Popular in Events

Balikamandiram Parasala Training


image

Life Giving News Outreach Program: Identity Creation Training

ബാലികാ മന്ദിരം ചെറുവാരക്കോണം, പാറശാല

Life Giving News ബാലികാ മന്ദിരത്തിലേക്ക്... കോവിഡിന്റെ പശ്ചാതലത്തിൽ കുറച്ചു നാളുകൾക്ക് ശേഷമാണ് അവിടേക്ക് ചെന്നതെങ്കിലും അവിടത്തെ കുഞ്ഞുങ്ങളുമായി ഒരു വലിയ കൂടിക്കാഴ്ച നടത്താൻ ഞങ്ങൾക്ക് സാധിച്ചു. അച്ഛനും അമ്മയും ഇല്ലാത്തവരും, അച്ഛൻ മാത്രം നഷ്ടപ്പെട്ടവരും, അമ്മ മാത്രമായി നഷ്ടപ്പെട്ടവരും, അച്ഛനും അമ്മയും ഉണ്ടായിരുന്നിട്ടും ജീവിക്കാൻ വഴിയില്ലാത്ത അവസ്ഥയിലായവരും ആയ അറുപതോളം പെൺകുഞ്ഞുങ്ങളുടെ ഒരു സംരക്ഷണ സ്ഥലമായി പ്രവർത്തിക്കുകയാണ് ബാലികാ മന്ദിരം. അവർക്കൊപ്പം ചിലവഴിച്ച ഓരോ നിമിഷവും ജീവിതത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ നമുക്കും തിരിച്ചറിയാൻ സാധിച്ചു.

ഒരു അനുഗ്രഹ പ്രാർത്ഥനയോടെ തുടങ്ങിയ മീറ്റിംഗ് ഒരു കുഞ്ഞു ആരാധനയും പാട്ടുമായി തുടർന്നു. ഭൂമിയിലെ മനുഷ്യരായി ജന്മമെടുത്തവർ വെറും നിസാരക്കാർ അല്ലെന്നും, അവർ ദൈവത്തിന്റെ മനോഹര സൃഷ്ടിയാണെന്നും, ഈ കുഞ്ഞുങ്ങളിൽ കൂടി ഈ ലോകത്തിന്റെ വെളിച്ചത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, ആരോരും ഇല്ലെന്നുള്ള തെറ്റായ ധാരണ മാറ്റി നന്മ ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടവരും ആണ് ഈ കുഞ്ഞുങ്ങളെന്നും അവരോടു സംസാരിക്കാൻ സാധിച്ചു. ജീവിതത്തിൽ തോൽക്കേണ്ടവർ അല്ല അവരെന്നും അവരുടെ ജീവിതത്തെ മാറ്റി മറിക്കാൻ അവർ വിചാരിച്ചാൽ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസത്തെ അവരിലേക്ക് നൽകാനായി.

കരിയർ ഗൈഡൻസ് ടോപിക് ഗുരു മനോജ്‌ K G കുഞ്ഞുങ്ങൾക്കായി പകർന്നു നൽകി. കുഞ്ഞുങ്ങൾക്ക് എന്തായി തീരണം എന്നുള്ള ആഗ്രഹത്തെ ചോദിച്ചറിഞ്ഞു അവരിലേക്ക് അസാധ്യതകളെ തള്ളി മാറ്റി സാധ്യതയിലേക്ക് കയറി ചെല്ലാനുള്ള വളരെ വിലപ്പെട്ട ഒരു ക്ലാസ്സ്‌ ആയിരുന്നു ഗുരു കുഞ്ഞുങ്ങൾക്കായി പകർന്നു നൽകിയത്. ശരീരവും മനസും ആത്മാവും എന്നീ മൂന്ന് തലങ്ങളെ തൊട്ടായിരുന്നു അദ്ദേഹം കുഞ്ഞുങ്ങളോട് സംസാരിച്ചത്. ബാലികാ മന്ദിരത്തിലെ ആ കുഞ്ഞുങ്ങളുടെ ഭാവിയെ ഉറപ്പിക്കുന്നതിനായി അവരിലെ കഴിവുകളെ തിരിച്ചറിഞ്ഞു അവരിലെ ശെരിക്കുമുള്ള ഒരു വ്യക്തിത്വ വികസന പാതയിലേക്ക് നയിക്കാൻ ഗുരുവിന് സാധിച്ചു. മാത്രമല്ല അവരിലെ കഴിവുകളെ ആസ്പദമാക്കി അവരെ തരം തിരിച്ചു അവരെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള പദ്ധതിയും ആരംഭിച്ചു. അത് കുഞ്ഞുങ്ങളിൽ കൂടുതൽ ഉന്മേഷവും സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാനും ഇടയായി.

