്ള രോഗങ്ങൾ ഉള്ളകുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

6. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയില്‍ തുറന്നിടണം.

7. വിദ്യാലയങ്ങളിലെ toilet നിത്യേന വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുക.

image

കോവിഡ്-19 വൈറസ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനും അവരുടെ താമസ സ്ഥലങ്ങളില്‍ പൊങ്കാല നടത്താനും അഭ്യര്‍ത്ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണ്.

2. ഹാന്‍ഡ് റെയിലിംഗുകള്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.

3. ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.

4. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.

5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

6. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.

7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.

image

വനിതാദിനം ... ഇങ്ങനെയുമുണ്ടോ ഒരു ദിനം?

വനിതകൾ എന്നു പറയുമ്പോൾ മനസ്സിൽ വരുന്നത് ആരൊക്കെയാണ്?

കിട്ടാതെ പോയ Y Chromosome നെക്കുറിച്ചോർത്ത് പരിതപിച്ചു സമയം കളയാതെ ജീവിതം പൊരുതിനേടിയ വനിതകളോ?

ജീവന്റെ കണികകൾ യോജിച്ച വേളയിൽ തങ്ങൾക്കു പങ്കുവെച്ചു കിട്ടിയത് XX ക്രോമസോമോ അതോ XY ക്രോമസോമോ എന്നതൊരു വിഷയമായി പരിഗണിക്കാതെ മനുഷ്യജാതി എന്ന ഒറ്റ വിഭാഗത്തിൽ മാത്രം തങ്ങളെത്തന്നെ നോക്കിക്കണ്ട വേറൊരു വിഭാഗം വനിതകളോ?

ജീവിതത്തിൽ വിജയിച്ചവരാകാം ഇവരിൽ ഏറിയ പങ്കും. ഭരണരാഷ്ട്രീയ രംഗങ്ങളിലും, സാമൂഹ്യ സാംസ്കാരിക മേഖലകളിലും, കലാകായികരംഗത്തുമൊക്കെ സ്വന്തം സ്ഥാനം ഉറപ്പിച്ചവർ ... അതെല്ലാം അഭിനന്ദനാർഹം തന്നെ.

പക്ഷേ, എന്റെ മനസ്സിപ്പോൾ ഉടക്കിനില്ക്കുന്നത് ഈ വനിതകളിലൊന്നുമല്ല. അവരെക്കുറിച്ച് പറയാൻ വേദികളും ധാരാളമുണ്ടല്ലോ.

ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്. ഒപ്പം പഠിക്കുകയും ഒപ്പത്തിനൊപ്പം നിൽക്കുകയും ചെയ്തിരുന്ന കുറെ പെൺസുഹൃത്തുക്കൾ. അന്നൊക്കെ കലാകായികവേദികൾ നിറഞ്ഞുനിന്നവർ... ആകാശം മുട്ടേ സ്വപ്‌നങ്ങൾ കണ്ടവർ... ഒരുപാട് ഉയരുമെന്നു കരുതപ്പെട്ടിരുന്നവർ... ഇങ്ങനെയും ചില ദിനങ്ങളുണ്ടെന്ന് ഓർക്കാൻ പോലും ഇപ്പോൾ ഇഷ്ടപ്പെടാത്തവർ...

സംസാരിക്കാനുള്ളത് നിങ്ങളോടാണ്. ഒരു Search ഒരിക്കലും പ്രത്യക്ഷപ്പെടാത്ത രീതിയിൽ നിങ്ങളൊക്കെ എവിടെയാണ് ഒളിച്ചിരിക്കുന്നത്? സ്വയം ഒളിച്ചതോ? ആരെങ്കിലും ഒളിപ്പിച്ചതോ?

നിങ്ങൾ മനസ്സിലുറക്കിക്കിടത്തിയിരിക്കുന്ന നിങ്ങളുടെ കഴിവുകളും കഥകളും കവിതകളും സംഗീതവുമൊക്കെ എപ്പോഴെങ്കിലും മയക്കംവിട്ട് ഉണരാറുണ്ടോ? 

'ഞങ്ങൾക്കും ലോകം കാണണം' എന്നുപറഞ്ഞ് അവർ നിങ്ങളെ ശല്യപ്പെടുത്താറുണ്ടോ? നിങ്ങളുടെ ഉറക്കം കെടുത്താറുണ്ടോ?

'ഉയരെ' യിലെ പല്ലവിയെപ്പോലെ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് നിങ്ങൾ സ്വയം പറയാറുണ്ടോ?

ചോദ്യങ്ങൾ ഇനിയുമേറെയുണ്ട്. തത്കാലം ഇത്രയും മതി. മറുപടി പ്രതീക്ഷിക്കുന്നുണ്ട്. മറുപടി തരേണ്ടത് നിങ്ങളും, നിങ്ങളെ ആരെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അവരുമാണ്. ആത്മപരിശോധന ഇരുകൂട്ടർക്കും നല്ലതുമാണ്.

ഞാൻ ഒരു സ്ത്രീപക്ഷവാദിയാണെന്ന് തെറ്റിദ്ധരിക്കുന്നവരോട് ഒരു മറുചോദ്യം.
ഇതിലെവിടെയാണ് സ്ത്രീപക്ഷവാദം? ഇത് മനുഷ്യപക്ഷവാദം മാത്രമല്ലേ?

image

കേട്ടു മടുത്ത പഴംപുരാണങ്ങൾ ... ...

പുരാണം 1. "പണ്ടത്തേ കാലമായിരുന്നു കാലം. അവധിക്കാലങ്ങളിലെ അമ്മവീട്ടിൽപോക്ക്, കുസൃതി, പലഹാരമോഷണം, ഊഞ്ഞാലാട്ടം, കുഴിപ്പന്തുകളി, കള്ളനും പോലീസും കളി. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതു വല്ലതുമറിയുമോ?"

പുരാണം 2. "അന്നൊക്കെ ഞങ്ങളൊക്കെ എത്ര പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്? പൂമ്പാറ്റ, ബാലരമ, ബാലമംഗളം, കുട്ടികളുടെ ദീപിക, Readers Digest, പിന്നെ ബഷീറിന്റെ നോവലുകൾ, ... അങ്ങനെയങ്ങനെ... പ്രായത്തിനനുസരിച്ച് 'ഗ്രേഡ്' കൂടിയ വായനകൾ. ഇന്നത്തെ കുട്ടികൾക്ക് പഠിക്കുന്ന പുസ്തകത്തിനപ്പുറം എന്തറിയാം? "

പുരാണം 3. "അന്നത്തെ കൂട്ടുകാരായിരുന്നു കൂട്ടുകാർ. ഇപ്പോഴോ? എല്ലാവരും സ്വാർത്ഥന്മാർ"

പുരാണം: 4. "ഞങ്ങളൊക്കെ ഈ പ്രായത്തിൽ എന്തൊക്കെ ചെയ്യുമായിരുന്നു? ഇപ്പോഴത്തെ കുട്ടികൾക്ക് സ്വന്തമായി ഒന്നും ചെയ്യാനറിയില്ല."

ഇതൊക്കെ ഒരു ന്യൂജൻ കുട്ടിയോട് പറയേണ്ട താമസമേയുള്ളു. ഒറ്റ വാചകത്തിൽത്തന്നെ ഒരു ന്യൂജൻ മറുപടിയും കിട്ടും. "അതിനിപ്പോൾ ഞങ്ങളെന്തു വേണം? "
അതോടെ കാര്യങ്ങൾ ശുഭം.

മേൽപ്പറഞ്ഞതുപോലെയുള്ള വലിയ വർത്തമാനം വലിയവായിൽപ്പറയുന്ന ഞാനുൾപ്പെടെയുള്ള മാതാപിതാക്കളോട് എനിക്കും ചിലതും ചോദിക്കാനുണ്ട്. MCQ അല്ല കേട്ടോ. ഉത്തരങ്ങൾ സ്വന്തമായി എഴുതാം.

ചോദ്യം 1: മക്കളെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം എന്താണ്? അല്ലെങ്കിൽ അവർക്കൊരു മുപ്പതു വയസ്സാകുമ്പോൾ അവരെ ഏതവസ്ഥയിൽ കാണാനാഗ്രഹിക്കുന്നു?

ചോദ്യം 2: കുട്ടികൾക്കായി quality time നിങ്ങൾ കൊടുക്കാറുണ്ടോ? അവരെ കേൾക്കാറുണ്ടോ? തുറന്ന മനസ്സോടെയാണോ, മുൻവിധിയോടെയാണോ അവരെ കേൾക്കുന്നത്?

ചോദ്യം 3: കുട്ടികളുടെയിടയിൽ നല്ല സൗഹൃദങ്ങൾ വളരാൻ നിങ്ങളെന്തു ചെയ്തു?

ചോദ്യം 4: കുട്ടികളുടെ മാർക്കാണോ, സ്വഭാവരൂപവത്കരണമാണോ നിങ്ങൾക്കു വലുത്?

ചോദ്യം 5: പ്രായത്തിനനുസരിച്ചുള്ള പ്രായോഗികജ്ഞാനം അവരിൽ വളർന്നു വരാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? മറ്റൊരു രീതിയിൽ ചോദിച്ചാൽ പാഠ പുസ്തകകത്തിനപ്പുറം അവർക്ക് എന്തൊക്കെയറിയാം?

ചോദ്യം 6: പത്രം വായിക്കുന്നവരും മക്കളെ പത്രം വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരും നമ്മളിലെത്ര പേരുണ്ട്? നിങ്ങളുടെ വീടുകളിൽ സാമൂഹ്യ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ അതിൽ കുട്ടികളെ ഉൾപ്പെടുത്താറുണ്ടോ? മറ്റൊരു രീതിയിൽ ചോദിച്ചാൽ കുട്ടികളിൽ സാമൂഹ്യബോധവും പൊതു വിജ്ഞാനവും വളരാൻ നിങ്ങളെന്തു ചെയ്യുന്നു?

ചോദ്യം 7: നിങ്ങൾക്കോ നിങ്ങളുടെ കുട്ടികൾക്കോ ഏതെങ്കിലും ലൈബ്രറി മെമ്പർഷിപ്പ് ഉണ്ടോ? കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു പുസ്തകം നിങ്ങൾ വായിക്കുന്നത് നിങ്ങളുടെ മക്കൾ കണ്ടിട്ടുണ്ടോ?

ചോദ്യം 8: അടുത്തകാലത്ത് എപ്പോഴെങ്കിലും ബന്ധുവീട് സന്ദർശനം, രോഗി സന്ദർശനം, അയൽപക്ക സന്ദർശനം ഇവയിലേതെങ്കിലുമൊക്കെ നിങ്ങളുടെ മക്കളോടൊന്നിച്ച് നടത്തിയിട്ടുണ്ടോ?

ചോദ്യം 9: മക്കളോടൊന്നിച്ച് ഒരു ബസ് യാത്ര നടത്തിയിട്ട് എത്ര കാലമായി?

ചോദ്യം 10: നിങ്ങളുടെ സാമ്പത്തികാവസ്ഥ അനുസരിച്ച് ആവശ്യങ്ങൾ ക്രമപ്പെടുത്താൻ മക്കളെ നിങ്ങൾ പരിശീലിപ്പിച്ചിട്ടുണ്ടോ? ഉള്ളതു പങ്കുവെക്കാൻ അവർ തയ്യാറാണോ? അല്ലാ, നിങ്ങൾ തയ്യാറാണോ?

പത്ത് ഒരു നല്ല അക്കമാണ്. അതുകൊണ്ട് ആ അക്കത്തിൽ ചോദ്യങ്ങൾ നിർത്തുന്നു.

സിംപിളായി പറഞ്ഞാൽ നല്ല മക്കളുണ്ടാവണമെങ്കിൽ ആദ്യം നമ്മളിൽ നല്ല മാതാപിതാക്കൾ ജനിക്കണം.

ഒരു ഓർമപ്പെടുത്തൽ കൂടി...

കാലം മുന്നോട്ടല്ലേ പോകുന്നത്? പുറകോട്ടൊന്നുമല്ലല്ലോ? പഴയകാലം അതേ രീതിയിൽ പുനർജനിപ്പിക്കാനാണോ നാം ശ്രമിക്കേണ്ടത്? അതോ അക്കാലത്തെ നന്മകൾ ഇന്നിന്റെ യാഥാർത്ഥ്യങ്ങൾക്കിണങ്ങുംവിധം ഇന്നുകളോട് കൂട്ടിച്ചേർക്കാനാണോ?

