Popular in Events

Art and Craft Village


image

Arts and Crafts Village at Vellar Thiruvananthapuram

കേരളത്തിന്റെ മാസ്മരിക ഭംഗിയെ വർണ്ണിക്കാൻ അത് അത്ര എളുപ്പമല്ല. അത് കണ്ടു തന്നെ അനുഭവിക്കേണ്ട ഒന്നാണ്.

ഓരോ ജില്ലയും അതിന്റേതായ വത്യസ്തതയാർന്ന ഭംഗിയോടുകൂടി നിലനിക്കുന്നവയാണ്. അതിൽ തിരുവനന്തപുരം ജില്ല എന്നത് അതിമനോഹരമായ കാഴ്ചകളാൽ നിറഞ്ഞു തലയെടുപോടുകൂടി നിൽക്കുന്നു.

കടലും പുഴകളും മലകളും ഒക്കെ ആയി ചേരുന്ന അനന്തപത്മനാഭന്റെ മണ്ണ്. അനന്തപത്മനാഭൻ ഉറങ്ങുന്ന ഈ മണ്ണിൽ മറ്റൊരു അവിസ്‌മരണീയ മുഹൂർത്തതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കോവളം വെള്ളാറിൽ ആർട്സ് & ക്രാഫ്റ്റ് വില്ലേജ്.

ക്വാറിയുടെ കടന്നു കയറ്റത്തിൽ ഭൂമിയുടെ ഭംഗിയെ കവർന്നെടുത്തിട്ടും അതിനേക്കാൾ മെച്ചമായ മറ്റൊരു ജീവനുള്ള ആവിഷ്കാരത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് അഞ്ചു ഏക്കറിൽ വെള്ളാർ ആർട്സ് & ക്രാഫ്റ്റ് വില്ലേജ്.

ചെന്ന് കയറുമ്പോൾ തന്നെ മനോഹരമായി ചെടികളാൽ അലങ്കരിച്ചിരിക്കുന്ന പ്രവേശന കവാടം. അതിലൂടെ അകത്തു കടന്നു കഴിഞ്ഞാൽ അതിമനോഹരമായ കാഴ്ചകൾ നമുക്കുവേണ്ടി ഒരുങ്ങിയിരിക്കുന്നു.

ചിത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ. ഇരുപത്തി എട്ടു ക്രാഫ്റ്റ് സ്റ്റുഡിയോകൾ ഇരുപതിയെട്ടു തരം കരകൗശല വസ്തുക്കൾ തീർത്തിരിക്കുന്നു.

ഉത്സവപെരുമയുടെ തലയെടുപ്പായ നെറ്റിപ്പട്ടം, നെൽകതിരിലെ വർണ്ണ വിസ്മയങ്ങൾ, കമുകിന്റെ പാളയിൽ നിന്നെടുത്തതും മരത്തോലിൽ നിന്ന് തീർത്തതുമായ  അതിമനോഹര പുഷ്പങ്ങളും, തേങ്ങയുടെ പൂർണ രൂപത്തിൽ നിന്നും അതിശയം ഉളവാക്കുന്ന തരത്തിലുള്ള സൃഷ്ടികളും, ഘടികാരങ്ങളും, ചിരട്ടയിൽ നിന്നും നിർമിക്കുന്ന സ്പൂൺ മുതൽ ഉമ്മറത്ത് വയ്ക്കുന്ന വിളക്കുകൾ വരെയുള്ളതിന്റെ അളവറ്റ ശേഖരണങ്ങൾ...

തീർന്നിട്ടില്ല... കേരളത്തിന്റെ തനതായ വസ്ത്ര നിർമിതിയായ കൈത്തറി മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചിരിക്കുന്നു. കാലത്തിന്റെ കടന്നുപോക്കിൽ ഒട്ടും പിന്നോട്ടാകാതെ ഫാഷൻ ലോകത്തെയും കയ്യടക്കി കൊണ്ട് കൈത്തറിയുടെ വസ്ത്രങ്ങൾ അത്ഭുതം ഉളവാക്കുന്നു.