അവസാനമായി പൂർണ്ണമായ ഒരു ആത്മീയ തലം അവരിലേക്ക് നൽകാനായി അജീഷ് ഗുരുവിന് സാധിച്ചു. അവരുടെ ഹൃദയങ്ങളെ വായിച്ചെടുത്തു, നാളുകളായി അവരുടെ ഉള്ളിൽ കിടന്ന ഭയം, വെറുപ്പ്‌, ദേഷ്യം എന്നീ തെറ്റായ കാര്യങ്ങളെ മാറ്റി ഹൃദയത്തെ ശുദ്ധീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പാട്ടുകളാലും, ആത്മീയ മർമ്മങ്ങളാലും ശെരിക്കും അവരുടെ ഹൃദയത്തെ തൊടാൻ അദ്ദേഹത്തിന് സാധിച്ചു. പല സാഹചര്യങ്ങളിൽ കൂടി കടന്നു വന്ന കുഞ്ഞുങ്ങൾ ആയതുകൊണ്ട് തന്നെ അവരിൽ ശെരിക്കുമുള്ള ദൈവം ആഗ്രഹിക്കുന്ന ഒരു ഹൃദയത്തെ രൂപപ്പെടുത്തിയെടുക്കാൻ അവരെ പഠിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയുന്ന തരത്തിൽ അവരെ സ്പർശിക്കാനായിട്ട് അദ്ദേഹത്തിന് കഴിഞ്ഞു.

ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കേണ്ട അറുപതോളം കുഞ്ഞുങ്ങൾ എല്ലാവരും പല കാരണങ്ങളാൽ അപ്പനെയും അമ്മയെയും വിട്ടു പിരിഞ്ഞു ഒരു കുടക്കീഴിൽ ഒരുമിച്ചു താമസിക്കുന്നു. ഞങ്ങളോടുള്ള അവരുടെ അതിരു കവിഞ്ഞ സ്നേഹപ്രകടനം കാണുമ്പോൾ അനുഭവിക്കുമ്പോൾ നമുക്ക് മനസിലാവും അവർക്കും എത്രമാത്രം സ്നേഹവും കരുതലും ലഭിക്കാൻ അവരും ആഗ്രഹിക്കുന്നുണ്ട് എന്ന്. അവർക്കൊപ്പം ചിലവഴിച്ച ഓരോ നിമിഷവും ജീവിതത്തെ എങ്ങനെ കാണണം എന്ന് പഠിപ്പിച്ചു തരികയായിരുന്നു. ഈ ബാലികമന്ദിരത്തിലെ കുഞ്ഞുങ്ങളിൽ ഒട്ടുമിക്ക പേരും നല്ല കഴിവുകൾ ഉള്ളവരാണ്. ഒന്ന് നമ്മൾ പരിശ്രമിച്ചാൽ, അവർക്കു വേണ്ടി അല്പം സമയം ചിലവഴിച്ചാൽ ഇന്ത്യയുടെ നേട്ടമായി, ഭാവിയിലെ കെട്ടുറപ്പുള്ള കുടുംബത്തിന്റെ ചൈതന്യമായി ആ കുഞ്ഞുങ്ങൾ മാറും എന്നത് ഉറപ്പ്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഓരോ ദിവസവും നോക്കിക്കണ്ടു കടന്നു പോകുന്ന ബാലികാ മന്ദിരത്തിലെ കുഞ്ഞുങ്ങൾക്കായി ഒരുമിച്ചു കൈകോർക്കാം.

Kala Kamal Mahal

Program Coordinator