പഴയതു വീണ്ടും പഴതിനേക്കാൾ സ്രേഷ്ടമായി പുനർസൃഷ്ടിക്കാൻ നമുക്കാവും.

ഏതാണ് എളുപ്പം? ഏതാണ് ശരി?

image

വിവാഹം കോടതി കയറും മുൻപ്... (ഭാഗം 6)

ഒരു അനുഭവകഥയിൽ തുടങ്ങാം. ലാബ് ടെകീനിഷ്യൻ കോഴ്സിന് പഠിക്കുന്ന 18 വയസ്സുള്ള പെൺകുട്ടിയാണ് നായിക. ഇടത്തരം കുടുംബ പശ്ചാത്തലം. ഇരുപത്തിയൊന്ന് വയസ്സായ പയ്യനാണ് ഹീറോ. പത്താം ക്ലാസ്സ് വിദ്യാഭ്യാസം.

ജോലി പാർട്ട് ടൈം ഡ്രൈവിങ്ങ്. വാടക വീട്ടിൽ താമസം. ഒരു ഡാൻസ് പരിപാടിയുമായി ബന്ധപ്പെട്ടാണ് പയ്യന് പെൺകുട്ടിയുടെ ഫോൺ നമ്പർ കിട്ടുന്നത്. പ്രണയം പൂവിടാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല. ഇതിനിടെ അമ്പലത്തിൽപോയി രഹസ്യമായി ഒരു താലിയും ചാർത്തി ബന്ധം ഒന്നുകൂടെ ഉറപ്പിച്ചു. സ്നേഹം മൂത്തപ്പോൾ ഒരു പാതിരാത്രി പെൺകുട്ടി ഈ പയ്യന്റെ കൂടെപ്പോകാൻ പദ്ധതിയിട്ടു. കഷ്ടകാലത്തിന് വാതിൽ തുറന്നെത്തിയത് അമ്മയുടെ മുൻപിലേക്ക്. കഥ അങ്ങനെയാണ് ട്വിസ്റ്റുന്നത്. ആകെ പ്രശ്നമായി. വിവാഹം കഴിക്കുന്നുവെങ്കിൽ ആ പയ്യനെത്തന്നെയെന്ന ഒറ്റ വാശിയിലായി പിന്നെ ആ പെൺകുട്ടി. അങ്ങനെയാണ് വീട്ടുകാർ ഒ പി യിൽ അവളെ കൊണ്ടുവന്നത്.

മക്കളുടെ പ്രണയബന്ധം അറുത്തു മാറ്റുവാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത് അത്ര അപൂർവ്വമൊന്നുമല്ല. അവർ തമ്മിൽ പ്രണയിക്കാനുണ്ടായ പശ്ചാത്തലവും തമ്മിലുള്ള സ്വഭാവച്ചേർച്ചയുമൊക്കെ മനസ്സിലാക്കിയാൽ തീരുമാനങ്ങൾ പലതും അതിവിചിത്രം തന്നെയെന്ന് പറയാതിരിക്കാനും വയ്യ.

ഇഷ്ടമുള്ള ഹൃദയങ്ങളെ പിരിക്കുന്നതെന്തിന്? അവർക്കു പ്രായപൂർത്തിയായില്ലേ, പിന്നെന്താ തടസ്സം? എന്നൊക്കെ ചോദിക്കുന്നവരോട് ഞാൻ ഒന്നു പറയട്ടെ. ബന്ധം പിരിക്കൽ ഒരു ഡോക്ടറിന്റെ ജോലിയല്ല. പ്രായപൂർത്തിയായ ഏതൊരാൾക്കും ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാൻ സ്വാതന്ത്ര്യവുമുണ്ട്.

പക്ഷേ അത്തരം തീരുമാനം എടുക്കുന്നതിന് മുമ്പ് അല്പം വിവേചനശക്തിയോടെ ചിന്തിക്കാൻ അവരെ സഹായിക്കുന്നതിൽ തെറ്റുണ്ടോ? ബാക്കിയൊക്കെ അവരുടെ തീരുമാനം, അവരുടെ റിസ്ക്.

ഇനി ഈ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ചാകട്ടെ.
കുട്ടിക്ക് പയ്യനെപ്പറ്റി കാര്യമായ അറിവൊന്നുമില്ലായിരുന്നു. പയ്യൻ പറഞ്ഞ ചില കാര്യങ്ങൾ ഇടക്ക് കൂട്ടിച്ചേർക്കുന്നുവെന്നു മാത്രം, അവക്കു തന്നെ യാതൊരു തെളിവുമില്ല. പാതിവഴിയിൽ നിർത്തുന്ന തന്റെ പഠനത്തെയോപ്പറ്റിയുള്ള ആശങ്കയോ,എങ്ങനെ എവിടെ ജീവിക്കുമെന്നതിനെക്കുറിച്ചോ ഒന്നും ഒരു ധാരണയില്ല.പയ്യനിൽ എന്തൊക്കെ ഗുണങ്ങളാണ് കണ്ടെത്തിയത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. 'അർദ്ധരാത്രിയിലെ സ്വാതന്ത്ര്യത്തിന്റെ' (freedom at midnight) വരുംവരായ്കകളെപ്പറ്റി യാതൊരു അറിവുമില്ല. എന്നാലോ ആത്മവിശ്വാസത്തിന് യാതൊരു കുറവുമില്ല. സിനിമാക്കഥകളെപ്പോലും നിഷ്പ്രഭമാക്കുന്ന പ്രണയകഥകൾ വേറെയുണ്ട്.

പ്രണയിക്കാൻ ഒരുങ്ങുന്നവർ ഒന്നു രണ്ടു കാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ കൊള്ളാം.......

മേല്പറഞ്ഞ ബന്ധത്തെ മതിഭ്രമം (infatuation) എന്നല്ലാതെ മറ്റൊരു പേരിലും വിളിക്കാനാവില്ല.
ഒരു നിമിഷം കൊണ്ടോ ദിവസം കൊണ്ടോ ഉണ്ടാവുന്ന ഒരു വ്യക്തിയുടെ സൗന്ദര്യം, വസ്ത്രധാരണം, മറ്റു ബാഹ്യപ്രത്യേകതകളിലുള്ള ആകർഷണം തുടങ്ങിയവ മാത്രം കണ്ടു തുടങ്ങുന്ന ബന്ധങ്ങളെ മതിഭ്രമം എന്ന വിഭാഗത്തിലല്ലേ പെടുത്താനാവൂ ?

മതിഭ്രമം, യഥാർത്ഥ പ്രണയമായി മാറിക്കൂടെന്നൊന്നുമില്ല. പക്ഷേ അതിൽ പ്രായോഗികത ഒരു നിർണ്ണായക ഘടകം തന്നെയാണ്. അതിവൈകാരികതയും പ്രണയിനിയെയോ പ്രണയിതാവിനെയോ ഞെരുക്കിപ്പിടിക്കാനുള്ള ശ്രമവുമൊക്കെ മതിഭ്രമത്തിന്റെ അകമ്പടിക്കാരാണ്. ഇഷ്ടം ബോദ്ധ്യപ്പെടുത്താനെന്നും പറഞ്ഞ് സ്വയം മുറിവേൽപ്പിക്കുന്നത് യഥാർത്ഥ പ്രണയത്തിന്റെ ലക്ഷണമേയല്ല.നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുക, അവക്കു വേണ്ടി ഭീഷണി മുഴക്കുക, തുടങ്ങിയ രീതികളെ സ്നേഹം എന്ന രണ്ടക്ഷരം കൊണ്ട് എങ്ങനെ വിശദീകരിക്കാനാവും?

കാമുകന്റെ ലഹരി ഉപയോഗവും ദുശീലങ്ങളുമൊക്കെ സ്നേഹം കൊടുത്ത് നിർത്താൻ ശ്രമിക്കുന്ന കാമുകിമാരുമുണ്ട്. അതിന് പ്രേരണയാകുന്നതോ സിനിമയിലും നോവലുകളിലും കാണുന്ന നിറം പിടിപ്പിച്ച കഥകളും! എന്നിട്ട് എത്ര പേരെ നന്നാക്കി? എത്ര പേർ നന്നായി ? കണക്കുകൾ കൈയിലുണ്ടോ?

യഥാർത്ഥ പ്രേമം രണ്ട് മനസ്സുകൾ തമ്മിലുള്ള അടുപ്പമാണ്. അവ തുടങ്ങുന്നത് യാഥാർത്ഥ്യങ്ങളുടെ ലോകത്താണ്. സ്വപ്നലോകത്തൊന്നുമല്ല. അത് പരസ്പര ബഹുമാനത്തിലധിഷ്ഠിതമാണ്. ചേർന്നു നിന്ന് വളരലും വളർത്തലുമാണ് യഥാർത്ഥ സ്നേഹബന്ധങ്ങളുടെ രീതി. അതെ, ഒതുക്കിപ്പിടിക്കലല്ല. ചിറകുവിടർത്തി പറക്കാൻ പരസ്പരം സഹായിക്കലാണ് അതിന്റെ രീതി.

വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഇവിടെയുമുണ്ടാവാം. പക്ഷേ അതൊക്കെയും കാര്യമാത്ര പ്രസക്തമായിരിക്കും.

മാതാപിതാക്കളുടെ ശ്രദ്ധക്ക്...
മനസ്സ് മാറ്റുന്ന മരുന്നുകളൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കിൽത്തന്നെ അത് നീതിശാസ്ത്രത്തിന് വിരുദ്ധവുമാണ്.

നമുക്ക് ചെയ്യാൻ പറ്റുന്നത് :-
1. പക്വതയോടെ തീരുമാനമെടുക്കാനുള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കുക. മതിഭ്രമം (Infatuation), പ്രണയം, കാമം ഇവ തമ്മിലുള്ള വ്യത്യാസം സ്വയം മനസ്സിലാക്കുക. മനസ്സിലാക്കി കൊടുക്കുക.

2.പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിക്കുക. മുമ്പിൽ വളവ് ഉണ്ടെന്ന റോഡിലെ സൈൻ ബോർഡ് പോലെ. പക്ഷേ കുറച്ച് നേരത്തെയാകണമെന്ന് മാത്രം. വളവിൽത്തന്നെ ബോർഡ് വെച്ചിട്ട് കാര്യമില്ലല്ലോ.

3. ഫോൺ മേടിച്ചുകൊടുക്കാനുണ്ടായ ഉത്സാഹം ഫോണിന്റെ ദുരുപയോഗം തടയുവാനും ഉണ്ടാകണം. ഏറിയ പങ്കിനും ഒരു രഹസ്യ ഫോൺ ഉണ്ടെന്നുള്ള രഹസ്യം അറിയുക.

4. സുഹൃത്തിനെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞ് (Manipulation) ബന്ധം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്.

5. പക്വതയോടെ പ്രതികരിക്കുക. അതിവൈകാരികത ഗുണം ചെയ്യില്ല. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കളുടെ തീരുമാനം കുട്ടികൾ ആവശ്യപ്പെടുന്നെങ്കിൽ അത് പറയാൻ വേണ്ടി സമയം ആവശ്യപ്പെടാവുന്നതാണ്. കുറ്റപ്പെടുത്തലുകളേക്കാൾ അനുഭാവപൂർണ്ണമായ സമീപനം കൂടുതൽ ഗുണം ചെയ്യും. ഒരു മനോരോഗ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

6. ചികിത്സിക്കാൻ പറ്റുന്ന പ്രണയരോഗങ്ങൾ ചിലതുണ്ട്. ഇറോട്ടോമാനിയ എന്ന സാങ്കല്പികപ്രണയവും ഉന്മാദരോഗാവസ്ഥയുടെ ഭാഗമായുള്ള പ്രണയവുമൊക്കെ മരുന്നുകൾ കൊണ്ട് ചികിത്സിക്കപ്പെടേണ്ടതു തന്നെ.

സ്നേഹത്തിലും ആത്മാർത്ഥതയിലും പരസ്പര വിശ്വാസത്തിലുമൂന്നിയ, വളരുകയും പരസ്പരം വളർത്തുകയും ചെയ്യുന്ന നല്ല പ്രണയങ്ങൾ ഉണ്ടാകണമെന്നു തന്നെയാണ് എന്റെ ആഗ്രഹം.

image

വിവാഹം കോടതി കയറും മുൻപ്... (ഭാഗം 5)

ചില പേഷ്യന്റ്സ് ഒരു വിങ്ങലായി മനസ്സിൽ കേറിപ്പറ്റും. അങ്ങനെയുമുണ്ട് ചില കഥകളും കഥാപാത്രങ്ങളും.