മൃഗത്തിന്റെ കൊമ്പുകളിൽ തീർത്ത പലവിധ രൂപങ്ങളും ജീവൻ തുടിക്കുന്ന തരത്തിൽ ആയിരിക്കുന്നത് കാണാൻതന്നെ പ്രത്യേക ഭംഗിയുണ്ട്. വെറുതെ ചുരുട്ടികളയുന്ന കടലാസിൽ നിന്നും തീർത്തെടുത്തിരിക്കുന്ന മുഖചിത്രങ്ങളും ഒട്ടും പിന്നിലല്ല.

ഒരുപാട് ശില്പങ്ങളുടെ ഒരു വൻശേഖരം കാണാം നമുക്കവിടെ. കൃഷ്ണലീലയും, വിശ്വരൂപവും, ദേവീരൂപവും, ക്ഷേത്ര തൂണുകളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ആ കാഴ്ചയ്ക്കു അകത്തേക്ക് കടന്നാൽ സാക്ഷാൽ ഭഗവാൻ മുന്നിൽ പ്രത്യക്ഷപ്പെട്ട അനുഭൂതിയാണ് തോന്നുന്നത്. തികച്ചും ക്ഷേത്രനുഭൂതി പകരുന്നതാണ് ആ ശില്പങ്ങളുടെ സംഗമം.

കേരളത്തിന്റെ തനിമകളെ വിളിച്ചു പറയുന്ന നിറത്തിൽ ചാലിച്ച ചിത്രങ്ങൾ കണ്ണെടുക്കാതെ നോക്കി നില്കും വിധത്തിൽ അവിടെയുണ്ട്. അസ്തമയ സൂര്യന്റെ ചിത്രങ്ങളും, ക്ഷേത്ര കലാരൂപത്തിന്റെ വിവിധ മുഖഛായകളും, അന്തി അത്താഴവും, മിശിഹായുടെ ജനനവും, കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്ന അമ്മയും ഒക്കെ ക്യാൻവാസിൽ നിറങ്ങളാൽ ഉത്സവം തീർത്തിരിക്കുന്നു.

മാത്രമല്ല ഭഗവാൻ കൃഷ്ണന്റെ ഗീതോപദേശത്തിന്റെ വർണ്ണഛായ ചിത്രത്തിന്റെ ഭംഗി തികച്ചും ഉള്ളിൽ വെളിച്ചം പകർത്തുന്ന കാഴ്ചയാണ്.ആഭരണപെട്ടികളുടെയും, ആറന്മുള കണ്ണാടിയുടെയും, മ്യുറൽ പെയിന്റിംഗ്സിന്റെയും ശേഖരണവും ഒക്കെ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ കാണുമ്പോൾ കണ്ണുകൾ മാത്രമല്ല ഹൃദയവും നിറയുന്നു.

തികച്ചും സന്തോഷത്തേക്കാൾ അതിശയം ഉളവാക്കുന്ന കരവിരുതാണ് നമുക്കവിടെ കാണാൻ സാധിക്കുന്നത്. ഒരുപാട് കലാകാരന്മാരുടെ ഒരു സംഗമ സ്ഥാനം എന്ന് തന്നെ പറയാം. ഒരു വർണ്ണവിസ്മയ ലോകം തീർത്തിരിക്കുകയാണ് തിരുവനന്തപുരം വെള്ളാർ ആർട്ട്‌ ഗാലറിയും, പാറ പൊട്ടിച്ചപ്പോഴും വേരിനെ നശിപ്പിക്കാതെ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരവും, മറ്റൊരു വിസ്മയം തീർക്കുന്നു.

നീലക്കുളവും, പാറക്കെട്ടുകൾക്കിടയിൽ കൂടി ഒഴുകുന്ന ചെറു വെള്ളചാട്ടവും പച്ചപ്പ്‌ കൊണ്ട് നിറഞ്ഞു കിടക്കുന്ന പുൽമേടുകളും ഒക്കെ ആർട്സ് & ക്രാഫ്റ്റ് വില്ലേജിനെ മനോഹരമാക്കുന്നു.
 

അതിന്റെ നടുവിൽ  കൂടുതൽ ജീവനെന്നോണം വിവിധ കലാകാരികളുടെയും കലാകാരന്മാരുടെയും പാട്ടുകളും വിവിധ നൃത്തങ്ങളും ചിത്ര രചനകളും ചേർന്ന് ഒരു സ്വർഗം തീർത്തിരിക്കുകയാണ് ആർട്സ് & ക്രാഫ്റ്റ് വില്ലേജ് വെള്ളാർ.

Kala Kamal Mahal

Life Giving News