സൈക്യാടിയിൽ റെസിഡൻസി ചെയ്യുന്ന കാലം. ഒരു അമേരിക്കൻ വിവാഹക്കഥയാണ് സംഭവം. കേസെടുത്തത് ഞാൻ തന്നെ.

നഴ്സുമാരാണ് ഭാര്യാഭർത്താക്കന്മാർ. കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിലേറെയായി. കുട്ടികളായിട്ടില്ല. പെൺകുട്ടിയുടെ കുടുംബം വർഷങ്ങളായി അമേരിക്കയിലാണ്. പെൺകുട്ടിയുടെ ഹസ്ബൻഡ്‌ എന്ന വകുപ്പിലാണ് പയ്യൻ US- ലേക്കുള്ള പാലം കടക്കുന്നത്.

പയ്യനും പയ്യത്തിയും പെട്ടെന്നൊരു ദിവസം നാട്ടിലേക്ക് വരുന്നു. ഇരുകൂട്ടരുടെയും ബന്ധുക്കൾ എയർപോർട്ടിൽ തന്നെ ഇവരെയും കാത്തു നില്പുണ്ടായിരുന്നു. മാതാപിതാക്കളും അടുത്ത ബന്ധുക്കളുമടങ്ങുന്ന ഒരു വിദഗ്ധ സംഘം തന്നെ. അവർ നെടുമ്പാശേരിയിൽ നിന്നും നേരെ വന്നത് സൈക്യാട്രി ഓ പി യിലേക്ക്. വരവിന്റെ അടിയന്തിരാവസ്ഥ ബോദ്ധ്യപ്പെടുത്താനാണ് ഇത്രയും വിശദമായി എഴുതിയത്.

പയ്യൻ അവിടെ ഒരു സൈക്യാട്രിക് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. പെൺകുട്ടിയാകട്ടെ പലതവണ ശ്രമിച്ചിട്ടും RN എന്ന കടമ്പ കടന്നിട്ടില്ല. ഇതാണ് അവരുടെ ജോലി പശ്ചാത്തലം.

കൈയിൽ ഒരു ഡോക്ടറിന്റെ ലെറ്ററുമൊക്കെയായാണ് വരവ്. പെൺകുട്ടിക്ക് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ആണെന്നും ഇവളോട് പൊരുത്തപ്പെടാൻ പയ്യൻ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലെന്നുമൊക്കെ ആ റെഫറൻസ് ലെറ്ററിൽ നീട്ടിപ്പിടിച്ച് എഴുതിയിട്ടുണ്ട്.

പെൺകുട്ടിയോട് സംസാരിച്ചു. വളരെ ശാന്തമായിത്തന്നെ അവൾ പ്രതികരിച്ചു. പയ്യൻ homosexual ആണോയെന്ന സംശയവും കൂട്ടത്തിൽ അവൾ പങ്കുവച്ചു. വെറുതേ പറഞ്ഞതല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ. ഏതായാലും വിവാഹം കഴിഞ്ഞില്ലേ? ഏന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ പൊരുത്തപ്പെട്ടു പൊക്കോളാം. അതാണ് അവളുടെ നിലപാട്.

ഇനി പയ്യന്റെ ഊഴം. പെൺകുട്ടിയെക്കൊണ്ടുണ്ടായ ഉപദ്രവങ്ങൾ നിരത്തുന്നതിലായിരുന്നു അങ്ങേരുടെ ശ്രദ്ധ. പക്ഷേ പറയുന്ന കാര്യങ്ങൾ തമ്മിൽ ഒരു പൊരുത്തമില്ലാത്തതു പോലെ.

ഇനി മാതാപിതാക്കളുടെ ഊഴം. പെൺകുട്ടിയെക്കുറിച്ച് അവളുടെ മാതാപിതാക്കൾത്തന്ന വിവരണം വെച്ച് നോക്കിയാൽ ബോർഡർലൈൻ പേഴ്സണാലിറ്റിയുടെ ബോർഡറിൽപ്പോലും അവളെ മുട്ടിക്കാൻ പറ്റുന്നുമില്ല.

ഇനി പയ്യന്റെ മാതാപിതാക്കളിലേക്ക് . അവരാകട്ടെ പയ്യൻ പറഞ്ഞ കഥകൾ തത്തപോലെ പറഞ്ഞുവെന്നല്ലാതെ സ്വന്തമായി യാതൊരു അഭിപ്രായവുമില്ല.

കഥ ഇങ്ങനെയുമാകാം...

പയ്യന് അമേരിക്കയിൽ ജോലിയായി. ഇനി ഇവളുടെ ആവശ്യമില്ല. കൊണ്ടുവന്നു നടതള്ളിപ്പോകാൻ വന്നതായിരിക്കണം. രോഗലക്ഷണങ്ങൾ പറഞ്ഞു പിടിപ്പിക്കാനാണോ പാട്? അതും സൈക്യാട്രിവാർഡ് എക്സ്പീരിയൻസ് ഉള്ള ഒരാൾക്ക്. ഇനി ഡോക്ടറും കൂടി ഒന്നു OK അടിച്ചാൽ കാര്യങ്ങൾ എളുപ്പം.

കേസ് പ്രൊഫസറുടെയടുത്ത് പ്രസന്റ് ചെയ്തു. ഇരുകൂട്ടരോടും സംസാരിച്ചു.
പയ്യൻ പറയുന്നതുമാത്രം കേട്ട് പെട്ടെന്ന് ഒന്നും ചെയ്യാനാവില്ലെന്നും കൂടുതൽ observation വേണമെന്നുമായിരുന്നു പ്രൊഫസറുടെ നിലപാട്. അത്ര പ്രശ്നമാണെങ്കിൽ admit ആകാനും നിർദേശിച്ചു.

ഉദ്ദേശം പൂവണിയില്ലെന്ന് കണ്ടപ്പോൾ പയ്യനും പയ്യന്റെ കൂട്ടരും ഒച്ചവെച്ച് പുറത്തേക്ക്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കാര്യമൊന്നും അപ്പോഴും പിടികിട്ടിയില്ല. മകൾക്ക് എന്തോ കൗൺസിലിങ്ങ് ആവശ്യമെന്നും അത് കഴിഞ്ഞാൽ പയ്യൻ അവളെ തിരികെക്കൂട്ടുമെന്ന് വിചാരിച്ചിരിക്കാം ആ ശുദ്ധമനസ്സുകൾ.

ഇങ്ങനെയുമുണ്ട് ചില വിവാഹങ്ങളെന്ന് ഓർമപ്പെടുത്താനായി മാത്രം. കൂട്ടത്തിൽ ഇതു കൂടി പറയട്ടെ. സൈക്യാട്രിയിൽ ഹിസ്റ്ററി പ്രധാനപ്പെട്ടതു തന്നെ. പക്ഷേ അതുമാത്രം കേട്ടല്ല ഒരു ഡോക്ടർ രോഗനിർണ്ണയം നടത്തുന്നത്. വേറെയും ഒരുപാടു കാര്യങ്ങളുണ്ട്. എല്ലാം പറയുന്നത് ശരിയല്ലാത്തതു കൊണ്ട് ഇപ്പോ പറയുന്നില്ല...

image

വിവാഹം കോടതി കയറും മുൻപ്... (ഭാഗം 4)

ഒരു ഓഷോക്കഥയിൽ തുടങ്ങാം (കഥയുടെ thread മാത്രമേ മോട്ടിച്ചിട്ടുള്ളു. ബാക്കിയെല്ലാം സ്വന്തം)

ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയുമിരിക്കും. അതാണല്ലോ അതിന്റെ രീതി. ഈ കഥയിലെ സർദാറിന്റെ വീട്ടിലാകട്ടെ സദാസമയവും പൊട്ടിച്ചിരി ശബ്ദം മാത്രം. അയൽപക്കങ്ങളിൽ അല്പം കുശുമ്പും അസ്വസ്ഥതയുമൊക്കെ ഉണ്ടാക്കിക്കൊണ്ട് സർദാർജിയും ഭാര്യയും പൊട്ടിച്ചിരിച്ചു ജീവിച്ചു പോരുകയായിരുന്നു. ഒരു ദിവസം ആകാംക്ഷ മൂത്ത് നാട്ടുകാർ അങ്ങേരെ വഴിയിൽ തടഞ്ഞുവെച്ച് ചിരിയുടെ രഹസ്യം ചോദിച്ചു കളഞ്ഞു.

സർദാർജി ആള് ശുദ്ധനാ. പുള്ളിക്കാരൻ ഉള്ളത് ഉള്ളതുപോലെ തന്നെ പറഞ്ഞു." അതോ? ഞങ്ങൾ തമ്മിൽ മിണ്ടാറുപോലുമില്ല.ദേഷ്യം മൂക്കുമ്പോൾ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സാധനങ്ങൾ വലിച്ചെറിയും. അവളുടെ ഏറ് ലക്ഷ്യം തെറ്റുമ്പോൾ ഞാൻ ചിരിക്കും. എന്റെ ഏറ് ഉന്നം തെറ്റുമ്പോൾ അവളും ചിരിക്കും. എറിഞ്ഞത് എന്റെ മേൽവീണാൽ അവൾ പൊട്ടിച്ചിരിക്കും. തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ പൊട്ടിച്ചിരിക്കുന്നത് ഞാനായിരിക്കും."

നാട്ടുകാർക്ക് അപ്പോഴാണ് ആശ്വാസമായത്.
(കുശുമ്പിന്റെ കാര്യത്തിൽ മദ്രാസി മാത്രമല്ലാ, എല്ലാവരും കണക്കാണെന്നറിഞ്ഞപ്പോൾ എനിക്കും വല്ലാത്തൊരു ആശ്വാസം)

പക്ഷേ വിവാഹം കഴിഞ്ഞ് 30 വർഷം കഴിഞ്ഞപ്പോൾ സർദാർജി വിവാഹമോചനത്തിന് ഒരു കേസങ്ങു കൊടുത്തു !

"എന്താ ഇപ്പോളിങ്ങനെ തോന്നാൻ കാരണം?" ജഡ്ജി ചോദിച്ചു.

സർദാർജി തുടങ്ങി - "എന്റെ ഭാര്യ വീട്ടിലെ സാധനങ്ങൾ എറിഞ്ഞുടക്കുന്നു. എന്നെ ഉപദ്രവിക്കുന്നു. സഹിക്കാൻ വയ്യ. കഴിഞ്ഞ മുപ്പത് വർഷമായി ഞങ്ങൾ സ്വരച്ചേർച്ചയിലല്ല."

ജഡ്ജി ഞെട്ടൽ മറച്ചുവെക്കാതെ ചോദിച്ചു. "എന്നിട്ട് ഇപ്പോഴാണോ കേസ് കൊടുക്കാൻ തോന്നിയത്?"

സർദാർജിയുടെ മറുപടി തകർപ്പനായിരുന്നു. അതു കേട്ട് ജഡ്ജി മാത്രമല്ല, കേട്ട സർവ്വത്ര ആൾക്കാരും ഞെട്ടി.

''അതേ ഇത്രയും നാളും വലിയ പ്രശ്നമില്ലായിരുന്നു. അവളുടെ ഏറ് പകുതിയെങ്കിലും ലക്ഷ്യം തെറ്റുമായിരുന്നു. എനിക്ക് ചിരിക്കാനും വകയുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അവൾ കൃത്യമായി എറിയാൻ പഠിച്ചു. ഇനി എനിക്കിങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല."

പാവം സർദാർജി! അപ്പോൾ ഇങ്ങേർക്ക് ഡിവോഴ്സ് കൊടുക്കാമല്ലേ?

പക്ഷേ, അതിന് മുൻപ് ഞാനൊന്നു പറയട്ടെ. സർദാർജിമാർ നമ്മുടെ ചുറ്റിലുമില്ലേ? 
തിരുത്തേണ്ടത് തിരുത്തേണ്ട സമയത്ത് തിരുത്തില്ല. സമാന്തരജീവിതം കണ്ടെത്തിയും, പ്രശ്നങ്ങൾക്കു നേരേ കണ്ണടച്ചു പിടിച്ചും, പ്രശ്നം ലഘൂകരിച്ചുകണ്ടുമൊക്കെ അങ്ങ് ജീവിക്കും. അനാവശ്യമായ മൗനം പാലിക്കും. പ്രശ്നം സ്വയം deal ചെയ്യാൻ അറിയാത്തവർ. എന്നാലോ? വിദഗ്ധരുടെ സഹായവും തേടില്ല. മരം പുരപ്പുറത്തേക്ക് ചായുന്നതുവരെ അനങ്ങാതിരിക്കുന്നവർ !

നമ്മൾ മനുഷ്യരല്ലേ? തെറ്റുകൾ വരും, തെറ്റിദ്ധാരണകളും. തുടക്കത്തിലേ പറഞ്ഞു തീർത്താൽ എത്രയോ എളുപ്പം.

അപ്പോൾ അടുത്ത ചോദ്യം വരും. മാറ്റാനോ തിരുത്താനോ പറ്റാത്ത ശീലങ്ങളാണെങ്കിലോയെന്ന്. ശരി, ഇതും കൂടി കേൾക്ക്. തിരുത്താൻ പറ്റുന്നവയോ അല്ലാത്തവയോ എന്നറിയണമെങ്കിലും ആ മൗനമൊന്ന് ഭഞ്ജിച്ചല്ലേ പറ്റൂ? തിരുത്താൻ പറ്റില്ലെങ്കിൽ വേറേ മാർഗമൊന്നുമില്ലേ? മിണ്ടാതിരിക്കലാണോ അതിന്റെ പരിഹാരം?

ആവശ്യനേരത്തെ മൗനവും അനാവശ്യത്തെ നേരത്തെ സംസാരവും അപകടകരമാണ്.

വാൽ:
Assertiveness എന്നൊരു കാര്യമുണ്ട്. വിവാഹം സഹനമാണ്, പാരതന്ത്ര്യമാണ്, മണ്ണാങ്കട്ടയാണ് എന്നൊക്കെ പറഞ്ഞുനടക്കുന്നവർ ഒന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ.

image

വിവാഹം കോടതി കയറും മുൻപ്... (ഭാഗം 3)

ഇടപെടുക... വീണ്ടും ഇടപെടുക... ഇടപെട്ട് കുളമാക്കിക്കൊണ്ടേയിരിക്കുക...

ഭാര്യയും ഭർത്താവും തമ്മിൽ രാവിലെ ഒരു വഴക്ക്. മരുമകൾ മകനോട് ശബ്ദമുയർത്തി സംസാരിക്കുന്ന ഭാഗം കേട്ടുകൊണ്ടാണ് അമ്മയും അച്ഛനും അവിടെയെത്തുന്നത്. പ്രശ്നകാരണം എന്തെന്നോ, അതിൽ മകന്റെ പങ്കെന്തെന്നോ ഒന്നും അവർക്ക് അറിയേണ്ട കാര്യമില്ലല്ലോ. വല്ലോടത്തും നിന്നും വന്നവൾ മകനോട് തട്ടിക്കയറുന്നത് അനുവദിച്ച് കൂടല്ലോ.

"കലികാലം തന്നെ. എന്തൊരു അഹങ്കാരം.ഇവളെയൊക്കെ വളർത്തിയവരെ പറഞ്ഞാ മതി" അമ്മ ബാറ്റു വീശി. ആദ്യ ഓവറിലെ ആദ്യത്തെ റൺ.

അടുത്തത് അച്ഛന്റെ ഊഴം. ''ഞാൻ അപ്പോഴേ പറഞ്ഞതല്ലേ, ഇവരുമായുള്ള ബന്ധുത നമുക്ക് വേണ്ടെന്ന്. അനുഭവിച്ചോ..." ബാറ്റ് ശക്തമായി വീശിയതുകൊണ്ടാവാം അതൊരു ഫോറായി.

ഇതു സാധാരണ ക്രിക്കറ്റ്കളി പോലെയല്ല. അവർ നാലു പേരും മാറി മാറിയാണ് ബാറ്റിംഗും ബൗളിങ്ങും ചെയ്തത്. ചറുപറാന്ന് സിംഗിൾസും, ഫോറും സിക്സറുമൊക്കെ പിറന്നുവീണു. പൊതുവേ ബാറ്റിങ്ങിന് അനുകൂലമായ പിച്ച്. വർഷങ്ങളുടെ തഴക്കം കൊണ്ടാവാം ആർക്കും യാതൊരു ക്ഷീണവുമില്ല. വിക്കറ്റൊന്നും വീണതുമില്ല. അപ്പോഴാണ് പെണ്ണിന്റെ അച്ഛനും അമ്മയും രംഗപ്രവേശം ചെയ്യുന്നത്. (വിളിച്ച് വരുത്തിയതുമാകാം). ആവേശം മൂത്ത് അവരും ബാറ്റിങ്ങും ബൗളിങ്ങും മാറി മാറി ചെയ്തു. കളി കൊഴുക്കുന്നതിനനുസരിച്ച് ഇരുകൂട്ടരും അവരവരുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു വരുത്തിക്കൊണ്ടിരുന്നു.

മലയാളത്തിലെ സമസ്ത അക്ഷരങ്ങളും ഉശിരോടെ പുറത്തേക്കു വന്നു. പുതിയ പുതിയ വാക്കുകൾ permutation and Combination ന്റെ സഹായത്തോടെ അനുനിമിഷം പിറന്നു വീണു കൊണ്ടുമിരുന്നു. കുട്ടികൾ അതെല്ലാം പെട്ടെന്ന് പെട്ടെന്ന് കളക്ട് ചെയ്തുകൊണ്ടിരുന്നതുകൊണ്ട് ഒന്നുപോലും വേസ്റ്റ് ആയില്ല.

പക്ഷേ അവസാനം അതു സംഭവിച്ചു. ആവേശകരമായ ഗെയിം ഒരു ട്രാജഡിയിൽ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. ആ ഒടുക്കത്തെ ബൗളിങ് നടത്തിയത് പെൺകുട്ടിയുടെ എക്സ് മിലിട്ടറി അച്ഛൻ. അതുവരെയുള്ള ഏറും പിടുത്തവും സ്പീഡിലായിരുന്നതു കൊണ്ട് സമയം ധാരാളമുണ്ട്. ബൗളർ ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയുമൊക്കെ അനുഗ്രഹം തേടി. പിന്നെ ആഞ്ഞൊരേറ്. ബോള് കൊണ്ടത് അമ്മായിയച്ഛന്റെ നെഞ്ചത്ത്. രണ്ട് അറ്റാക്ക് കഴിഞ്ഞ മനുഷ്യനാണ്. കുഴഞ്ഞുവീണ അദ്ദേഹത്തെയും കൊണ്ട് രണ്ടു ടീമും ആശുപത്രിയിലേക്ക്. ഭാഗ്യവശാൽ ജീവൻ തിരിച്ചു കിട്ടി.

ICU ന്റെ വെളിയിൽ അങ്ങനെ വെയിറ്റ് ചെയ്തു കൊണ്ടിരുന്നപ്പോൾ അവരിലൊരാൾക്ക് വെളിവ് വെച്ചു തുടങ്ങി. ഇത്രക്കു വേണമായിരുന്നോ? ശരിക്കും എന്തായിരുന്നു പ്രശ്നം? അവിടെയുണ്ടായിരുന്ന എല്ലാവരോടും അയാൾ അതേ ചോദ്യം ചോദിച്ചു. ആർക്കുമറിയില്ല യഥാർത്ഥ പ്രശ്നം.

കാരണമറിയണമല്ലോ? അവർ കേന്ദ്രകഥാപാത്രങ്ങളായിരുന്ന ഭാര്യയെയും ഭർത്താവിനെയും സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിച്ചു. അദ്ദേഹത്തിന്റെയടുത്ത് അവർ പ്രശ്നകാരണം വിസ്തരിച്ചു തന്നെ അവതരിപ്പിച്ചു. (അത്രയും വിശദമായി കാര്യം പറഞ്ഞിട്ടും മൂന്ന് മിനിട്ട് സമയമേ വേണ്ടിവന്നുള്ളുവെന്നത് മറ്റൊരു കാര്യം)

"ഇതിപ്പോൾ ഉള്ളി പൊളിച്ച് പൊളിച്ച് പോയ അവസ്ഥയാണല്ലോ. ഇത്രയുമേയുള്ളായിരുന്നോ കാര്യം? സൈക്യാട്രിസ്റ്റ് ഞെട്ടൽ പുറത്തു കാണിക്കാതെതന്നെ ചോദിച്ചു.

"ശരിയാ ഡോക്ടറേ. സാധാരണ ഞങ്ങൾ വഴക്കുണ്ടാക്കിയാൽ അതു രണ്ട് മണിക്കൂർ കൊണ്ട് തീരുമായിരുന്നു. പക്ഷേങ്കിൽ ഞങ്ങടെ കഷ്ടകാലത്തിന് ഈ വഴക്ക് അച്ഛനും അമ്മയും കണ്ടു. അവരെന്റെ വീട്ടുകാരെ പറഞ്ഞു. എനിക്ക് സഹിച്ചില്ല. ഞാൻ അവരുടെ കുടുംബക്കാരെയും പറഞ്ഞു. പറഞ്ഞു പറഞ്ഞ് കാര്യങ്ങൾ ഇത്രയുമെത്തി." കിലുക്കത്തിലെ രേവതി മോഡൽ മറുപടി പറഞ്ഞത് ഭാര്യയെങ്കിലും, അവൾ പറഞ്ഞതിനോട് ഭർത്താവും യോജിച്ചു.

"എന്നാൽ പിന്നെ ഞങ്ങളങ്ങോട്ട്......?" അവർ സംയുക്തമായി ചോദിച്ചു. (എന്തൊരു യോജിപ്പ് !)

"OK. സമയം കിട്ടുമ്പോൾ രണ്ടു പേരുടെയും അച്ഛനോടും അമ്മയോടും ഇവിടം വരെയൊന്ന് വരാൻ പറയണം. ഫീസൊന്നും തരേണ്ട. എങ്ങനെ ഒരു പ്രശ്നം വഴളാക്കാമെന്ന് ഒന്നു കേട്ടു പഠിക്കാല്ലോ. ഡോക്ടർമാർ അങ്ങനല്ലേ? ജീവിതാവസാനം വരെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട ആൾക്കാരല്ലേ?" സൈക്യാട്രിസ്റ്റ് പറഞ്ഞവസാനിപ്പിച്ചു.

ഈ ഡോക്ടറോട് എനിക്കും യോജിപ്പ്. കൂടുതലൊന്നും എനിക്ക് പറയാനുമില്ല.

image

വിവാഹം കോടതി കയറും മുൻപ്... (ഭാഗം 2)

സ്നേഹം കൊടുത്താൽ ദുശീലങ്ങൾ മാറുമോ? ചോദ്യം ഇനിയും വിവാഹം കഴിക്കാത്തവരോടും അവരുടെ മാതാപിതാക്കളോടുമാണ്.

ഇന്നും കൂടി കേട്ടു ഇതുപോലൊരു ജീവിതകഥ. കഥ അല്പം ചുരുക്കിപ്പറയാം. പ്രൈവറ്റ് സ്കൂളിലെ ടീച്ചറാണ് നായിക. നായകൻ ഒരു ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ്. ആവശ്യത്തിന് മിച്ചം മദ്യപാനശീലമൊക്കെയുണ്ട്. ഒരേ സ്കൂളിൽ ഇരുവരും പഠിച്ചുവെന്നതും അന്ന് പയ്യന് ഇവളോട് അല്പം ഇഷ്ടമുണ്ടായിരുന്നുവെന്നതും പാസ്റ്റ് ഹിസ്റ്ററി. ടീച്ചറാകട്ടെ വിവാഹമോചിതയാണ്. ഭർത്താവിന്റെ മദ്യപാനവും പീഢനവും സഹിക്കവയ്യാതെയാണ് വിവാഹമോചനം നേടിയത്.

ഒരു വിധം അതിൽ നിന്നൊക്കെ മോചനം നേടി ജീവിച്ചു തുടങ്ങിയപ്പോഴാണ് നമ്മുടെ നായകൻ ഇവരെ വീണ്ടും കണ്ടുമുട്ടുന്നത്. നായകന്റെ സഹതാപം വിവാഹവാഗ്ദാനമായി പരിണമിക്കാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. (അല്ലെങ്കിലും സ്ഥിരം മദ്യപാനികൾ പൊതുവേ പരോപകാരപ്രിയരും മനുഷ്യപ്പറ്റുള്ളവരുമാണെന്നതാണ് എന്റെ ഒരു 'ഇത്'. പക്ഷേ ഇവർ പൊതുവേ ക്ഷിപ്രകോപികളും, വികാരജീവികളും, സഹനശക്തി ഇല്ലാത്തവരുമാണ് എന്നതാണ് മറ്റൊരു 'ഇത്.' )

പെൺകുട്ടി ഓഫർ സ്വീകരിച്ചു. ഒരേയൊരു ഡിമാന്റ്. വിവാഹശേഷം കുടിക്കാൻ പാടില്ല. ഇതാണോ ഇത്ര പാട് ! വിവാഹശേഷം ഒരു തുള്ളി മദ്യം ഉപയോഗിക്കില്ലായെന്ന് ഒരുറപ്പ് പയ്യൻ മറുപടിയായിക്കൊടുത്തു. ഉറപ്പെന്ന് പറഞ്ഞാൽ കട്ട ഉറപ്പ്. അങ്ങനെ കല്യാണം നടന്നു.

മണവാളൻ ചെക്കൻ ഒരാഴ്ചത്തേക്ക് പറഞ്ഞ വാക്ക് പാലിച്ചു. പിന്നെ ഓരോരോ കാരണങ്ങൾ.... ജോലി, ടെൻഷൻ, കൂട്ടുകാർ പിണങ്ങുന്നു, അങ്ങനെയങ്ങനെ ലൊട്ടുലൊടുക്കു ന്യായങ്ങൾ. മണവാട്ടി സഹതാപം, സ്നേഹം ഇത്യാദിമൂലം ആദ്യമൊക്കെ അല്പം കണ്ണടച്ചു. മാസം മൂന്ന് കഴിഞ്ഞപ്പോഴേക്കും പ്രശ്നം ആകെ വഴളായി. പെൺകുട്ടിക്ക് ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറും കണ്ണ് അടച്ചു പിടിക്കേണ്ട അവസ്ഥയായി.

പറഞ്ഞ് വന്നത്... ലഹരി ഉപയോഗത്തിന് പല കാരണങ്ങളുണ്ട്. സുഖത്തിന് വേണ്ടി മാത്രം കുടിക്കുന്നവരും, പിരിമുറുക്കം കുറക്കാൻ കുടിക്കുന്നവരും, മാനസിക രോഗമുള്ള സമയത്ത് മാത്രം ഉപയോഗിക്കുന്നവരും (ഉദാ: വിഷാദ ഉന്മാദരോഗം), ഉറക്കമില്ലായ്മക്ക് പരിഹാരമായി മദ്യത്തെ ആശ്രയിക്കുന്നവരുമൊക്കെയുണ്ട്. മേല്പറഞ്ഞവയിൽ ചില പ്രശ്നങ്ങൾ ചികിത്സ നിർബന്ധമായും വേണ്ടവയാണ്.

എത്ര ആഗ്രഹമുണ്ടെങ്കിൽപ്പോലും തനിയെ നിർത്തൽ എല്ലാവരിലും സാധ്യമല്ല. ഇവരിൽ ഏത് വിഭാഗത്തിലാണ് ഈ 'ചേട്ടൻ' പെടുന്നതെന്ന് ഈ പെൺകുട്ടി മനസിലാക്കുകയും അതിനുള്ള പരിഹാരം തേടുകയും ചെയ്തിരുന്നെങ്കിൽ പെൺകുട്ടിക്ക് ഈ ദുരിതം ഒഴിവാക്കാമായിരുന്നു.

ലഹരി ആസക്തി ഒരുദാഹരണം മാത്രം. ഇതുപോലെ തന്നെയാണ് മറ്റു സ്വഭാവ വൈകല്യങ്ങളും. ഇവക്ക് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടാവാം. വ്യക്തിത്വ വൈകല്യം, വളർന്നു വന്ന തെറ്റായ രീതി, മാനസികരോഗം തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു കാരണങ്ങളുടെ ആ നീണ്ട നിരയിൽ. ചിലതൊക്കെ ചികിത്സിക്കപ്പെടേണ്ടവയുമാണ്.

ഇനി മാതാപിതാക്കളോട് - 

മക്കളുടെ ദുർഗുണങ്ങൾ മാറ്റാൻ കല്യാണം കഴിപ്പിച്ചാൽ മതിയെന്ന് നിങ്ങളോടാരാ പറഞ്ഞത്? സ്നേഹിച്ചു കുടി നിർത്തലും സ്വഭാവം നന്നാക്കലുമൊക്കെ സിനിമയിൽ നടക്കും. യഥാർത്ഥ ജീവിതത്തിൽ വമ്പൻ റിസ്ക് തന്നെ. ചികിത്സിക്കേണ്ടത് ചികിത്സിക്കുക തന്നെ വേണം. മദ്യപാനമെന്നല്ല ഒരു ദുശീലവും മാറ്റാനുള്ള എളുപ്പവഴിയായി 'സ്നേഹം' എന്ന രണ്ടക്ഷരത്തെ നിങ്ങൾ കാണരുത്. വ്യക്തിത്വ വൈകല്യങ്ങൾ, അടിക്കടിയുള്ള ദേഷ്യവിക്ഷോഭങ്ങൾ (ആണ്ടിലും സംക്രാന്തിയിലുമുള്ളവയല്ല), മാനസികരോഗം, എന്നുവേണ്ട ഭാവിയിൽ പ്രശ്നമാകാൻ സാധ്യതയുള്ള ഏതെങ്കിലും സ്വഭാവവിശേഷങ്ങൾ നിങ്ങളുടെ മക്കളിലുണ്ടെങ്കിൽ വിദഗ്ധരുടെ അഭിപ്രായം കൂടി മാനിച്ച്, യോജിച്ച വിവാഹം തെരഞ്ഞെടുക്കാൻ അവരെ സഹായിക്കുക.

ഞാൻ രണ്ട് സംശയങ്ങൾ കൂടി ചോദിച്ചിട്ട് പെട്ടെന്നങ്ങ് പൊക്കോളാം.

സംശയം 1: സ്നേഹം ഇത്രയും ശക്തമായ ഒറ്റമൂലി ആണെന്ന്‌ നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ എന്തേ ഇത്രയും കാലം നിങ്ങളുടെ മക്കളുടെമേൽ അതു പരീക്ഷിക്കാതിരുന്നത്? അതോ നിങ്ങൾ Division of labour നടപ്പിലാക്കുകയാണോ? (തിയറിപ്പരീക്ഷ നിങ്ങളും പ്രാക്ടിക്കൽപ്പരീക്ഷ മരുമക്കളും എഴുതട്ടെയെന്ന് വിചാരിച്ചിട്ടാണോ?)

സംശയം 2: നിങ്ങളുടെ ഡിക്ഷണറിയിൽ സ്നേഹം = സഹനം എന്നാണോ കൊടുത്തിരിക്കുന്നത്?

എല്ലാം തികഞ്ഞവർ മാത്രമേ വിവാഹം കഴിക്കാവൂ എന്നല്ല ഞാൻ പറഞ്ഞത്. മന:പൂർവ്വമുള്ള മറച്ചു പിടിക്കൽ.....അതെങ്കിലും ഒഴിവാക്കിക്കൂടേ?

image

വിവാഹം കോടതി കയറും മുൻപ് ... ( ഭാഗം 1)

ഫേസ്ബുക്കിലെ ആ മനോഹരമായ ഫോട്ടോയിലേക്ക് ആദ്യം നോക്കിയ അപ്പച്ചനും അമ്മച്ചിയും ഒരു നിമിഷം പകച്ചു. ഇത് നമ്മുടെ മകളും മരുമകനും തന്നെയല്ലേ? സംഭവം ശരി തന്നെ. ഫോട്ടോ verified, പക്ഷേ ഇവർ ഒരുമിച്ചു നിന്നു ഫോട്ടോയൊക്കെ എടുത്തോ? അതെപ്പോൾ?

ഫേസ്ബുക്കിലെ ആ മനോഹരമായ ഫോട്ടോയിലേക്ക് രണ്ടാമത് നോക്കി ഞെട്ടിയത് ഫോട്ടോയിലെ ആ പെൺകുട്ടിയുടെ അമ്മായിയമ്മയും അമ്മായിയച്ഛനും. അവരും ലൈക്കിയില്ല. സംശയത്തോടെ വീക്ഷിച്ചുവെന്ന് മാത്രം.

ഫേസ്ബുക്കിലെ ആ മനോഹരമായ ഫോട്ടോയിലേക്ക് പിന്നെ നോക്കിയത് തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടനും ചേച്ചിയും. അവർ ഫോട്ടോയിലേക്ക് വിരൽച്ചൂണ്ടി മുഖത്തോടു മുഖംനോക്കി പകച്ചു നിന്നു. പിന്നെ പരസ്പരം ചോദിച്ചു. "ഇവരെപ്പോൾ ഒരുമിച്ചു?" ഏതായാലും ഒരു ലൈക്കുമിട്ടു. ആ പോസ്റ്റിലെ ആദ്യത്തെ ലൈക്ക്. 

പിന്നെ പിന്നെ നാട്ടുകാർ ഓരോരുത്തരായി നോക്കി, ലൈക്കി. അതിൽ അവരെ അറിയുന്നവരും അറിയാത്തവരുമുണ്ടായിരുന്നു.

അവസാനത്തെ ലൈക്ക് അവരുടെ ഫാമിലികൗൺസിലറുടേതായിരുന്നു. ആ ലൈക്കിന് ഒരേയൊരർത്ഥം മാത്രം.Professional Satisfaction !

പൊരുത്തമില്ലാത്തവർ ബന്ധംപിരിഞ്ഞ് സ്വതന്ത്രരായി ജീവിക്കട്ടെ, ജീവിതം ഒന്നേയുള്ളു, അത് ആസ്വദിക്കേണ്ടതു തന്നെ, തുടങ്ങിയ മനോഹരമായ ആശയങ്ങൾ നമ്മെ ഭ്രമിപ്പിക്കുമ്പോൾ പിന്നെ എന്തിനാണ് ഈ ഫാമിലി കൗൺസിലിങ്ങ് ?

അതേന്നെ. കാലം ഒരുപാടുമാറി. വിവാഹം, കുടുംബം തുടങ്ങിയവയൊക്കെ തികച്ചും കോമഡിയായിക്കരുതുന്ന ഒരു ചിന്താരീതി വളർന്നു വരുന്നുണ്ട്. ഇത്തരം ചിന്തകളുടെ മൊത്ത വിതരണക്കാരിൽ ഏറിയപങ്കും ബുജികൾത്തന്നെ. കേൾക്കുമ്പോൾ ന്യായമെന്നു തോന്നാവുന്ന വാദഗതികൾ. പക്ഷേ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ദഹിക്കുന്നില്ല. പുതുചിന്തകളെ സ്വാഗതം ചെയ്യാനുള്ള മടി കൊണ്ടോ പരമ്പരാഗത ചിന്തകളെ മുറുകെപ്പിടിക്കാനുള്ള വ്യഗ്രത കൊണ്ടോ ഒന്നുമല്ല ഈ ദഹനക്കുറവ്.

കുടുംബം എന്ന സങ്കല്പത്തെ പൂർണ്ണമായോ ഭാഗികമായോ കൈവെടിഞ്ഞ, അവക്ക് ചെറുവിരലിന്റെ പ്രാധാന്യം പോലും കൊടുക്കാതിരുന്ന, നമുക്ക് മുൻപേ Cohabitation, Free sex, Swapping, Single parent family ഇത്യാദിയൊക്കെ പരീക്ഷിച്ചു തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങൾ മെല്ലെയെങ്കിലും കുടുംബ സങ്കല്പത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. എന്തേ അവർക്കൊരു ബോധോദയം? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 

വർദ്ധിച്ചു വരുന്ന മാനസികരോഗങ്ങളുമായി ഈ നൂതന ആശയങ്ങൾക്കെന്തെങ്കിലും ബന്ധമുണ്ടോ? ഇത്തരം പുതുപുത്തൻ ആശയങ്ങൾ നടപ്പിലാക്കുമ്പോൾ പിന്നീടുണ്ടാക്കിയേക്കാവുന്ന സാമൂഹിക സംതുലനമില്ലായ്മയെക്കുറിച്ചും ഇവർക്കു ജനിക്കുന്ന കുട്ടികളുടെ ഭാവിയെക്കുറിച്ചും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അതൊക്കെ പോട്ടെ. ലളിതമായി ചിന്തിക്കാം. ഒരു കാര്യം തന്നെ പത്തുപേരോട് പറഞ്ഞാൽ പത്തുപേരും അത് ഒരേ രീതിയിലാണോ മനസ്സിലാക്കുക? ഇത്തരം നൂതന ആശയങ്ങൾ വിളമ്പണമെന്ന് നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ പാത്രം അറിഞ്ഞ് വിളമ്പുന്നതല്ലേ, അതിന്റെ ഒരു ശരി? 

കേട്ട ആശയം പൂർണ്ണാർത്ഥത്തിൽ മനസിലാക്കാതെയും, അതിന്റെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കാതെയും സ്വന്തം ജീവിതത്തിൽ ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നവന്റെ ഗതിയെന്താകും? ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന രീതിയിൽ ജീവിക്കുന്ന എത്രയോ ആൾക്കാർ ! പറയുന്നതുപോലെ എളുപ്പമൊന്നുമല്ല കാര്യങ്ങൾ നടപ്പിലാക്കൽ.

പങ്കാളികൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും, പരസ്പര അടിച്ചമർത്തലുകളും, അവിശ്വസ്തതയും, ലഹരി ഉപയോഗവും, ലൈംഗിക അസംതൃപ്തിയും, ഇരുവരുടെയും പുരോഗതിയിലുള്ള അപചയവുമൊക്കെയാണല്ലോ വിവാഹം എന്ന ആശയത്തിൽനിന്ന് പിന്തിരിയാൻ ഇവരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ.

ഇവയൊക്കെ ഒഴിവാക്കപ്പെട്ടാൽ കുടുംബം സൂപ്പറല്ലേ? I repeat, ഒഴിവാക്കപ്പെട്ടാൽ മാത്രം....! 
(പങ്കാളിയുടെ ചവിട്ടും കുത്തും പീഡനവുമേറ്റ് അയാളുടെയോ അവളുടെയോ കാൽക്കീഴിൽ ഞെരിഞ്ഞമരണമെന്നല്ല ഞാൻ ഈ പറഞ്ഞതിന്റെ അർത്ഥമെന്ന് സാരം. അതിനുള്ള ലൈസൻസുമല്ല വിവാഹം)

സുസ്ഥിരമായ കുടുംബങ്ങൾ സൃഷ്ടിക്കലും സൃഷ്ടിക്കാൻ സഹായിക്കലും വഴി മേൽപ്പറഞ്ഞ പ്രശ്നങ്ങളിൽ നിന്ന് പുതുതലമുറയെ എങ്കിലും രക്ഷിച്ചു കൂടെ? ഫലപ്രദമായ ഇടപെടലുകൾ നടത്തി, ഉചിതമായ തീരുമാനമെടുക്കാൻ പ്രശ്നബാധിതരെ സഹായിച്ചു കൂടേ? അതല്ലേ കൂടുതൽ പ്രായോഗികം? എലിയെ പേടിച്ച് ഇല്ലം ചുടണോ?

ലളിതമായി പറഞ്ഞാൽ :

1. വിവാഹം കഴിഞ്ഞവരോട്...
നിങ്ങളുടെ വിവാഹം വിജയമെന്ന് കരുതുന്ന പക്ഷം തുടർന്നും അതേ രീതിയിൽ കുടുംബ ജീവിതം കൊണ്ടുപോകാൻ ശ്രമിക്കുക.വിവാഹം അബദ്ധമായിയെന്ന് തോന്നുന്നുവെങ്കിൽ, പ്രശ്നങ്ങൾ തിരിച്ചറിയുക. അവ പരിഹരിക്കാൻ പറ്റുന്നതാണോയെന്ന് പരിശോധിക്കുക. പ്രശ്നങ്ങൾ പരിഹരിക്കാവുന്നയെങ്കിൽ അങ്ങനെ. (പരിഹരിക്കാൻ സാധിക്കാത്തവയെങ്കിൽ വിവാഹമോചനം, പിരിഞ്ഞ് താമസിക്കൽ ഉൾപ്പെടെയുള്ള മറ്റ് വഴികളിൽ ഉചിതമായത് പ്രായോഗികതയോടെ തെരഞ്ഞെടുക്കുക) ഇതിനായി വിദഗ്ധരുടെ സഹായം സ്വീകരിക്കേണ്ടതാണ്.

2. ഇനിയും വിവാഹം കഴിക്കാത്തവരോട്...
പക്വതയുടെയും പ്രായോഗികതയുടെയും അകമ്പടിയോടെ പങ്കാളിയെ തെരഞ്ഞെടുക്കുക. മതിഭ്രമം മാറ്റിവെച്ച് സ്വതന്ത്രമായി ചിന്തിക്കുക. ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കുമെന്ന് ഓർക്കുക.

(ഇവ ഓരോന്നും വ്യത്യസ്ത വിഷയങ്ങളല്ലേ? ഒറ്റ പോസ്റ്ററിൽ കുത്തിനിറക്കുന്നില്ല. താത്പര്യമുണ്ടെങ്കിൽ പിന്നീടാകാം)

വർദ്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങളുടെയും ഡിവോഴ്സുകളുടെയും പശ്ചാത്തലത്തിൽ എഴുതിത്തുടങ്ങിയത്. ഒരു പരമ്പരക്ക് തന്നെ വകയുള്ള വിഷയം.

image

കൊള്ളക്കാരനയാ രത്നാകരൻ വാത്മീകിമഹർഷി ആയത്

രത്നാകരൻ എന്ന കൊള്ളക്കാരൻ വാത്മീകി മഹർഷി ആയത് ഒറ്റ ദിവസം കൊണ്ടല്ല. 

അയാൾക്കു ചുറ്റും വാത്മീകം (ചിതൽപ്പുറ്റ് ) രൂപപ്പെട്ടതും വർഷങ്ങളുടെ സപര്യകൊണ്ടു തന്നെയാവണം. അദ്ദേഹം കഠിനതപസിനാൽ സ്ഫുടം ചെയ്തെടുത്ത ജ്ഞാനത്തോടൊപ്പം, ആർജ്ജിച്ചെടുത്ത അനുഭവജ്ഞാനവും, അവ പ്രയോഗിക്കേണ്ട അവസരവും കൂടി ഒത്തു വന്നപ്പോൾ 'മാനിഷാദ' എന്ന ആദ്യ സംസ്കൃത ശ്ലോകം അദ്ദേഹത്തിന്റെ നാവിൽ നിന്ന് പിറന്നുവീണുവെന്നാണ് പുരാണം പറയുന്നത്.

ഇതിവിടെപ്പറയാൻ ഒരു കാരണമുണ്ട്. ആനുകാലിക വിഷയങ്ങളെക്കുറിച്ച് അഭിപ്രായം എഴുതുന്നവർ നിരവധിയുണ്ട്. അറിവും അനുഭവവും പ്രായോഗികതയും അനുപാതം തെറ്റാതെ ചേർത്തുണ്ടാക്കിയ മസാലക്കൂട്ടിൽ, ഇത്തരം ലേഖനങ്ങളും കുറിപ്പുകളുമൊക്കെ പാകമാകുമ്പോൾ അതിന് അപാരമായ രുചി തന്നെ.

എന്നാൽ ചില എഴുത്തുകാരെങ്കിലും തങ്ങളുടെ വിമർശനാത്മക എഴുത്തുകൾക്ക് ആധാരമായി ഗൂഗിളിനെ മാത്രം ആശ്രയിക്കുന്നുവെന്നതും സത്യമല്ലേ? അതുകൊണ്ടുതന്നെ മറുചോദ്യങ്ങൾ വരുമ്പോൾ ഉത്തരം മുട്ടുകയും പിന്നീട് കൊഞ്ഞനം കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. അറിവും അനുഭവവും പ്രായോഗികതയും ഒപ്പം ചേർന്നു നിന്നില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഇനിയും ഉണ്ടാകുക തന്നെ ചെയ്യും.

മാത്രവുമല്ലാ, അത്തരം അപൂർണമായ അറിവുകൾ ചിലപ്പോൾ അപകടകരവുമായേക്കാം. 'മുറിവൈദ്യൻ ആളെക്കൊല്ലും ' എന്ന് പറയുന്നത് എത്രയോ ശരിയാണ്.

എഴുത്തുകാർ സത്യാന്വേഷികളാവണം. ചരിത്രമറിയുന്നവരാകുന്നതു ഏറ്റവും നല്ലത്. അതോടൊപ്പം പ്രായോഗികതയും ഉണ്ടാവണം. 

അതായത്, എത്ര ശരിയായ അറിവാണെങ്കിലും അത് അസ്ഥാനത്ത് പ്രയോഗിച്ചാൽ അവിടെ വളരുന്നത് അറിവല്ല, മുറിവ് മാത്രമായിരിക്കും. അറിവ് പ്രകടിപ്പിക്കൽ അപകടരമായേക്കാവുന്ന സാഹചര്യങ്ങളിൽ മൗനം പാലിക്കുന്നത് ഒരു വിദ്വാനെ സംബന്ധിച്ചിടത്തോളം ഭൂഷണം തന്നെയാണ്. ഇവിടെ നമ്മുടെ സഹായത്തിനെത്തേണ്ടത് ജ്ഞാനം (Wisdom) തന്നെയാണ്.

അറിവിൽ (Knowledge) നിന്നും ജ്ഞാനത്തിലേക്കു (Wisdom) കുറേ ദൂരമുണ്ട്. 

കണ്ണും ചെവിയും തുറന്നു പിടിക്കുക, വായിക്കുക. കേൾക്കുക, ചരിത്രം പഠിക്കുക, യാത്രകൾ ചെയ്യുക. അറിവും അനുഭവും പെരുകട്ടെ. 

എന്നാൽ ജ്ഞാനം (Wisdom) ഉണ്ടാകാൻ പഞ്ചേദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഈ ലോകത്തിലെ അറിവിലൂടെ സാധ്യമല്ല. അതിനു വാത്മീകി മഹർഷിക്കു ഉണ്ടായതുപോലെ ആത്മേദ്രിയത്തിലൂടെയുള്ള യഥാർഥ കലർപ്പില്ലാത്ത ജ്ഞാനം തന്നെ ഉണ്ടാകണം. (ചിതൽപ്പുറ്റുകൾ വാങ്ങിക്കാൻ കിട്ടില്ലെന്നാണ് അറിവ്; അവ താനെ ഉണ്ടാകട്ടെന്നേ)

വാൽ: ഞാൻ പ്രധാനമായും പറയാൻ ഉദ്ദേശിച്ചത് പാതിവെന്ത സത്യങ്ങളും, മുറി അറിവുകളും അസ്ഥാനത്ത് വിളമ്പി മനുഷ്യരെ തമ്മിൽത്തല്ലിക്കുന്നവരെക്കുറിച്ചാണ്. എന്നിട്ടോ, എതിർ വാദങ്ങൾ കേൾക്കാനോ, തെറ്റുണ്ടെങ്കിൽ തിരുത്താനോ തയ്യാറാകത്തുമില്ല. 

സർവ്വ വിജ്ഞാനവും തികഞ്ഞു മാത്രമേ എഴുതുകയോ പറയുകയോ ചെയ്യാവൂ എന്നല്ല ഞാൻ ഉദ്ദേശിച്ചത്.(അങ്ങനെയെങ്കിൽ ഞാനും ഈ പണി നിർത്തേണ്ടി വരും). അത്തരത്തിൽ ചില തെറ്റിദ്ധാരണകൾ ചിലർക്ക് വന്നതുകൊണ്ട് ഈ വാൽ കൂടി ഇവിടെ കൂട്ടിച്ചേർക്കേണ്ടി വന്നു.

image

കേരളത്തിൽ പണ്ടേ കൊറോണ വൈറസുണ്ട്

കൊറോണ വൈറസിനെപ്പറ്റിയുള്ള അശാസ്ത്രീയമായ വാർത്തകളും വ്യാജ ചികിത്സകളും കാട്ടുതീ പോലെ പരക്കുന്നതിന് മുൻപ് ആവശ്യം വായിച്ചിരിക്കേണ്ടത്.

എല്ലാതരം മീഡിയകളിലും ഇതു തന്നെയാണല്ലോ വാർത്ത. കേരളത്തിൽ ഉണ്ടായ കൊറോണയല്ല ഇതെന്ന് നമുക്ക് സമാധാനിക്കാം. കേരളത്തിൽ പണ്ടേ കൊറോണ വൈറസുണ്ട്. ചില്ലറ മൂക്കൊലിപ്പും ചുമയുമൊക്കെ ഉണ്ടാക്കി സമാധാനപരമായി ജീവിച്ച പാവം കൊറോണകൾ. എന്നാൽ പുതിയ 2019 മോഡൽ വുഹാനിലുണ്ടായ കൊറോണ വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച് അയാളോടൊപ്പം കേരളത്തിൽ എത്തിയതാണ്. കേരളത്തിൽ മാത്രം ജീവിച്ച ഒരാൾക്കും ഇതുവരെ ഈ വൈറസ് രോഗം ഉണ്ടാക്കിയിട്ടില്ല.
പക്ഷേ വുഹാനിൽ നിന്നും ചൈനയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിൽ എത്തിയ നിരവധി ആളുകൾ ഉണ്ട്. അവരോടൊപ്പവും പുതിയ കൊറോണ വന്നിരിക്കാം. അതിൽ അത്ഭുതമില്ല. അതിനാൽ തെളിയുന്ന ഒരു കാര്യമേയുള്ളൂ. പാമ്പിനെ തിന്നുന്നവർക്ക് മാത്രം വരുന്ന രോഗമല്ല കൊറോണ. മനുഷ്യൻമാർക്ക് ആർക്കും വരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുകയും ചെയ്യാം.

ഇനി എന്ത്?

ഒന്നേയുള്ളൂ , കൊറോണയായാലും H1N1 ആയാലും സാദാ ജലദോഷപ്പനി ആയാലും പടരാതെ നോക്കുക. രോഗബാധിത പ്രദേശത്തു നിന്നും നാട്ടിൽ വന്നവർ ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും പൊതുജനവുമായുള്ള സമ്പർക്കം ഒഴിവാക്കുക. എന്തെങ്കിലും അസുഖലക്ഷണം ഉണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങളുടെ അറിയിപ്പുകൾ അനുസരിച്ച് അതിൽ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെട്ട് നിശ്ചിത ആശുപത്രികളിൽ കൊറോണക്കായി ഒരുക്കിയിരിക്കുന്ന ഭാഗങ്ങളിൽ മാത്രം ചികിത്സ തേടുക. അല്ലാത്ത ആശുപത്രികൾ, പൊതു OP കൾ, അത്യാഹിത വിഭാഗം എന്നിവിടങ്ങൾ ഒരിക്കലും ചികിത്സക്കായി തിരഞ്ഞെടുക്കരുത്.

വിദേശ രാജ്യങ്ങളുമായി ഒരു സമ്പർക്കവുമില്ലെങ്കിലും പനി വന്നാൽ വീടുകളിലും റൂമുകളിലുമായി ഒതുങ്ങി കൂടുക. നന്നായി വെള്ളം കുടിക്കുക, വിശ്രമിക്കുക. പൊതു ഇടങ്ങൾ, ജോലി സ്ഥലങ്ങൾ, സ്കൂളുകൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ആശുപത്രി, അല്ലെങ്കിൽ ഡോക്ടറെ സന്ദർശിക്കുമ്പോൾ മാസ്ക് ഉപയോഗിക്കുക. രോഗിയും പരിചരിക്കുന്നവരും കൈ സോപ്പ് ഉപയോഗിച്ച് കഴുകി കൊണ്ടിരിക്കുക.

ഭയപ്പെടേണ്ടതുണ്ടോ?

കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാനുള്ള സാദ്ധ്യത നോക്കിയാൽ പുതിയ കൊറോണ മറ്റു പല വൈറസുകളേക്കാൾ മുന്നിലാണ്. മരണ സാദ്ധ്യത പക്ഷേ താരതമ്യേന കുറവും. കൊറോണയുടെ വകഭേദങ്ങളായ സാർസിലും മെർസിലും ഉണ്ടായ മരണ സാദ്ധ്യത ഇതു വരെ പുതിയ കൊറോണയിൽ കണ്ടിട്ടില്ല. ഡെങ്കിപ്പനി വന്നാൽ മരണം സംഭവിക്കാനുള്ള സാദ്ധ്യതയേ ഉള്ളൂ പുതിയ കൊറോണയിലും. പക്ഷേ രോഗികളുടെ എണ്ണം വല്ലാതെ കൂടുമ്പോൾ മരണസംഖ്യയും ആനുപാതികമായി കൂടും. കൂടുതൽ മരണങ്ങളും സംഭവിക്കുന്നത് മറ്റ് പല രോഗങ്ങൾ ഉള്ളവർക്കും പ്രായം കൂടിയവർക്കും വൈറസ് ബാധ ഉണ്ടാകുമ്പോഴാണ്. ഇത്തരം വിഭാഗത്തിന് രോഗികളുമായി സമ്പർക്കം വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഒരു അപേക്ഷ:

ഇത്തരം ഭീഷണികളെ നേരിടാൻ നമ്മുടെ കയ്യിലുള്ള ആയുധം ശാസ്ത്രം മാത്രമാണ്. ചൈനയിൽ ഒരു ഡോക്ടർ വൈറസിന് കീഴടങ്ങി കഴിഞ്ഞു. മറ്റൊരു ഡോക്ടർ കൊറോണ ചികിത്സക്കിടെ ഹൃദയാഘാതത്താൽ മരണപ്പെട്ടു. നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും വൈറസ് ബാധയേറ്റവരിൽ ഉണ്ട്. അവരെല്ലാം ശാസ്ത്രത്തിൽ വിശ്വസിച്ചാണ് അവരുടെ കർമ്മം നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലായാലും കേരളത്തിലായാലും ഇതു തന്നെ സംഭവിക്കും. ആരും പിന്തിരിഞ്ഞോടില്ല. പൊതുജനത്തിന്റെ സഹകരണമാണിവിടെ ആവശ്യം. അശാസ്ത്രീയമായ നിരവധി സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ തലപൊക്കി കഴിഞ്ഞു. ദയവു ചെയ്ത് ഈ പ്രചരണങ്ങളാൽ ജനത്തെ വഴിതെറ്റിക്കരുത്. 

നിപ്പയെ പ്രതിരോധിച്ച പോലെ വെള്ളപ്പൊക്കത്തിൽ കൈകോർത്ത പോലെ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. ജാഗ്രതയോടെ, ഭയമില്ലാതെ...

image

അല്പം കുടുംബ വിശേഷങ്ങൾ

വരൂ നമുക്ക് യാഥാർത്ഥ്യത്തിന്റെ ലോകത്തിലിരുന്ന് സംസാരിക്കാം...

വിവാഹ വാർഷികങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ഫേസ്ബുക്കിൽ പങ്കുവെക്കുന്നവർ ധാരാളമുണ്ട്. അതിനെ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങളും കണ്ടിട്ടുണ്ട്.

എന്റെ അഭിപ്രായത്തിൽ ഇത്തരം പോസ്റ്റുകൾ ഒരു നല്ല കാര്യം തന്നെയാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചു വളർന്നവർ, അഭിരുചികളിൽ വ്യത്യാസമുള്ളവർ, ഒരേ കൂരക്കുള്ളിൽ ഒരു വർഷമെങ്കിലും ജീവിക്കുക എന്നത് അത്ര നിസ്സാരകാര്യമൊന്നുമല്ല. അതൊക്കെ ആഘോഷിക്കപ്പെടേണ്ടതു തന്നെ. 

സുഹൃത്തുക്കൾക്കും മക്കൾക്കും കൊച്ചുമക്കൾക്കു മൊക്കെ അതൊരു പ്രചോദനവും മാതൃകയുമാണ്. പിന്നെ സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നവരും ധാരാളമുണ്ട്.

പക്ഷേ ഒരു നിർദ്ദേശമുണ്ട്. അതിഭാവുകത്വം നിറഞ്ഞ പരസ്പര വർണ്ണനകൾ ഒഴിവാക്കിയാൽ നല്ലത്. സ്വർഗ്ഗത്തിൽ നിന്ന് വന്ന മാൻപേടയാണ് എന്റെ ഭാര്യ, ഇതുവരെ ഒരു നിസാര വഴക്കു പോലും ഉണ്ടായിട്ടില്ല, ഞങ്ങൾ തമ്മിൽ ശിവപാർവ്വതി മാർപോലെയാണ് എന്നൊന്നും വെച്ച് കാച്ചരുതേ.

അത് തെറ്റിദ്ധരിപ്പിക്കും. മറ്റു വായനക്കാർ ചിലപ്പോൾ സ്വന്തം പങ്കാളിയുമായി ഒരു താരതമ്യപഠനമൊക്കെ നടത്തും. തിരിച്ച് വീട്ടിൽ മാൻപേടയെ പ്രതീക്ഷിച്ച് ചെല്ലുമ്പോൾ മൂശേട്ടയെ കാണുന്നവന്റെ അവസ്ഥ പറയേണ്ടല്ലോ.

മാനസികാവസ്ഥയും സാഹചര്യങ്ങളുടെ സമ്മർദ്ദവുമനുസരിച്ച് പാർവതിയും സരസ്വതിയും ലക്ഷ്മിയും പൂതനയും നാഗവല്ലിയും ഭദ്രകാളിയുമൊക്കെയായി ഭാര്യമാർ ചിലപ്പോൾ തകർത്താടാറില്ലേ?

സൃഷ്ടി, സ്ഥിതി, സംഹാര ഭാവങ്ങൾ ഭർത്താക്കന്മാരും മികവോടെ കൈകാര്യം ചെയ്യാറില്ലേ?

നല്ലവശങ്ങൾ മാത്രം അല്ല, മോശമായ വശങ്ങൾ മാത്രവുമല്ല, ഉള്ളത് ഉള്ളതുപോലെ പറയുമ്പോഴേ എല്ലാവായനക്കാർക്കും ഒരുപോലെ അംഗീകരിക്കാൻ കഴിയുകയുള്ളു.

കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ ഏറെ ഉണ്ട്. പൊരുത്തപെടാനാകാത്ത സ്വഭാവങ്ങൾ ഏറെയുണ്ട്. അപ്പോൾ പറയേണ്ടത് നമ്മൾ പ്രശ്നങ്ങളെയൊക്കെ അതിജീവിച്ചു, അതിജീവിച്ചു കൊണ്ടിരിക്കുന്നു - ആ ഒരു സന്ദേശം കൊടുക്കാൻ സാധിച്ചാൽ അതല്ലേ നല്ലത്?

വാൽ: OP യിലോ പരിസര പ്രദേശത്തോ ഈ പറഞ്ഞ രീതിയിലുള്ള ഉത്തമദമ്പതികളെ ഇതുവരെ കാണാൻ സാധിക്കാത്തതു കൊണ്ട് പറഞ്ഞുവെന്ന് മാത്രം. എന്റെ കുഴപ്പമായിരിക്കാം. തിരുത്താൻ തയ്യാറാണ്.

image

നല്ല മനോഭാവം

ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ എന്ത് ചെയ്യണം?
പന്ത്രണ്ട് വയസ്സ് മാത്രമേ ഉള്ളു എങ്കിലും ഈ ചോദ്യം ചോദിച്ച മോൾ ഒരു പുലിക്കുട്ടി തന്നെ.
എന്തൊരു പരീക്ഷണമാണിത്? കൗമാരകാലത്തെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികൾക്ക് ഒരു ക്ലാസ്സ് എടുക്കാൻ പോയെന്നുള്ള ഒറ്റക്കാരണത്തിന് ഇത്ര വലിയ ചോദ്യമൊക്കെ ചോദിച്ച് എന്നെ വലക്കാമോ ...?
എന്താ ഇപ്പം പറയേണ്ടത്? പണം കുറെയധികം ഉണ്ടെങ്കിൽ? ഒന്നാം റാങ്ക് കിട്ടിയാൽ? പ്രശസ്തി നേടിയാൽ .....? ഏയ് ... അതൊന്നും ശരിയാവില്ല.
ഒറ്റ മറുപടിയേ ഞാൻ നോക്കിയിട്ട് ശരിയാവുന്നുള്ളു - 'മനോഭാവം' അഥവാ Attitude towards the situation. 
അതൊന്നു മാത്രമാണ് ഒരാളുടെ സന്തോഷത്തിന്റെ ഗതി നിർണ്ണയിക്കുന്നത്. ദാരിദ്ര്യത്തോടായാലും  രോഗത്തോടായാലും, ദുരിതത്തോടായാലും, സമൃദ്ധിയോടായാലും, സമ്പന്നതോയോടായാലും  എന്തിനോടായാലും അവയോടുള്ള നമ്മുടെ മനോഭാവം അതു തന്നെയാണ് പ്രധാനം.
പ്രശസ്ത ക്രിക്കറ്റ് കളിക്കാരൻ യുവരാജ് സിംഗ് പ്രശസ്ത സിനിമാതാരം മംമ്ത മോഹൻദാസ് ഒക്കെ രോഗത്തെ കീഴടക്കി ഇന്നും സന്തോഷിക്കുന്നതിനു പിന്നിലെ കാരണം രോഗത്തോടുള്ള അവരുടെ മനോഭാവം ആയിരുന്നു. ജീവിതം കയ്യിൽനിന്നും തെന്നിമാറി എന്നുതോന്നിയപോഴും ജീവിതത്തോടുള്ള മനോഭാവമാണ് ഇന്ന് അമിതാബച്ചൻ സന്തോഷത്തോടെ ഇരിക്കുന്നതിന് പിന്നിലെ കാരണം.
Do you have a different answer?

image

അയാളും അവളും തമ്മിൽ

മക്കളുടെ പ്രണയ ബന്ധം അറുത്തു മാറ്റുവാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത് അപൂർവ്വമൊന്നും അല്ല. അവർ തമ്മിൽ പ്രണയിക്കാനുണ്ടായ പശ്ചാത്തലവും തമ്മിലുള്ള സ്വഭാവച്ചേർച്ചയും ഒക്കെ മനസ്സിലാക്കിയാൽ മൂക്കത്ത് വിരൽ വെച്ച് അങ്ങനെയങ്ങ് ഇരിക്കാൻ തോന്നുമെങ്കിലും സാഹചര്യങ്ങൾ അതിനു അനുവദിക്കാത്തതു കൊണ്ട് വിരൽ കൊണ്ട് മൂക്ക് ഒന്ന് ചൊറിഞ്ഞതിനു ശേഷം കൈ താഴെത്തന്നെ വെക്കേണ്ടി വരും.

ഒരുദാഹരണം പറയാം -

B.Sc Nursing - ന് പഠിക്കുന്ന കുട്ടി. ഏതോ രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നയാളുമായി പ്രണയം. ഒന്നു രണ്ട് തവണ ഒളിച്ചു വീട് വിട്ടു പോകാൻ നോക്കി. അങ്ങനെയാണ് വീട്ടുകാർ ആശുപത്രിയിൽ OP- യിൽ കൊണ്ടുവന്നത്. പയ്യന്റെ പേരല്ലാതെ കുട്ടിക്ക് പയ്യനെപ്പറ്റി കാര്യമായ അറിവൊന്നുമില്ല, വീട് എവിടെയെന്നോ വീടുണ്ടോയെന്നു പോലും. ഭയാനകമായ കഥകൾ വേറെയുമുണ്ട്.

പറഞ്ഞു വന്നത്... മനസ്സിനെ മാറ്റുന്ന മരുന്നുകളൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അങ്ങനെ ഒന്നുണ്ടെങ്കിൽ തന്നെ അത് നീതി ശാസ്ത്രത്തിന് വിരുദ്ധമാണ്.

നമുക്ക് ചെയ്യാൻ പറ്റുന്നത് -

1. പക്വതയോടെ തീരുമാനമെടുക്കാനുള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കുക. മതിഭ്രമം (Infatuation), പ്രണയം, കാമം ഇവ തമ്മിലുള്ള വ്യത്യാസം സ്വയം മനസ്സിലാക്കുക. മനസ്സിലാക്കി കൊടുക്കുക.

2.പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിക്കുക, റോഡിൽ മുന്നിൽ വളവ് ഉണ്ടെന്ന സൈൻ ബോർഡ് പോലെ. പക്ഷേ കുറച്ച് നേരത്തെയാകണമെന്ന് മാത്രം. വളവിൽത്തന്നെ ബോർഡ് വെച്ചിട്ട് കാര്യമില്ലല്ലോ.

3. ഫോൺ മേടിച്ചുകൊടുക്കാനുണ്ടായ ഉത്സാഹം ഫോണിന്റെ ദുരുപയോഗം തടയുവാനും ഉണ്ടാകണം. ഏറിയ പങ്കിനും ഒരു രഹസ്യ ഫോൺ ഉണ്ടെന്നുള്ള രഹസ്യം അറിയുക.

4. സുഹൃത്തിനെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞ് (Manipulation) ബന്ധം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്.

5. പക്വതയോടെ പ്രതികരിക്കുക. അതിവൈകാരികത ഗുണം ചെയ്യില്ല. തീരുമാനം അവർ ആവശ്യപ്പെടുന്നെങ്കിൽ അത് പറയാൻ വേണ്ടി സമയം ആവശ്യപ്പെടാവുന്നതാണ്.

6. ചികിത്സിക്കാൻ പറ്റുന്ന പ്രണയരോഗങ്ങൾ വളരെക്കുറവേയുള്ളു.അവയെക്കുറിച്ച് പിന്നീട് പറയാം

വാൽ: മേൽപ്പറഞ്ഞതൊക്കെയും പ്രായോഗികമായി നിലനില്ക്കാത്ത അപക്വപ്രണയങ്ങളെക്കുറിച്ച് മാത്രമാണ്.

സ്നേഹത്തിലും ആത്മാർത്ഥതയിലും പരസ്പര വിശ്വാസത്തിലുമൂന്നിയ, വളരുകയും പരസ്പരം വളർത്തുകയും ചെയ്യുന്ന നല്ല പ്രണയങ്ങൾ ഉണ്ടാകണം എന്നതാണ് വ്യക്തിപരമായ ആഗ്രഹം.

image

മദ്യപാനം

പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട്. അതിന് അഗർബത്തി വേണമെങ്കിൽ ആയിക്കോട്ടെ.

പക്ഷേ മദ്യത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. മദ്യപിക്കാൻ ഒരാൾക്കു തന്നെ പരസ്പര ബന്ധമില്ലാത്ത പല കാരണങ്ങളാണ്. സന്തോഷം വന്നാൽ, സങ്കടം വന്നാൽ, ആഘോഷം വന്നാൽ, ഉറക്കം കുറഞ്ഞാൽ, ടെൻഷൻ വന്നാൽ, ഗൾഫിലെ കൂട്ടുകാരൻ വന്നാൽ...

ഇനിയൊരു രഹസ്യം പറയട്ടെ. ഒരേ പ്രവർത്തിക്ക് ഒരു വ്യക്തി പല സമയം പല വിശദീകരണം നൽകുന്നെങ്കിൽ അയാൾ യഥാർത്ഥ കാരണം മറച്ചുവെക്കുകയോ, ഒറിജിനൽ കാരണം മനസ്സിലാക്കാതിരിക്കുകയോ, ഇനിയത് മനസ്സിലായെങ്കിൽത്തന്നെ നിസ്സാരവത്കരിക്കുകയോ, ചെയ്യുന്നുവെന്ന് മനസ്സിലാക്കുക.

അപ്പോൾപ്പിന്നെ സ്ഥിരമായി മദ്യപിക്കാൻ എന്തായിരിക്കും കാരണം?

മദ്യത്തോടുള്ള ത്വര (Craving) തന്നെയാണ് ഒന്നാമത്തെ വില്ലൻ. മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അത് പെട്ടെന്ന് നിർത്തലാക്കുമ്പോൾ ഉണ്ടാകുന്ന വിറയൽ, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ പോലുള്ള ബുദ്ധിമുട്ടുകൾ മറ്റൊരു കാരണമാണ്. വിഷാദം, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് ഡോക്ടറെ സമീപിക്കാനുള്ള മടി കാരണം മദ്യം ഉപയോഗിച്ചു തുടങ്ങി പിന്നീട് കുഴപ്പത്തിലാകുന്നവരുമുണ്ട്. മദ്യപാനാസക്തിയുള്ളവർ പൊതുവേ ക്ഷിപ്രകോപികളും, സഹനശക്തി കുറഞ്ഞവരുമാണെന്നത് വേറൊരു നീരീക്ഷണം

അതായത് യഥാർത്ഥ കാരണങ്ങൾ ഒന്നോ അതിൽ കൂടുതലോ ആകാം. ഗൾഫിൽ നിന്ന് വന്ന ചേട്ടനും, ദു:ഖവെള്ളിയും വിഷുവുമൊക്കെ ഒരു നിമിത്തം മാത്രം. ഈ കാരണങ്ങളുടെ കൂടെ ലഹരി ഉപയോഗത്തിന്റെ പാരമ്പര്യവും അനുകൂല സാഹചര്യവുമുണ്ടെങ്കിൽ കഥ പൂർണ്ണമായി. തടിയുടെ വളവും ആശാരിയുടെ ചെത്തും നല്ല Combination ആണെന്നാണല്ലോ പഴമൊഴി.

വാൽ: തൊടുന്യായങ്ങൾ പറഞ്ഞ് സമയം കളയാതെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്ന് സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. സന്തോഷവും സങ്കടവുമൊക്കെ പ്രകടിപ്പിക്കാൻ മറ്റുള്ളവർക്കു കൂടി ബോദ്ധ്യപ്പെടുന്ന വഴികൾ വേറെയുണ്ടെന്നേ.

image

Education

ഈ പദത്തിന്റെ അർത്ഥവും ഇതിലൂടെയുള്ള ഉദ്ദേശ ശുദ്ധിയും ഇന്ന് പാടേ മാഞ്ഞു പോയിരിക്കുന്നു, ഒരു ജോലി ലഭിക്കുന്നതിനു വേണ്ടിയുള്ള ഒരു ഉപാധി മാത്രമായാണ് ഇന്ന് വിദ്യാഭ്യാസത്തെ ബഹുഭൂരിപക്ഷവും സമീപിക്കുന്നത്.
എന്നാൽ ശരിക്കുമുള്ള വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വിദ്യ കരസ്ഥമാക്കുകയും അത് ഉടനെത്തന്നെ അഭ്യസിക്കയും വേണം എന്നതാണ്. അഭ്യസിക്കാത്ത ഒന്നും വിദ്യാഭ്യാസം ആവുകയില്ല, എന്നാൽ ഇന്ന് ഒന്നുമേ അഭ്യസിക്കുന്നില്ല എന്നതാണ് വാസ്തവം.
കുറച്ചു ഉദാഹരണങ്ങൾ നോക്കാം -
ജീവശാസ്ത്രത്തിൽ വിദ്യ പറഞ്ഞു തരുന്നു മാംസ്യവും (protein) ധാതുലവണങ്ങളും (vitamins and minerals) ശരീരത്തിന് അത്യന്താപേക്ഷിതം ആയതിനാൽ അത് നാം കഴിക്കണം, ഇങ്ങനെയുള്ള പോഷകങ്ങൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കളെയാണ് ആഹാരം എന്ന് വിളിക്കുന്നത് എന്ന്. എന്നാൽ അഭ്യസിക്കപെടുന്നത് വിശക്കുമ്പോൾ നാവിനു രുചിയായി വിശപ്പു മാറ്റാനായി ആസ്വദിച്ച് കഴിക്കുന്നതാണ് ആഹാരം എന്ന രീതിയിൽ ആണ്, അതിൽ പോഷകങ്ങൾ ഉണ്ടോ എന്നുപോലും നോക്കാറില്ല. വ്യായാമം ശരീരത്തിന് അത്യന്താപേക്ഷിതം എന്ന് പഠിക്കുന്നു എന്നാൽ ശരീരം അനങ്ങാതെ പൊണ്ണത്തടി ഉണ്ടാകുന്നു. പരണിത ഫലം കുഞ്ഞു നാളിൽ തന്നെ തുടങ്ങുന്ന ജീവിതശൈലി രോഗങ്ങൾ കാരണം കോടിക്കണക്കിനു ലാഭമുണ്ടാക്കുന്ന ആശുപത്രി ശൃംഖലകൾ ഓരോദിവസവും ഉയരുന്നു.
നാം ശ്വസിക്കുന്ന പ്രാണവായു ഉൽപാദിപ്പിക്കുന്നതും നാം നിശ്വസിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്തു കുറക്കാനും സസ്യങ്ങളും മരങ്ങളും സഹായിക്കുന്നു എന്ന് പഠിക്കുന്നു, എന്നാൽ ഒരു മരം പോലും നട്ടു വളർത്താതെ, ഉള്ള മരങ്ങളെയും സസ്യങ്ങളെയും കൂടെ നശിപ്പിക്കുന്നു. ഇവിടെയും വിദ്യ കിട്ടി എന്നാൽ അഭ്യാസം നടക്കുന്നില്ല.
പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പ്രകൃതിക്കു ദോഷം ഉണ്ടാക്കുമെന്ന് പഠിക്കുന്നു എന്നാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയോ പ്രകൃതിക്കു ദോഷവരാത്ത മറ്റുകാര്യങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.
ഇങ്ങനെ ഇന്ന് ധാരാളം അറിവ് ലഭിക്കുന്നു എങ്കിലും പ്രായോഗിക ജീവിതത്തിൽ അഭ്യസിക്കുന്നില്ലങ്കിൽ വിദ്യാഭ്യാസം എന്ന പേരുതന്നെ മാറേണ്ടിയിരിക്കുന്നു.